തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്ന തരത്തിലാണ് വർധിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് പുതിയതായി 593 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 364 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ.

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം മൂന്നാം ഘട്ടത്തിന്റെ രണ്ടാം പാദത്തിലെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്ക് ഡൗണിനു മുൻപ് മറ്റു സ്ഥലങ്ങളിൽ രോഗവ്യാപനം കുറവായിരുന്നു. ബ്രേക്ക് ദ് ചെയിൻ ജീവിതരീതി ജനങ്ങൾ പിന്തുടർന്നു. രോഗികൾ പതിനായിരം കടന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ പ്ലാസ്‌മ ബാങ്ക് മഞ്ചേരിയിൽ

സംസ്ഥാനത്തെ ആദ്യ പ്ലാസ്‌മ ബാങ്ക് മഞ്ചേരി മെഡിക്കൽ കോളേജിൽ ആരംഭിച്ചതായി വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു. ഇതുവരെ അമ്പതോളം പേർ പ്ലാസ്‌മ നൽകി. ഇന്നലെ മാത്രം 22 പേരാണ് പ്ലാസ്‌മ നൽകാനെത്തിയത്.

ഇതുവരെ അന്‍പതിലധികം രോഗവിമുക്തരാണ് പ്ലാസ്മ നല്‍കിയത്. ഇനിയും ഇരുനൂറോളം പേര്‍ പ്ലാസ്മ നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അത്യാസന്ന നിലയിലുള്ള കോവിഡ് രോഗിക്ക് കഴിഞ്ഞ ദിവസം മഞ്ചേരിയില്‍നിന്ന് പ്ലാസ്മ എത്തിച്ച് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന  രണ്ടു പേര്‍ കൂടി പ്ലാസ്മ തെറാപ്പിയിലൂടെ രോഗമുക്തരായി ഇന്നലെ വീട്ടിലേക്ക് മടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Kerala Covid Tracker: സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതിയതായി 593 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 364 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. വിദേശത്തുനിന്ന് വന്ന 116 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന 90 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 19 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഒരു ഡിഎസ്ഇ, ഒരു ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

204 പേർ ഇന്ന് രോഗമുക്തി നേടി. 11,569 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകൾ 299 ആയി.

കേരളത്തിൽ ഇന്ന് രണ്ട് കോവിഡ് മരണം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. തിരുവനന്തപുരത്താണ് രണ്ട് മരണവും. അരുൾദാസ് (70 ), ബാബുരാജ് (60) എന്നിവരാണ് മരിച്ചത്.

Media Briefing

Posted by Pinarayi Vijayan on Saturday, July 18, 2020

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

 • തിരുവനന്തപുരം-173,
 • കൊല്ലം-53
 • പാലക്കാട് 49
 • എറണാകുളം-44
 • ആലപ്പുഴ-42
 • കണ്ണൂർ-39
 • കാസർഗോഡ്- 28
 • പത്തനംതിട്ട- 28
 • ഇടുക്കി- 28
 • വയനാട്-26
 • കോഴിക്കോട്- 26
 • തൃശൂർ- 21
 • മലപ്പുറം- 19
 • കോട്ടയം- 16

ഇന്ന് രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം- 7
 • പത്തനംതിട്ട- 18
 • ആലപ്പുഴ- 36
 • കോട്ടയം- 6
 • ഇടുക്കി- 6
 • എറണാകുളം- 9
 • തൃശൂർ- 11
 • പാലക്കാട്- 25
 • മലപ്പുറം- 26
 • കോഴിക്കോട്- 9
 • വയനാട്- 4
 • കണ്ണൂർ- 38
 • കാസർകോട്- 9

ജാഗ്രതയെക്കുറിച്ച് ഓർമിപ്പിച്ച് മുഖ്യമന്ത്രി

കോവിഡിനെതിരേ നിത്യ ജീവിതത്തിൽ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സോഷ്യൽ മീഡിയാ പോസ്റ്റിലാണ് ഓഫീസിലും വീട്ടിലും ദൈനംദിന ജീവിതത്തിൽ ഇടപഴകുന്ന മറ്റിടങ്ങളിലും പാലിക്കേണ്ട ജാഗ്രതയെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നത്. ഓഫീസ് വീട് എന്നിവിടങ്ങളിൽ നിന്നും സുഹൃത്തുക്കളും സഹപ്രവർത്തകരും ബന്ധുക്കളും അടക്കമുള്ളവരിൽ നിന്നും കോവിഡ് പകരും എന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് മുഖ്യമന്ത്രി പങ്കുവച്ചിട്ടുള്ളത്.

ജാഗ്രതയ്ക്ക് ഒരു ജനതയുടെ തന്നെ ജീവന്റെ വിലയുള്ള കാലമാണിത്. അവനവന്റെ മാത്രമല്ല ചുറ്റുമുള്ളവരുടെ ജീവനും നമ്മുടെ കരുതലായി…

Posted by Pinarayi Vijayan on Saturday, 18 July 2020

ജാഗ്രതയ്ക്ക് ഒരു ജനതയുടെ തന്നെ ജീവന്റെ വിലയുള്ള കാലമാണിത്. അവനവന്റെ മാത്രമല്ല ചുറ്റുമുള്ളവരുടെ ജീവനും നമ്മുടെ കരുതലായി മാറണം. ഒരാളുടെ ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തം ക്ഷണിച്ചു വരുത്തും. അതിനിട വരുത്തരുത്. ജാഗ്രതയോടെ ഒത്തൊരുമിച്ച് ഈ മഹാമാരിയെ നമുക്ക് മറികടക്കാം.

