തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 83 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ഒറു കോവിഡ് മരണം കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂർ ഇരിട്ടി സ്വദേശിയാണ് മരിച്ചത്. ഇയാൾക്ക് കരൾ രോഗമുണ്ടായിരുന്നെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അതേസമയം ഇന്ന് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 62 പേരുടെ ഫലം നെഗറ്റീവായി. ഒരു ദിവസം രോഗം ഭേദമാകുന്നവരുടെ ഏറ്റവും ഉയർന്ന കണക്കാണിത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 27 പേർ വിദേശത്ത് നിന്നെത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 37 പേർക്കും അഞ്ച് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ നാല് പേർ തൃശൂർ കോർപ്പറേഷനിലെ ശുച്വീകരണ തൊഴിലാളികളാണ്. നാല് പേർ വെയർ ഹൗസിലെ ചുമട്ട് തൊഴിലാളികളുമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തൃശൂർ – 25
പാലക്കാട് – 13
മലപ്പുറം – 10
കാസർഗോഡ് – 10
കൊല്ലം – 8
കണ്ണൂർ – 7
പത്തനംതിട്ട – 5
എറണാകുളം – 2
കോട്ടയം – 2
കോഴിക്കോട് – 1

ഇവരിൽ മഹാരാഷ്ട്രയിൽ നിന്ന് വന്ന 20 പേരും ഡൽഹിയിൽ നിന്നെത്തിയ ഏഴ് പേരും ഉൾപ്പെടുന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനത്തേക്കെത്തിയ നാല് പേർക്കും പശ്ചിമ ബംഗാൾ മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് രോഗം ഭേദമായത്

തിരുവനന്തപുരം – 16
പാലക്കാട് – 13
കണ്ണൂർ – 8
തൃശൂർ – 7
എറണാകുളം – 6
കാസർഗോഡ് – 5
കോഴിക്കോട് – 3
മലപ്പുറം – 2
കൊല്ലം – 2

35 ഹോട്ട്സ്‌പോട്ടുകളെ പട്ടികയിൽ നിന്ന് ഒഴിവാക്കി

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2244 ആയി. നിലവിൽ 1258 പേരാണ് സംസ്ഥാനത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 218949 ആയും വർധിച്ചു. ഇതിൽ 1922 പേർ ആശുപത്രികളിലാണ്. സംസ്ഥാനത്താകെ 1003057 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു ഇതിൽ 2877 സാമ്പിളുകളുടെ പരിശോധന ഫലം ഇനിയും വരേണ്ടതാണ്. സംസ്ഥാനത്ത് ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം 133 ആണ്. 35 ഹോട്ട്സ്‌പോട്ടുകളെ പട്ടികയിൽ നിന്ന് ഒഴിവാക്കി.

സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയവരിൽ 63 ശതമാനം റെഡ് സോണിൽ നിന്ന്

കൊറോണ വൈറസ് പെട്ടന്നൊന്നും ഇല്ലാതാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്. രോഗവ്യാപനത്തിന്റെ തീവ്രത എപ്പോൾ കുറയുമെന്നും പറയാൻ സാധിക്കില്ല. ആ സാഹചര്യത്തിൽ സംസ്ഥാനത്തേക്ക് എത്തിപ്പെട്ടവർ 219492 പേരാണ് മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് എത്തിയവർ 38871 പേർ അതായത് 17.71 ശതമാനം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 180621 പേരും നാട്ടിലെത്തി, അതായത് 82.29 ശതമാനം. റെഡ് സോണിൽ നിന്ന് 63.61 ശതമാനം ആളുകളും എത്തി.

