Latest News
ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന് ജാമ്യം

Covid-19 Highlights: നെടുമ്പാശേരിയിലെത്തിയ 18 പേർക്ക് രോഗലക്ഷണം; ബഹ്‌റെെനിൽ രണ്ട് മലയാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചു

Covid-19Highlights: ബഹ്‌റെെനിൽ രണ്ട് മലയാളികൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രണ്ട് പേരും നഴ്‌സുമാരാണ്

corona virus, ie malayalam

Covid-19 Highlights: കൊച്ചി: കൊറോണ വെെറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രത നിർദേശവുമായി സംസ്ഥാന സർക്കാർ. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പതിനെട്ട് പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ രക്‌ത സാംപിളുകൾ പരിശോധിക്കും. ബഹ്‌റെെനിൽ രണ്ട് മലയാളികൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രണ്ട് പേരും നഴ്‌സുമാരാണ്. ഇന്ന് കൊച്ചി വിമാനത്താവളത്തിൽ മൂവായിരത്തിലേറെ പേരെ പരിശോധനയ്‌ക്ക് വിധേയമാക്കി.

Read Also: കോവിഡ്-19: ശ്രദ്ധിക്കുക, മാസ്‌ക് ധരിക്കേണ്ടത് ആരൊക്കെ?

കോട്ടയത്ത് കോവിഡ്-19 സ്ഥിരീകരിച്ചവർ സഞ്ചരിച്ച റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 29 മുതൽ മാർച്ച് 8 വരെ ഇവർ സഞ്ചരിച്ച സ്ഥലങ്ങൾ മാപ്പിലുണ്ട്. യാത്ര ചെയ്ത പൊതുസ്ഥലങ്ങൾ, അവിടെ അവർ ചിലവഴിച്ച സമയം എന്നിവയും പ്രസിദ്ധീകരിച്ചു. ഈ തീയതികളിൽ നിശ്ചിത സമയങ്ങളിൽ ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന വ്യക്തികൾ ആരോഗ്യ വിഭാഗത്തിന്റെ സ്‌ക്രീനിങ്ങിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിന് അവർ 0481 2583200, 7034668777 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Live Blog

Coronavirus Kerala Covid-19: കൊറോണ വൈറസ് (കോവിഡ്-19) വാർത്തകൾ തത്സമയം


21:13 (IST)12 Mar 2020

തൃശൂരിലെ രോഗബാധിതൻ ഒരു വിവാഹത്തിൽ പങ്കെടുത്തു

തൃശൂരിലെ കൊറോണ ബാധിതൻ പത്തനംതിട്ടയിൽ നേരത്തെ കൊറോണ സ്ഥിരീകരിച്ച റാന്നി സ്വദേശികൾക്കൊപ്പമാണ് കൊച്ചിയിലെത്തിയത്. 21 വയസ്സുള്ള പുരുഷനാണ് ഇയാൾ. തൃശൂർ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയെത്തുടർന്ന് ആളെ കണ്ടെത്തി ഐസോലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാർച്ച് ഏഴിനാണ് ഇയാളെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് തന്നെ ഹൈ റിസ്‌ക് വിഭാഗത്തിൽ പെടുത്തി നിരീക്ഷിച്ചു വരികയായിരുന്നു. ഇയാൾ പങ്കെടുത്ത പൊതുപരിപാടികളെ കുറിച്ച് പരിശോധന നടത്തുകയാണ്. ഇയാളുമായി ബന്ധപ്പെട്ടവരെ നിരീക്ഷിക്കും. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയാണ് ഇയാൾ. ഇയാൾ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിച്ചു വരികയാണ്. ആരോഗ്യപ്രവർത്തകർ കാര്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നാണ് വിവരം.