കോവിഡ് വ്യാപനം മൂന്നാഘട്ടത്തിന്റെ രണ്ടാം പാദത്തിൽ

കോവിഡ് വ്യാപനം സംസ്ഥാനത്ത് മൂന്നാഘട്ടത്തിന്റെ രണ്ടാം പാദത്തിൽ എത്തിയ കാര്യം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഓർമിപ്പിച്ചു. ” സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം മൂന്നാം ഘട്ടത്തിന്‍റെ രണ്ടാം പാദത്തിലെത്തി എന്ന് ഇന്നലെ സൂചിപ്പിച്ചിരുന്നു. മെയ് 4ന് 499 രോഗികളും 3 മരണങ്ങളുമാണ് കേരളത്തിലുണ്ടായത്. ലോക്ക്ഡൗണിന് മുന്‍പ് മറ്റ് രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും രോഗവ്യാപനം ശക്തമായിരുന്നില്ല. അത് കൊണ്ടുതന്നെ കേരളത്തിലെത്തിയവരില്‍ രോഗികളുടെ എണ്ണം കുറവുമായിരുന്നു. മാത്രമല്ല ബ്രേക്ക് ദി ചെയിന്‍ ജീവിതരീതികള്‍ ജനങ്ങളെല്ലാം പിന്തുടരുകയും ചെയ്തിരുന്നു,” – മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ രോഗികളുടെ എണ്ണം പതിനായിരം കടന്നു. മരണമടയുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയില്ല. നമ്മുടെ സംരക്ഷണ സമ്പര്‍ക്ക വിലക്ക് വിജയിച്ചത് കൊണ്ട് മരണനിരക്ക് കുറക്കാന്‍ കഴിഞ്ഞതില്‍ ആശ്വസിക്കാം. എന്നാല്‍, സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം അറുപത് ശതമാനത്തിന് മുകളിലാണിപ്പോള്‍. ഉറവിടമറിയാന്‍ കഴിയാത്ത രോഗികളുടെ എണ്ണത്തിലും നല്ല വര്‍ധനയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിരവധി ജില്ലകളില്‍ രോഗികളുടെ ക്ലസ്റ്ററുകള്‍ രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ രോഗവ്യാപനത്തിന് നാലു ഘട്ടങ്ങളാണുള്ളത്. രോഗികളില്ലാത്ത സ്ഥിതി, പുറമേനിന്നും ഒരു സമൂഹത്തില്‍ രോഗികളെത്തി ചിലരിലേക്ക് രോഗം പകരുന്ന ഘട്ടം (സ്പൊറാഡിക്), ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുള്ള (ക്ലസ്റ്ററുകള്‍) രോഗവ്യാപനം, വ്യാപകമായ സമൂഹവ്യാപനം.

കോവിഡ്-19, covid-19, കൊറോണവൈറസ്, coronavirus, പൂന്തുറ,poonthura, തിരുവനന്തപുരം, thiruvananthapuram, സമ്പര്‍ക്കത്തിലൂടെ രോഗം, ഹോട്ട്‌സ്‌പോട്ട്, കണ്ടെയ്ന്‍മെന്റ് സോണ്‍

പൂന്തുറ: ഫയൽ ചിത്രം

തലസ്ഥാന ജില്ലയിലെ രണ്ടു പ്രദേശങ്ങള്‍ സമൂഹവ്യാപനത്തിലേക്ക് പോയി എന്നാണു കാണുന്നത്. ഈ സാഹചര്യത്തില്‍ സമചിത്തതയോടെ ശാസ്തീയമായ പരിഹാരമാര്‍ഗങ്ങളിലേക്ക് നാം പോയേ തീരൂ. ബ്രേക്ക് ദി ചെയിന്‍ ജീവിതരീതി സുപ്രധാനമാണ്. അതില്‍ തന്നെ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടില്‍ നിന്നും പുറത്തേക്ക് പോകുന്നവര്‍ തിരികെ വീട്ടിലെത്തിയാല്‍ മാസ്ക് ധരിക്കാനും ശരീരിക അകലം പാലിക്കാനും തയ്യാറാകണം.

ക്ലസ്റ്ററുകളില്‍ രോഗവ്യാപന പഠനം നടത്തി രോഗവ്യാപന കാരണങ്ങള്‍ കണ്ടെത്തിയും വിപുലമായ തോതില്‍ ടെസ്റ്റിങ് നടത്തിയും വ്യാപനം തടയാന്‍ നടത്തുന്ന ശ്രമങ്ങള്‍ പൊന്നാനി പോലുള്ള ആദ്യ ക്ലസ്റ്ററുകളില്‍ വിജയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപത്രികള്‍ക്കും ചികിത്സിക്കാം

സ്വകാര്യ ആശുപത്രികള്‍ക്കും കോവിഡ് രോഗികളെ ചികിത്സിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ആരോഗ്യ, തദ്ദേശ സ്വയംഭരണ, ദുരന്തനിവാരണ വകുപ്പുകള്‍ സംയുക്തമായി 50,000 കിടക്കകളോടെ കൂടുതല്‍ ചികിത്സാകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ്. ചെറുകിട ഇടത്തരം സ്വകാര്യ ആശുപത്രികള്‍ക്ക്  പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങള്‍ നടത്താന്‍ അനുമതി നല്‍കും.

പ്രതീകാത്മക ചിത്രം

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ 60 ശതമാനം പേർക്കും രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരെ വീടുകളിൽ ചികിത്സിക്കാനുള്ള കാര്യം ആലോചിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലടക്കം ഇങ്ങനെയൊരു രീതിയുണ്ട്. അപകട സാധ്യത വിഭാഗത്തിൽ ഉൾപ്പെടാത്ത, രോഗലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് ബാധിതരെ വീട്ടിൽ ചികിത്സിക്കാമെന്ന് വിദഗ്‌ധരുടെ ഉപദേശമുണ്ട്. ആശുപത്രിയടുത്തുള്ള വീടുകളിൽ ഇങ്ങനെയൊരു സജ്ജീകരണം ഏർപ്പെടുത്താം. രോഗികളുടെ എണ്ണം വൻ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു ചികിത്സാരീതി നടപ്പിലാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘ജീവന്‍റെ വിലയുള്ള ജാഗ്രത’

വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വരുന്നവരുടെ എണ്ണം കുറഞ്ഞ് തുടങ്ങിയിട്ടുണ്ടെന്നും സംസ്ഥാനത്തിനുള്ളിലെ രോഗവ്യാപനം നിയന്ത്രിക്കാന്‍ സര്‍ക്കാരും ജനങ്ങളും ഒത്തുശ്രമിച്ചാല്‍ തീര്‍ച്ചയായും കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് ബ്രേക്ക് ദി ചെയിന്‍ കാമ്പയിന്‍റെ അടുത്ത ഘട്ടമായി ‘ജീവന്‍റെ വിലയുള്ള ജാഗ്രത’ എന്ന ആശയം രൂപപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

covid 19, കോവിഡ് 19, CM, Pinarayi Vijayan, പിണറായി വിജയൻ, IE malayalam, ഐഇ മലയാളം

