തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ആയിരത്തിലധികം പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 1212 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 1068 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 45 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഫോൺകോൾ വിവരങ്ങൾ ശേഖരിക്കുന്നത് പൊതുജനാരോഗ്യവും സുരക്ഷയും മുൻനിർത്തിയെന്ന് മുഖ്യമന്ത്രി

കോവിഡ് രോഗികളുടെ കോൾ ഡീറ്റെയ്ൽസ് റെക്കോഡ് ശേഖരിക്കുന്നത് രോഗികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദത്തിൽ കഴമ്പില്ലെന്ന് മുഖ്യമന്ത്രി.  കോൺടാക്ട് ട്രേസിങ്ങിനായി നിരവധി സാങ്കേതിക വിദ്യകളുപയോഗിക്കുന്നതിന്റെ ഭാഗമാണ് കോവിഡ് രോഗികളുടെ ഫോൺവിളികൾ സംബന്ധിച്ച കോൾ ഡീറ്റെയ്ൽസ് റെക്കോഡ് ശേഖരിക്കാൻ പൊലീസ് മേധാവി നിർദേശം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

“നിയമ നിർവഹണ സംവിധാനങ്ങൾക്ക് ഈ രീതിയിൽ വിവരശേഖരണം നടത്താൻ അനുവാദമുണ്ട്. പൊതുജനാരോഗ്യവും സുരക്ഷയും മുൻനിർത്തിയാണ് കേരളത്തിൽ കോൾ ഡീറ്റെയ്ൽസ് റെക്കോഡ് ശേഖരിച്ച് രരോഗികളുടെ വിവരങ്ങൾ കണ്ടെത്തുന്നത്. ഏതാനും മാസങ്ങളായി ഈ മാർഗം ഉപയോഗിക്കുന്നു,” അദ്ദേഹം പറഞ്ഞു.

കോണ്ടാക്ട് ട്രേസിങ്ങിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണിതെന്നും ഇങ്ങനെ ശേഖരിക്കുന്ന വിവരരങ്ങൾ മറ്റൊരാൾക്ക് കൈമാറുകയോ മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

Kerala Covid-19 Tracker: കേരളത്തില്‍ ഇന്ന് 1212 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് പുതിയതായി 1212 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ്, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 880 പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും സമ്പർക്കപ്പട്ടികയിലുള്ളവരാണ്. 1068 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 45 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 51 പേർ വിദേശത്ത് നിന്ന് എത്തിയവരും 64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്.

22 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.  തിരുവനന്തപുരം ജില്ലയിലെ 9, കോഴിക്കോട് ജില്ലയിലെ 4, മലപ്പുറം ജില്ലയിലെ 3, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 2 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 6 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും, തൃശൂര്‍ ജില്ലയിലെ ഒരു കെ.എസ്.ഇ. ജീവനക്കാരനും ബാധിച്ചു.

ആഗസ്റ്റ് 3ന് മരണമടഞ്ഞ കാസര്‍ഗോഡ് ഹരിപുരം സ്വദേശി ഷംസുദീന്‍ (53), ആഗസ്റ്റ് 10ന് മരണമടഞ്ഞ തിരുവനന്തപുരം മരിയപുരം സ്വദേശി കനകരാജ് (50), ആഗസ്റ്റ് 9 ന് മരണമടഞ്ഞ എറണാകുളം അയ്യംപുഴ സ്വദേശിനി മറിയംകുട്ടി (77), ജൂലൈ 31ന് മരണമടഞ്ഞ ഇടുക്കി സ്വദേശി അജിതന്‍ (55), ആഗസ്റ്റ് 6ന് മരണമടഞ്ഞ കോട്ടയം കാരാപ്പുഴ സ്വദേശി ടി.കെ. വാസപ്പന്‍ (89), ആഗസ്റ്റ് 2 ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി ആദം കുഞ്ഞി (65) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 126 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

 • തിരുവനന്തപുരം – 266
 • മലപ്പുറം – 261
 • എറണാകുളം – 121
 • ആലപ്പുഴ – 118
 • കോഴിക്കോട്- 93
 • പാലക്കാട് -81
 • കോട്ടയം – 76
 • കാസർഗോഡ് – 68
 • ഇടുക്കി – 42
 • കണ്ണൂർ – 31
 • പത്തനംതിട്ട – 19
 • തൃശൂർ – 19
 • വയനാട് – 12
 • കൊല്ലം – 5

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ

തിരുവനന്തപുരം ജില്ലയിലെ 255 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 234 പേര്‍ക്കും, എറണാകുളം ജില്ലയിലെ 111 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 105 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 71 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 70 പേര്‍ക്കും, കോട്ടയം ജില്ലയിലെ 66 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 64 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 34 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 12 പേര്‍ക്കും, വയനാട് ജില്ലയിലെ 10 പേര്‍ക്കും, കൊല്ലം ജില്ലയിലെ 5 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 180 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 122 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 107 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 86 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 64 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 60 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 55 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 51 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 39 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നും 27 പേരുടെയും. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 26 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 25 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 23 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 13,045 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,926 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

1,51,752 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,51,752 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,39,326 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,426 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1380 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 28,644 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 28,644 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 10,56,360 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7313 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,41,283 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1049 പേരുടെ ഫലം വരാനുണ്ട്.

