തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപന ഭീഷണി വർധിക്കുകയാണ്. ഇന്ന് പുതുതായി 903 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 706പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. അതില്‍ 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 641 പേർ രോഗമുക്തി നേടി.

സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്.  ഇന്ന്  213 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 198 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.  കൊല്ലം, കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ അൻപതിലധികമാണ്.

തൃശൂർ, വയനാട് ജില്ലകളിൽ ഇന്ന് നിയന്ത്രണങ്ങൾ വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോട്ടയത്ത് സമ്പൂർണ നിയന്ത്രണത്തിനും സാധ്യതയുണ്ട്. എറണാകുളത്ത് ഫോർട്ട് കൊച്ചിയിൽ കർഫ്യൂവിന് നടപടി സ്വീകരിച്ചു. ആലുവയിൽ സ്ഥിതി സങ്കീർണമായി തുടരുന്നുണ്ട്. തൃശൂർ ശക്തൻ മാർക്കറ്റിൽ രോഗബാധ സ്ഥിരീകരിച്ചതും ആശങ്ക വർധിപ്പിക്കുന്നു.

കിൻഫ്ര പാർക്കിൽ നിന്നുള്ള രോഗവ്യാപനം വർധിക്കുന്നു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 213 പേരിൽ കിൻഫ്ര പാർക്കിൽ നിന്നുള്ള സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായവരാണ്  കൂടുതലും. എഴുപതിലധികം പേരാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കിൻഫ്ര പാർക്കിൽ നിന്നുള്ള സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ. തുമ്പ പള്ളിത്തുറ മേഖലയിൽ നിന്നുള്ളവരാണ് ഇതിൽ കൂടുതലും.

Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 641 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന കുട്ടി ഹസ്സന്‍ (67) മരണമടഞ്ഞു. ഇതോടെ മരണ സംഖ്യ 68 ആയി. 10,350 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,369 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ 10 വീതവും, എറണാകുളം ജില്ലയിലെ 6, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.തൃശൂര്‍ ജില്ലയിലെ 2 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, 1 കെ.എല്‍.എഫ്. ജീവനക്കാരനും രോഗം ബാധിച്ചു.

രോഗം ബാധിച്ചവർ

 • തിരുവനന്തപുരം- 213
  മലപ്പുറം- 87
  കൊല്ലം- 84
  എറണാകുളം- 83
  കോഴിക്കോട്- 67
  പത്തനംതിട്ട- 54
  പാലക്കാട്- 49
  കാസര്‍ഗോഡ്- 49
  വയനാട്- 43 പേര്‍ക്കും
  കണ്ണൂര്‍- 42
  ആലപ്പുഴ- 38
  ഇടുക്കി- 34
  തൃശൂര്‍- 31
  കോട്ടയം- 29

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • തിരുവനന്തപുരം- 198
  കൊല്ലം-77
  കോഴിക്കോട്- 60
  എറണാകുളം- 58
  മലപ്പുറം-52
  വയനാട്- 43
  പത്തനംതിട്ട- 39
  ആലപ്പുഴ-33
  കാസര്‍ഗോഡ്- 32
  കോട്ടയം- 27
  ഇടുക്കി- 25
  തൃശൂര്‍-22
  കണ്ണൂര്‍-22
  പാലക്കാട്- 18

രോഗമുക്തി നേടിയവർ

 • കൊല്ലം-146
  തിരുവനന്തപുരം-126
  എറണാകുളം-58
  തൃശൂര്‍-56
  പത്തനംതിട്ട- 41
  കാസര്‍ഗോഡ്-36
  ആലപ്പുഴ-35
  മലപ്പുറം-34
  കോഴിക്കോട്- 30
  കോട്ടയം-28
  ഇടുക്കി-20
  പാലക്കാട്-19
  വയനാട്-9
  കണ്ണൂര്‍- 3

1,47,132 പേർ നീരീക്ഷണത്തിൽ

വിവിധ ജില്ലകളിലായി 1,47,132 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,37,075 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,057 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1475 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

23,924 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 23,924 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 7,33,413 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7037 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,19,019 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,14,666 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

