Latest News

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശികൾ

നെടുമങ്ങാട്, പൂവച്ചൽ സ്വദേശികളാണ് മരിച്ചത്

Covid Death Kerala, Covid Death Thrissur, Kerala Covid Death, Thrissur Covid Death, Chavakkad Covid Death, Kerala, Thrissur, Chavakkad കേരളം, തൃശ്ശൂർ, ചാവക്കാട്, Corona virus, കൊറോണ വെെറസ്, Covid 19, കോവിഡ് 19, Kerala Positive Case, കേരളത്തിലെ പുതിയ കാേവിഡ് കേസുകൾ, IE Malayalam, ഐഇ മലയാളം a

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ രണ്ട് കോവിഡ് മരണംകൂടി റിപ്പോർട്ട് ചെയ്തു. പൂവച്ചൽ സ്വദേശിയായ വീട്ടമ്മയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന നെടുമങ്ങാട് സ്വദേശി ബാബു എന്നയാളുമാണ് കോവിഡ് ബാധിച്ച് മരിച്ചത്.  പൂവച്ചലിൽ മരിച്ച വീട്ടമ്മയ്ക്ക് പിന്നീട് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

കോവിഡ് ബാധിച്ച് എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തൃപ്പൂണിത്തുറ സ്വദേശിനിയും  മരിച്ചിരുന്നു. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ സ്വദേശിനി ചക്കിയാട്ടിൽ ഏലിയാമ്മയാണ് (85) മരിച്ചത്. ഇന്നു രാത്രി 8 മണിയോടെയായിരുന്നു മരണം. ജൂലൈ 23 നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് മറ്റ് നാല് കോവിഡ് മരണങ്ങൾ കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു. കൊല്ലം എറണാകുളം കോഴിക്കോട് ജില്ലകളിലാണ് കോവിഡ് മരണങ്ങൾ. എറണാകുളത്ത് ഏലിയാമ്മയ്ക്ക് പുറമേ വാഴക്കുളം സ്വദേശി ബീവാത്തുവാണ് (65) കോവിഡ് ബാധിച്ച് മരിച്ചത്.

കോവിഡ് ചികിത്സയിലായിരുന്ന കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മബീവി (73) ആണ് കൊല്ലത്ത് മരിച്ചത്. ഇവരെ 20-ാം തിയതിയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആയിരുന്നു മരണം.

കോഴിക്കോട് പള്ളിക്കണ്ടി കെ ടി ആലിക്കോയ (77) ആണ് കോവിഡ് ബാധിച്ച് മരിച്ച മറ്റൊരാള്‍. ഇയാളുടെ നാല് കുടുംബാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 63 വയസ്സുകാരനായ മലപ്പുറം സ്വദേശി മുഹമ്മദ് ആണ് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാള്‍.

രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതർക്ക് വീട്ടിൽ പരിചരണം

രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതർക്ക് വീട്ടിൽ ചികിത്സ ലഭ്യമാക്കുന്ന ഹോം കെയർ ഐസൊലേഷൻ കേരളത്തിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. ഐസിഎംആർ ജൂലൈ രണ്ടിന് നൽകിയ ശുപാർശക്ക് അനുസരിച്ചാവും ഹോം കെയർ ഐസൊലേഷനെന്നും മറ്റു സംസ്ഥാനങ്ങൾ ഈ സമ്പ്രദായം ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹോം കെയർ ഐസൊലേഷൻ കേരളത്തിലും നടപ്പാക്കാമെന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. കോവിഡ് ബാധിച്ച ഭൂരിപക്ഷം ആളുകൾക്കും രോഗലക്ഷണം ഇല്ല. ഇവർക്ക് വലിയ ചികിത്സ ആവശ്യമില്ല. മറ്റുള്ളവരിലേക്ക് രോഗം പകർത്താതിരിക്കാനാണ് സിഎഫ്എൽടിസികളിൽ ഇവരെ കിടത്തുന്നത്. വീട്ടിൽ കിടത്തിയാൽ പ്രത്യേക പ്രശ്നമുണ്ടാകില്ല. ഒരു കാരണവശാലും ഇവർ മുറി വിട്ട് പുറത്തിറങ്ങരുത്. ഐസൊലേഷൻ വ്യവസ്ഥകൾ ഇവർ പൂർണമായും അനുവദിക്കുക. രോഗ ലക്ഷണം ഇല്ലാത്തവർക്ക് ഹോം കെയർ ഐസൊലേഷൻ അനുവദിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ ആരെയും നിർബന്ധിച്ച് ഹോം ഐസൊലേഷനിൽ വിടില്ലെന്നും താത്പര്യമുള്ളവർക്ക് സത്യവാങ്മൂലം നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി. ഹോം ക്വാറന്‍റീൻ സംസ്ഥാനത്ത് പരീക്ഷിച്ച് വിജയിച്ചതാണ്. വളരെ കുറച്ച് പേരാണ് കൊവിഡ് പ്രോട്ടോക്കോൾ ക്വാറന്‍റീൻ നിർദ്ദേശം ലംഘിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടെലിഫോണിക് മോണിറ്ററിങ്, സ്വയം നിരീക്ഷിച്ച് രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, ഫിങ്കര്‍ പള്‍സ് ഓക്സിമെട്രി റെക്കോര്‍ഡ് എന്നിവയാണ് ഹോം ഐസൊലേഷനില്‍ പ്രധാനം. ത്രിതല മോണിറ്ററിങ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജെപിഎച്ച്എന്‍, ആശ വര്‍ക്കര്‍, വളണ്ടിയര്‍ എന്നിവരാരെങ്കിലും നിശ്ചിത ദിവസങ്ങളില്‍ അവരെ സന്ദര്‍ശിച്ച് വിലയിരുത്തും. വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടവുമുണ്ടാകും. ആരോഗ്യ നിലയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നെങ്കില്‍ ആശുപത്രിയിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കോവിഡ്; കണക്ക് അപൂർണം

കേരളത്തിൽ ഇന്ന് 506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 794 പേർ രോഗമുക്തി നേടി. ഈ കണക്ക് അപൂർണമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഐസിഎംആർ വെബ് പോർട്ടലിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഉച്ചവരെയുള്ള കണക്ക് മാത്രമാണ് ലഭ്യമായതെന്നും ബാക്കിയുള്ളത് പിന്നീട് വരുന്നതനുസരിച്ച് അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 29 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം ജില്ലയിലെ 60 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 50 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 44 പേര്‍ക്കും, കോഴിക്കോട് 41 ജില്ലയിലെ പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 39 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 30 പേര്‍ക്കും, കോട്ടയം, എറണാകുളം ജില്ലകളിലെ 28 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയിലെ 24 പേര്‍ക്കും, കൊല്ലം ജില്ലയിലെ 15 പേര്‍ക്കും, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ 6 പേര്‍ക്ക് വീതവും, പാലക്കാട്, വയനാട് ജില്ലകളിലെ 2 പേര്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്..

37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കണ്ണൂര്‍ ജില്ലയിലെ 24, തിരുവനന്തപുരം ജില്ലയിലെ 9, എറണാകുളം ജില്ലയിലെ 2, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍ ജില്ലയിലെ 8 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, 7 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 3 ഡി.എസ്.സി. ജവാന്‍മാര്‍ക്കും, ഒരു ഫയര്‍ഫോഴ്‌സ് ജീവനക്കാരനും രോഗം ബാധിച്ചു.

കോവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന ആലിക്കോയ (77), എറണാകുളം ജില്ലയില്‍ ചികിത്സയിലായിരുന്ന ബീപാത്തു (65) എന്നിവര്‍ മരണമടഞ്ഞു. ആകെ 70 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

10,056 പേരാണ് സംസ്ഥാനത്ത് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 12,163 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

 • തൃശൂർ – 83
 • തിരുവനന്തപുരം – 70
 • പത്തനംതിട്ട – 59
 • ആലപ്പുഴ – 55
 • കോഴിക്കോട്- 42
 • കണ്ണൂർ – 39
 • എറണാകുളം – 34
 • മലപ്പുറം – 32
 • കോട്ടയം – 29
 • കാസർഗോഡ് –
 • 28 കൊല്ലം – 22
 • ഇടുക്കി – 6
 • പാലക്കാട് -4
 • വയനാട് – 3