30 പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് ), പാലക്കാട് ജില്ലയിലെ പറളി (15, 19), മുതലമട (2), എരിമയൂര്‍ (10, 13), കണ്ണമ്പ്ര (8), ആലത്തൂര്‍ (14), തരൂര്‍ (7), അഗളി (9), മേപ്പാടി (9, 10, 11, 12), മുട്ടില്‍ (3, 16, 17 സബ് വാര്‍ഡ്), തിരുനെല്ലി (സബ് വാര്‍ഡ് 10), വെങ്ങപ്പള്ളി (സബ് വാര്‍ഡ് 1), തിരുവനന്തപുരം ജില്ലയിലെ എളകമന്‍ (6), മണമ്പൂര്‍ (9, 12), ചെമ്മരുതി (12), കോട്ടയം ജില്ലയിലെ കൂരോപ്പട (15), പാമ്പാടി (6, 17), കടുത്തുരുത്തി (3), എറണാകുളം ജില്ലയിലെ കുമ്പളം (16), തിരുവാണിയൂര്‍ (3, 13), മലയാറ്റൂര്‍- നീലേശ്വരം (1), ഇടുക്കി ജില്ലയിലെ ആലക്കോട് (1, 2, 3 സബ് വാര്‍ഡ്), തൊടുപുഴ (21, 22 സബ് വാര്‍ഡ്), ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി (11, 12), കൃഷ്ണപുരം (4), കോഴിക്കോട് ജില്ലയിലെ നെച്ചാട് (2), കാവിലുംപാറ (10), പത്തനംതിട്ട ജില്ലയിലെ പുറമറ്റം (2, 12, 13), അടാട്ട് (4, 11), കൊല്ലം ഇട്ടിവ (1, 2, 21), കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍ ആലപ്പടമ്പ് (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (വാര്‍ഡ് 10), വണ്ണപുറം (1, 4, 17), പീരുമേട് (2, 6, 7, 10, 11, 12), കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ (7, 12, 13), തൂണേരി (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 15), അഴിയൂര്‍ (6, 10, 13, 15), നടത്തറ (12, 13), ചാലക്കുടി മുന്‍സിപ്പാലിറ്റി (33), കോട്ടയം ജില്ലയിലെ വാഴപ്പള്ളി (11, 12), മുണ്ടക്കയം (12), വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി (15, 23,24), ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് (10, 11), എറണാകുളം ജില്ലയിലെ രായമംഗലം (4) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 540 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കൂടുതൽ ഇളവുകൾ

തീരദേശ സോണുകളിൽ രോഗസാധ്യത കുറയുന്ന പശ്ചാത്തലത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. അവശ്യ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന എല്ലാ കടകൾക്കും രാവിലെ ഏഴ് മുതൽ വൈകിട്ട് മൂന്ന് വരെ പ്രവർത്തിക്കാം. എറണാകുളം ജില്ലയിലെ പ്രധാന ക്ലസ്റ്ററായിരുന്ന ആലുവയിൽ രോഗവ്യാപനം കുറയുന്നു. എന്നാൽ പശ്ചിമ കൊച്ചിയിലും ചെല്ലാനം മേഖലയിലും രോഗവ്യാപനം തുടരുന്നു.

ആലുവയില്‍ രോഗ വ്യാപനം കുറഞ്ഞു, പശ്ചിമ കൊച്ചിയില്‍ ആശങ്ക തുടരുന്നു

എറണാകുളം ജില്ലയിലെ പ്രധാന ക്ലസ്റ്റര്‍ ആയിരുന്ന ആലുവയില്‍ കോവിഡ് വ്യാപനം കുറഞ്ഞു വരികയാണെന്നും എന്നാൽ പശ്ചിമ കൊച്ചി മേഖലയില്‍ ആശങ്ക തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഇടവേളക്ക് ശേഷം ചെല്ലാനം മേഖലയിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ പ്രതിരോധ മാർഗങ്ങൾ നടപ്പാക്കും

കോവിഡ് പ്രതിരോധത്തിനുള്ള നൂതന മാര്‍ഗങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ആവിഷ്കരിക്കുന്നുണ്ടെന്നും വിവിധ ജില്ലകളില്‍ പൊലീസ് മേധാവിമാര്‍ തയ്യാറാക്കിയ പ്രതിരോധമാര്‍ഗങ്ങള്‍ പരസ്പരം മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങള്‍ വരുത്തി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈന്‍ ബിഹേവിയറല്‍ ട്രെയിനിങ് നല്‍കും. കോവിഡിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെയാണ് സംഘടിപ്പിച്ചത്. കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വനിതകളുടെ സഹായം കൂടി ഇത്തരം ലഭ്യമാക്കുന്നുണ്ട്.

താനൂർ സിഐക്ക് കോവിഡ്

മലപ്പുറം ജില്ലയിലെ താനൂരിൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 27നേ സ്റ്റേഷനിൽ ഹാജരാക്കിയ ഒരു പ്രതിക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന്  പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്റൈനിലേക്ക് മാറിയിരുന്നു. സി ഐക്ക് കോവിസ് സ്ഥിരീകരിച്ചതോടെ അദ്ദേഹവുമായി അടുത്ത് സമ്പർക്ക ത്തിലുണ്ടായിരുന്ന പന്ത്രണ്ട് പോലീസ് ഉദ്യോഗസ്ഥരും ക്വാറന്റൈനിൽ പ്രവേശിച്ചു

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്കും കോവിഡ്

വയനാട് മുണ്ടക്കൈയിൽ ഉരുൾപ്പൊട്ടലുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടയാൾക്കും കോവിഡ്. ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായിരുന്ന എല്ലാ ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചു.

പെട്ടിമുടിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ സംഘത്തിലെ ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് ബാധയുടെ ഉറവിടം അറിയില്ല. രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തുവരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മാധ്യമ സംഘത്തിലെ ഡ്രൈവർക്ക് കോവിഡ് കണ്ടെത്തിയത്. ഇതേത്തുടർന്ന് മാധ്യമസംഘത്തിലുള്ളവർ ക്വാറന്റൈനിൽ പോയതായും മുഖ്യമന്ത്രി അറിയിച്ചു.

പെട്ടിമുടിയില്‍ സേവനമനുഷ്ഠിക്കുന്ന റെസ്ക്യൂ ടീമിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായി കോവിഡ് പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്. സംശയമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കും ഈ സേവനം ഉപയോഗിക്കാവുന്നതാണ്. ആലപ്പുഴയില്‍ നിന്നും വന്ന ഒരു ഫയര്‍ഫോഴ്സ് ജീവനക്കാരന് സെന്‍റിനല്‍ സര്‍വയലന്‍സിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവായി. അതിനെ തുടര്‍ന്നാണ് പെട്ടിമുടിയിലെ പരിശോധനയും സര്‍വയലന്‍സും ശക്തമാക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത് 266 പേർക്ക്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 266 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.180 പേർ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.

മലപ്പുറത്ത് 261 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ഇന്ന് 261 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ മൂന്ന്  ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 234 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഇതര സംസ്ഥാനത്തുനിന്നെത്തിയതാണ്. ശേഷിക്കുന്ന 23 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വിദഗ്ധ ചികിത്സക്ക് ശേഷം 107 പേരാണ് ഇന്ന് രോഗമുക്തരായത്. ജില്ലയില്‍ ഇതുവരെ 2,266 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

എറണാകുളത്ത് 121 പേർക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 121 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് 51 പേർ രോഗ മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ വിദേശത്തു നിന്നോ ഇതര സംസ്ഥാനങ്ങളിൽനിന്നോ വന്നവരാണ്. മറ്റുള്ളവർക്ക് പ്രാദേശിക സമ്പർക്കത്തിലൂടെയാണ് രോഗബാധ.

കോഴിക്കോട്ട് 93 പേര്‍ക്ക് കോവിഡ്, 122 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 93 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 122 പേർ രോഗമുക്തി നേടി.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ സമ്പര്‍ക്കം വഴി രോഗം ബാധിച്ചവർ 64 പേരാണ്. എട്ട് പേരുടെ ഉറവിടം വ്യക്തമല്ല.

വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 19 പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു. കോര്‍പ്പറേഷന്‍ പരിധിയില്‍ 17 അതിഥി തൊഴിലാളികള്‍ക്ക് കൂടി പോസിറ്റീവായി. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 17 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ആറുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1142 ആയി.