19 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോട്ടങ്ങല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 5, 6, 7 ,8, 9), കോയ്പ്പുറം (17), എഴുമറ്റൂര്‍ (1), മലയപ്പുഴ (12), വെച്ചൂച്ചിറ (11), കുന്നന്താനം (11), എറണാകുളം ജില്ലയിലെ കുന്നത്തുനാട് (2, 3, 12), മാറടി (4), പിണ്ടിമന (8), വരപ്പെട്ടി (8), പള്ളിപ്പുറം (5), തൃശൂര്‍ ജില്ലയിലെ കുന്ദംകുളം മുന്‍സിപ്പാലിറ്റി (21), ചാഴൂര്‍ (3), കോട്ടയം ജില്ലയിലെ നീണ്ടൂര്‍ (8), കാണക്കാരി (10), കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുന്‍സിപ്പാലിറ്റി (15, 25, 28, 29, 30), ചേറോട് (4, 10, 12, 20), ആലപ്പുഴ ജില്ലയിലെ വിയപുരം (9), ചെറിയനാട് (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ മുളവുകാട് (വാര്‍ഡ് 3), പിറവം മുന്‍സിപ്പാലിറ്റി (17), പൈങ്ങോട്ടൂര്‍ (5), രായമംഗലം (13, 14), പല്ലാരിമംഗലം (9), മുളന്തുരുത്തി (7), ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി (എല്ലാ വാര്‍ഡുകളും), പെരുംപാലം (എല്ലാ വാര്‍ഡുകളും), കഞ്ഞിക്കുഴി (എല്ലാ വാര്‍ഡുകളും), പനവള്ളി (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര (4), നാരങ്ങാനം (4), കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുകാവ് (17) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 492 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

തിരുവനന്തപുരത്ത് നേരിയ ഇളവുകളോടെ നിയന്ത്രണം തുടരും

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ചെറിയ ഇളവുകളോടെ സമ്പൂർണ ലോക്ക്ഡൗൺ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ജില്ലാ കലക്‌ടർ ഡോ.നവജ്യോത് ഖോസ അറിയിച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മൂന്നിലൊന്ന് ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. അന്‍പത് ശതമാനം യാത്രക്കാരുമായി ഓട്ടോ-ടാക്‌സി ഉൾപ്പടെയുള്ള പൊതുഗതാഗതം അനുവദിക്കും. ആളുകൾ കൂട്ടംകൂടുന്ന ഒരു പരിപാടിയും നടത്തരുത്. സ്വകാര്യ സ്ഥാപനങ്ങൾക്ക് 25 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. മറ്റ് ജീവനക്കാർ വർക്ക് ഫ്രം ഹോം രീതി പ്രയോജനപ്പെടുത്തണം. ഹോട്ടലുകളിൽ പാഴ്‌സൽ അനുവദിച്ചിട്ടുണ്ട്. തീരപ്രദേശ മേഖലകളിൽ നിയന്ത്രണം തുടരും.

Read Also: മലയാളി നഴ്‌സിനെ കുത്തിവീഴ്‌ത്തി, ശേഷം കാർ കയറ്റി കൊന്നു; ഭർത്താവ് പിടിയിൽ

കണ്ടെയ്‌ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്താം. ഹൈപ്പർ മാർക്കറ്റ്, മാൾ, സലൂൺ, ബ്യൂട്ടിപാർലർ, സ്‌പാ എന്നിവ ഒഴികെയുള്ള എല്ലാ കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും രാവിലെ ഏഴുമണി മുതൽ വൈകിട്ട് ഏഴുവരെ തുറന്നുപ്രവർത്തിക്കാം. വൈകിട്ട് നാലുമുതൽ ആറുവരെയുള്ള സമയത്തെ വിൽപ്പന മുതിർന്ന പൗരന്മാർക്കായി പരിമിതപ്പെടുത്തണം. മാർക്കറ്റുകളിൽ ഒരുതരത്തിലുള്ള കൂട്ടംകൂടലുകളും അനുവദിക്കില്ല.

തിരുവനന്തപുരം കോർപ്പറേഷൻ പരിധിക്കുള്ളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പൊതുപരീക്ഷകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താൻ പാടില്ല.

നഗരത്തിലെ സമ്പൂർണ നിയന്ത്രണം എത്രനാൾ നീളുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പും ഇപ്പോൾ പറയാൻ സാധിക്കില്ലെന്നാണ് ജില്ലാ ഭരണകൂടം വിലയിരുത്തുന്നത്.