നിപയും പ്രളയവും ഒരുമാസക്കാലം വീതം നീണ്ടുനിന്ന പ്രതിസന്ധികളായിരുന്നു. കോവിഡിനെ നാം നേരിടാന്‍ തുടങ്ങിയിട്ട് ആറുമാസത്തിലേറെയാവുന്നു. അതിന്‍റെ ക്ഷീണവും ആലസ്യവും മടുപ്പും പലരേയും ബാധിച്ചിട്ടുണ്ട്. പക്ഷേ നമുക്ക് നിരന്തര ജാഗ്രത പുലര്‍ത്തിയേ പറ്റൂ. ലോകമാകെ വ്യാപിച്ചിരിക്കുന്ന ഒരു മഹാമാരിയെയാണ് നേരിടാനുള്ളതെന്നത് മറക്കരുത്.

തീര്‍ച്ചയായും നമുക്ക് കോവിഡിനേയും  അതിജീവിക്കാന്‍ കഴിയും. അതിനുള്ള ജനകീയ ഐക്യത്തിന്‍റെയും സാമൂഹ്യ ഒരുമയുടെയുമായ ആന്തരിക കരുത്ത് കേരള സമൂഹത്തിനുണ്ട്. അത് നാം പലവട്ടം തെളിയിച്ചിട്ടുള്ളതാണ്. ഒത്തൊരുമിച്ചുള്ള മുന്നേറ്റത്തില്‍ ആരും മാറിനില്‍ക്കരുത് എന്ന് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്ത് സമ്പര്‍ക്ക വ്യാപനം വർധിക്കുന്നു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 152 ആണ് സമ്പര്‍ക്കംവഴിയുള്ള രോഗബാധ. ഇതിൽ നാലുപേരുടെ ഉറവിടം മനസ്സിലായിട്ടില്ല.

ജില്ലയിലെ തീരപ്രദേശങ്ങള്‍ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 28 അര്‍ദ്ധരാത്രി വരെ 10 ദിവസത്തേക്കാണ്  നിയന്ത്രണം. ഈ ദിവസങ്ങളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ഈ പ്രദേശങ്ങളില്‍ ഉണ്ടാകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

തീരപ്രദേശങ്ങളെ മൂന്നു സോണുകളായി തിരിച്ചാണ് നിയന്ത്രണം. ഇടവ, വെട്ടൂര്‍, അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍, വക്കം ഗ്രാമപഞ്ചായത്ത്, വര്‍ക്കല മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലെ തീരപ്രദേശങ്ങള്‍ സോണ്‍ ഒന്നിലും ചിറയിന്‍കീഴ്, കഠിനംകുളം ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങള്‍ സോണ്‍ രണ്ടിലും കോട്ടുകാല്‍, കരിംകുളം, പൂവാര്‍, കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങള്‍ സോണ്‍ മൂന്നിലും ഉള്‍പ്പെടും.

പ്രതീകാത്മക ചിത്രം

മുന്‍ നിശ്ചയപ്രകാരം നടത്താനിരുന്ന പരീക്ഷകള്‍ എല്ലാം ഈ സോണുകളില്‍ മാറ്റിവയ്ക്കും. അവശ്യ സര്‍വീസുകളില്‍ ഉള്‍പ്പെടാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ളതും മറ്റ് അനുബന്ധ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. ആവശ്യമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഉപയോഗപ്പെടുത്തണം. ആശുപത്രികള്‍, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തന അനുമതിയുണ്ട്. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്‍റ് സോണുകളിലെ ദേശീയപാതയിലൂടെ ഗതാഗതം അനുവദിക്കും. എന്നാല്‍ ഈ പ്രദേശങ്ങളില്‍ വാഹനം നിര്‍ത്താന്‍ പാടില്ല.

പാല്‍, പച്ചക്കറി, പലചരക്ക് കടകള്‍ ഇറച്ചികടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് നാലുമണിവരെ പ്രവര്‍ത്തിക്കാം. ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, ഒരുകിലോ ധാന്യം എന്നിവ സിവില്‍ സപ്ലൈസിന്‍റെ നേതൃത്വത്തില്‍ നല്‍കും. പ്രദേശങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പ്, സപ്ലൈകോ, കെപ്കോ എന്നിവയുടെ മൊബൈല്‍ വാഹനങ്ങള്‍ എത്തിച്ച് വില്‍പ്പന നടത്തും. ലീഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ മൊബൈല്‍ എടിഎം സൗകര്യവും ഒരുക്കും.

സമ്പര്‍ക്ക ബാധയുള്ള പ്രദേശങ്ങൾ അടച്ചിട്ടു

കണ്ണൂര്‍ ജില്ലയില്‍ സമ്പര്‍ക്കംമൂലം രോഗബാധ ഉണ്ടായ 11 തദ്ദേശ സ്ഥാപനപരിധിയിലെ 18 വാര്‍ഡുകളും കണ്ണൂര്‍ കന്‍റോണ്‍മെന്‍റ് ബോര്‍ഡ് പരിധിയിലെ മുഴുവന്‍ പ്രദേശങ്ങളും പൂര്‍ണമായി അടച്ചിട്ടു.

കാസര്‍കോട് അതിര്‍ത്തിയില്‍ കര്‍ണാടക സംസ്ഥാനത്തെ ദക്ഷിണ കന്നഡയില്‍ രോഗവ്യാപനം രൂക്ഷമാണ്. ഇത് ജില്ലയിലും രോഗസ്ഥിതി രൂക്ഷമാകുമെന്ന ആശങ്ക വര്‍ധിച്ചിട്ടുണ്ട്. കാസര്‍കോട് നഗരസഭയില്‍ രോഗവ്യാപനം തടയാന്‍ മത്സ്യ-പച്ചക്കറി മാര്‍ക്കറ്റ് കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മാത്രമേ കടകള്‍ തുറക്കാന്‍ അനുവദിക്കൂ.

