തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഓരോരുത്തർക്ക് വീതമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഒരാൾ മഹാരാഷ്ട്രയിൽ നിന്നുമെത്തിയതാണ്. 14 പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിൽ ഇതുവരെ 497 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതിൽ 111 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. നിലവിൽ 20,711 പേർ കേരളത്തിൽ കോവിഡ്-19 നിരീക്ഷണത്തിലുണ്ട്. ഇതിൽ തന്നെ 20,285 പേർ വീടുകളിലും 426 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 95 പേരെ ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read: കൊറോണ വെെറസിനെ പ്രതിരോധിക്കാൻ ഐസ്ക്രീം ഉപേക്ഷിക്കണോ?
ഇതുവരെ 25,973 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ 25,135 ഉം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകർ, അന്യസംസ്ഥാന തൊഴിലാളികൾ, എന്നിങ്ങനെ മുൻഗണന വിഭാഗത്തിൽപ്പെട്ട 1508 സാംപിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചതിൽ 897 ഉം നെഗറ്റീവാണെന്നാണ് പരിശോധന ഫലം.
കേരളത്തിൽ ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുള്ളത് കണ്ണൂർ ജില്ലയിൽ
ജില്ല തിരിച്ചുള്ള ചികിത്സയിലുള്ളവരുടെ എണ്ണം
കണ്ണൂർ – 47
കോട്ടയം – 18
ഇടുക്കി – 14
കൊല്ലം – 12
കാസർഗോഡ് – 09
കോഴിക്കോട് – 04
മലപ്പുറം – 02
തിരുവനന്തപുരം – 02
പത്തനംതിട്ട – 01
എറണാകുളം – 01
പാലക്കാട് – 01
സംസ്ഥാനത്ത് ഇന്ന് നാല് പ്രദേശങ്ങളെ കൂടെ ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി, കൊല്ലം ജില്ലയിലെ ഓച്ചിറ, തൃക്കോവിൽവട്ടം പഞ്ചായത്തുകൾ, കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തുകളെയുമാണ് പുതിയതായി ഹോട്ട്സ്പോട്ടുകളായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ 70 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.