വയനാട് ജില്ലയിലേക്കുള്ള ചുരങ്ങളില്‍ ഗതാഗത നിയന്ത്രണം

വയനാട് ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലേക്കുള്ള രണ്ട് ചുരങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പേര്യ, പക്രംതളം ചുരങ്ങളിലാണ് ജില്ലാ കളക്ടര്‍ ഡോക്ടര്‍ അദീല അബ്ദുല്ല നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ ചുരങ്ങളിലൂടെ ചരക്കുവാഹനങ്ങള്‍ക്ക് മാത്രമാണ് സഞ്ചരിക്കാന്‍ അനുമതിയുള്ളത്.

ജില്ലയിലെ ഏറ്റവും വലിയ കോവിഡ് ക്ലസ്റ്ററായ തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് 250 പേര്‍ക്ക് പരിശോധന നടത്തിയപ്പോള്‍ 91 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 41 പേരുടെ ഫലം പോസിറ്റീവായിരുന്നു.

മരണാനന്തര ചടങ്ങിലും വിവാഹത്തിലും പങ്കെടുത്തവര്‍ക്കും അവരില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ മറ്റുള്ളവര്‍ക്കും രോഗം പടര്‍ന്നു.

തൃശൂരിൽ നിയന്ത്രണം ശക്തമാക്കുന്നു

തൃശൂർ ജില്ലയിൽ സമ്പർക്ക വ്യാപനം മൂലമുളള കോവിഡ് രോഗികൾ ഗണ്യമായി വർദ്ധിക്കുകയും പുതിയ ക്ലസ്റ്ററുകൾ രൂപം കൊളളുകയും ചെയ്ത സാഹചര്യത്തിൽ, സാമൂഹ്യ സമ്പർക്കം കുറയ്ക്കാൻ കർശന നടപടികളുമായി ജില്ലാ ഭരണകൂടം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം പ്രതിരോധനടപടികൾക്ക് രൂപം നൽകി.

കോവിഡ് രോഗികളുടെ ബന്ധുക്കളും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്നവരും പൊതുയിടങ്ങളിൽ ഇടപഴകുന്നത് കർശനമായി നിയന്ത്രിക്കും. ഇവർ വീടുകളിൽ തന്നെ കഴിയുന്നതിനാവശ്യമായ ക്രമീകരണം തദ്ദേശസ്ഥാപനതലത്തിൽ ഉണ്ടാകും. നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിന് പുറത്തിറങ്ങുന്നതും മറ്റുളളവരുമായി സമ്പർക്കമുണ്ടാവുന്നതും നിരുത്സാഹപ്പെടുത്തും. വീടുകളിലേക്ക് സാധനങ്ങൾ എത്തിച്ചു നൽകുന്നതിന് വാർഡ്തലത്തിലുളള റാപ്പിഡ് റെസ്‌പോൺസ് ടീമുകളെ സജ്ജരാക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗതാഗത നിരോധനം

കാസര്‍ഗോഡ് ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓട്ടോ, ടാക്‌സി ഉള്‍പ്പെടെയുള്ള എല്ലാ പൊതു ഗതാഗത സംവിധാനങ്ങളും നിരോധിച്ചു. ആളുകള്‍ കൂട്ടം കൂടരുത്. നിരോധനാജ്ഞ പ്രഖ്യാപിച്ച മേഖലയില്‍ എല്ലാ കടകളും രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അന്നു മതി നല്‍കൂ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ അവശ്യസാധന കടകള്‍ മാത്രം രാവിലെ 11 മുതല്‍ അഞ്ചു വരെ തുറക്കാം പൊതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ നിരോധിച്ചു. മാസ്‌ക്, സോപ്പ് സാനിറ്റെസര്‍ , രണ്ട് മീറ്റര്‍ ശാരീരിക അകലം എന്നിവ ഉറപ്പാക്കേണ്ടതാണെന്നും കലക്ടര്‍ ഉത്തരവായി

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കോവിഡ് ഫലം നെഗറ്റീവ്

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. എന്നാലും മന്ത്രി ഒരാഴ്‌ച നിരീക്ഷണത്തിൽ തുടരും. ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. തിരുവനന്തപുരം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് കടകംപള്ളിയാ​ണ്.