പത്തനംതിട്ട: 12 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം

പത്തനംതിട്ട ജില്ലയില്‍ ഇന്ന് സ്ഥിരീകരിച്ച 28 രോഗബാധിതരില്‍ 12 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. തിരുവല്ല തുകലശേരിയിലെ ഹോളി സ്പിരിറ്റ് കോണ്‍വെറ്റില്‍ സമ്പര്‍ക്കംമൂലം 29 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ പബ്ലിക് ഹെല്‍ത്ത് ലാബില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നതിനുള്ള പ്രവര്‍ത്തനം പൂര്‍ത്തിയായിവരുന്നു.

വയനാട്ടിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 11 പേർക്ക്

വയനാട് ജില്ലയില്‍ ഇന്ന് സ്ഥിരീകരിച്ച 26ല്‍ 11 പേർക്കും സമ്പര്‍ക്കംമൂലമാണ് രോഗം ബാധിച്ചത്. പുല്‍പ്പള്ളി, കാട്ടിക്കുളം, കോട്ടത്തറ തുടങ്ങിയ പഞ്ചായത്തുകളിലും ക്ലസ്റ്റര്‍ സാധ്യത മുന്നില്‍ കണ്ടുള്ള ജാഗ്രത തുടരുന്നുണ്ട്. ജില്ലയില്‍ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, തിരുനെല്ലി പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളും എടവക, പൂതാടി, തൊണ്ടര്‍നാട്, മീനങ്ങാടി, കോട്ടത്തറ, കണിയാമ്പറ്റ, മേപ്പാടി പഞ്ചായത്തുകളിലെ ഏതാനും വാര്‍ഡുകളും കണ്ടെയ്ന്‍മെന്‍റ് സോണുകളാണ്. കല്‍പ്പറ്റ നഗരസഭയിലെ റാട്ടക്കല്ലി പട്ടികവര്‍ഗ കോളനി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണായും പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴയിൽ രോഗബാധിതർ വർധിക്കുന്നു

ആലപ്പുഴ ജില്ലയില്‍ സമ്പര്‍ക്കത്തിലുള്ള രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിയിച്ചു. ഇന്ന് 23 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ. എഴുപുന്ന, പള്ളിത്തോട്, കായംകുളം, കുറത്തികാട്, നൂറനാട് എന്നീ പ്രദേശങ്ങളിലാണ് രോഗികള്‍ അധികവും.

തൃശൂരില്‍ 5 പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്‍റ് സോണ്‍

തൃശൂരില്‍ അഞ്ച് തദ്ദേശ സ്ഥാപന പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആയി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്ളാസ്മാ തെറാപ്പി ചികിത്സയിലൂടെ ഒരു കോവിഡ് രോഗി കൂടി നെഗറ്റീവായി. ഇതുവരെ 4 പേര്‍ക്ക് പ്ളാസ്മാ ചികിത്സ നല്‍കി.

എറണാകുളം ജില്ല കൂടുതല്‍ ശ്രദ്ധവേണ്ട അവസ്ഥയിലേക്ക്

എറണാകുളം ജില്ലയില്‍ ഇന്ന് സ്ഥിരീകരിച്ച 44ല്‍ 32ഉം സമ്പര്‍ക്കം വഴിയാണ് രോഗബാധ. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. രണ്ട് പേരുടെ ഉറവിടമറിയില്ല. കൂടുതല്‍ ശ്രദ്ധവേണ്ട അവസ്ഥയിലേക്കാണ് എറണാകുളം ജില്ല പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് ആക്റ്റീവ് ക്ലസ്റ്ററുകള്‍ ആണുള്ളത്, ചെല്ലാനം, ആലുവ കീഴ്മാട് എന്നിവ. ആലുവ മാര്‍ക്കറ്റിലെ മൊത്തവ്യാപാരികള്‍ക്ക്  ആഴ്ചയിലൊരു ദിവസം ചരക്കു ലോറികളില്‍ അവശ്യ സാധനങ്ങള്‍ ഇറക്കാന്‍ അനുമതി നല്‍കി. വ്യാപാരികള്‍ക്ക് സാധനങ്ങള്‍ കണ്ടെയ്ന്‍മെന്‍റ് സോണിനു പുറത്തേക്ക് വില്‍ക്കാന്‍ അനുവാദമില്ല.

ചെല്ലാനം പഞ്ചായത്തില്‍ സ്പെഷ്യല്‍ ടെസ്റ്റിങ് ടീമിനെ ചുമതലപെടുത്തി. പ്രദേശത്ത് ആരംഭിച്ച  കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററിനോട് ചേര്‍ന്നും പരിശോധനക്ക് ആവശ്യമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഏഴ് ക്ലസ്റ്ററുകൾ

കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്ക രോഗവ്യാപനം സ്ഥിരീകരിച്ച ഏഴ് ക്ലസ്റ്ററുകളാണുള്ളതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.  കോഴിക്കോട് ജില്ലയില്‍ എടച്ചേരി, ഏറാമല, പുറമേരി ഗ്രാമപഞ്ചായത്തുകള്‍ മുഴുവനായും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. വേളം പഞ്ചയത്തിലെ വാര്‍ഡ് 8, വളയം പഞ്ചായത്തിലെ വാര്‍ഡ് 11, വില്യാപ്പള്ളി പഞ്ചായത്തിലെ വാര്‍ഡ് 14, ചോറോട് പഞ്ചായത്തിലെ വാര്‍ഡ് 7,ചെങ്ങോട്ടുക്കാവ് പഞ്ചായത്തിലെ വാര്‍ഡ് 17, മൂടാടി പഞ്ചായത്തിലെ വാര്‍ഡ് 4, കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 35, കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ 7,14,32 വാര്‍ഡുകളും, കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. തൂണേരി ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ് അടച്ചിടും.

ഇടുക്കി ജില്ലയില്‍ ഏഴ് പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധ

ഇടുക്കി ജില്ലയില്‍ സമ്പര്‍ക്കംമൂലം വാഴത്തോപ്പില്‍ ഏഴ് പേര്‍ക്ക് രോഗബാധ ഉണ്ടായിട്ടുണ്ട്. ഇന്ന് സ്ഥിരീകരിച്ച 28ല്‍ പത്തും സമ്പര്‍ക്കംമൂലമാണ്. ഹെല്‍ത്ത്വര്‍ക്കര്‍മാര്‍ 4, ഉറവിടമറിയാത്തത് 7.

കൊല്ലത്ത് ഒമ്പതുപേരുടെ ഉറവിടം വ്യക്തമായിട്ടില്ല

കൊല്ലം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 53 പേരില്‍ 33ഉം സമ്പര്‍ക്കംമൂലമാണ്. ഒമ്പതുപേരുടെ ഉറവിടം വ്യക്തമായിട്ടില്ല. കൊല്ലം ഹോക്കി സ്റ്റേഡിയത്തില്‍ പ്രഥമ ചികിത്സക്കായി തയ്യാറാക്കിയ കേന്ദ്രം ഉദ്ഘാടനം ചെയ്തു. പതിമൂന്ന് പഞ്ചായത്തുകളില്‍ ആഡിറ്റോറിയം കണ്ടെത്തി കോവിഡ് ട്രീറ്റ്മെന്‍റ് കേന്ദ്രങ്ങളാക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ചവറ, പډന ഗ്രാമപഞ്ചായത്തുകള്‍ പൂര്‍ണ്ണമായും തീവ്ര നിയന്ത്രണ പ്രദേശങ്ങളാണ്.

ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ വർധിപ്പിക്കും

കോവിഡ് വ്യാപനത്തെ നേരിടുന്നതിനു വേണ്ടി പ്രത്യേകമായി തയ്യാറാക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ വർധിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ക്കായി ഹോട്ടലുകള്‍, ഹാളുകള്‍, കോളേജുകള്‍ തുടങ്ങിയവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മരുന്നുകള്‍, പള്‍സ് ഓക്സിമീറ്ററുകള്‍, ബിപി അപ്പാരറ്റസ് തുടങ്ങി വിവിധ സംവിധാനങ്ങള്‍ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

covid, quarantine, ie malayalam

ഒരേതരം രോഗലക്ഷണങ്ങളുള്ള ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവ് ആയവരെയും ഒരേ ലിംഗത്തിലുള്ളവരെയും ഒരുമിച്ചു ഒരു ഹാളില്‍/ഒരു വാര്‍ഡില്‍ കിടത്തുന്നതില്‍ പ്രത്യേകിച്ചു പ്രശ്നങ്ങള്‍ ഇല്ല. പക്ഷെ, കിടക്കകള്‍ തമ്മില്‍ കൃത്യമായ അകലം അതായത് കുറഞ്ഞത് 1.2 മീറ്റര്‍ (4 മുതല്‍ 6 അടി വരെ) ഉണ്ടായിരിക്കുമെന്നും.

ആന്‍റിജന്‍ ടെസ്റ്റ്  പോസിറ്റീവ് ആയവരില്‍  രോഗലക്ഷണങ്ങളില്ലാത്തവരേയും നിലവിലെ സാഹചര്യത്തില്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലേയ്ക്കു  കൊണ്ടുപോകേണ്ടിവരുമെന്ന മുഖ്യമന്ത്രി അറിയിച്ചു .

കോഴിക്കോട് ജില്ലയിൽ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ നാളെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ ഞായറാഴ്ചകളിലും ലോക്ഡൗണ്‍ തുടരും.
മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ തുറക്കാന്‍ പാടില്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമേ തുറക്കാവൂ. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ യാത്ര ചെയ്യരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ചങ്ങനാശേരി മത്സ്യ മാർക്കറ്റിലെ തൊഴിലാളികൾക്ക് കോവിഡ്

ചങ്ങനാശേരി മാർക്കറ്റിലെ കോവിഡ് സ്ഥിരീകരിച്ചു. ഇതിന് പുറകെ മത്സ്യ മാക്കറ്റ് അടച്ചു. കൊല്ലം ജില്ലയിലെ 93 മത്സ്യ മാർക്കറ്റുകൾ അടച്ചതിന് പിന്നാലെയാണ് പുതിയ സംഭവം.

കാസർഗോഡ് ജില്ലയില്‍ 24 വരെ മത്സ്യബന്ധനം നിരോധിച്ചു

കാസര്‍കോട് ജില്ലയില്‍ ഇന്ന് മുതല്‍ (ജൂലൈ 18) ഈ മാസം 24 വരെ മത്സ്യബന്ധനം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. നിലവില്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ടിട്ടുള്ള ഫൈബര്‍ വള്ളങ്ങള്‍ തൈക്കടപ്പുറം, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് കരയ്ക്കടുപ്പിക്കേണ്ടത്. ചെറുവള്ളങ്ങള്‍ പള്ളിക്കര, കീഴൂര്‍, തൃക്കണ്ണാട്, അജാനൂര്‍, കുമ്പള, കോയിപ്പാടി, ഉപ്പള, ആരിക്കാടി, കാഞ്ഞങ്ങാട് മീനാപ്പീസ്, ബേക്കല്‍ എന്നിവടങ്ങളിലുമാണ് തിരിച്ചെത്തേണ്ടത്.

നിരോധനം തുടരണമോയെന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി പിന്നീട് തീരുമാനിക്കുമെന്നും ജില്ലാ കളക്ടര്‍ കളക്ടര്‍ അറിയിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനമേഖലയില്‍ നിയന്ത്രണവും സംരക്ഷണവും ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കളക്ടറുടെ അധ്യക്ഷതയില്‍ മത്സ്യമേഖലയിലെ സംഘടനാ പ്രതിനിധികളുമായി ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനമുണ്ടായത്.

വാവുബലി ആചരിക്കാന്‍ അനുവാദമില്ല

കാസർഗോഡ് ജില്ലയില്‍ കോവിഡ് വ്യാപനം ഗുരുതരമാവുന്ന സാഹചര്യത്തില്‍ ഈ മാസം 19,20 തിയ്യതികളില്‍ തൃക്കണ്ണാട് വാവുബലി തര്‍പ്പണം ആചരിക്കാന്‍ അനുവാദമുണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. കോവിഡ് മഹാമാരി ജില്ലയില്‍ പ്രതിസന്ധി തീര്‍ക്കുന്ന വേളയില്‍ നിയന്ത്രണങ്ങളോട് പൊതുസമൂഹം പൂര്‍ണമായും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

കണ്ണൂരിൽ ചടങ്ങുകൾക്ക് പോലീസ് നിരീക്ഷണം

കണ്ണൂർ ജില്ലയിൽ കൊവിഡ് കേസ്സുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ചടങ്ങുകളിൽ കൂടുതൽ പോലീസ് നിരീക്ഷണം ഏർപ്പെടുത്തി.