ഇന്ന് രോഗം ഭേദമായവർ (ജില്ല തിരിച്ച്)

 • തിരുവനന്തപുരം – 220
 • കൊല്ലം – 83
 • പത്തനംതിട്ട – 81
 • ആലപ്പുഴ – 20
 • കോട്ടയം – 49
 • ഇടുക്കി – 31
 • എറണാകുളം – 69
 • തൃശൂർ – 68
 • പാലക്കാട് – 36
 • മലപ്പുറം – 12
 • കോഴിക്കോട് – 57
 • വയനാട് – 17
 • കണ്ണൂർ- 47
 • കാസർഗോഡ് – 4

1,44,636 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,44,636 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,34,690 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9,946 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1117 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 21,533 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 21,533 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 7,53,485 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5529 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,21,115 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2228 പേരുടെ ഫലം വരാനുണ്ട്.

24 പുതിയ ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 24 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, ഇടുക്കി, എറണാകുളം, കോട്ടയം, കണ്ണൂര്‍ ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.

തിരുവനന്തപുരം ജില്ല

 • ആര്യനാട് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 4, 16, 17, 18)
 • കിഴുവില്ലം (7,8, 10, 18)
 • പള്ളിക്കല്‍ (5, 7, 8, 9, 10, 13),
 • മാറനല്ലൂര്‍ (3, 13, 17)
 • ചെമ്മരുതി (12)
 • ഒറ്റശേഖരമംഗലം (1)

കൊല്ലം ജില്ല

 • തഴവ (18, 19, 20, 21)
 • മൈലം (എല്ലാ വാര്‍ഡുകളും)
 • പട്ടാഴി വടക്കേക്കര (എല്ലാ വാര്‍ഡുകളും),
 • പത്തനാപുരം (12, 13, 14),
 • ആദിച്ചനല്ലൂര്‍ (9, 11),

പാലക്കാട് ജില്ല

 • പൊല്‍പ്പുള്ളി (11),
 • കോങ്ങാട് (6),
 • ചിറ്റൂര്‍ തത്തമംഗല്ലം (9),

ഇടുക്കി ജില്ല

 • പീരുമേട് (2, 6, 7, 10, 11, 12),
 • ഏലപ്പാറ (11, 12, 13),
 • ശാന്തമ്പാറ (4, 5, 11, 12, 13),

എറണാകുളം ജില്ല

 • ഐകരനാട് (എല്ലാ വാർഡും),
 • നായരമ്പലം (6),
 • ഉദയംപേരൂര്‍ (6),

കോട്ടയം ജില്ല

 • തൃക്കൊടിത്താനം (4, 11),
 • പുതുപ്പള്ളി (14),

കണ്ണൂര്‍ ജില്ല

 • ചപ്പാരപ്പടവ് (4, 11),
 • കുഞ്ഞിമംഗലം (2)

അതേസമയം 16 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചിറക്കര (എല്ലാ വാര്‍ഡുകളും), മയ്യനാട് (എല്ലാ വാര്‍ഡുകളും), നീണ്ടകര (എല്ലാ വാര്‍ഡുകളും), പന്മന (എല്ലാ വാര്‍ഡുകളും), പൂതംകുളം (എല്ലാ വാര്‍ഡുകളും), വെളിനല്ലൂര്‍ (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ (11, 15), ഏറത്ത് (11, 13, 15), കലഞ്ഞൂര്‍ (8, 9) എറണാകുളം ജില്ലയിലെ മാറടി (4), വരപ്പെട്ടി (8), കാഞ്ഞൂര്‍ (5), വയനാട് ജില്ലയിലെ കല്‍പ്പറ്റ (18), മുള്ളന്‍കൊല്ലി (എല്ലാ വാര്‍ഡുകളും), കോട്ടയം ജില്ലയിലെ തലയാഴം (1), പാലക്കാട് ജില്ലയിലെ പെരിങ്ങോട്ട് കുറിശി (4, 5, 7) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 495 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

പെരുന്നാൾ: നിയന്ത്രണവും ജാഗ്രതയും പാലിക്കണം

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ഈദുൾ അസ്ഹ ആചരിക്കുമ്പോൾ ഇനിപ്പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് വിവിധ ജില്ലാ ഭരണകൂടങ്ങൾ ഉത്തരവിട്ടു. പള്ളികളിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ പരമാവധി ശ്രമിക്കുക. മാർ‌ഗ്ഗനിർ‌ദ്ദേശങ്ങളിൽ‌ വ്യക്തമാക്കിയ പരമാവധി എണ്ണമായി പരിമിതപ്പെടുത്തുക. കണ്ടെയ്‌ൻമെന്റ് സോണുകളിൽ കൂട്ടം കൂടി പ്രാർത്ഥനയും ഖുർബാനിയും പാടില്ല. ബലികർമം വീടുകളിൽ മാത്രം നടത്തണം. ബലികർമം നടത്തുമ്പോൾ, കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് , പരമാവധി 5 പേർ മാത്രമേ പങ്കെടുക്കാവൂ.

ബലികർമത്തിനു ശേഷം ഇറച്ചി വിതരണം കണ്ടെയ്‌ൻമെന്റ് മേഖലകൾ ഒഴികെയുള്ള ഇടങ്ങളിൽ മാത്രമെ പാടുള്ളു. വീടുകളിൽ കൊടുക്കുമ്പോൾ ചെയ്യുമ്പോൾ കൊടുക്കുന്ന വ്യക്തി സന്ദർശിച്ച വീടുകളുടെ ഒരു രജിസ്റ്റർ സൂക്ഷിക്കുക. ആവശ്യമായ എല്ലാ മുൻകരുതലുകളും പാലിക്കാൻ ശ്രദ്ധിക്കണം. കഴിഞ്ഞ 14 ദിവസങ്ങളിൽ കോവിഡിന്റെയോ പനിയുടെയോ ലക്ഷണങ്ങളുള്ള ആരും സമൂഹ പ്രാർത്ഥനയിലും ചടങ്ങിലും പങ്കെടുക്കാൻ പാടില്ല. നിരീക്ഷണത്തിലുള്ള ആളുകൾ സ്വന്തം വീടുകളിലാണെങ്കിൽപ്പോലും കൂട്ടം കൂടി പ്രാർത്ഥനയിലോ ബലികർമങ്ങളിലോ പങ്കെടുക്കരുത്.

ഇടുക്കിയില്‍ പാസ്റ്റര്‍ക്ക് കോവിഡ്; അറുപതോളം കുടുംബങ്ങള്‍ ആശങ്കയില്‍

കോവിഡ്-19 പ്രോട്ടോക്കോൾ ലംഘിച്ച് വീടുകള്‍ കയറിയി പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇടുക്കി പീരുമേട് പട്ടുമല സ്വദേശിയായ പാസ്റ്റര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രോഗിയുടെ വീടുള്‍പ്പടെ അറുപതോളം വീടുകളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയയിരുന്നു. പീരുമേട് 13ാം വാര്‍ഡിലെ അറുപതോളം വീടുകളിൽ പോയിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പും സ്ഥലത്തെത്തിയാണ് ഇയാളെ പിടികൂടിയത്.

പാസ്റ്ററുടെ സമ്പര്‍ക്ക പട്ടിക അടക്കം തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ്. നിരവധി ആളുകളുമായി നേരിട്ട് സമ്പര്‍ക്കമുള്ളതിനാല്‍ കടുത്ത ആശങ്കയിലാണ് നാട്ടുകാരും.

സാമൂഹിക-മത കൂട്ടായ്മകളിൽ നൂറ് പേർക്കു പങ്കെടുക്കാം

സാമൂഹിക- മതക്കൂട്ടായ്മകളിൽ 100 പേർക്കു പങ്കെടുക്കാമെന്ന സംസ്ഥാന തീരുമാനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സർക്കാർ ഉത്തരവ് കേന്ദ്ര മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണന്നും മതക്കൂട്ടായ്മകൾ വിലക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളിയത്.

ബലി പെരുന്നാൾ ചടങ്ങുകളിലടക്കം 100 പേർ പങ്കെടുക്കാമെന്ന സർക്കാർ നിർദേശം നേരത്തെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സർക്കാർ പ്രോട്ടോക്കോൾ ലംഘനം നടത്തുന്നുവെന്നാരോപിച്ച് ഹർജി വന്നത്. കേന്ദ്ര മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ ലഘൂകരിച്ചെന്നും നൂറ് പേർക്ക് വരെ അനുമതി നൽകുന്നുവെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

Read More: സംസ്ഥാനത്ത് സ്ഥിതി സങ്കീർണമായി തുടരുന്നു

കേന്ദ്ര സർക്കാരിന്റേയും ഹൈക്കോടതിയുടേയും നിലവിലുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സർക്കാർ ബോധിപ്പിച്ചു. മെയ് 30ന് കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവിലെ മാനദണ്ഡങ്ങൾ പ്രകാരം ആരാധനയ്ക്ക് വിലക്കില്ലെന്നും ജൂൺ നാലിലെ കേന്ദ്ര ഉത്തരവ് പ്രകാരം സാമൂഹിക അകലവും നിഷ്ക്കർഷിച്ചിട്ടുണ്ടന്നും ക്രിസ്ത്യൻ പള്ളികളിലും സ്വകാര്യ അമ്പലങ്ങളിലും ആരാധന നടക്കുന്നുണ്ടന്നും
സർക്കാർ വ്യക്തമാക്കി. സർക്കാർ വാദം അംഗീകരിച്ചാണ് ഹർജി കോടതി തള്ളിയത്.

ലാര്‍ജ് ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പടരുന്നു

തിരുവനന്തപുരം ജില്ലയിലെ പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, പൊഴിയൂര്‍ എന്നീ ലാര്‍ജ് ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പടരുന്നതായി സംസ്ഥാന സർക്കാർ. തിരുവനന്തപുരം ജില്ലയിൽ ഇന്ന് 70 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 60 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

കാരോട്, വള്ളക്കടവ്, തൈക്കാട്, ചെങ്കൽ, പെരിങ്ങമ്മല, മണക്കാട്, പേട്ട, മാണിക്യവിളാകം, കരളിക്കോണം, നെല്ലിക്കുന്ന്, പാറശ്ശാല , കന്യാകുമാരി, വാതിയറക്കോണം, പട്ടം, കരിമണൽ , പുല്ലുവിള, പൂന്തുറ, ഉച്ചക്കട, പെരുമാതുറ, കണ്ടല, വഴുതൂർ, തേക്കുംമൂട്, ഉദിയൻകുളങ്ങര, പൂവത്തൂർ, പരശുവയ്ക്കൽ, മലയിൻകീഴ്, കോടംതുരുത്ത്, പെരിങ്കുന്നം, തട്ടത്തുമല, തളിയൽ, കരിമഠം, ചാല, മെഡിക്കൽ കോളേജ്, വെളിയം, വിഴിഞ്ഞം, കാക്കവിള, പഴകുറ്റി, നിലമാമൂട്, കിളിമാനൂർ, കമലേശ്വരം സ്വദേശികൾക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ.

നിയന്ത്രണങ്ങളോടെ ഫാക്ടറികൾ തുറക്കാം

കൊല്ലം ജില്ലയില്‍ കണ്ടയിന്‍മെന്‍റ് സോണുകളില്‍ ഇളവ് അനുവദിച്ച ഇടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കശുവണ്ടി ഫാക്ടറികള്‍ തുറക്കാന്‍ തീരുമാനമായി. കുറഞ്ഞ എണ്ണം ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ.

എറണാകുളത്ത് നിയന്ത്രണങ്ങൾ തുടരും

കോവിഡ് 19 വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ ക്ലസ്റ്ററുകളിൽ നിയന്ത്രണങ്ങൾ തുടരുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. ആലുവ, കീഴ്മാട്, ചെല്ലാനം ക്ലസ്റ്ററുകൾക്ക് പുറമെ ഫോർട്ട്‌ കൊച്ചിയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ഫോർട്ട്‌ കൊച്ചിയിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യ സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വില്പന 2 മണി വരെയേ അനുവദിക്കൂ. ആലുവയിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും.

ചെല്ലാനത്ത് രോഗവ്യാപനം കുറയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങൾ സർക്കാർ മാർഗ നിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കും ജില്ലയിൽ നടപ്പാക്കുന്നത്.കൺടൈൻമെൻറ് സോണുകളിൽ അവശ്യ വസ്തുക്കളുടെയും മാംസവില്പന ഉൾപ്പടെയുള്ളവയുടെയും സമയത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. വൈകീട്ട് 5 മണി വരെ ഇത്തരം കടകൾക്ക് പ്രവർത്തിക്കാം. എന്നാൽ ഈ മേഖലയിൽ ബലി ഉൾപ്പടെയുള്ളവ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് 34 പേർക്ക് രോഗബാധ

എറണാകുളത്ത് ഇന്ന് 34 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 31 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.

താൽക്കാലിക ഇളവുകൾ അനുവദിച്ചു

എറണാകുളം ജില്ലയിലെ കൺടൈൻമെൻറ് സോണുക്കളിലും മറ്റു പ്രദേശങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ബലി പെരുന്നാൾ പ്രമാണിച്ചു ജൂലൈ 30, 31 തീയതികളിൽ ഇളവുകൾ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങളുടെ വില്പന, മാംസ വില്പന തുടങ്ങിയ കാര്യങ്ങൾക്കാണ് ഇളവുകൾ ഉള്ളത്.

കൺടൈൻമെൻറ് സോണുകളിൽ ജൂലൈ 30, 31 ദിവസങ്ങളിൽ ഭക്ഷ്യ, അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്റ്റാളുകളും മാംസ വില്പന കേന്ദ്രങ്ങളും രാവിലെ 7 മുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കാം

കൺടൈൻമെൻറ് സോൺ ഒഴികെയുള്ള സ്ഥലങ്ങളിൽ എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും രാവിലെ 7 മുതൽ രാത്രി 8 വരെ പ്രവർത്തിക്കാം.

ജില്ലയിലെ കൺടൈൻമെൻറ് സോണുകളിൽ ബാങ്കുകള്‍ ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ പകുതി ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം.

തൃശൂരിൽ 83 പേർക്ക് കോവിഡ്

തൃശൂർ ജില്ലയിൽ ജൂലൈ 30 വ്യാഴാഴ്ച 83 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 437 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 18 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1397 പേർ കോവിഡ് പോസിറ്റീവായി. വ്യാഴാഴ്ച 68 പേർ കോവിഡ് നെഗറ്റീവായി. ഇതുവരെ ആകെ 937 പേർ കോവിഡ് നെഗറ്റീവായി.

പാലക്കാട് നാല് പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് ഒരു പത്തനംതിട്ട സ്വദേശിക്ക് ഉൾപ്പെടെ നാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് വന്ന രണ്ടുപേർക്കും രോഗബാധയുടെ ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും ഒരു പത്തനംതിട്ട സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പുതുനഗരം സ്വദേശിക്കാണ് (29 പുരുഷൻ) ഉറവിടം വ്യക്തമല്ലാത്ത രോഗബാധ.

കൊണ്ടോട്ടിയിൽ 622 പേരെ പരിശോധിച്ചതിൽ പോസിറ്റീവായത് 137 പേർ

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ ഇതുവരെ 622 പേര്‍ക്ക് നടത്തിയ ആന്‍റിജന്‍ പരിശോധനയില്‍ 137 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.

അതേസമയം മലപ്പുറം ജില്ലയില്‍ 32 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 30 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. ഇന്നലെ 12 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1324 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

കോഴിക്കോട്ട് അഞ്ച് കേന്ദ്രങ്ങളില്‍ കൂടി ചികിത്സാ സൗകര്യം

കോഴിക്കോട് ജില്ലയില്‍ രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രികളുടെ കീഴിലുള്ളത് ഉള്‍പ്പെടെ അഞ്ച് കേന്ദ്രങ്ങളില്‍ കൂടി കോവിഡ് ചികിത്സാ സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ. കോഴിക്കോട് ബീച്ച് ആശുപത്രി കോവിഡ് ആശുപത്രിയായി മാറ്റും.

മുതിര്‍ന്ന പൗരരെയും മാരക രോഗങ്ങളുള്ളവരേയും സംരക്ഷിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ കരുതല്‍ കെയര്‍ സെന്‍ററുകള്‍ എന്ന പേരില്‍ പ്രത്യേക കര്‍മ്മ പദ്ധതി ആവിഷ്കരിച്ചതായും സർക്കാർ വ്യക്തമാക്കി.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 42 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ സമ്പര്‍ക്കം വഴി 34 പേർക്കാണ് രോഗം ബാധിച്ചത്. ആറ് പേർക്കാണ് ഉറവിടം അറിയാത്ത രോഗബാധ. 57 പേർ ഇന്ന് രോഗമുക്തി നേടി.

വയനാട് ജില്ലയില്‍ 3 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 3 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 17 പേര്‍ രോഗമുക്തി നേടി.

ചുരങ്ങളിൽ നിയന്ത്രണം

വയനാട് ജില്ലയിലെ പേരിയ, പാല്‍ചുരം, പക്രംതളം (കുറ്റ്യാടി) ചുരങ്ങളില്‍ ചരക്കു വാഹനങ്ങള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്കു മാത്രമായി ഗതാഗതം പരമിതപ്പെടുത്തി. എവിടെയും 20ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന വിവാഹ ചടങ്ങുകള്‍ പാടില്ല എന്ന നിര്‍ദ്ദേശം നല്‍കി. വിവാഹ ചടങ്ങുകള്‍ മൂന്ന് മണിക്കൂറില്‍ കൂടാന്‍ പാടില്ല.

കണ്ണൂരിൽ 24 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്

കണ്ണൂർ  ജില്ലയില്‍ 39 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 24 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. വിദേശത്ത് നിന്ന് എത്തിയ നാല് പേര്‍, ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേര്‍, രണ്ട് ഡി എസ് സി ഉദ്യോഗസ്ഥര്‍, ഒരു ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കും രോഗബാധയുണ്ടായി. ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ബലി പെരുന്നാള്‍ ആഘോഷം; നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

കണ്ണൂർ ജില്ലയില്‍ കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ബലിപെരുന്നാള്‍ ആഘോഷങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കലക്ടര്‍. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ചു.

 • പള്ളികളിലെ സമൂഹ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രകാരം പരിമിതപ്പെടുത്തണം.
 • കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സമൂഹ പ്രാര്‍ത്ഥന അനുവദനീയമല്ല. ഉദുഹിയ്യത്ത് ആചരിക്കുമ്പോള്‍ ശരിയായ സാമൂഹിക അകലം, സാനിറ്റൈസറിന്റെ ഉപയോഗം ഉള്‍പ്പടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.
 • ഉദുഹിയ്യത്ത് ഉള്‍പ്പടെയുള്ള ബലിപെരുന്നാള്‍ ചടങ്ങുകള്‍ വീടുകളില്‍ മാത്രം ആചരിക്കേണ്ടതാണ്.
 • വീടുകളുടെ പരിസരത്ത് ബലി പെരുന്നാളിനോടനുബന്ധിച്ച ചടങ്ങുകള്‍ സംഘടിപ്പിക്കുമ്പോള്‍, കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്.
 • ഈ ചടങ്ങുകളില്‍ പരമാവധി അഞ്ച് പേര്‍ മാത്രം പങ്കെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
 • പനിയോ, പനിയുടെ ലക്ഷണങ്ങളോ, കഴിഞ്ഞ 14 ദിവസങ്ങള്‍ക്കുള്ളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ, അല്ലെങ്കില്‍ മറ്റ് കൊവിഡ് രോഗ ലക്ഷണങ്ങളോ ഉണ്ടായിരുന്നവര്‍ ആരും തന്നെ സമൂഹ പ്രാര്‍ത്ഥനയിലും മറ്റ് ചടങ്ങുകളിലും പങ്കെടുക്കരുത്.
 • ക്വാറന്റൈനില്‍ കഴിയുന്നവര്‍ യാതൊരു കാരണവശാലും സമൂഹ പ്രാര്‍ത്ഥനയിലോ ബലി പെരുന്നാള്‍ ചടങ്ങുകളിലോ പങ്കെടുക്കരുത്. ഇത്തരം ചടങ്ങുകള്‍ നടക്കുന്നത് അവരുടെ വീടുകളിലാണെങ്കില്‍ പോലും പങ്കെടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്
 • പെരുന്നാള്‍ ദിനത്തില്‍ നടത്തിവരാറുള്ള ബന്ധുഗൃഹ സന്ദര്‍ശനങ്ങളും മറ്റ് ഉല്ലാസയാത്രകളും ഒഴിവാക്കേണ്ടതാണ്.