കൊച്ചിയിൽ അഞ്ച് രോഗികളുടെ നില അതീവ ഗുരുതരം

കൊച്ചി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ച് പേരുടെ നില ഗുരുതരം. അഞ്ച് പേരും വെന്റിലേറ്ററിലാണ്. ഇവരിൽ നാല് പേർക്കും ന്യുമോണിയ ആണെന്നാണ് വിവരം. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള മൂന്ന് പേർ ആലുവ ക്ലസ്റ്ററിൽ നിന്നുള്ളവരാണ്. പറവൂർ, ഇലഞ്ഞി സ്വദേശികളാണ് മറ്റ് രണ്ടുപേർ.

ഫോർട്ട് കൊച്ചിയിൽ കർഫ്യൂ, ആലുവയിൽ സ്ഥിതി സങ്കീർണമായി തുടരുന്നു

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഫോർട്ട് കൊച്ചിയിൽ കർഫ്യൂ. ആളുകൾ കൂട്ടംകൂടുകയോ സാമൂഹിക അകലം ലംഘിക്കുകയോ അരുത്. ആലുവയിലും ചെല്ലാനത്തുമടക്കം കര്‍ഫ്യു പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ഇവിടങ്ങളിൽ സമ്പർക്കവ്യാപന സാധ്യത കൂടുതലാണ്. ചെല്ലാനത്തും ആലുവയിലും ഇപ്പോഴും രോഗം നിയന്ത്രണവിധേയമായിട്ടില്ല. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി എന്നിവിടങ്ങളിലും സ്ഥിതി സങ്കീർണമാണ്. ഈ മേഖലയിലെ പ്രാഥമിക സമ്പർക്കത്തിലുള്ളവരെയെല്ലാം ക്വാറന്റെെൻ കേന്ദ്രങ്ങളിലേക്ക് മാറ്റും.

Horoscope Today July 29, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

കോട്ടയത്ത് സമ്പൂർണ നിയന്ത്രണത്തിനു സാധ്യത

രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും സമ്പർക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഉരുകയും ചെയ്യുന്ന സാഹചര്യത്തിൽ കോട്ടയം ജില്ല പൂർണമായി അടച്ചിടാനുള്ള സാധ്യതയേറി. രോഗവ്യാപനം രൂക്ഷമായ കോട്ടയം ഏറ്റുമാനൂർ ക്ലസ്റ്ററിൽ സാംപിൾ പരിശോധന ഇന്നും തുടരും. 45 പേർക്ക് രോഗം സ്ഥിരീകരിച്ച പച്ചക്കറി ചന്തയിലും സമീപ പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലുമാണ് പരിശോധന.

കീം പരീക്ഷ എഴുതിയ ഒരു വിദ്യാർഥിക്ക് കൂടി കോവിഡ്

കോഴിക്കോട് കീം പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ഥിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മണിയൂര്‍ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയര്‍സെക്കൻഡറി സ്‌കൂളിൽ പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ആന്റിജൻ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവ് ആയ വിവരം അറിയുന്നത്.

വയനാട് ജില്ലയിൽ നിയന്ത്രണം

കോവിഡ് സമ്പർക്ക വ്യാപനം നടക്കുന്ന വയനാട്ടിലെ വാളാട് പ്രദേശത്ത് ആന്റിജൻ പരിശോധനകൾ ഇന്നും തുടരും. തവിഞ്ഞാൽ പഞ്ചായത്തിനു പുറമെ തെണ്ടര്‍നാട് എടവക പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും പൂര്‍ണ്ണമായി കണ്ടെയ്‌ൻമെന്റ് സോണാക്കി. ഇവിടങ്ങളിൽ രണ്ടാഴ്‌ചത്തേക്ക് വിവാഹ ചടങ്ങുകൾക്ക് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തി. ജില്ലയിൽ മറ്റിടങ്ങളിലും വിവാഹ ചടങ്ങുകൾക്ക് നിയന്ത്രണമുണ്ട്. ആളുകൾ കൂടുന്ന ഒരു പരിപാടിയും അനുവദിക്കില്ല.