 • ഇത് പ്രകാരം വിവാഹങ്ങൾ മുൻകൂട്ടി തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്.
 • മരണവിവരം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനം / മെമ്പർമാർ മുഖേന തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്‌.
 • വിവാഹങ്ങളിൽ പങ്കെടുക്കാവുന്നരുടെ സംഖ്യയാണ് 50 .ഒരു സമയം അമ്പതു പേർ എന്ന രീതിയിൽ വ്യാഖ്യാനിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
 • മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർ.
 • മറ്റു ചടങ്ങുകൾക്ക് പരമാവധി 10 പേർ.
 • മാസ്ക്ക് ധരിക്കുന്നതുൾപ്പെടെയുള്ള കൊ വിഡ് പ്രോട്ടോക്കോൾ എല്ലായിടത്തും എല്ലാ സമയവും പാലിക്കേണ്ടതാണ്.
 • വിവാഹം, മരണാനന്തര ചടങ്ങുകൾ, മറ്റു ചടങ്ങുകൾ എന്നിവയിൽ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കണം.

തലസ്ഥാനത്ത് പുതിയ 173 രോഗബാധിതർ

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 173 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു..കടകംപള്ളി, പൂന്തുറ, പുല്ലുവിള , വാമനപുരം, മുട്ടത്തറ, മൊട്ടമ്മൂട് , പാറശ്ശാല , വിളപ്പിൽശാല , ചേരിയമുട്ടം, മുക്കോല, വട്ടവിള, വിഴിഞ്ഞം ഓസവിള, മെഡിക്കൽ കോളേജിന് സമീപം, അഞ്ചുതെങ്ങ് തൈവിളാകം, കോട്ടുകാൽ, ചെറിയതുറ, ആനയറ, നെയ്യാറ്റിൻകര, നെല്ലിക്കുഴി, നാവായിക്കുളം, ജനറൽ ഹോസ്പിറ്റലിന് സമീപം, കുളത്തൂർ, പനവൂർ, പുതിയതുറ, കോട്ടുകാൽ, കാട്ടാക്കട എന്നിവിടങ്ങളിൽ സമ്പർക്കത്തിലൂടെ രോഗബാധ റിപ്പോർട്ട് ചെയ്തു.

കൊല്ലത്ത് 53 പേര്‍ക്ക് കോവിഡ്

കൊല്ലം ജില്ലയില്‍ ഇന്ന് 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 13 പേര്‍ തമിഴ്‌നാട് സ്വദേശികളാണ്. നാലുപേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 28 പേര്‍ക്ക് സമ്പര്‍ത്തിലൂടെ രോഗബാധ സംശയിക്കുന്നത്. എട്ടുപേരുടെ യാത്രാചരിതം ലഭ്യമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 44 പേർക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 44 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെല്ലാനം ക്ലസ്റ്ററിൽ നിന്നും ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകയാണ്. ആലുവ ക്ലസ്റ്ററിൽ നിന്നും ഇന്ന് 16 പേർക്ക് രോഗം സ്ഥിരീകരിച്ചു.മുൻപ് രോഗം ബാധിച്ച കാഞ്ഞൂർ സ്വദേശിയുടെ അടുത്ത ബന്ധുവായ 69 വയസുള്ള കാഞ്ഞൂർ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രികളിലെ കീഴ്മാട് സ്വദശിയായ ആരോഗ്യ പ്രവർത്തക(30), തൃപ്പൂണിത്തുറ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (51), പനങ്ങാട് താമസിക്കുന്ന ആരോഗ്യ പ്രവർത്തക (24), 30 വയസ്സുള്ള ആരോഗ്യ പ്രവർത്തകൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. തൃപ്പൂണിത്തുറ ഗവ. ഡിസ്പൻസറിയിലെ ആരോഗ്യ പ്രവർത്തകയ്ക്കും (51), ഇന്ന് രോഗം സ്ഥിരീകരിച്ചു.

അനധികൃത മത്സ്യവിൽപ്പനയ്ക്കെതിരെ ജില്ലയിൽ പരിശോധന ശക്തമാക്കും

എറണാകുളം: ജില്ലയിൽ കണ്ടെയ്മെന്റ് സോണുകളിലടക്കം ആരോഗ്യവകുപ്പിന്റെ സേവനം കൂടുതൽ ഊർജ്ജിതമാക്കുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സജീവസാന്നിധ്യം ഈ മേഖലകളിൽ ഉണ്ടാകും. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ചെല്ലാനം പഞ്ചായത്തിൽ അനൗൺസ്മെന്റ് പ്രവർത്തനങ്ങൾ നടത്താൻ ജില്ലയിലെ കോവിഡ് 19 അവലോകന യോഗത്തിൽ മന്ത്രി നിർദ്ദേശിച്ചു.

കാസർഗോട്ട് 29 പേര്‍ക്ക് കൂടി കോവിഡ്

കാസർഗോഡ് ഇന്ന് ജില്ലയില്‍ 29 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരും രണ്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്.
ബളാല്‍ പഞ്ചായത്തിലെ 18 വയസുകാരന്‍ (ഉറവിടം ലഭ്യമല്ല). മഞ്ചേശ്വരം പഞ്ചായത്തിലെ 28 കാരന്‍ (പ്രാഥമിക സമ്പര്‍ക്കം), 60,49,51 വയസുള്ള പുരുഷന്മാര്‍ (ഇവരുടെ ഉറവിടം ലഭ്യമല്ല). കുമ്പള പഞ്ചായത്തിലെ 21,22,50 വയസുള്ള പുരുഷന്മാര്‍. ചെങ്കള പഞ്ചായത്തിലെ 34,65,38 വയസുള്ള പുരുഷന്മാര്‍ 47വയസുകാരി. മീഞ്ച പഞ്ചായത്തിലെ 33,35 വയസുള്ള പുരുഷന്മാര്‍, 7,14 വയസുള്ള ആണ്‍കുട്ടികള്‍, 31,32 വയസുള്ള സ്ത്രീകള്‍. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 74 (ഉറവിടം ലഭ്യമല്ല),47 വയസുള്ള സ്ത്രീകള്‍.കുമ്പള പഞ്ചായത്തിലെ 52 കാരന്‍, 45 കാരി എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ.

