തിരുവനന്തപുരം: കേരളത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. ഇന്ന് മാത്രം 26 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം മൂന്ന് പേർക്ക് രോഗം ഭേദമായെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പത്ത് പേർ കാസർഗോഡ് ജില്ലക്കാരാണ്. മലപ്പുറം ജില്ലയിൽ അഞ്ച് പേർക്കും പാലക്കാട് വയനാട് ജില്ലകളിൽ മൂന്ന് പേർക്ക് വീതവും രോഗം സ്ഥിരീകരിച്ചപ്പോൾ കണ്ണൂരിൽ രണ്ട് പേർക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേർക്കും കണ്ണൂരിൽ ഒരാൾക്കുമാണ് ഇന്ന് രോഗം ഭേദമായത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണ്. വിദേശരാജ്യങ്ങളിൽ നിന്നെത്തിയ ഏഴ് പേർക്കും മുംബൈയിൽ നിന്നെത്തിയ രണ്ട് പേർക്കും ചെന്നൈയിൽ നിന്നെത്തിയ രണ്ട് പേർക്കും ബാംഗ്ലൂരിൽ നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 11പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ചയാളുടെ സ്രവം മുൻഗണന പട്ടികയിലാണ് പരിശോധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കാസർഗോഡുള്ള രണ്ട് പേർ ആരോഗ്യ പ്രവർത്തകരും വയനാട്ടിലെ ഒരു പൊലീസുകാരനും ഉൾപ്പെടുന്നു.

വിപത്തിന്റെ സൂചന

രോഗികളുടെ എണ്ണം വർധിക്കുന്നത് വരാനിരിക്കുന്ന വിപത്തിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ കുറച്ച് നാളുകളായി കോവിഡ്-19 ബാധിക്കുന്ന പുതിയ കേസുകളുടെ എണ്ണം ഒറ്റ അക്കത്തിലാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്നലെ അത് പത്തായെന്നും ഇന്ന് 26ലേക്ക് എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ പ്രതിസന്ധി മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരും ജനങ്ങളും ഒന്നായി നിന്ന് തന്നെ പ്രതിസന്ധിയെ മറികടക്കാനാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം കുറഞ്ഞു

സംസ്ഥാനത്ത് ഇതുവരെ 560 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 64 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 36910 പേർ നിരീക്ഷണത്തിലുണ്ട് ഇവരിൽ 36362 പേർ വീടുകളിലും 548 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. സംസ്ഥാനത്തെ ഹോട്ട്സ്‌പോട്ടുകളുടെ എണ്ണവും 15 ആയി കുറഞ്ഞു. സംസ്ഥാനത്ത് ഇന്ന് വരെ 40692 സാമ്പിളുകൾ പരിശോധിച്ചതിൽ 39610 രോഗബാധയില്ലായെന്ന് ഉറപ്പാക്കി. മുൻഗണന വിഭാഗത്തിൽ 4347 സാമ്പിളുകൾ പരിശോധിച്ചതിൽ 4249ഉം നെഗറ്റീവാണ്.

ലോക്ക്ഡൗൺ തുറന്നാലും ഇല്ലെങ്കിലും നമ്മൾ കൊറോണയെ കരുതികൊണ്ട് വേണം ജീവിക്കാൻ

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പ്രകാരം കോവിഡ്-19 ഒരിക്കലും ഇല്ലാതാകുകയില്ലെന്നാണ്. വാക്സിന്റെ അഭാവത്തിൽ എച്ച്ഐവിയെ പോലെ തന്നെ ലോകത്താകമാനം നിലനിൽക്കാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പൊതുസമൂഹത്തിന്റെയാകെ രോഗപ്രതിരോധശേഷി വർധിപ്പിക്കുകയെന്നതും കോവിഡ്-19നെ ചികിത്സിച്ച് ഭേദമാക്കുന്ന പ്രത്യേക ചികിത്സ പ്രോട്ടൊകോൾ പാലിക്കേണ്ടതും പരമപ്രധാനമാണ്. അത്തരത്തിലുള്ള ഇടപ്പെടലുകളിലേക്കാണ് ശ്രദ്ധ നൽകുന്നത്.

ഇതോടൊപ്പം പൊതുസമൂഹം ജീവിതശൈലിയിൽ ചില മാറ്റങ്ങൾ ഉൾകൊള്ളണം. അതിൽ ഏറ്റവും പ്രധാനം മാസ്ക് പൊതുജീവിത്തതിന്റെ ഭാഗമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തിക്കുംതിരക്കും ഉണ്ടാകത്ത വിധം കച്ചവടവും പൊതുഗതാഗതവും ക്രമീകരിക്കണം. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക. അതിൽ തന്നെ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കുക. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും മുൻകൂട്ടി സമയം ക്രമീകരിക്കുന്നതും ആലോചിക്കണം.

