സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം 90 പേർക്ക് രോഗം ഭേദമാവുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ വിദേശത്ത് നിന്നെത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 19 പേർക്ക് സമ്പർക്കത്തിലൂടെ മൂന്ന് പേർക്കും രോഗം ബാധിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

നാം നേരിടുന്ന അവസ്ഥ അതിഗുരുതരമാണെന്നാണ് നിലവിലെ സാഹചര്യം നൽകുന്ന സൂചന. അതുകൊണ്ട് തന്നെ രോഗവ്യാപനം തടയുന്നതിന് എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

കൊല്ലം – 14
മലപ്പുറം – 11
കാസർഗോഡ് – 9
തൃശൂർ – 8
പാലക്കാട് – 6
കോഴിക്കോട് – 6
എറണാകുളം – 5
തിരുവനന്തപുരം – 3
കോട്ടയം – 4
കണ്ണൂർ – 4
വയനാട് – 3
പത്തനംതിട്ട – 1
ആലപ്പുഴ – 1

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

പാലക്കാട് – 24
ആലപ്പുഴ – 16
കോഴിക്കോട് – 14
തൃശൂർ – 11
തിരുവനന്തപുരം – 10
പത്തനംതിട്ട – 5
കൊല്ലം – 4
കോട്ടയം – 3
എറണാകുളം – 2
കണ്ണൂർ – 1

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2697

ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2697 ആയി. 1351 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 20 പേരാണ് കോവിഡ് മൂലം സംസ്ഥാനത്ത് മരണപ്പെട്ടത്. കേരളത്തിന് പുറത്ത് 277 മലയാളികളും കോവിഡ് ബാധിച്ച് മരിച്ചു.

നിലവിൽ 125307 പേരാണ് വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1989 പേർ ആശുപത്രികളിലും മറ്റുള്ളവർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലുമാണ്. ഇന്ന് മാത്രം 203 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ഇതുവരെ 122466 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 3019 എണ്ണത്തിന്റെ പരിശോധന ഫലം ഇനിയും വരേണ്ടതുണ്ട്. സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 33509 സാമ്പിളുകൾ പരിശോധിച്ചതിൽ 32300ഉം രോഗബാധയില്ലായെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

രോഗപ്രതിരോധത്തിന്റെ മൂന്ന് മാർഗങ്ങൾ

ഇതുവരെയുള്ള നമ്മുടെ ഇടപ്പെടലുകൾ ഫലപ്രദമായതിന് മൂന്ന് കാരണങ്ങളാണുള്ളത്. സാമൂഹിക അകലം പാലിച്ചതും മാസ് നിർബന്ധമാക്കിയതുമാണ് ഒന്നാമത്തേത്. രണ്ടാമത് സമ്പർക്ക വിലക്ക് മൂന്ന് റിവേഴ്സ് ക്വാറന്റൈനാണെന്നും മുഖ്യമന്ത്രി. തുടർന്നും ഇവ മൂന്നും പഴുതുകളില്ലാതെ തുടർന്നാൽ രോഗബാധയെ പിടിച്ച് നിർത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരും അവസരോചിതമായി ഇടപ്പെടേണ്ട സമയമാണിത്. നിയന്ത്രണങ്ങൾ സ്വയം പിന്തുടരുന്നതോടൊപ്പം മറ്റുള്ളവരെ രോഗ നിയന്ത്രണ കാര്യങ്ങൾ ചെയ്യാൻ പ്രചോദിപ്പിക്കുകയും വേണം.

എല്ലാ ജില്ലകളിലും രണ്ട് കോവിഡ് ഫസ്റ്റ് ലൈൺ ട്രീറ്റ്മെന്റ് സെന്ററുകൾ

രോഗചികിത്സയ്ക്കായി കോവിഡ് രോഗികളെ ചികിത്സിക്കുന്ന പ്രത്യേക ആശുപത്രികൾക്ക് പുറമെ കോവിഡ് ഒന്നാം തരം ആശുപത്രികൾ (കോവിഡ് ഫസ്റ്റ് ലൈൺ ട്രീറ്റ്മെന്റ് സെന്റർ) രണ്ടെണ്ണം വീതം എല്ലാ ജില്ലകളിലും സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്. എല്ലാ സർക്കാർ ആശുപത്രികളിലും കോവിഡ് ഇതര ചികിത്സകളും പുഃനരാരംഭിച്ചിട്ടുണ്ട്. കോവിഡിന്റെ സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനുള്ള ആന്റിബോഡി ടെസ്റ്റും പുരോഗമിക്കുന്നു.