തൃശൂരിൽ 21 പേർക്ക് കൂടി രോഗബാധ

തൃശൂർ ജില്ലയിൽ ശനിയാഴ്ച 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേർ രോഗമുക്തരായി. 7 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ബംഗലൂരുവിൽ നിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കത്തിലൂടെ രോഗബാധിതരായ വേളൂക്കര സ്വദേശികളായ ഒരേ കുടുംബാംഗങ്ങളായ സ്ത്രീ(64), പുരുഷൻ(35), പുരുഷൻ(73), ഒരു വയസ്സുള്ള പെൺകുട്ടി, കുന്നംകുളത്ത് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽപ്പെട്ട ചാവക്കാട് സ്വദേശി(34, പുരുഷൻ), കൊരട്ടിയിലെ രണ്ട് കന്യാസ്ത്രീകൾ(51, 58) എന്നിവർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

വയനാട് ജില്ലയില്‍ 26 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

വയനാട് ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് പേര്‍ രോഗമുക്തരായി. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. തൊണ്ടര്‍നാട് സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള 10 പേര്‍ക്കും ഒരു പീച്ചങ്കോട് സ്വദേശിക്കുമാണ് സമ്പര്‍ക്കം വഴി കോവിഡ് പകര്‍ന്നത്.

പാലക്കാട് 49 പേർക്ക്  രോഗബാധ

പാലക്കാട് ജില്ലയിൽ ഇന്ന് 49 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. യുഎഇ, സൗദി എന്നിവിടങ്ങളിൽ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. നാല് പേർക്ക് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ല.

പട്ടാമ്പി മത്സ്യമാർക്കറ്റിലെ തൊഴിലാളിയായ പട്ടാമ്പി സ്വദേശി(47 പുരുഷൻ), ഒറ്റപ്പാലം പാലപ്പുറം സ്വദേശി (43 പുരുഷൻ), പല്ലശ്ശന സ്വദേശി (19 പുരുഷൻ), മലപ്പുറം കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറായ ചെർപ്പുളശ്ശേരി സ്വദേശി എന്നിവർക്കാണ് ഉറവിടം വ്യക്തമല്ലാത്തത്.

കോഴിക്കോട്ട് 26 പേർക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 26 കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ 324 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.ഒന്‍പത് പേരാണ് രോഗമുക്തരായത്.

മണിയൂര്‍, കൊടുവളളി, ഏറാമല, വടകര, തൂണേരി, നാദാപുരം, കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ കല്ലായി എന്നിവിടങ്ങളിലാണ് സമ്പർക്ക രോഗബാധ.

മലപ്പുറത്ത് 19 പേര്‍ക്ക് രോഗബാധ

ജില്ലയില്‍ 19 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പടെ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 13 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ കൊണ്ടോട്ടി സ്വദേശിനി (25), താനൂര്‍ കോവിഡ് കെയര്‍ സെന്ററുമായി ബന്ധമുണ്ടായ താനൂര്‍ സ്വദേശി (51), ചോക്കാട് ഐ.പി.സി പള്ളി വികാരി നിലമ്പൂര്‍ സ്വദേശി (43), നിലമ്പൂര്‍ സ്വദേശിനി (75) എന്നിവര്‍ക്കാണ് ഉറവിടമറിയാതെ രോഗബാധയുണ്ടായത്.

രോഗ ലക്ഷണമുള്ളവരെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റും: ആരോഗ്യമന്ത്രി

കഴക്കൂട്ടത്ത് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റർ തയ്യാറായെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഗുരുതരമല്ലാത്ത രോഗലക്ഷണങ്ങൾ ഉള്ളവരെ ഇവിടേക്ക് മാറ്റുമെന്നും, കടുത്ത ലക്ഷണങ്ങൾ ഉള്ളവരെ മാത്രമേ ആശുപത്രികളിലേക്ക് മാറ്റുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടെ എത്തുന്നവര്‍ മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, കണ്ണട, മരുന്ന് (പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ക്ക്) തുടങ്ങിയ എല്ലാ അവശ്യവസ്തുക്കളും കൈവശം കരുതണം. ഭക്ഷണവും മരുന്നും ഇവിടെ നല്‍കും. ആരും മരണത്തിന് കീഴ്‌പ്പെടരുതെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

സ്വകാര്യ മേഖലയിലെ ചികിത്സക്ക് മേൽനോട്ടമുണ്ടാകുമെന്നും തയ്യാറുള്ള ആശുപത്രികൾക്ക് ചികിത്സിക്കാമെന്നും ഇതിനായി പ്രത്യേക ഉത്തരവ് വേണ്ടെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.

കോവിഡ് : രാ‌ജ്യത്ത് 24 മണിക്കൂറിനിടെ 34,884 രോഗികള്‍

രാജ്യത്ത് ആശങ്കയായി കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വർധിക്കുന്നു. 24 മണിക്കൂറിനിടെ മാത്രം 34884 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് കണക്ക്. 671 കോവിഡ് മരണവുമുണ്ടായി. ഇതോടെ ആകെ മരണം 26273 ആയി. ഇതുവരെ 10,38,716 പേർക്കാണ് കോവിഡ് ബാധിച്ചത്. 6,53,751 പേര്‍ രോഗമുക്തി നേടി.

നിലവിൽ 3,58,692 പേര്‍ ചികിത്സയിൽ കഴിയുന്നുണ്ട്. 62.93 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇന്നലത്തെ കണക്കനുസരിച്ച് രോഗമുക്തി നിരക്ക് ഇന്ന് കുറഞ്ഞു. രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ബ്രസീലിലെ പ്രതിദിന വര്‍ധനയെക്കാൾ കൂടുതലാണ് ഇപ്പോൾ ഇന്ത്യയിലെ കണക്ക്. 34177 ആയിരുന്നു ഇന്നലെ ബ്രസീലിലെ പ്രതിദിന വര്‍ധന.

ലോകത്ത് 1.41 കോടി രോഗികള്‍

ലോകത്ത് കോവിഡ് മരണം ആറ് ലക്ഷത്തിലേക്ക്. ഇതുവരെ വൈറസ് ബാധിതരായി മരിച്ചത് 5,98,446 പേരാണ്. ലോകത്താകെ 1.41 കോടി കോവിഡ് രോഗികളാണുള്ളത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 67,000 ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് ഉപ്പള സ്വദേശി

കേരളത്തിൽ വീണ്ടും കോവിഡ് മരണം. കാസർഗോഡ് ജില്ലയിലെ ഉപ്പള സ്വദേശിനിയായ നഫീസ(74)യാണ് മരിച്ചത്. ഇവരുടെ രോഗത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ജില്ലയിലെ ആദ്യത്തെ കോവിഡ് മരണമാണ് ഇതെന്ന് ഡിഎംഒ വ്യക്തമാക്കി.

വെള്ളിയാഴ്ച രാത്രിയോടെയാണ് നഫീസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂലൈ 11 നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നഫീസയുടെ വീട്ടിലെ എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം ഇന്ന് സംസ്‍കരിക്കും. കൂടുതല്‍ രോഗികളുള്ള കാസര്‍ഗോട്ടെ ഉപ്പള, ചെങ്കള പഞ്ചായത്തുകളില്‍ വലിയ ജാഗ്രതയാണുള്ളത്. ജില്ലയിൽ ഇന്നലെ 32 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചനിലയില്‍

കൊല്ലം കരുനാഗപ്പള്ളിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാളെ മരിച്ചനിലയില്‍ കണ്ടെത്തി. പുള്ളിമാന്‍ സ്വദേശി സലിം ഷഹനാദാ(31)ണ് മരിച്ചത്.

തിരുവനന്തപുരത്ത് തീരദേശം അടച്ചു

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ തീരദേശം അടച്ചു. തിരുവനന്തപുരത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച 246ല്‍ 237ഉം സമ്പര്‍ക്ക രോഗികളാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്.

തിരുവനന്തപുരം ജില്ലയോട് ചേര്‍ന്ന തീരപ്രദേശങ്ങളില്‍ ഇന്നുമുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇത് ഫലപ്രദമായി നടപ്പാക്കാന്‍ തീരമേഖലയെ മൂന്ന് സോണുകളായി തരംതിരിച്ചിട്ടുണ്ട്. അഞ്ചുതെങ്ങ് മുതല്‍ പെരുമാതുറ വരെയാണ് ഒന്നാമത്തെ സോണ്‍. പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെ രണ്ടാമത്തെ സോണും വിഴിഞ്ഞം മുതല്‍ ഊരമ്പു വരെ മൂന്നാമത്തെ സോണുമാണ്.

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന് പൊലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഈ സംവിധാനത്തിന്റെ ചുമതലയുള്ള സ്‌പെഷല്‍ ഓഫീസര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ആയിരിക്കും. പ്രത്യേക കണ്‍ട്രോള്‍ റൂം രൂപീകരിക്കും. ആരോഗ്യം, പൊലീസ്, കോര്‍പ്പറേഷന്‍, പഞ്ചായത്തുകള്‍ എന്നിവ സംയുക്തമായാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തുക. എല്ലാ വിവരങ്ങളും കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കും.

കൊല്ലത്ത് 93 മത്സ്യച്ചന്തകള്‍ അടച്ചിടും

കോവിഡ്-19 നിയന്ത്രണാതീതമായ സാഹചര്യത്തില്‍ കൊല്ലം ജില്ലയില്‍ 93 മത്സ്യച്ചന്തകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുറക്കില്ല. പരവൂര്‍ മുതല്‍ അഴീക്കല്‍ വരെനീളുന്ന കടലോര ഗ്രാമങ്ങളിലെ 93 ചന്തകളാണ് അടഞ്ഞുകിടക്കുക. ഒരാഴ്ചയായി ഇവ അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്തിന് പുറത്തുനിന്നു മത്സ്യം എത്തിച്ച് വില്‍പ്പന നടത്തുന്നതും ജില്ലയില്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കൊല്ലം ജില്ലയില്‍ വെള്ളിയാഴ്ച മാത്രം 47 പേര്‍ക്കാണ് രോഗം സ്ഥിരീകിച്ചത്.

തൊഴില്‍ നഷ്ടപ്പെട്ട പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉടന്‍ സര്‍ക്കാര്‍ വക സഹായധനം നല്‍കും. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് ആദ്യഗഡുവായി 1500 രൂപ വീതം നല്‍കിത്തുടങ്ങി.

മത്സ്യബന്ധനത്തിന് പോകുന്നതിനും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിടുണ്ട്. ചില നിബന്ധനകളോടെ മത്സ്യ ബന്ധനത്തിന് അനുമതി നല്‍കാന്‍ ജില്ലാഭരണകൂടത്തിന് ആലോചന ഉണ്ടായിരുന്നു. എന്നാല്‍ രോഗവ്യാപനത്തിന്റെ തോത് ഉയരാന്‍ തുടങ്ങിയതോടെ അനുമതി നല്‍കണ്ടേന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. മത്സ്യത്തൊഴിലാളികളില്‍നിന്നു മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ തുടങ്ങിയതോടെയാണ് കര്‍ശന നടപടികളുമായി ജില്ലാഭരണകൂടം മുന്നോട്ടുപോകുന്നത്.

ചവറ, പന്മന പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, കൊല്ലം ജില്ലയിലെ ചവറ പന്മന പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കൊല്ലം നഗരസഭയുടെ ആറ് വാർഡുകളും പരവൂർ നഗരസഭ പൂർണമായും കണ്ടെയിന്‍മെന്റ് സോണുകൾ ആക്കി. ഇതോടെ ജില്ലയിലെ 32 പഞ്ചായത്തുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാണ്.

ആശ്വസിക്കാറായിട്ടില്ല

ഇന്ന് രോഗികളുടെ എണ്ണം കുറഞ്ഞത് നേരിയ ആശ്വാസമുണ്ടെങ്കിലും പൂർണമായി ആശ്വസിക്കാറായിട്ടില്ല. കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞാലേ അങ്ങനെ പറയാൻ സാധിക്കൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook