തിരുവനന്തപുരം: കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മേയ് ഏഴിന് വിദേശത്ത് നിന്നെത്തിയ രണ്ട് പ്രവാസികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ദുബായിൽ നിന്ന് കോഴിക്കോടെത്തിയ വ്യക്തിക്കും അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ വ്യക്തിക്കുമാണ് രോഗബാധ. അതേസമയം, ഒരാൾക്ക് രോഗം ഭേദമായി. ഇടുക്കിയിൽ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയാണ് ആശുപത്രി വിട്ടതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 505 പേരിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ 17 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 23930 പേരാണ് സംസ്ഥാനത്ത് കോവിഡ്-19 നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 23596 പേർ വീടുകളിലും 334 പേർ ആശുപത്രികളിലുമാണ് . ഇന്ന് മാത്രം 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 36648 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 36002ഉം രോഗബാധയില്ലായെന്ന് ഉറപ്പാക്കിയിട്ടുണ്ട്. മുൻഗണന ലിസ്റ്റിൽ 3475 സാംപിളുകൾ പരിശോധിച്ചതിൽ 3231ഉം നെഗറ്റീവാണ്.

നിലവിലുള്ള ഇടപെടലും പ്രതിരോധവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്നെത്തുന്നവർ ജാഗ്രത തുടരണം. ലോകത്തിന്റെ ഏത് ഭാഗത്ത് കുടുങ്ങിയാലും കേരളീയരെ നാട്ടിലെത്തിക്കാൻ സർക്കാർ പ്രതിഞ്ജാബദ്ധരാണ്. ഇതിനുള്ള ശ്രമങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദുരന്തനിവാരണ ഫണ്ടിൽ നിന്ന് ചെലവാക്കിയത് 13.45 കോടി രൂപ

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ ഇതുവരെ 13.45 കോടി രൂപ ചെലവഴിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. വൈദ്യുതി വകുപ്പും വാട്ടർ അതോറിറ്റിയും വെള്ളത്തിന്റെയും വൈദ്യുതിയുടെയും ലഭ്യത ഉറപ്പാക്കുന്നുണ്ട്.

207 സർക്കാർ ആശുപത്രികളും 125 സ്വകാര്യ ആശുപത്രികളും സജ്ജം

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ ചികിത്സയൊരുക്കുന്നതിന് 207 സർക്കാർ ആശുപത്രികളും 125 സ്വകാര്യ ആശുപത്രികളും സജ്ജമാണെന്ന് മുഖ്യമന്ത്രി. സമ്പൂർണ കോവിഡ് കെയർ ആശുപത്രികളാക്കാൻ സാധിക്കുന്ന 27 ആശുപത്രികളും കണ്ടെത്തിക്കഴിഞ്ഞു.

രോഗം നിയന്ത്രിതമായി എന്നതുകൊണ്ട് മാത്രം നമ്മൾ സുരക്ഷിതരായി എന്ന് പറയാനാകില്ല. കോവിഡ്-19 ബാധിച്ച ഒരു രാജ്യവും അതിനെ പൂർണമായും ഇല്ലാതാക്കിയിട്ടില്ല. ഇപ്പോഴും ദിവസേന പുതിയ കേസുകൾ എല്ലാ രാജ്യത്തും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 38 ലക്ഷത്തിന് മുകളിലാണ്.

മടങ്ങിയെത്തുന്ന പ്രവാസികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതും രോഗവ്യാപനം തടയേണ്ടതുമുണ്ട്. സർക്കാരിന്റെ കെയർ സെന്ററിലും വീട്ടിലും നിരീക്ഷണത്തിൽ കഴിയുന്നവരെയും ആരോഗ്യ പ്രവർത്തകർ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കും. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർക്ക് ഇ-ജാഗ്രത മൊബൈൽ ആപ്ലിക്കേഷൻ വഴി ഡോക്ടറുമായി സംസാരിക്കാവുന്നതാണ്. വീഡിയോ കോളിലൂടെ ഡോക്ടർമാർക്ക് വ്യക്തികളുമായി ബന്ധപ്പെടാം. ടെലി മെഡിസിനിലൂടെ മരുന്ന് കുറിക്കുകയും ആരോഗ്യ പ്രവർത്തകർ മരുന്ന് എത്തിച്ച് നൽകുകയും ചെയ്യും.

സുരക്ഷക്കാണ് പ്രാധാന്യം

വിദേശത്ത് നിന്നെത്തുന്നവരോടും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് എത്തുന്നവരോടും ഒരേ മനോഭാവമാണ് സംസ്ഥാനത്തിനുള്ളത്. ഏറ്റവും പ്രാധാന്യം സുരക്ഷയ്ക്ക് തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ട് തന്നെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് പാസ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പാസ് ഇല്ലാതെ പലരും അതിർത്തിയിലൂടെ സംസ്ഥാനത്തേക്ക് എത്താൻ ശ്രമിക്കുന്നുണ്ട്. അവർ അതിർത്തിയിൽ ബുദ്ധിമുട്ടുന്നുമുണ്ട്. താൽക്കാലികമായി പ്രശ്നം പരിഹരിച്ചെങ്കിലും അത് തുടരാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭിക്കുന്ന പാസുമായി വരുന്നവർക്ക് മാത്രമേ അതിർത്തി കടക്കാനാകൂ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നയാളുകൾ ചില ക്രമീകരണങ്ങൾക്ക് വിധേയരാകണം. മുൻഗണന ലിസ്റ്റിലുള്ളവരും സ്വന്തമായി വാഹനങ്ങളുള്ളവരുമാണ് ഇപ്പോൾ എത്തുന്നത്.

വിദൂര സ്ഥലങ്ങളിൽ നിന്നുള്ളവരെ എത്തിക്കാൻ ട്രെയിൻ സംവിധാനമൊരുക്കും. ആദ്യ ട്രെയിൻ ഡൽഹിയിൽ നിന്ന് പുറപ്പെടുമെന്നും തീയതി ഉടനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർഥികൾക്കായിരിക്കും മുൻഗണന. ഇതോടൊപ്പം മുംബൈ, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടാകും.

പാസ് നിർത്തിയിട്ടില്ല

ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നവർക്കുള്ള പാസ് വിതരണം നിർത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. മടങ്ങിയെത്തുന്നവരുടെ സമയം ക്രമീകരിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. പാസില്ലാതെയും പാസിന് അപേക്ഷിക്കുക പോലും ചെയ്യാതെ എത്തിച്ചേരുന്നവർ എർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങളുടെ താളം തെറ്റിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.