തൃശൂർ ശക്തൻ മാർക്കറ്റിൽ രോഗബാധ

തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ രണ്ട് ചുമട്ടു തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പച്ചക്കറി മാര്‍ക്കറ്റ് അടച്ചു. ചുമട്ടുതൊഴിലാളിയുടെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടുതൽ പോസിറ്റീവ് കേസുകളുണ്ടായാൽ ശക്തനിലെ ഇറച്ചി വിൽപ്പന കേന്ദ്രങ്ങളും അടച്ചിടേണ്ട സാഹചര്യം വരും.

സംസ്ഥാനത്ത് ഒരു കോവിഡ് മരണം

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം, തേഞ്ഞിപ്പാലം സ്വദേശി കുട്ടി ഹസ്സൻ ആണ് മരിച്ചത്. 67 വയസായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം. ഇതോടെ ആകെ കോവിഡ് മരണം 67 ആയി.

സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം

സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 20,096 പേർക്ക്. 10,091 പേർ നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നു.

തിരുവനന്തപുരത്ത് 213 പേർക്ക് രോഗബാധ

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 213 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 198 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. എഴുപതിലധികം പേരാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കിൻഫ്ര പാർക്കിൽ നിന്നുള്ള സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അടിമലത്തുറയിലും രോഗബാധിതർ കൂടുതലാണ്.

പൂന്തുറ, പോത്തൻകോട്, പൗഡിക്കേണം, നന്ദാവനം, മാർത്താണ്ഡം, വലിയതുറ, പേരൂർക്കട, കല്ലിയൂർ, ശ്രീകാര്യം, പരുത്തിക്കുഴി സ്വദേശി(36), കരിംകുളം, വള്ളക്കടവ്, കല്ലമ്പലം, മണക്കാട്, വിഴിഞ്ഞം, തൈക്കാട്, മെഡിക്കൽ കോളേജ് , നെടുമങ്ങാട് താന്നിമൂട്, കാട്ടാക്കട, മലയിൻകീഴ്, ഊരുട്ടമ്പലം, ബാലുവിള കഞ്ഞവേലി, വള്ളക്കടവ്, കുന്നുകുഴി , നെടുമങ്ങാട് മേലാംകോട്, താന്നിമൂട് , ചായിക്കോട്ടുകോണം, കോലൂർകുഴി, കൊച്ചുവേളി മാധവപുരം , ചാല , കിളിമാനൂർ , തട്ടത്തുമല, കിളളിപ്പാലം, ഒറ്റശേഖരമംഗലം , തുമ്പ, ശംഖുമുഖം , പരുത്തിപ്പാറ, കഠിനംകുളം, ഫാത്തിമാപരും ചിറ്റാറ്റുമുക്ക് , മുട്ടത്തറ, കരിമഠം , കടുക്കറവിള, കടകം, ചൊവ്വര അമ്പലത്തുമൂല, താഴംവിള, പെരുമാതുറ, തത്തിയൂർ, കരിങ്ങണ്ടത്തോപ്പ്, കാഞ്ഞിരംതോട്ടം, കാട്ടാക്കട, കരിങ്ങണ്ടത്തോപ്പ്, കരിങ്ങണ്ടത്തുകട, ബീമാപള്ളി, വള്ളക്കടവ്, അമരവിള, ചിറയിൻകീഴ് ശാർക്കര, താഴംപള്ളി, നെയ്യാറ്റിൻകര തിരുപുറം, അഞ്ചുതെങ്ങ് താഴംപള്ളി, കാഞ്ഞിരംകുളം നെല്ലിക്കാകുഴി, അമരവിള മേലേമഞ്ഞാംകുഴി, കരിയകടത്തുകട , വട്ടവിള, ഉദിയൻകുളങ്ങര, മണലൂർ, ഊരുപൊയ്ക, വെള്ളനാട് കവടിയാർ സ്വദേശികൾക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഊരുപൊയ്ക സ്വദേശിനി, വെള്ളനാട് സ്വദേശിനി എന്നിവരുടെ രോഗ ഉറവിടം വ്യക്തമല്ല.

വയനാട് ജില്ലയില്‍ 43 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 497 ആയി. ഇതില്‍ 278 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 218 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 210 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയില്‍ കഴിയുന്നു.

കോഴിക്കോട്ട് 67 പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയിൽ ഇന്ന് ആകെ 67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 59 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം വ്യക്തമല്ലാത്ത മൂന്ന് പോസിറ്റീവ് കേസുകള്‍ റിപോർട്ട് ചെയ്തു.

ചോറോട് , ചേളന്നൂർ, കോഴിക്കോട് കോർപ്പറേഷനിൽ മലാപ്പറമ്പ് എന്നിവടങ്ങളിലാണ് ഉറവിടമറിയാത്ത രോഗബാധ.

കോഴിക്കോട് കോര്‍പ്പറേഷനിൽ 13 പേർക്ക് സമ്പർക്കം വഴി രോഗം ബാധിച്ചു. നാദാപുരം – 1, വേളം – 4, ചോറോട് – 4, പയ്യോളി – 1, കൊയിലാണ്ടി – 1, മുക്കം – 1, ഒഞ്ചിയം – 4, ഫറോക്ക് – 1, കുറ്റ്യാടി – 1, വില്ല്യാപ്പള്ളി – 1, തിരുവള്ളൂർ – 9, പുതുപ്പാടി – 2, കുന്ദമംഗലം – 1, ഒളവണ്ണ – 11, വാണിമേൽ – 1, രാമനാട്ടുകര – 1, ചേളന്നൂർ – 1, വടകര – 1 എന്നിവിടങ്ങളിലാണ് സമ്പർക്കം വഴി രോഗബാധ.

മലപ്പുറത്ത് ഒരു മരണം, 87 പേര്‍ക്ക് കൂടി കോവിഡ്

കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസ്സന്‍ (67) ആണ് ഇന്ന് മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം പത്തായി. 87 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 15 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല.

കാസർഗോഡ് ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ്

കാസർഗോഡ് ഇന്ന് ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതിൽ 4 പേരുടെ ഉറവിടെ ലഭ്യമല്ല.നീലേശ്വരം, അജാനൂര്‍, പളളിക്കര, കാറഡുക്ക, ബദിയഡുക്ക, തൃക്കരിപ്പൂര്‍, കുമ്പള എന്നിവിടങ്ങളിലാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

പാലക്കാട് 49 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 49 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 11 പേർ ഉൾപ്പെടെ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത് 18 പേർക്കാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 10 പേർക്കും വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 21 പേർക്കും രോഗം സ്ഥിരീകരിച്ചു. 19 പേർ ഇന്ന് രോഗമുക്തി നേടി.

സമ്പർക്കം വഴി രോഗം ബാധിച്ചവർ

 • മേപ്പറമ്പ് സ്വദേശി (34 സ്ത്രീ). ഇവർ കോട്ടയം ജില്ലയിലാണ് ചികിത്സയിലുള്ളത്. കോട്ടയത്ത് രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
 • ഓങ്ങല്ലൂർ സ്വദേശി (11 പെൺകുട്ടി).ജൂലൈ 17ന് രോഗം സ്ഥിരീകരിച്ച ഓങ്ങല്ലൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
 • ഷൊർണൂർ സ്വദേശി (54 പുരുഷൻ).ഷൊർണൂരിൽ തന്നെ രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
 • കല്ലടിക്കോട് സ്വദേശികളായ നാല് പേർ (39, 34, 35,35 പുരുഷന്മാർ). ജൂലൈ 26ന് രോഗം സ്ഥിരീകരിച്ച കല്ലടിക്കോട് സ്വദേശിയായ ടാക്സി ഡ്രൈവറുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്ക് ആൻറിജൻ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കൂടാതെ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി രോഗം സ്ഥിരീകരിച്ച വരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 11 പേർക്ക് രോഗം സ്ഥിരീകരിച്ചു.ജൂലൈ 28ന് 163 പേർക്ക് പരിശോധന നടത്തിയാണ് 11 പേർക്ക് രോഗം സ്ഥിരീകരിച്ചത്. പട്ടാമ്പി സ്വദേശികളായ ഒൻപതുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 16 കാരിയും ആറുവയസ്സുകാരനും ഉൾപ്പെടുന്നുണ്ട്. മുതുതല സ്വദേശിയായ 17കാരൻ, കയിലിയാട് സ്വദേശിയായ എട്ടുവയസ്സുകാരൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

തൃശൂരിൽ 31 പേർക്ക് രോഗബാധ

തൃശൂർ ജില്ലയിൽ ബുധനാഴ്ച 31 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 56 പേർ രോഗമുക്തരായി. 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ രണ്ടുപേരുടെ രോഗം ഉറവിടം വ്യക്തമല്ല.

കെഎസ്ഇ ക്ലസ്റ്ററിൽ നിന്ന് 2 പേർക്കും ചാലക്കുടി, ഇരിങ്ങാലക്കുട, കെഎൽഎഫ് ക്ലസ്റ്ററിൽ നിന്നും ഓരോരുത്തർക്കും രോഗം ബാധിച്ചു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1312 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 866 ആണ്.

വെമ്പല്ലൂർ സ്വദേശി (52, പുരുഷൻ), ചിറ്റിലപ്പിള്ളി സ്വദേശി (50, സ്ത്രീ), വരന്തരപ്പിള്ളി സ്വദേശികളായ (29, പുരുഷൻ), (25, സ്ത്രീ), പറപ്പൂക്കര സ്വദേശി (27, സ്തീ), ചിരട്ടക്കുന്ന് സ്വദേശി (54, പുരുഷൻ), ആലത്തൂർ സ്വദേശി (30, പുരുഷൻ), ചാലക്കുടി സ്വദേശി ( 50, പുരുഷൻ), പൊറുത്തുശ്ശേരി സ്വദേശി (22, പുരുഷൻ), കുറുക്കൻപാറ സ്വദേശികളായ (16 വയസ്സുളള ആൺകുട്ടി), (55, സ്ത്രീ), (42, സ്ത്രീ), (46, പുരുഷൻ), ചെറളയം സ്വദേശികളായ (26, സ്ത്രീ), (7 വയസ്സുളള പെൺകുട്ടി), (22, സ്ത്രീ), അകമല സ്വദേശി (60, സ്ത്രീ), പനങ്ങളും (47, സ്ത്രീ), രോഗ ഉറവിടമറിയാത്ത വേളൂക്കര സ്വദേശി (29, പുരുഷൻ), രോഗ ഉറവിടമറിയാത്ത നെൻമണിക്കര സ്വദേശി (63, പുരുഷൻ) എന്നിവർക്ക് സമ്പർക്കത്തിലൂടെയുള്ള രോഗബാധ സ്ഥിരീകരിച്ചു.

ചാലക്കുടി ക്ലസ്റ്ററിൽ നിന്ന് രോഗം പകർന്ന ചാലക്കുടി സ്വദേശി (64, പുരുഷൻ), ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്ന് രോഗം പകർന്ന നടത്തറ സ്വദേശി (22, സ്ത്രീ), കെഎസ്ഇ ക്ലസ്റ്ററിൽ നിന്ന് രോഗം പകർന്ന വേളൂക്കര സ്വദേശി (17, പുരുഷൻ), പുല്ലൂർ സ്വദേശി (23, പുരുഷൻ), കെഎൽഎഫ് ക്ലസ്റ്ററിൽ നിന്ന് രോഗം പകർന്ന കൊടകര സ്വദേശി (41, പുരുഷൻ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

ഇരിങ്ങാലക്കുടയിലും മുരിയാടും ബാങ്കുകൾ നാളെ പ്രവർത്തിക്കും; ഇടപാടുകാർക്ക് പ്രവേശനമില്ല

ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും ബാങ്കുകൾക്ക് നാളെ മാത്രം രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ പരിമിതമായ ജീവനക്കാരുമായി പ്രവർത്തിക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പക്ഷേ, ഇടപാടുകാർക്ക് പ്രവേശനമുണ്ടാവില്ല. ജീവനക്കാരുടെ എണ്ണം പരമാവധി അഞ്ചോ അല്ലെങ്കിൽ ആകെ ജീവനക്കാരുടെ പകുതി, ഇതിൽ ഏതാണ് കുറവ് അതായിരിക്കണം. മറ്റ് ജില്ലകളിൽനിന്നും, ട്രിപ്പിൾ ലോക്ക് ഡൗൺ, കണ്ടെയ്ൻമെൻറ് സോൺ പ്രദേശങ്ങളിൽനിന്നുമുള്ള ജീവനക്കാർക്ക് ജോലി ചെയ്യാൻ അനുമതിയില്ല. ബാങ്കിൽ സാമൂഹിക അകലം ഉൾപ്പെടെ കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചിരിക്കണമെന്നും വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.