കാസർഗോട്ട് 28 പേര്‍ക്ക് കോവിഡ്

കാസർഗോഡ് ജില്ലയിൽ ഇന്ന് 28 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേരുടെ ഉറവിടെ ലഭ്യമല്ല, 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ക്യുആർ കോഡ് സംവിധാനവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം

കോവിഡ് വ്യാപന കാലത്ത് കടകളിലും മറ്റ് സ്ഥാപനങ്ങളിലും ചടങ്ങുകളിലും എത്തിച്ചേരുന്നവരെ കണ്ടെത്താൻ ക്യുആർ കോഡ് അനുസരിച്ചുള്ള തിരിച്ചറിയിൽ സംവിധാനവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ കൂട്ടിചേര്‍ത്ത ‘വിസിറ്റേഴ്‌സ് രജിസ്റ്റര്‍ സര്‍വീസി’ല്‍ രജിസ്റ്റര്‍ ചെയ്താണ് ഈ സംവിധാനം ലഭ്യമാക്കാനാവുക.

ജാഗ്രതാ പോര്‍ട്ടലിലെ ‘വിസിറ്റേഴ്‌സ് രജിസ്റ്റര്‍ സര്‍വീസി’ല്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സ്ഥാപനങ്ങള്‍ക്ക് ഒരു യുസര്‍നെയിമും പാസ് വേര്‍ഡും ലഭിക്കും. ഇതുപയോഗിച്ച് പോര്‍ട്ടലില്‍ നിന്ന് ക്യൂആര്‍ കോഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. ഈ ക്യൂആര്‍ കോഡ് പ്രിന്റ് ചെയ്ത് സ്ഥാപനങ്ങളില്‍ വെക്കാം. തുടര്‍ന്ന് സ്ഥാപനങ്ങളിലെത്തുന്നവര്‍ അവരുടെ മൊബൈല്‍ഫോണ്‍ വഴി ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ വിവരങ്ങള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ഇവരുടെ വിവരങ്ങള്‍ രജിസ്റ്ററാകും.

ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ നേതൃത്വത്തില്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററാ(എന്‍ഐസി)ണ് കൊവിഡ് ജാഗ്രതാ പോര്‍ട്ടല്‍ തയ്യാറാക്കിയത്.

രാജ്യത്ത് ഒരു ദിവസം അരലക്ഷത്തിലധികം രോഗികൾ

രാജ്യത്തെ വിറപ്പിച്ചുകൊണ്ട് കോവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിൽ അരലക്ഷത്തിലധികം രോഗികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന കണക്ക്. 52,123 പേർക്കാണ് ഒറ്റദിവസം രോഗം സ്ഥിരീകരിച്ചത്. 775 മരണങ്ങൾ.

ഇത് വരെ 15,83,792 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്, രാജ്യത്ത് ആകെ 34,968 മരണങ്ങളാണ് കേന്ദ്ര സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗമുക്തരായവരുടെ എണ്ണം 10 ലക്ഷം കടന്നുവെന്നതാണ് ആശ്വാസകരമായ വാർത്ത. നിലവിൽ 5,28,242 പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്.

ഇന്ത്യയില്‍ 10 ലക്ഷം പേര്‍ ഇതുവരെ കോവിഡ് മുക്തരായി

രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവര്‍ പത്തുലക്ഷം കടന്നു. 64.51 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ബുധനാഴ്ച രാത്രി രോഗമുക്തി നേടിയവരുടെ എണ്ണം 10,19,297 ആയി ഉയര്‍ന്നു. കോവിഡ് 19 ബാധിച്ച 9,88,029 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസം 35,286 പേര്‍ രോഗമുക്തി നേടി. തുടര്‍ച്ചയായ ആറാംദിവസമാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം 30,000 കടക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus kerala covid 19 news tracker july 30 updates

Next Story
പിറന്നാളും വിവാഹവാർഷികവും ഇന്ന്; മെറിൻ പോയത് ആഘോഷങ്ങൾക്ക് കാത്തുനിൽക്കാതെ
The moderation of comments is automated and not cleared manually by malayalam.indianexpress.com