തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം . എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും നല്‍കിവരുന്ന 35 കിലോ അരി തുടരും. നീല, വെള്ള കാര്‍ഡുകളുള്ളവര്‍ക്ക് 15 കിലോ അരി വീതം നല്‍കും. സംസ്ഥാനത്ത് റേഷൻ കര്‍ഡുള്ള എല്ലാ കുടുംബങ്ങള്‍ക്കും അരി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ആശുപത്രിയിലോ, പ്രത്യേക കേന്ദ്രങ്ങളിലോ, വീട്ടിലോ ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ കുടുംബങ്ങള്‍ക്ക് 15 കിലോ അരിയും പലവ്യഞ്ജന കിറ്റും വീടുകളിലെത്തിക്കും. ഏറ്റവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കും കൂടി കിറ്റ് നല്‍കുന്ന കാര്യം പരിഗണനയിലാണ്. ഇതിന്‍റെ കണക്ക് ശേഖരിച്ച ശേഷം പ്രായോഗികമായ തീരുമാനമെടുക്കും.

Also Read: കോവിഡ്-19 പ്രതിരോധം: കേന്ദ്രമന്ത്രി സഭാ യോഗം ചേര്‍ന്നത് സാമൂഹ്യ അകലം പാലിച്ച്

ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നിലവിൽ രണ്ട് സാധ്യതകളാണ് സർക്കാരിന് മുന്നിലുള്ളത്. മാവേലി സ്റ്റോറുകൾ/ സപ്ലൈകോ വഴിയോ വിതരണം ചെയ്യുക അല്ലെങ്കിൽ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി വാർഡ് അംഗങ്ങളിലൂടെ നേരിട്ട് വീടുകളിലെത്തിക്കുക. റേഷന്‍ കടകളിലൂടെ ലഭ്യമാക്കിയാല്‍ ജനങ്ങള്‍ കൂട്ടം കൂടാനുള്ള സാഹചര്യം കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ ബദല്‍ മാര്‍ഗം ആലോചിക്കുന്നത്‌.

സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും ആണ് റേഷന്‍ കടകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ 2 മണിവരെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല.

Also Read: 9 ദിവസം, 500 കേസുകൾ; ഇനി ശ്രദ്ധിക്കേണ്ടത് ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍

സംസ്ഥാനത്ത് ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ സിവില്‍സപ്ലൈസിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഗോഡൗണുകളില്‍ ഉണ്ടെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ലോക്ക് ഡൗണാണെങ്കിലും ചരക്കു ട്രെയിനുകള്‍ക്കും വാഹനങ്ങള്‍ക്കും നിരോധനമില്ലാത്തതിനാല്‍ തന്നെ ഭക്ഷ്യക്ഷാമം നേരിടേണ്ടിവരില്ലെന്നും കണക്കുകൂട്ടുന്നു.

കൊറോണവൈറസ് ബാധയെ തുടര്‍ന്ന് തളര്‍ന്ന് തുടങ്ങിയ കേരളത്തിലെ വിവിധ മേഖലകളെ ഉത്തേജിപ്പിക്കുന്നതിനും ജനങ്ങള്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ നല്‍കുന്നതിനും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി 20,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 19-ന് മുഖ്യമന്ത്രി 20,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചത്. ഏപ്രിലില്‍ നല്‍കേണ്ട സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മാര്‍ച്ചില്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. കൂടാതെ പെന്‍ഷന്‍ ഇല്ലാത്ത പാവങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.