തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 80 ആയി. ഇന്ന് മാത്രം 16 പേർക്കാണ് കേരളത്തിൽ രോഗ ബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വയനാട് ജില്ലയിൽ അഞ്ച് പേർക്കും മലപ്പുറം ജില്ലയിൽ നാല് പേർക്കും വൈറസ് സ്ഥിരീകരിച്ചപ്പോൾ ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രണ്ട് പേർക്ക് വീതമാണ് രോഗം. കൊല്ലം, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ന് ആർക്കും രോഗം ഭേദമായില്ല.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏഴ് പേർ വിദേശത്ത് നിന്നെത്തിയവരാണ്. തമിഴ്നാട്ടിൽ നിന്നെത്തിയ നാല് പേർക്കും മുംബൈയിൽ നിന്നുള്ള രണ്ട് പേർക്കും കോവിഡ്-19 സ്ഥിരീകരിച്ചു. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.

ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 576 ആയി. 80 പേരാണ് ചികിത്സയിലുള്ളത്. 48825 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഇവരിൽ 48287 പേർ വീടുകളിലും 538 പേർ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മലപ്പുറം ജില്ലയിലാണ്, 36. കോഴിക്കോട് 17 പേരെയും കാസർഗോഡ് 16 പേരെയും ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ചികിത്സയിലുള്ളത് വയനാട് ജില്ലയിലാണ്,19 പേർ. ഇതുവരെ 42201 സാമ്പിളുകൾ പരിശോധിച്ചതിൽ 40639ഉം രോഗബാധയില്ലായെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി 4630 സാമ്പിളുകൾ ശേഖരിച്ചതിൽ 4424 എണ്ണവും നെഗറ്റീവാണ്. സംസ്ഥാനത്ത് നിലവിൽ 16 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.

കേരളത്തിലെ കണക്ക് ഒറ്റനോട്ടത്തിൽ

ഇതുവരെ രോഗം സ്ഥിരീകരിച്ചവർ – 576
നിലവിൽ ചികിത്സയിലുള്ളവർ – 80
വിദേശത്ത് നിന്നെത്തിയ രോഗബാധിതർ – 311
വിദേശികളായ രോഗബാധിതർ – 8
മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ രോഗബാധിതർ – 70
സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായവർ – 187
ഹോട്ട്സ്‌പോട്ടുകൾ – 16
നിരീക്ഷണത്തിലുള്ളവർ – 48825

സമ്പർക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യത കൂടുതൽ

സംസ്ഥാനത്ത് കേസുകളുടെ എണ്ണം വർധിക്കുന്നത് ആശങ്കയുളവാക്കുന്നു. സമ്പർക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ തന്നെ ജാഗ്രത വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക അകലം പാലിക്കണം, മാസ്ക് ധരിക്കണം, ക്വറന്റൈനിൽ കഴിയുന്നവർ പുറത്തിറങ്ങാൻ പാടില്ലാ എന്നീ നിർദേശങ്ങൾ അദ്ദേഹം ആവർത്തിച്ചു.

ക്വറന്റൈനിലുള്ളവരെ നിരീക്ഷിക്കാൻ മോട്ടോർ സൈക്കിൾ ബ്രിഗേഡ്

നിരീക്ഷണത്തിലുള്ളവരുടെ പരിസരങ്ങളിൽ പൊലീസുകാർ ബൈക്കിലെത്തി സ്ഥിതിവിവരങ്ങൾ മനസിലാക്കുകയും വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിക്കാനുമാണിത്. ശനിയാഴ്ച ദിവസങ്ങളിലെ സർക്കാർ അവധി തുടരുന്ന കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി. വീടുകളിൽ ക്വറന്റൈനിൽ കഴിയുന്നവർ നിർദേശങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് ഇന്ന് മാത്രം സംസ്ഥാനത്ത് 65 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 53ഉം തിരുവനന്തപുരം ജില്ലയിലാണ്. കാസർഗോഡ് 11 കേസും കോഴിക്കോട് ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കേരളത്തിലെത്തിയത് 3732 പ്രവാസികൾ

കേരളത്തിലെ നാല് വിമാനത്താവളങ്ങളിലുമായി 17 വിമാനങ്ങളിലും കൊച്ചി തുറമുഖം വഴി മൂന്ന് കപ്പലുകളിലുമായി 3732 പ്രവാസികളാണ് സംസ്ഥാനത്തെത്തിയത്. കേരളത്തിൽ നിന്ന് 29 ട്രെയിനുകളിലായി 33000 കുടിയേറ്റ തൊഴിലാളികളും മറ്റ് സംസ്ഥാനങ്ങളിലേക്ക് മടങ്ങിയിട്ടുണ്ട്. അതിർത്തി ചെക്ക് പോസ്റ്റിലൂടെ ഇതുവരെ 47151 പേർ കേരളത്തിലെത്തി.

കേരളത്തിലേക്ക് എട്ട് സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ സർവീസ്

കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവരെ മടക്കി കൊണ്ടുവരുന്നതിന് എട്ട് സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ സർവീസിന് റെയിൽവേ അനുമതി. അഞ്ച് സംസ്ഥാനങ്ങളും നിലവിൽ അതിന് അനുമതി നൽകിയിട്ടുണ്ട്. ബാംഗ്ലൂർ-തിരുവനന്തപുരം ഐലൻഡ് എക്സപ്രസ് ദിവസേന സർവീസ് നടത്തും. മേയ് 18 മുതൽ ജൂൺ 14 വരെ കേരളത്തിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് 28 ട്രെയിനുകൾ സർവീസ് നടത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.