ഐസിഎംആർ അനുമതി ലഭ്യമായതും 30 മിനിറ്റിനുള്ളിൽ ഫലം ലഭിക്കുന്നതുമായ റാപ്പിഡ് ആന്റിജൻ പരിശോധന കേരളത്തിലും ആരംഭിക്കാൻ വിദഗ്ദ സമിതി നിർദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്. ഇതും സർക്കാർ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രവാസികളുടെ തിരിച്ചുവരവ്

യാത്രാ നിയന്ത്രണങ്ങളില്‍ ഇളവു വന്നപ്പോള്‍ കേരളത്തില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. മെയ് 8നുശേഷമുള്ള കണക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. മെയ് 8ന് 16 പേര്‍ക്ക് മാത്രമാണ് ടെസ്റ്റ് പോസിറ്റീവ് ആയത്. ഇന്ന് അത് 2697 ആണ്. മെയ് എട്ടുവരെ സംസ്ഥാനത്തു കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 503 ആയിരുന്നു.

യാത്രാ നിയന്ത്രണങ്ങളില്‍ അയവു വന്നശേഷം കേരളത്തിലേക്ക് വിദേശത്തു നിന്ന് 84,195 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 1,79,059 പേരും ജൂണ്‍ 16 വരെ എത്തിയിട്ടുണ്ട്.

വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ രോഗം ബാധിച്ചവരുണ്ടെങ്കിലും എല്ലാവരെയും നാം സ്വീകരിക്കും. ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്യും. അതില്‍ ഒരു മാറ്റവുമില്ല. അതേസമയം തന്നെ സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് പരമാവധി തടയാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തും. ഇക്കാര്യത്തില്‍ നാം വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ രോഗവ്യാപനത്തോത് നിയന്ത്രണാതീതമാകും.

ഈ ജാഗ്രതയുടെയും മുന്‍കരുതലിന്‍റെയും ഭാഗമായാണ് വിദേശത്തുനിന്ന് വരുന്നവര്‍ക്ക് അവര്‍ പുറപ്പെടുന്ന രാജ്യത്തുതന്നെ കോവിഡ് പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. വിദേശത്തുള്ളവര്‍ നാട്ടിലേക്ക് വരുമ്പോള്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തുടക്കം മുതലേ ആവശ്യപ്പെടുന്നുണ്ട്.

കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമാകണം പ്രവാസികള്‍ നാട്ടിലേക്ക് വരേണ്ടത് എന്ന് മെയ് അഞ്ചിന് കേന്ദ്രത്തിന് നല്‍കിയ കത്തിലും സംസ്ഥാനം ആവര്‍ത്തിച്ചിരുന്നു. വന്ദേഭാരത് മിഷനിലൂടെ വരുന്നവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തണമെന്നാണ് ആവശ്യപ്പെട്ടത്.

ഈ മാസം ആദ്യം സ്പൈസ് ജെറ്റിന്‍റെ 300 ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റിന് കേരളം എന്‍ഒസി നല്‍കിയിരുന്നു. കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുന്നവരെയാണ് കൊണ്ടുവരിക എന്നാണ് അവര്‍ അറിയിച്ചത്. ഇത് അവര്‍ തന്നെ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വെച്ച നിബന്ധനയാണ്. ചില സംഘടനകള്‍ ചാര്‍ട്ടര്‍ ഫ്ളൈറ്റിന് അനുമതി ആവശ്യപ്പെട്ടപ്പോള്‍ സംസ്ഥാനം അതും നല്‍കി. അവരോടും സ്പൈസ്ജെറ്റ് ചെയ്യുന്നതുപോലെ കോവിഡ് പരിശോധന വേണമെന്ന് അറിയിച്ചു. എല്ലാവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാണ്. എല്ലാറ്റിനും ഒരേ മാനദണ്ഡമാകണം.

ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റുകളില്‍ സ്പൈസ് ജെറ്റ് കമ്പനി ടെസ്റ്റുകള്‍ നടത്തിയാണ് ആളുകളെ കൊണ്ടുവരുന്നതെന്ന് കമ്പനിയുടെ സിഎംഡി തന്നെ അറിയിച്ചിരുന്നു. ഇതിനകം ഇരുപതിലധികം വിമാനങ്ങള്‍ ടെസ്റ്റിംഗ് നടത്തിയ യാത്രക്കാരുമായാണ് വന്നിട്ടുള്ളത്. ജൂണ്‍ 30നകം 100 വിമാനങ്ങള്‍ വരുന്നുണ്ടെന്നും ജൂണ്‍ 20നു ശേഷം ഓരോ യാത്രക്കാര്‍ക്കും പ്രത്യേകമായി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകുമെന്നും സിഎംഡി അറിയിച്ചിട്ടുണ്ട്.

യാത്രക്കാര്‍ക്ക് പിസിആര്‍ ടെസ്റ്റ് നടത്തുന്നതിന് പല രാജ്യങ്ങളിലും പ്രയാസം നേരിടുന്നതായി പ്രവാസികളും അവരുടെ സംഘടനകളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇങ്ങനെ പ്രയാസമുണ്ടെങ്കില്‍ ആന്‍റിബോഡി ടെസ്റ്റ് നടത്താവുന്നതാണ്. ആന്‍റി ബോഡി ടെസ്റ്റിന്‍റെ ഫലം പെട്ടെന്ന് ലഭിക്കും. ട്രൂ നാറ്റ് എന്ന പരിശോധനാ സമ്പ്രദായം വ്യാപകമായിട്ടുണ്ട്. ആ പരിശോധനയ്ക്ക് കുറഞ്ഞ ചെലവേ വരൂ. യാത്രക്കാര്‍ക്കും മറ്റും ഏറ്റവും ഉചിതമായ ടെസ്റ്റ് എന്നാണ് അതിനെക്കുറിച്ച് പറയുന്നത്.

പരമാവധി ആയിരം രൂപയ്ക്കുവരെ പരിശോധന നടത്താമെന്നിരിക്കെ ആര്‍ടി പിസിആര്‍ ടെസ്റ്റുകള്‍ നടത്തുന്നതിന് അമിതമായ നിരക്കുകള്‍ ഈടാക്കുന്നുണ്ട് എന്ന് പരാതിയുണ്ട്. ഇത് നീതീകരിക്കാവുന്ന കാര്യമല്ല.

ഇവിടെ സംസ്ഥാനം ആവശ്യമുന്നയിച്ചത് കേന്ദ്ര ഗവണ്‍മെന്‍റിനോടാണ്. അത് രോഗമുള്ളവരെയും ഇല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവന്ന് അപകടം ഉണ്ടാക്കരുത് എന്നാണ്. പരിശോധന സുഗമമാക്കുന്നതിന് എംബസികള്‍ വഴി ഇന്ത്യാ ഗവണ്‍മെന്‍റ് ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കണം എന്ന് പ്രധാനമന്ത്രിയോട് നാം ആവശ്യപ്പെട്ടിട്ടുണ്ട്.

പരിശോധനക്ക് സൗകര്യങ്ങളില്ലാത്ത രാജ്യങ്ങളുണ്ടെങ്കില്‍ അവരുമായി ഈ പ്രത്യേക സാഹചര്യത്തിന്‍റെ പ്രാധാന്യ കണക്കിലെടുത്ത് കേന്ദ്ര ഗവണ്‍മെന്‍റ് ബന്ധപ്പെടണം. അങ്ങനെ വന്നാല്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ഇറ്റലിയില്‍ കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കുമ്പോള്‍ രാജ്യം അത് ചെയ്തിട്ടുണ്ട്.
ആവര്‍ത്തിച്ചു പറയാനുള്ളത്,  ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലും വന്ദേ ഭാരത് വിമാനങ്ങളിലും വരുന്നവര്‍ക്ക് പരിശോധന വേണമെന്നതാണ് നമ്മുടെ നിലപാട്.