പ്രവാസികൾക്കൊപ്പം നാടുണ്ട്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 124 മലയാളികളാണ് കോവിഡ്-19 ബാധിച്ച് മരണപ്പെട്ടതെന്നും അവരുടെ വേർപാട് വേദനജനകമാണെന്നും മുഖ്യമന്ത്രി. ഇവരുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി. പ്രതിരോധ പ്രവർത്തനങ്ങളിൽ അതാത് രാജ്യങ്ങൾ പുറപ്പെടുവിക്കുന്ന മുൻകരുതൽ നടപടികൾ പ്രവാസി മലയാളികൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പ്രവാസികൾക്കൊപ്പം നാടൊപ്പമുണ്ടെന്നും മുഖ്യമന്ത്രി.

വികാരമല്ല വിചാരമാണ് നയിക്കേണ്ടത്

പാസില്ലാതെ ആളുകളെ കടത്തി വിടുന്നത് അപകടമുണ്ടാക്കുമെന്നും നമ്മുടെ സംവിധാനങ്ങളെ തകർക്കുമെന്നും മുഖ്യമന്ത്രി. അതിന് ഏറ്റവും വലിയ ഉദ്ദാഹരണമാണ് മേയ് ഒമ്പതിന് വാളയാർ വഴി ചെന്നൈയിൽ നിന്നുമെത്തിയ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചത്. അനധികൃതമായ കടക്കാൻ ശ്രമിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്നും വികാരമല്ല വിചാരമാണ് എല്ലാവരെയും നയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ നാടകം കളിക്കേണ്ട സമയമല്ല

വാളയാറിൽ അന്നേദിവസമുണ്ടായിരുന്ന നൂറിലധികം ആളുകളെയും പൊലീസുകാരെയും മാധ്യമപ്രവർത്തകരെയും ഹോം ക്വറന്റൈനിൽ വിടാനും നിർദേശം. രോഗി ചികിത്സ തേടിയ ആശുപത്രിയിലെ നഴ്സുമാർ ഹോസ്പിറ്റൽ ക്വറന്റൈനിലും കഴിയും. ലക്ഷണമുള്ളവരുടെ സ്രവം പരിശോധിക്കാനും തീരുമാനം. എന്നാൽ സമ്പർക്കപട്ടിക അന്തിമമല്ല. രാഷ്ട്രീയ നാടകം കളിക്കേണ്ട സമയമല്ലെന്നും ഉത്തരവാദിത്വപ്പെട്ടവർ അങ്ങനെ പെരുമാറണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിലേക്ക് കൂടുതൽ സ്‌പെഷ്യൽ ട്രെയിനിനായി ശ്രമം

ഡൽഹിയിൽ നിന്നുള്ള ആദ്യ ട്രെയിൻ നാളെ പുലർച്ചെ കേരളത്തിലെത്തും. രാജ്യത്ത് മറ്റ് നഗരങ്ങളിൽ നിന്നും കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾക്കായുള്ള ശ്രമം തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡൽഹി, മുംബൈ, കൊൽക്കത്ത, ബംഗ്ലൂർ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിൽ നിന്ന് കൂടുതൽ നോൺ സ്റ്റോപ് ട്രെയിനുകൾ വേണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയിലിനോട് വീണ്ടും ആവർത്തിച്ച് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

സ്കൂള്‍ പ്രവേശനം

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും 2020-21 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടി മെയ് 18ന് ആരംഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നേരിട്ടെത്തി പ്രവേശനം നേടാവുന്നതാണ്. ഈ വിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ വഴിയും പ്രവേശനം നല്‍കും. ഇതിനുള്ള സംവിധാനം കൈറ്റ് ലഭ്യമാക്കും.

ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിക്കാന്‍ കഴിയാത്തവര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എസ്സി, എസ്ടി വിഭാഗത്തിലെ കുട്ടികള്‍, മലയോരമേഖലകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍, ഗോത്രമേഖലയിലെ കുട്ടികള്‍, തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ വിഭാഗക്കാര്‍ക്കുവേണ്ടി 200 കേന്ദ്രങ്ങളില്‍ പരീക്ഷാ പരിശീലന സൗകര്യമൊരുക്കും. ഇരുപതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടും അല്ലാതെയും പരിശീലനം ലഭ്യമാക്കും. പ്രാദേശിക പ്രതിഭാകേന്ദ്രങ്ങള്‍, ഊരുവിദ്യാകേന്ദ്രങ്ങള്‍ എന്നിവ വഴിയാണ് ഇത് നടപ്പാക്കുക.

