തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിദിന കണക്കുകളിലെ ഏറ്റവും ഉയർന്ന തോതാണിത്. അതേസമയം, പത്ത് പേരുടെ ഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പാലക്കാട് ജില്ലയിലാണ്, 29.

ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ

പാലക്കാട് – 29
കണ്ണൂർ – 8
കോട്ടയം – 6
മലപ്പുറം – 5
എറണാകുളം – 5
തൃശ്ശൂർ – 4
കൊല്ലം – 4
കാസർഗോഡ് – 3
ആലപ്പുഴ – 3

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 27 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. മഹാരാഷ്ട്രയിൽ നിന്നെത്തിയ 15 പേർക്കും തമിഴ്നാട്ടിൽ നിന്നെത്തിയ 9 പേർക്കും പുറമെ ഗുജറാത്തിൽ നിന്നു വന്ന അഞ്ച് പേർക്കും കർണാടകയിൽ നിന്നുള്ള ഒരാൾക്കും പോണ്ടിച്ചേരി, ഡൽഹി എന്നിവിടങ്ങളിൽ നിന്നും കേരളത്തിലെത്തിയ ഓരോരുത്തർക്കും വൈറസ് ബാധ കണ്ടെത്തി. ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 936 ആയി. 415 പേർ നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അതേസമയം, കേരളത്തിൽ കോവിഡ്-19 നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു. 104336 പേർ സംസ്ഥാനത്താകെ നിരീക്ഷണത്തിലാണ്. ഇതിൽ 103528 പേർ വീടുകളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലുമാണ്. 808 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് മാത്രം 186 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതുവരെ സംസ്ഥാനത്ത് 56704 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 54836 എണ്ണവും രോഗബാധയില്ലായെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 8599 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്, ഇതിൽ 8174 എണ്ണവും നെഗറ്റീവാണ്. കേരളത്തിൽ പുതിയതായി 9 ഹോട്ട്സ്‌പോട്ടുകൾ കൂടി ഉൾപ്പെടുത്തി. കാസർഗോഡ്, കോട്ടയം ജില്ലകളിൽ മൂന്നും കണ്ണൂർ ജില്ലയിൽ രണ്ടും പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒന്ന് വീതവുമാണ് പുതിയതായി ഉൾപ്പെടുത്തിയ ഹോട്ട്സ്‌പോട്ടുകൾ. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം 68 ആയി.

കേരളം കോവിഡ് പ്രതിരോധത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക്

വിദേശ രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ സംസ്ഥാനത്തേക്ക് എത്തുന്നതോടെ കേരളം കോവിഡ് പ്രതിരോധത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാനും ജനപ്രതിനിധികളുടെ സഹകരണം അഭ്യർത്ഥിക്കാനും എംപിമാരുമായും എംഎൽഎമാരുമായും വീഡിയോ കോൺഫറൻസ് നടത്തി. യോഗത്തിൽ സർക്കാർ നടപടികൾക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ എംപിമാരും എംഎൽഎമാരും പിന്തുണ അറിയിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മഹാമാരിയെ നേരിടുന്നതിന് കേരളം തുടർന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ജാഗ്രത ശക്തിപ്പെടുത്തുന്നതിന് ചില നിർദേശങ്ങളും ജനപ്രതിനിധികൾ പങ്കുവച്ചതായും സർക്കാർ അത് ഗൗരവകരമായി തന്നെ പരിഗണിക്കുമെന്നും മുഖ്യമന്ത്രി. മൂന്ന് പേരൊഴികെ മറ്റെല്ലാ മന്ത്രിമാരും പ്രതിപക്ഷ നേതാവ്, സ്‌പീക്കർ, കേന്ദ്ര വിദേശകാര്യ മന്ത്രി വി.മുരളീധരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വിദേശരാജ്യങ്ങളിൽ നിന്ന് വരാനാഗ്രഹിക്കുന്നവരുടെ കാര്യത്തിൽ ആശങ്ക വേണ്ട

വിദേശരാജ്യങ്ങളിൽ നിന്ന് വരാനാഗ്രഹിക്കുന്നവർക്ക് കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. മുൻഗണന വിഭാഗത്തിൽ നിന്നുള്ളവരെ ആദ്യം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരുടെ മക്കൾക്ക് കേരളത്തിലേക്ക് വിദ്യാലയങ്ങളിൽ തുടർന്ന് പഠിക്കുന്നതിന് തടസമുണ്ടാകില്ല.

അന്തർജില്ല ബസ് സർവീസ് ആരംഭിക്കുന്ന സമയത്ത് ജലഗതാഗതവും പരിഗണിക്കുമെന്നും മുഖ്യമന്ത്രി. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികൾക്ക് തിരിച്ചുപോകാൻ യാത്രാസൗകര്യമില്ലാത്ത വിഷയവും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഹോട്ട്സ്‌പോട്ടിൽ നിന്ന് വരുന്നവർക്ക് പ്രത്യേക സൗകര്യമൊരുക്കും.

തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരിക എന്നതാണ് സർക്കാർ നിലപാട്. എന്നാൽ പ്രവാസികളാകെ ഒന്നിച്ചെത്തിയാൽ വലിയ പ്രശ്നമുണ്ടാക്കും. ലക്ഷകണക്കിന് ആളുകൾ കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു. ഇതിൽ വിസ കാലാവധി കഴിഞ്ഞവരും വിദ്യാർഥികളുമടക്കം നിരവധിപേരുണ്ട്. ഇവർക്ക് മുൻഗണന നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കെത്താൻ ഇതുവരെ 380000 പേർ രജിസ്റ്റർ ചെയ്തു. ഇവരിൽ 216000 പേർക്ക് പാസ് അനുവദിച്ചു. 101779 പേരാണ് സംസ്ഥാനത്തേക്ക് ഇതുവരെ എത്തിയത്. വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങാൻ നോർക്ക വഴി രജിസ്റ്റർ ചെയ്തത് 134000 പേരാണ്. മേയ് 25 വരെ 11189 നാട്ടിലെത്തുകയും ചെയ്തു. പ്രവാസികൾ കേരളത്തിലേക്ക് എത്തുമ്പോൾ ചില ക്രമീകരണങ്ങൾ ആവശ്യമാണെന്ന് മുഖ്യമന്ത്രി.

രോഗവ്യാപനം കൂടുതലായുള്ള പ്രദേശങ്ങളിൽ നിന്ന് എത്തുന്നവരെ പുറന്തള്ളുന്ന നയമില്ലെന്നും മുഖ്യമന്ത്രി. അവരെ കരുതലോടെ തന്നെ സ്വീകരിക്കും. ഒരു ഘട്ടത്തിൽ കേരളത്തിൽ ചികിത്സയിലുണ്ടായിരുന്നവരുടെ എണ്ണം 16 ആയിരുന്നു. എന്നാൽ ഇന്നലെ അത് 415 ആയി. പുറത്ത് നിന്ന് ആളുകൾ വരുമ്പോൾ സ്വാഭാവികമായ വർധനവ് രോഗികളുടെ എണ്ണത്തിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്പർക്കത്തിലൂടെ രോഗം പടരുന്നത് തടയാൻ സർക്കാർ എടുത്ത നടപടികൾ ഫലം കണ്ടു. കേരളം ഒന്നിച്ച് നിന്നാണ് ഈ പ്രവർത്തനം നടത്തിയത്. ഇതുവഴി രോഗവ്യാപനം തടയാൻ കഴിഞ്ഞു. ആരോടും ഒരു വിവേചനവുമില്ലെന്നും മറ്റ് മാർഗ്ഗങ്ങളില്ലാത്തതിനാലാണ് നിയന്ത്രണങ്ങളെന്നും മുഖ്യമന്ത്രി. ഇല്ലെങ്കിൽ സമൂഹ വ്യാപനത്തിലേക്കുൾപ്പെടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില പ്രദേശങ്ങളിൽ ഇപ്പോൾ തന്നെ രോഗം വലിയ രീതിയിൽ വ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനം സമ്മതിക്കാത്ത പ്രശ്നമില്ല

രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിൽ നിന്നും കൂടുതൽ ട്രെയിനുകൾ കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇതിന് സംസ്ഥാനം അനുമതി നൽകാത്ത പ്രശ്നമില്ല. രജിസ്റ്റർ ചെയ്തവർ തന്നെവേണം എത്താൻ. റെയിൽ സ്റ്റേഷനിൽ തന്നെ പരിശോധിച്ച് ക്വാറന്റൈനിലേക്കയക്കുകയാണ് ചെയ്യുന്നത്. എന്നാൽ വീട്ടിൽ ക്വാറന്റൈനിൽ പോകാൻ വേണ്ട സൗകര്യമുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇതിന് യാത്രക്കാരുടെ വിവിരങ്ങൾ മുൻകൂട്ടി ലഭിക്കണം. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് ട്രെയിൻ അയക്കാൻ തീരുമാനിച്ചത് സംസ്ഥാനത്തിന് യാതൊരു അറിയിപ്പും ലഭിക്കാതെയാണ്. ഇത് സംസ്ഥാനത്തിന്റെ കരുതലിനെ അട്ടിമറിക്കുന്ന പ്രശ്നമാണ്.

ഇളവുകൾ ദുർവ്യാഖ്യാനം ചെയ്യുന്നു

ലോക്ക്ഡൗണിന്റെ വിവിധ ഘട്ടങ്ങളിൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ കടകളിലും മാർക്കറ്റുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ രീതി തുടരാനാകില്ല. ജാഗ്രതയിൽ കുറവ് വന്നുകൂട. നിയന്ത്രണങ്ങൾ നടപ്പിലാക്കുമ്പോൾ തന്നെ ജനങ്ങൾക്ക് ജീവനോപാധിക്ക് വേണ്ട നടപടികൾ വേണം. കോവിഡിനെതിരായ പോരാട്ടത്തിൽ ജനങ്ങളെയാകെ അണിനിരത്തണം.

വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് നിയന്ത്രണമുണ്ട്. മരണത്തിന് 20 പേരെയാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ ഇത് ഒരു സമയം 20 എന്ന് ദുർവ്യാഖ്യാനിച്ച് പല സമയങ്ങളിൽ ആളുകൾ വീടുകളിൽ കയറി ഇറങ്ങുന്നു. വിവാഹത്തിന് പരമാവധി 50 പേർക്കാണ് പങ്കെടുക്കാവുന്നത്. ഇത് ലംഘിച്ച് വിവാഹത്തിന് മുമ്പും ശേഷവും ആളുകൾ കൂടുന്നു. ഇക്കാര്യങ്ങളിലെല്ലാം കൂടുതൽ കർശനമായി നിലപാട് വേണ്ടിവരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.