21:09 (IST)12 Mar 2020

കൊറോണ ബാധിതരുടെ എണ്ണം വർധിച്ചു

കേരളത്തിൽ കൊറോണ ബാധിതരുടെ എണ്ണം വർധിച്ചു. ഇന്ന് രണ്ട് പേർക്ക് കൂടി കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ചവരുടെ ആകെ എണ്ണം 19 ആയി. 16 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. മൂന്ന് പേർ നേരത്തെ രോഗവിമുക്‌തരായിരുന്നു.വിദേശത്തുനിന്ന് എത്തിയ രണ്ട് പേർക്കാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. ദുബായിൽ നിന്നു എത്തിയ കണ്ണൂർ സ്വദേശിക്കും ഖത്തറിൽ നിന്നു എത്തിയ തൃശൂർ സ്വദേശിക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 4,180 പേരാണ് നിരീക്ഷണത്തിലുള്ളത്. 1337 പേരുടെ സാംപിളുകളാണ് പരിശോധിച്ചത്. തിരുവനന്തപുരം സ്വദേശിക്കും രോഗലക്ഷണങ്ങളുണ്ട്. കൊറോണ തന്നെയാണെന്നാണ് ഏകദേശം ഉറപ്പായിരിക്കുന്നത്. സാംപിൾ ഫലം വന്ന ശേഷം ഇക്കാര്യം സ്ഥിരീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

19:20 (IST)12 Mar 2020

പതിനെട്ട് പേർക്ക് രോഗലക്ഷണം

കൊറോണ വെെറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രത നിർദേശവുമായി സംസ്ഥാന സർക്കാർ. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പതിനെട്ട് പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ രക്‌ത സാംപിളുകൾ പരിശോധിക്കും. ബഹ്‌റെെനിൽ രണ്ട് മലയാളികൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രണ്ട് പേരും നഴ്‌സുമാരാണ്. ഇന്ന് കൊച്ചി വിമാനത്താവളത്തിൽ മൂവായിരത്തിലേറെ പേരെ പരിശോധനയ്‌ക്ക് വിധേയമാക്കി.

19:19 (IST)12 Mar 2020

മുഖ്യമന്ത്രി സംസാരിക്കുന്നു

18:44 (IST)12 Mar 2020

പ്രധാനമന്ത്രിയുടെ നിർദേശം

കോവിഡ്-19 പടരുന്ന പശ്ചാത്തലത്തിൽ ആവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും എല്ലാവരും മുൻകരുതലുകൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. “വരും ദിവസങ്ങളിൽ കേന്ദ്രമന്ത്രിമാർ ആരുംതന്നെ വിദേശ യാത്രകൾ നടത്തില്ല. ആവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ആൾക്കൂട്ടം ചേരുന്ന പരിപാടികൾ ഒഴിവാക്കികൊണ്ട് സുരക്ഷിതത്വം ഉറപ്പുവരുത്താം.” മോദി ട്വീറ്റ് ചെയ്‌തു.