ക്വറന്റീൻ മാർഗരേഖ പുതുക്കുന്നു

  • വീട്ടിൽ നിരീക്ഷണത്തിലുള്ളവർക്ക് ഓരോ കാര്യവും റിപ്പോർട്ട് ചെയ്യാൻ പ്രത്യേകം സംവിധാനം. ഫ്രണ്ട്‌ലൈൻ ട്രീറ്റ്മെന്റ് സൗകര്യവും ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും പോകാവുന്നതാണ്. വിദഗ്ധ സമിതി നിർദേശപ്രകാരം ക്വറന്റീൻ മാർഗരേഖയിൽ മാറ്റം വരുത്തുന്നതായി മുഖ്യമന്ത്രി.
  • വിദേശത്ത് നിന്ന് എത്തുന്നവർ പ്രാഥമിക പരിശോധനകൾക്ക് ശേഷം സത്യവാങ്മൂലം എഴുതി വാങ്ങി വീടുകളിൽ ക്വറന്റീൻ സൗകര്യങ്ങളുള്ളവർക്ക് അവിടേക്ക് പോകാൻ അനുവദിക്കും. സ്വന്തം വാഹനത്തിലോ ടാക്സിയിലോ പോകാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച നിർദേശം നൽകും. നിശ്ചിത സമയത്ത് യാത്രക്കാരൻ വീട്ടിലെത്തിയെന്ന് പൊലീസ് ഉറപ്പ് വരുത്തും.
  • വീട്ടിൽ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. സുരക്ഷിതമായ ക്വറന്റീൻ ഉറപ്പാക്കാൻ വീട്ടുകാർക്ക് ആവശ്യമായ ബോധവൽക്കരണം നടത്തും.
  • നിരീക്ഷണത്തിലുള്ളവർ ക്വറന്റീൻ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കും.
  • വീട്ടിൽ ക്വറന്റീൻ സൗകര്യം ഇല്ലാത്തവർക്ക് സർക്കാർ ക്വറന്റീൻ കേന്ദ്രത്തിലേക്ക് സ്വന്തം വാഹനത്തിലോ ടാക്സിയിലോ പോകാം.
  • പ്രത്യേകമായി ആവശ്യപ്പെടുന്നവർക്ക് പെയ്ഡ് ക്വറന്റീൻ സൗകര്യവും ഒരുക്കി കൊടുക്കും.

വിമാനം വഴിയും ട്രെയിൻ വഴിയും റോഡ് മാർഗവും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്കും പുതിയ മാർഗരേഖ

  • സംസ്ഥാനത്തേക്ക് എത്തുന്നതിന് മുമ്പ് സത്യവാങ്മൂലം നൽകണം.
  • സ്വന്തം വീടോ അനുയോജ്യമായ മറ്റൊരു വീടോ ഇതിനായി തിരഞ്ഞെടുക്കാം.
  • വീട്ടിൽ സൗകര്യമില്ലാത്തവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീനോ പെയ്ഡ് ക്വറന്റീനോ തിരഞ്ഞെടുക്കാം.
  • സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന വിവരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം, പൊലീസ്, കോവിഡ് കെയർ നോഡൽ ഓഫീസർ, ജില്ല ഭരണകൂടം എന്നിവരെ അറിയിക്കണം.

കണ്ടെയ്മെന്റ് സോൺ നിർണയിക്കുന്നതിലും മാറ്റം

  • എല്ലാ ദിവസവും 12 മണിക്ക് മുന്നോടിയായി കണ്ടെയ്മെന്ര് സോൺ വിഞ്ജാപനം ചെയ്യും.
  • പഞ്ചായത്ത് തലത്തിൽ കണ്ടെയ്മെന്റ് സോൺ വാർഡ് തലത്തിലും കോർപ്പറേഷൻ തലത്തിൽ സബ്‌വാർഡ് തലത്തിലുമായിരിക്കും.
  • ചന്ത, കോളനി, സ്ട്രീറ്റ് എന്നിങ്ങനെ പ്രാദേശിക തലത്തിലും കണ്ടെയ്മെന്റ് സോൺ തീരുമാനിക്കാം.
  • പ്രാദേശിക തലത്തിൽ സമ്പർക്കത്തിലൂടെ ഒരാൾക്ക് രോഗം പടർന്നാലും ഒരു വീട്ടിൽ ക്വറന്റീനിൽ കഴിയുന്ന രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചാലും ഒറു വാർഡിൽ പത്ത് പ്രൈമറി കോണ്ടാക്ടിലുള്ളവർ നിരീക്ഷണത്തിലായൽ. ഒരു വാർഡിൽ സെക്കൻഡറി കോണ്ടാക്ടിലുള്ള 25 പേർ നിരീക്ഷണത്തിലായാൽ, രോഗവ്യാപന സാധ്യത വർധിച്ചാലും കണ്ടെയ്മെന്റ് സോണായി മാറുന്നത്.
  • ഏഴ് ദിവസത്തേക്കായിരിക്കും തുടക്കത്തിൽ നിശ്ചയിക്കുക. നീട്ടുന്ന കാര്യം ജില്ല കലക്ടറുടെ ശുപാർശപ്രകാരമായിരിക്കും.
  • വാർഡുകളിലെ 50 ശതമാനത്തിലധികം കണ്ടെയ്മെന്റ് സോണുകളുള്ള തദ്ദേശസ്വയംഭരണ സ്ഥാപനം റെഡ് കളർ കോഡന്റ് ലോക്കൽ സെൽഫ് ഗവൺമെന്റാകും.
  • വിദേശത്ത് നിന്നും മറ്റ് സംസ്ഥാനത്ത് നിന്നും വീട്ടിൽ ക്വറന്റീനിൽ കഴിയുന്ന ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ ആ വീടും അതിനോട് ചേർന്നുള്ള നിശ്ചിത സ്ഥലവും കണ്ടെയ്മെന്റ് സോണാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.