വിദേശത്ത് നിന്ന് നാട്ടിലെത്തുന്ന 1.5 ശതമാനം ആളുകള്‍ക്ക് കോവിഡ്

നിലവിലെ സ്ഥിതിയില്‍ വിദേശത്തുനിന്നും ഇവിടെ വരുന്നവരില്‍ 1.5 ശതമാനം ആളുകള്‍ കോവിഡ് പോസിറ്റീവായി കാണപ്പെടുന്നു. യാത്രക്കാരുടെ എണ്ണം രണ്ടു ലക്ഷത്തിലധികമായി വര്‍ദ്ധിക്കുമ്പോള്‍ കോവിഡ് പോസിറ്റീവ് ആയ ആളുകളുടെ എണ്ണവും വര്‍ദ്ധിക്കാന്‍ എല്ലാ സാധ്യതയുമുണ്ട്. ഉദ്ദേശം രണ്ടു ശതമാനം ആളുകള്‍ കോവിഡ് പോസിറ്റീവായാല്‍ വിദേശത്തുനിന്നു വരുന്നവരില്‍ നാലായിരത്തോളമാളുകള്‍ കോവിഡ് പോസിറ്റീവാകും. ഇവരില്‍ നിന്നും സമ്പര്‍ക്കംമൂലം കൂടുതല്‍ ആളുകളിലേയ്ക്ക് രോഗം വ്യാപിക്കുകയും ചെയ്യും.  ഇത് സമൂഹ വ്യാപനത്തിലേയ്ക്കും നയിച്ചേക്കാം.

ഇതുവരെ സംസ്ഥാനത്ത് എത്തിച്ചേര്‍ന്നവരുടെയും വിമാനങ്ങളുടെയും ചില വിവരങ്ങള്‍ കൂടി പറയേണ്ടതുണ്ട്. വന്ദേ ഭാരത് മിഷന്‍ അനുസരിച്ച് 179 വിമാനങ്ങളാണ് വന്നത്. 124 സ്വകാര്യ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍. ആകെ 303. ജൂണ്‍ 24 വരെ 149 ഫ്ളൈറ്റുകള്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്. വന്ദേഭാരത് മിഷന്‍റെ ഭാഗമായി 171ഉം സ്പൈസ് ജെറ്റിന്‍റെ നൂറുമായാല്‍ 420 ഫ്ളൈറ്റുകള്‍ വരാനുണ്ട്.

ഇന്നലെ വരെ (ജൂണ്‍ 16ന്) 1366 പോസിറ്റീവ്  കേസുകളാണുള്ളത്. ഇതില്‍ 1246 എണ്ണവും വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരില്‍ നിന്നുമാണ്.  മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുടെ എണ്ണം 533 ആണ്.  വിദേശത്തു നിന്നും വന്നവരുടെ എണ്ണം 713 ആണ്. മൊത്തം കേസുകളുടെ 52.19 ശതമാനം വിദേശത്തുനിന്നും വന്നവരാണ്. വിദേശത്തുനിന്നുള്ള സഹോദരീസഹോദരന്‍മാരെ സ്വാഗതം ചെയ്യുന്നതോടൊപ്പം രോഗവ്യാപനം അവരിലും മറ്റുള്ളവരിലും തടയേണ്ടത് ആവശ്യമാണ്. അതിനുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

ഇന്നത്തെ സാഹചര്യത്തില്‍ സാമ്പത്തിക പ്രയാസം നേരിടുന്ന പ്രവാസികള്‍ ധാരാളമുണ്ടാകും. അവര്‍ക്ക് സൗജന്യമായി ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. യാത്ര ആരംഭിക്കുന്ന വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധനക്ക് പ്രത്യേക സൗകര്യമുണ്ടാക്കണം.

കോവിഡ് ബാധിച്ചവരെ പ്രവേശിപ്പിക്കില്ല എന്നും പറഞ്ഞിട്ടില്ല. പരിശോധന നടത്തണമെന്ന ആവശ്യത്തെ മറ്റു തരത്തില്‍ വ്യാഖ്യാനിച്ച് സര്‍ക്കാര്‍ പ്രവാസികള്‍ക്കെതിരാണ് എന്ന് പ്രചരിപ്പിക്കാനുള്ള ദുരുപദിഷ്ടമായ നീക്കമാണ് നടക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ അതില്‍ ഒരു കേന്ദ്ര സഹമന്ത്രി കൂടെ ഭാഗഭാക്കായിരിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.