തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം അഞ്ചു മാസത്തേക്ക് പിടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാർക്കും പൊലീസിനും ശമ്പളം പിടിക്കുന്നതിൽനിന്നും ഇളവില്ല. 20,000 രൂപയിൽ താഴെ ശമ്പളം വാങ്ങുന്ന പാർട്ട് ടൈം ജീവനക്കാർക്ക് മാത്രമാണ് ഇളവുണ്ടാവുക. അവർക്ക് താൽപര്യമുണ്ടെങ്കിൽ മാത്രം ശമ്പളം നൽകാം. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് പിടിച്ച തുക തിരികെ നൽകാനാണ് തീരുമാനം. ഈ വ്യവസ്ഥയും കൂടി ഉൾപ്പെടുത്തിയാകും സർക്കാർ ഉത്തരവിറക്കുക.

ആറു ദിവസത്തെ ശമ്പളം അഞ്ചു മാസമായി പിടിക്കുന്നതിലൂടെ ഒരാളുടെ ഒരു മാസത്തെ ശമ്പളം സമാഹരിക്കുകയാണ് സർക്കാർ ലക്ഷ്യം. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം 30 ശതമാനം പിടിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡിഎ കുടിശിക പിടിച്ചെടുത്ത് 2700 കോടി രൂപ സമാഹരിക്കുക, ഡിഎ കുടിശക മരവിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും പരിഗണിക്കുന്നുണ്ട്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കുന്നതിനായി സാലറി ചലഞ്ചുമായി സർക്കാർ മുന്നോട്ടുപോയിരുന്നു. ഇതിനെതിരെ ജീവനക്കാരുടെ ഇടയിൽനിന്നു തന്നെ എതിർപ്പുയർന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ബദൽ മാർഗ്ഗങ്ങൾ തേടിയത്. പുതിയ തീരുമാനം ജീവനക്കാരുടെ ഇടയിൽ എതിർപ്പുണ്ടാക്കാൻ സാധ്യത കുറവാണെന്നാണ് സർക്കാർ വിലയിരുത്തൽ. എന്നാൽ ഇതിനെതിരെ നിയമപരമായ നടപടികൾ ആലോചിക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ വ്യക്തമാക്കി കഴിഞ്ഞു.

Read Also: കോവിഡ് പ്രതിരോധം: ജൂൺ, ജൂലൈ മാസങ്ങൾ നിർണായകമെന്ന് നീതി ആയോഗ്

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് പ്രളയകാലത്തിന് സമാനമായി സാലറി ചലഞ്ചിന് മന്ത്രിസഭാ അംഗീകാരം നൽകിയത്. സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കുന്നതാണ് സാലറി ചലഞ്ച്. ഒരു മാസത്തെ ശമ്പളം ഗഡുക്കളായി ദുരിതാശ്വാസ നിധിയിലേക്ക് നൽകാം. സാലറി ചലഞ്ചിലൂടെ ലഭിക്കുന്ന പണം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാമെന്നായിരുന്നു സർക്കാർ കണക്ക് കൂട്ടൽ.

കേരളത്തിൽ ഇന്നലെ 19 പേർക്കാണ് കൊറേണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ സാഹചര്യത്തിൽ നിന്നും വ്യത്യസ്തമാണ് ഇന്നത്തെ അവസ്ഥയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ ജില്ലയിലെ പത്ത് പേർക്ക് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ പാലക്കാട് നാലു പേർക്കും കാസർഗോഡ് മൂന്ന് പേർക്കും മലപ്പുറം, കൊല്ലം ജില്ലകളിൽ ഒരോരുത്തർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.