ജില്ലയില്‍ പരിശോധിച്ച സ്രവ സാംപിളുകളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ മാത്രം 3884 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 101184 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 95266 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 92701 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 5918 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

കോഴിക്കോട് കോർപറേഷൻ പരിധിയിൽ രോഗം ബാധിച്ചതിൽ 109 പേരും അതിഥി തൊഴിലാളികൾ

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഇതേ വരെയായി 636 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 109 പേരും അതിഥി തൊഴിലാളികളികളെന്ന് ജില്ലാ ഭരണകൂടം. നഗരത്തിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 23 അതിഥി തൊഴിലാളികൾക്കും രോഗം സ്ഥിരികരിച്ചു. ഇവിടെ 155 പേരെയാണ് ടെസ്റ്റ് നടത്തിയത്. നാട്ടിൽ പോയി തിരികെ ജോലിക്കായി ജില്ലയിക്കെത്തുന്ന മുഴുവൻ അതിഥി തൊഴിലാളികളെയും ടെസ്റ്റിന് വിധേയമാക്കണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ടെസ്റ്റിലാണ് ഇത്രയും അതിഥി തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചത്.

പാലക്കാട് ജില്ലയില്‍ 725 പേര്‍ ചികിത്സയില്‍

പാലക്കാട് ജില്ലയിൽ ഇന്ന് പുതുതായി 81 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 725 പേരാണ് ചികിത്സയിലുള്ളത്.

ഇതുവരെ 34886 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 33378 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 246 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 289 സാമ്പിളുകൾ അയച്ചു. 2664 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 1927 പേർ രോഗമുക്തി നേടി. ഇനി 715 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

കാസർഗോട്ട് 68 പേര്‍ക്ക് കൂടി കോവിഡ്

ഇന്ന് കാസർഗോഡ് ജില്ലയില്‍ 68 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാളുടെ രോഗ ഉറഴിടം വ്യക്തമല്ല. രണ്ട് പേര്‍ ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കോവിഡ് 19 ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 58 പേര്‍ക്ക് രോഗം ഭേദമായി.

കണ്ണൂരിൽ 31 പേര്‍ക്ക് കൂടി കോവിഡ്

കണ്ണൂർ ജില്ലയില്‍ 31 പേര്‍ക്ക് ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചു. 16 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലു പേര്‍ വിദേശത്ത് നിന്നും ഒന്‍പതു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

വയനാട് ജില്ലയില്‍ 12 പേര്‍ക്ക് കോവിഡ്

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച നടവയല്‍ സ്വദേശി അവറാന്‍ (69) ഉള്‍പ്പെടെ വയനാട് ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 16 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 950 ആയി. ഇതില്‍ 646 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 301 പേരാണ് ചികിത്സയിലുള്ളത്.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 23 ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 23 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,963 പേർക്കാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 23,29,639 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 834 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 46,091 ആയി ഉയർന്നു. നിലവിൽ 6,43,948 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. 16,39,600 പേർ രോഗമുക്തി നേടി.

Read Also: കോവിഡ് വാക്‌സിൻ രജിസ്റ്റർ ചെയ്‌തെന്ന അവകാശവാദം: ലോകാരോഗ്യസംഘടന പറയുന്നത്

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം ഏറ്റെടുത്ത് പൊലീസ്, കൂടുതൽ നടപടികൾ

തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് പൊലീസ് ഇന്ന് മുതൽ കോവിഡ് പ്രതിരോധം കർശനമാക്കുന്നു. നിയന്ത്രണങ്ങൾക്കൊപ്പം ബോധവൽകരണത്തിലും ശ്രദ്ധിക്കാൻ തീരുമാനം. ആരോഗ്യ പ്രവർത്തകരുടെ സഹകരണം ഉറപ്പാക്കാനും ഡിജിപി നിർദേശം നൽകി. രോഗികളുടെ ഫോൺ കോൾ വിവരങ്ങൾ ശേഖരിക്കാനും തീരുമാനമായിട്ടുണ്ട്.

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് കോവിഡ്

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. സിവിൽ പൊലീസ് ഉദ്യോഗസ്ഥനും വനിതാ ഉദ്യോഗസ്ഥയ്ക്കുമാണ് രോഗം പിടിപെട്ടത്. കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ച ശേഷം കോവിഡ് സ്ഥിരീകരിച്ച വയോധികയുടെ മകന്റെ സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇയാൾ പൊലീസ് സ്റ്റേഷനിൽ പല തവണ കയറിയിറങ്ങിയിരുന്നു. പൊലീസുകാരെ കൂടാതെ മരിച്ചവയോധികയുടെ ബന്ധുക്കളായ പുഷ്പക്കണ്ടം സ്വദേശികളായ നാല് പേർക്കും വട്ടുപാറ സ്വദേശിയായ മകന്റെ സുഹൃത്തിനും രോഗം സ്ഥിരീകരിച്ചു. പൊലീസ് സ്റ്റേഷനിൽ അന്നേ ദിവസം ജോലി ചെയ്തിരുന്ന പൊലീസുകാരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.