18:41 (IST)12 Mar 2020

കോവിഡ് 19 ജനത്തിന് ആവശ്യങ്ങളും പരാതികളും കളക്ടര്‍ക്ക് വാട്‌സ്ആപ്പ് ചെയ്യാം

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പരസ്പര സമ്പര്‍ക്കം പരിമിതപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കേ, പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനം തടസ്സപ്പെടാതിരിക്കാന്‍ ബദല്‍ സൗകര്യമൊരുക്കുകയാണ് തൃശൂര്‍ ജില്ലാ ഭരണകൂടം. വിവിധ ആവശ്യങ്ങള്‍ക്ക് ജില്ലാ കളക്ടറേയും റവന്യൂ ഉദ്യോഗസ്ഥരേയും സമീപിക്കേണ്ടിവരുന്നവര്‍ക്ക്  പ്രത്യേകമായി സജ്ജമാക്കുന്ന വാട്സ് ആപ്പ് നമ്പറുകളിലേക്കോ ഇ-മെയില്‍ വിലാസത്തിലേക്കോ തങ്ങളുടെ ആവശ്യങ്ങളും പരാതികളും സന്ദേശമായി അയക്കാം. കളക്ടര്‍ക്ക് അപേക്ഷകള്‍ അയക്കേണ്ട വാട്സ് ആപ്പ് നമ്പര്‍: 9400044644. ഇ-മെയില്‍ വിലാസങ്ങള്‍: tsrcoll.ker@nic.in (കളക്ടറേറ്റ്), thlrtsr.ker@nic.in (തൃശൂര്‍ താലൂക്ക്), thlrtpy.ker@nic.in (തലപ്പിളളി താലൂക്ക്), thlrmkm.ker@nic.in (മുകുന്ദപുരം താലൂക്ക്), thlrckd.ker@nic.in (ചാവക്കാട് താലൂക്ക്), thlrkdr.ker@nic.in (കൊടുങ്ങല്ലൂര്‍ താലൂക്ക്), thlrckdy.ker@nic.in (ചാലക്കുടി താലൂക്ക്), thlrkkm.ker@nic.in (കുന്നംകുളം താലൂക്ക്), thrissur.rdo@gmail.com (തൃശൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസ്), rdoijk.rev@kerala.gov.in (ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസ്).

17:17 (IST)12 Mar 2020

അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണം വീട്ടിലെത്തിച്ചു തുടങ്ങി

സംസ്ഥാനത്ത് കോവിഡ് 19 രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള ഐസി‌ഡിഎസ് സേവനങ്ങള്‍ വീട്ടിലെത്തിച്ച് തുടങ്ങിയതായി ആരോഗ്യ, ശിശുവികസന ക്ഷേമ മന്ത്രി കെ.കെ.ശെെലജ. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഇത് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 33,115 അങ്കണവാടികളിലെ 3.75 ലക്ഷത്തോളം വരുന്ന അങ്കണവാടി കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുകൂടാതെ മൂന്ന് ലക്ഷത്തോളം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും രണ്ട് ലക്ഷത്തോളം കൗമാര പ്രായക്കാര്‍ക്കും 4.75 ലക്ഷത്തോളം മൂന്നുവയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും നേരത്തെതന്നെ പോഷകാഹാരങ്ങള്‍ വീട്ടിലെത്തിച്ച് വരുന്നുണ്ട്. ഇതോടെ 13.5 ലക്ഷത്തോളം പേര്‍ക്കാണ് ഐസി‌ഡിഎസ് സേവനങ്ങള്‍ വീട്ടിലെത്തിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

16:55 (IST)12 Mar 2020

കോടതികൾ അടയ്‌ക്കില്ല

കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കോടതികൾ അടക്കില്ല. മധ്യവേനലവധിയുടെ ഭാഗമായി കോടതികൾ നേരത്തെ അടയ്ക്കുമെന്ന തരത്തിലുള്ള വാർത്തകൾ ശരിയല്ലന്ന് രജിസ്ട്രാർ ജനറൽ അറിയിച്ചു. കോടതികളിൽ തിരക്ക് കൂടുന്നുണ്ടങ്കിൽ സാധാരണ നടപടിക്രമം അവലംബിക്കേണ്ടതില്ലന്നും വിചാരണയിലുള്ള കേസുകൾ വിജ്ഞാപനത്തിലൂടെ നീട്ടിവയ്ക്കാൻ ജില്ലാ ജഡ്ജിമാർക്ക് നിർദേശം നൽകിയിട്ടുണ്ടന്നും രജിസ്ട്രാർ വാർത്താകുറിപ്പിൽ വ്യക്തമാക്കി. മേൽക്കോടതികളുടെ ഉത്തരവു പ്രകാരം നടത്തേണ്ട കേസുകളിൽ ഒഴികെ കക്ഷികളെ ഹാജരാവാൻ നിർബന്ധിക്കേണ്ടതില്ല. ജാഗ്രതാ കാലയളവിൽ കോടതി നിർദേശ പ്രകാരമല്ലാത്ത മീഡിയേഷനുകളും ലോക് അദാലത്തുകളും നടത്തേണ്ടതില്ല. ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരമുള്ള കൊറോണ പ്രതിരോധ പ്രവർത്തങ്ങൾ കീഴ് കോടതി ക ളിൽ ഉറപ്പാക്കണമെന്നും രജിസ്ട്രാർ നിർദേശിച്ചു.

16:40 (IST)12 Mar 2020

അടിയന്തര അറിയിപ്പ്

കോവിഡ് 19 ബാധയുമായി ബന്ധപ്പട്ട് കൊല്ലത്തെ രണ്ട് ബേക്കറി സന്ദര്‍ശിച്ചവര്‍ അടിയന്തരമായി ബന്ധപ്പെടണമെന്ന് കൊല്ലം ഡിഎംഒയുടെ നിർദേശം. കൊല്ലം പുനലൂര്‍ ടൗണിലെ കൃഷ്‌ണൻ കോവിലിന് സമീപം പ്രവര്‍ത്തിക്കുന്ന ഇംപീരിയല്‍ കിച്ചണ്‍, ഇംപീരിയില്‍ ബേക്കറി എന്നീ സ്ഥാപനങ്ങളില്‍ മാര്‍ച്ച് രണ്ടിന് വൈകിട്ട് 3.30 നും 4.30 നും ഇടയില്‍ സന്ദര്‍ശനം നടത്തിയവര്‍ അടിയന്തരമായി പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.ബേക്കറിയിലെ രണ്ടുപേർ ഉൾപ്പെടെ ആകെ 12 പേർ ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍: 9447051097. 

16:25 (IST)12 Mar 2020

പരീക്ഷകൾ മാറ്റിവച്ചു

20 വരെ നടത്താനിരിക്കുന്ന കാറ്റഗറി നമ്പര്‍ 120/17 വിജ്ഞാപന പ്രകാരമുള്ള ഫോറസ്റ്റ് ഡ്രൈവര്‍, കാറ്റഗറി നമ്പര്‍ 65/18 വിജ്ഞാപന പ്രകാരമുള്ള എറണാകുളം ജില്ലയിലെ സിവില്‍ എക്സൈസ് ഓഫീസര്‍(എന്‍സിഎ-എസ്സിസിസി) കാറ്റഗറി നമ്പര്‍ 653/17 വിജ്ഞാപനപ്രകാരമുള്ള വനിത പൊലീസ് കോണ്‍സ്റ്റബിള്‍, കാറ്റഗറി നമ്പര്‍ 626/17 മുതല്‍ 634/17 വരെയുള്ള വിവിധ എന്‍സിഎ സമുദായങ്ങള്‍ക്ക് വേണ്ടി വിജ്ഞാപനം ചെയ്ത വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ എന്നീ തസ്തികകളുടെ കായികക്ഷമതാ പരീക്ഷ മാറ്റിവച്ചു. 11 നു നടത്താന്‍ നിശ്ചയിച്ചിരുന്ന വകുപ്പുതല ഓണ്‍ലൈന്‍ പരീക്ഷ ഏപ്രില്‍ അഞ്ചിലേക്കു മാറ്റി. വകുപ്പുതല പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റുകളുടെ നേരിട്ടുള്ള വിതരണം 20 വരെ നിര്‍ത്തിവച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. എന്നാല്‍ കൊറോണ വൈറസ് വ്യാപനം കാരണമായി അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു അവസരം നല്‍കുമെന്നു പിഎസ്‌സി അറിയിച്ചു.

16:25 (IST)12 Mar 2020

പഞ്ചിങ് താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ എല്ലാ ഓഫീസുകളിലും പഞ്ചിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.പ്രമാണ പരിശോധന, സര്‍വീസ് വെരിഫിക്കേഷന്‍, ഉദ്യോഗാര്‍ഥികള്‍ക്കു നേരിട്ട് നിയമന ശിപാര്‍ശ നല്‍കല്‍ എന്നിവ 26 വരെ നിര്‍ത്തിവച്ചു. ഈ മാസം നടത്താനിരുന്ന കാറ്റഗറി നമ്പര്‍ 331/18, 332/18, 333/18, 334/18 എന്നീ വിജ്ഞാപനങ്ങള്‍ പ്രകാരമുള്ള റിപ്പോര്‍ട്ടര്‍ ഗ്രേഡ് 2(മലയാളം), കാറ്റഗറി നമ്പര്‍ 539/17, 134/11 വിജ്ഞാപനങ്ങള്‍ പ്രകാരമുള്ള കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2(പട്ടികജാതി/പട്ടിക വര്‍ഗക്കാര്‍ക്കുള്ള നിയമനം, പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം) എന്നീ തസ്തികകളുടെ ഡിക്റ്റേഷന്‍ ടെസ്റ്റ്, കാറ്റഗറി നമ്പര്‍ 41/19 വിജ്ഞാപന പ്രകാരം പൊലീസ് കോണ്‍സ്റ്റബിള്‍ (ഐആര്‍ബി) തസ്തികയുടെ ഒഎംആര്‍ പരീക്ഷ എന്നിവ വച്ചു.

15:59 (IST)12 Mar 2020

ഡി സി ബുക്‌സ് ആരോഗ്യവകുപ്പുമായി കൈകോര്‍ക്കുന്നു

സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവര്‍ക്ക് സമയം ചിലവഴിക്കാന്‍ പുസ്തകങ്ങള്‍ നല്‍കികൊണ്ട് ഡി സി ബുക്‌സ് കൊറോണപ്രതിരോധപ്രവര്‍ത്തനത്തില്‍ ആരോഗ്യവകുപ്പുമായി കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍കോളജ്, പത്തനംതിട്ട ജനറാലുശുപത്രി, കോഴഞ്ചേരി ജില്ലാശുപത്രി എന്നിവിടങ്ങളില്‍ പുസ്തകം വിതരണം ചെയ്തു. മാനസികോല്ലാസവും പ്രചോദനവും പകരുന്ന പുസ്തകങ്ങളാണ് വിതരണം ചെയ്തത്. ഐസൊലേഷന്‍ വാര്‍ഡുകള്‍ രോഗീസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ഡി സി ബുക്സിന്റെ ഈ ഉദ്യമം. പുസ്തകങ്ങള്‍ ആവശ്യമുള്ള ആശുപത്രി അധികൃതര്‍ ഡി സി ബുക്സുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ നമ്പര്‍: 994610 9619

15:07 (IST)12 Mar 2020

റെയിൽവേ സ്റ്റേഷനുകളിൽ ഹെൽപ്പ് ഡെസ്ക്കുകൾ തുടങ്ങി

റെയിൽവേ സ്റ്റേഷനുകളിൽ വരുന്ന യാത്രികരെ ബോധവൽക്കരിക്കുന്നതിന് എറണാകുളം നോർത്ത്, സൗത്ത്, ആലുവ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിൽ ഹെൽപ്പ് ഡെസ്ക്കുകൾ തുടങ്ങി. രാവിലെ 8 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും.

15:06 (IST)12 Mar 2020

കൊറോണ: രോഗ നിരീക്ഷണം ഇനി മുതൽ കാറ്റഗറി തിരിച്ച് മാത്രം

കാക്കനാട്: കോവിഡ്- 19 ബാധിത രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരുടെ പരിശോധനയ്ക്കും നിരീക്ഷണത്തിനും പുതുക്കിയ മാർഗ നിർദേശങ്ങൾ നിലവിൽ വന്നു. അതനുസരിച്ച് തിരികെ വരുന്നവരെ കാറ്റഗറി A, B, C എന്നിങ്ങനെ മൂന്ന് കാറ്റഗറികൾ ആക്കി തിരിക്കും. ചെറിയ പനി, ചുമ തുടങ്ങിയവ ഉള്ളവരെ കാറ്റഗറി എ യിൽ ഉൾപ്പെടുത്തും. ഇവർ സ്വന്തം വീടുകളിൽ തന്നെ 28 ദിവസം നിരീക്ഷണത്തിൽ കഴിയണം.

കടുത്ത പനി, തൊണ്ടവേദന ഉളളവരെയും, ചെറിയ പനി, ചുമ തുടങ്ങിയവ ഉള്ള ഗർഭിണികൾ, 60 വയസ്സിനു മേൽ പ്രായമുള്ളവർ, ഗുരുതര രോഗങ്ങൾ ഉളളവരേയും കാറ്റഗറി ബി യിൽ ഉൾപ്പെടുത്തും. ഇവർ ദിശയുമായോ, കൺട്രോൾ റൂമുമായോ ബന്ധപ്പട്ട് അവിടെ നിന്നും നിർദേശിക്കുന്ന ആശുപത്രിയിൽ ചികിത്സ തേടണം. കാറ്റഗറി A യിൽ പ്പെട്ടവർക്ക് അസുഖങ്ങൾ കൂടിയാൽ കാറ്റഗറി ബി ആയി പരിഗണിച്ച് ചികിത്സ നൽകും. കടുത്ത പനി, തൊണ്ടവേദന, ശ്വാസ തടസ്സം, ശ്വാസം മുട്ട്, മറ്റു ഗുരുതര രോഗ ലക്ഷണങ്ങൾ, തുടങ്ങിയവ ഉള്ളവരെ കാറ്റഗറി സി യിൽ ഉൾപ്പെടുത്തി ഹോസ്പിറ്റൽ ഐസോലേഷൻ മുറിയിൽ ചികിത്സ ചെയ്യും.

14:45 (IST)12 Mar 2020

ഡൽഹിയിൽ 6 ഇന്ത്യക്കാർക്കും ഹരിയാനയിൽ 14 വിദേശികൾക്കും കൊറോണ വൈറസ്

ഇന്ത്യയിൽ കൊറോണ വൈറസ് (കോവിഡ്-19) ബാധിതരുടെ എണ്ണം 73 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡൽഹിയിൽ 6 ഇന്ത്യക്കാർക്കും ഹരിയാനയിൽ 14 വിദേശികൾക്കും രോഗം സ്ഥിരീകരിച്ചു. തെക്കേ ഇന്ത്യയിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട്. 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്നു പേർ രോഗവിമുക്തരായി. തമിഴ്നാട്ടിലും, തെലങ്കാനയിലും, പഞ്ചാബിലും ഓരോ ആൾക്ക് വീതവും കർണാടകയിൽ നാലു പേർക്കും രോഗം സ്ഥിരീകരിച്ചു.

14:20 (IST)12 Mar 2020

കൊറോണ: ഇന്റർനെറ്റ് ക്ഷമത ടെലികോം കമ്പനികൾ 40 ശതമാനം വർധിപ്പിക്കും

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഇന്റര്‍നെറ്റ്‌ ഉപഭോഗം വര്‍ധിക്കുമെന്നും ഇത് പരിഹരിക്കാന്‍ ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡറുകളുമായി ചര്‍ച്ച ചെയ്തു ബാന്‍ഡ് വിഡ്ത് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

14:18 (IST)12 Mar 2020

കോവിഡ്-19: സ്വയം സുരക്ഷിതരായിരിക്കാനുളള 7 ലളിത മാർഗങ്ങൾ

13:41 (IST)12 Mar 2020

കോട്ടയത്ത് കോവിഡ്-19 സ്ഥിരീകരിച്ചവർ സഞ്ചരിച്ച റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

12:56 (IST)12 Mar 2020

പത്തനംതിട്ട റാന്നിയിലെ എസ്ബിഐ ശാഖ അടച്ചു

രോഗബാധിതർ എത്തിയെന്ന് കണ്ടെത്തിയ പത്തനംതിട്ട റാന്നിയിലെ തൊട്ടമണ്ണിലുള്ള എസ്ബിഐ ശാഖ അടച്ചു. ഒന്നിൽ കൂടുതൽ തവണ ഇറ്റലിയിൽ നിന്ന് എത്തിയവർ ഇവിടെ വന്നിരുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് ശാഖ അടച്ചിടാൻ തീരുമാനിച്ചത്.

12:50 (IST)12 Mar 2020

ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 73 ആയി

രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 73 ആയി. കേരളത്തിൽ 14 പേർക്കാണ് നിലവിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

12:04 (IST)12 Mar 2020

എല്ലാവരും മാസ്ക് ഉപയോഗിക്കണോ…?

12:01 (IST)12 Mar 2020

കോവിഡ്-19: രക്ഷിതാക്കളും കുട്ടികളും അറിയാൻ

11:25 (IST)12 Mar 2020

ഇറ്റലിയിലെ ഇന്ത്യൻ എംബസി അടച്ചു, നാട്ടിലേക്ക് മടങ്ങാനാകാതെ മലയാളികൾ

കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇറ്റലിയിലെ ഇന്ത്യൻ എംബസി അടച്ചു. നാട്ടിലേക്ക് മടങ്ങാനാകാതെ നിരവധി മലയാളികളാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. 

11:19 (IST)12 Mar 2020

കൊറോണപ്പനിയില്‍ വിറച്ച് ടൂറിസം മേഖലയും; ബുക്കിങ്ങുകള്‍ റദ്ദായി തുടങ്ങി

രണ്ട് വെള്ളപ്പൊക്കവും നിപയും നല്‍കിയ തിരിച്ചടികളില്‍ നിന്നും കരകയറിവന്ന കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ കോവിഡ് 19 തളര്‍ത്തുന്നു. കൊറോണ വൈറസ് വ്യാപനം അവസാനിച്ചാലും മേഖല തിരിച്ചു കയറുന്നതിന് വീണ്ടും കാത്തിരിക്കേണ്ടി വരും. കാരണം, കൊറോണ ആഗോള സമ്പദ് വ്യവസ്ഥയെ തളര്‍ത്തുന്നതിനാല്‍ വളര്‍ച്ച തിരിച്ച് പിടിച്ചതിനുശേഷമേ ആളുകള്‍ യാത്ര ചെയ്യാന്‍ സാധ്യതയുള്ളൂ.

09:28 (IST)12 Mar 2020

കൊറോണ: വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച 8 പേർ അറസ്റ്റിൽ

കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ വ്യാജപ്രചരണങ്ങളും സജീവമാണ്. അത്തരത്തിൽ ഭീതി പരത്തുന്ന വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച 8 പേർ സംസ്ഥാനത്ത് അറസ്റ്റിൽ. 11 കേസുകളാണ് കൊറോണയുമായി ബന്ധപ്പെട്ട വ്യാജപ്രചരണങ്ങളിൽ ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെറ്റായ വാർത്തകൾ പോസ്റ്റ് ചെയ്യുന്നവർക്കൊപ്പം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

09:28 (IST)12 Mar 2020

കൊറോണ വൈറസ്: മരണം 4585, കേരളത്തിൽ പുതിയ കേസുകളില്ല

ലോകമെമ്പാടും പടർന്ന് പിടിച്ച് കൊറോണ വൈറസ് ബാധയിൽ മരണം 4585 ആയി. 121 രാജ്യങ്ങളിലാണ് നിലവിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് പൊട്ടിപുറപ്പെട്ട ചൈനയിൽ തന്നെയാണ് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടതും.

09:27 (IST)12 Mar 2020

സ്വാഗതം

കൊറോണ വൈറസ് സംസ്ഥാനത്തും ഭീതി പടർത്തുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തുക. കൊറോണ വൈറസ് സംബന്ധിച്ച തത്സമയ വാർത്തകൾക്ക് ഇന്ത്യൻ എക്സപ്രസ് മലയാളത്തിന്റെ തത്സമയ വിവരണത്തോടൊപ്പം തുടരുക.

Covid-19: പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 രോഗനിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ട്രാക്ക് ചെയ്യുവാന്‍ ജിപിഎസ് സംവിധാനമേര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി ജിയോ മാപ്പ് ജിപിഎസ് സംവിധാനം ഏർപ്പെടുത്തും. ഈ സംവിധാനം ഉപയോഗിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ലൊക്കേഷൻ നിരീക്ഷിച്ച് അവർ പുറത്തേക്ക് ഇറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ഇവരിൽ ആരെങ്കിലും പൊതു ഇടങ്ങളിലേക്ക് ഇറങ്ങുകയാണെങ്കിൽ ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ഈ ട്രാക്കിങ് സിസ്റ്റം സഹായിക്കും. കൂടാതെ ഇതു വഴി ഒരു പ്രദേശത്ത് എത്രപേർ രോഗബാധിതരുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടെന്ന് കണ്ടത്തിയവരെ ഈ സംവിധാനത്തിലൂടെ നിരീക്ഷക്കാനാകും. ജിയോ മാപ്പിങ്ങിനായി അടൂർ എൻജിനീയറിങ് കോളേജ്, പാറ്റൂർ ശ്രീ ബുദ്ധാ എൻജിനീയറിങ് കോളേജ്, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജ് എന്നീ മൂന്ന് എൻജിനീയറിങ് കോളേജുകളിലെ വിദ്യാർഥികളാണ് ഈ സംവിധാനം ഏകോപിപ്പിക്കുന്നത്.

രണ്ടു ടീമുകളിലായി 60 പേരടങ്ങുന്ന സംഘമാണ് വീടുകളില്‍ കഴിയുന്ന 900 പേരെ നിരീക്ഷിക്കുകയും ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ആവശ്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് ചെയ്യുന്നത്. ജിപിഎസ് സംവിധാനം ഉപയോഗിച്ച് വീടുകളില്‍ കഴിയുന്നവരുടെ ലൊക്കേഷന്‍ നിരീക്ഷിച്ച് അവര്‍ വീടുകള്‍ക്ക് പുറത്ത് ഇറങ്ങുന്നില്ലെന്ന് ഉറപ്പാക്കുകയാണു നിരീക്ഷക സംഘം ചെയ്യുന്നത്. ആരെങ്കിലും പൊതു ഇടങ്ങളിലേക്കു പോകുകയാണെങ്കില്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

പത്തുപേരടങ്ങുന്ന സംഘം ദിവസവും രാവിലെയും വൈകുന്നേരവും വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കും. ടീമിലുള്ള കൗണ്‍സിലര്‍മാര്‍ ഇവരെ ഫോണില്‍ ബന്ധപ്പെടുകയും ഇവര്‍ക്ക് മാനസിക പിന്തുണ നല്‍കുകയും ചെയ്യും. എതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റും. ട്രാക്ക് ചെയ്യുന്നതും കൗണ്‍സിലിങ് നല്‍കുന്നതും മെഡിക്കല്‍ സംഘത്തില്‍ നിന്നുള്ളവരാണുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus kerala covid19 live updates

Next Story
കൊറോണയില്‍ വിറച്ച് ടൂറിസം മേഖലയും; ബുക്കിങ്ങുകള്‍ റദ്ദായി തുടങ്ങിcorona and tourism, കൊറോണയും ടൂറിസവും, കൊറോണയും വിനോദ സഞ്ചാരം, coronavirus impact on Kerala tourism, കേരള വിനോദ സഞ്ചാര മേഖലയും കൊറോണ വൈറസ് ബാധയും,coronavirus tourism, കേരള വിനോദ സഞ്ചാര മേഖലയില്‍ കൊറോണ വൈറസ് ബാധ, corona tourism, corona tourism latest news, ie Malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com
X