അധിക പഠനസാമഗ്രികള്‍, മാതൃകാപരീക്ഷാ ചോദ്യപേപ്പറുകള്‍, പഠനസഹായികള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് വിതരണം ചെയ്യും. 10, 11, 12 ക്ലാസുകളില്‍പ്പെട്ട പൊതുപരീക്ഷ എഴുതുന്ന കുട്ടികള്‍ക്കാണ്  ഈ സംവിധാനം പ്രയോജനപ്പെടുക.

മഴയ്ക്ക് മുമ്പ് തയ്യാറെടുപ്പ്

ഈ വര്‍ഷം സാധാരണ നിലയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ സൂചപ്പിക്കുന്നത്. കാലവര്‍ഷം സാധാരണ നിലയിലായാല്‍ തന്നെ, ആഗസ്റ്റില്‍ അതിവര്‍ഷം ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. കോവിഡ് 19 മാഹാമാരിയെ അകറ്റാന്‍ പോരാടുന്ന സംസ്ഥാനത്തിന് ഇതു മറ്റൊരു ഗുരുതര വെല്ലുവിളിയാകും. ഈ സാഹചര്യം മുന്നില്‍ കണ്ട് അടിയന്തര തയ്യാറെടപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡിനൊപ്പം കാലവര്‍ഷക്കെടുതി നേരിടുന്നതിനുള്ള പദ്ധതി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്.

ക്വാറന്‍റൈന്‍ സൗകര്യങ്ങള്‍ക്കായി സര്‍ക്കാര്‍ 27,000 കെട്ടിടങ്ങള്‍ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ബാത്ത്റൂമോടു കൂടിയ രണ്ടര ലക്ഷത്തിലേറെ മുറികളുണ്ട്. അടിയന്തര സാഹചര്യം വന്നാല്‍ ഉപയോഗിക്കാനുള്ള കെട്ടിടങ്ങള്‍ വേറെയും കണ്ടെത്തിയിട്ടുണ്ട്. ഇതിന് സമാന്തരമായാണ് വെള്ളപ്പൊക്കമുണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള വെല്ലുവിളി. ഇതിനുവേണ്ടി ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഏതു മോശമായ സാഹചര്യവും നേരിടാന്‍ നാം തയ്യാറെടുത്തേ പറ്റൂ.

കോവിഡ് 19 വ്യാപന ഭീഷണിയുള്ളതുകൊണ്ട് വെള്ളപ്പൊക്കം കാരണം ഒഴിപ്പിക്കപ്പെടുന്നവരെ സാധാരണപോലെ ഒന്നിച്ച് പാര്‍പ്പിക്കാന്‍ കഴിയില്ല. നാലുതരത്തില്‍ കെട്ടിടങ്ങള്‍ വേണ്ടിവരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റി കാണുന്നത്. പൊതുവായ കെട്ടിടം, പ്രായം കൂടിയവര്‍ക്കും മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേക കെട്ടിടം, കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് വേറെ, വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ ഇങ്ങനെ നാലു വിഭാഗങ്ങള്‍.

ഇന്ന് രാവിലെ ചേര്‍ന്ന ഉന്നതതല യോഗം സ്ഥിതഗതികള്‍ വിലയിരുത്തുകയുണ്ടായി. വെള്ളത്തിന്‍റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ നദികളിലെയും തോടുകളിലെയും ചാലുകളിലെയും എക്കലും മാലിന്യവും മഴ തുടങ്ങും മുമ്പ് നീക്കാനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രവൃത്തികള്‍ രണ്ടാഴ്ചയ്ക്കകം തീര്‍ക്കണം. അണക്കെട്ടുകളിലെ സ്ഥിതിയും തുടര്‍ച്ചയായി വിലയിരുത്തുന്നുണ്ട്. ഇടുക്കി ഉള്‍പ്പെടെ വലിയ അണക്കെട്ടുകളൊന്നും  തുറക്കേണ്ടിവരില്ല.

സര്‍ക്കാരിന്‍റെ സന്നദ്ധം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മാര്‍ക്ക് അടിയന്തരമായി ദുരന്തപ്രതികരണ കാര്യങ്ങളില്‍ പരിശീലനം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിക്കായിരിക്കും ഇതിന്‍റെ ചുമതല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook