കേരളത്തിൽ പുതിയതായി കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ആദ്യമായി മൂന്നക്കം കടന്ന ദിവസമാണ് ഇന്ന്. സംസ്ഥാനത്ത് ഇന്ന് 111 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരിൽ 50 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തിയ 48 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിനുപുറമെ മൂന്ന് ആരോഗ്യപ്രവർത്തകരിലും വൈറസ് ബാധ കണ്ടെത്തി. അതേസമയം 22 പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

പാലക്കാട് – 40
മലപ്പുറം – 18
പത്തനംതിട്ട – 11
എറണാകുളം – 10
തൃശ്ശൂർ – 8
തിരുവനന്തപുരം – 5
ആലപ്പുഴ – 5
കോഴിക്കോട് – 4
ഇടുക്കി – 3
വയനാട് – 3
കൊല്ലം – 2
കോട്ടയം – 1
കാസർഗോഡ് – 1

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

കാസർഗോഡ് – 7
തൃശ്ശൂർ – 5
എറണാകുളം – 4
ആലപ്പുഴ – 4
തിരുവനന്തപുരം – 1
കോഴിക്കോട് – 1

സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 1697

കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1697 ആയി. ഇതിൽ 973 പേരാണ് സംസ്ഥാനത്ത് വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ളത്. 177106 പേർ കേരളത്തിൽ കോവിഡ് നിരീക്ഷണത്തിലുണ്ട്, ഇവരിൽ 1545 പേർ ആശുപത്രികളിലും ബാക്കിയുള്ളവർ വീടുകളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീനിലുമാണ്. ഇതുവരെ 790074 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധനയ്ക്ക് അയച്ചത്, ഇതിൽ 74769 എണ്ണവും രോഗബാധയില്ലായെന്ന് ഉറപ്പാക്കി. സെന്റിനൽ സർവെയ്ലൻസിന്റെ ഭാഗമായി മുൻഗണന വിഭാഗത്തിൽ ശേഖരിച്ച 19650 സാമ്പിളുകളിൽ 18049 എണ്ണവും നെഗറ്റീവാണ്.

സംസ്ഥാനത്ത് 128 ഹോട്ട്സ്‌പോട്ടുകൾ

കേരളത്തിൽ ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം 128 ആയി. വയനാട് ഇന്ന് പുതിയതായി മൂന്ന് സ്ഥലങ്ങളെകൂടി ഹോട്ട്‌സ്പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഓരോ പ്രദേശങ്ങൾകൂടി ഹോട്ട്സ്‌പോട്ടുകളായി.

ആന്റി ബോഡി ടെസ്റ്റുകൾ ആരംഭിക്കുന്നു

ഐസിഎംആർ വഴി ലഭിച്ച 14000 കിറ്റുകൾ ലഭിച്ചത് ഉപയോഗിച്ച് സംസ്ഥാനത്ത് ആന്റി ബോഡി ടെസ്റ്റുകൾ ആരംഭിക്കാനൊരുങ്ങുന്നതായി മുഖ്യമന്ത്രി. ഒരാഴ്ച 15000 വരെ ടെസ്റ്റുകൾ നടത്തും. സമൂഹവ്യാപനം ഉണ്ടോയെന്ന് നിരീക്ഷിക്കാൻ കൂടി വേണ്ടിയാണിത്. പരിശോധന ഫലം പോസിറ്റീവായാൽ പിസിആർ ടെസ്റ്റു നടത്തും.

കേരളത്തിലേക്ക് മടങ്ങിയെത്തിയവരിൽ 63 ശതമാനവും ഹോട്ട്സ്‌പോട്ടുകളിൽ നിന്ന്

സംസ്ഥാനത്തേക്ക് ഇതുവരെ 177033 ആളുകളാണ് വിവിധ മാർഗങ്ങളിലൂടെ എത്തിയത്. 30363 പേർ വിദേശത്ത് നിന്നും 146670 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമാണ്. 93783 പേരാണ് ഹോട്ട്സ്‌പോട്ടുകളിൽ നിന്നെത്തിയത്. റോഡ് മാർഗം 79 ശതമാനം ആളുകളും റെയിൽ മാർഗം 10.81 ശതമാനം ആളുകളും വിമാനത്തിലൂടെ 9.41 ശതമാനം ആളുകളും കേരളത്തിലെത്തി.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിവരിൽ കൂടുതലും തമിഴ്നാട്ടിൽ നിന്നും വിദേശത്ത് നിന്ന് വന്നവരിൽ യുഎഇയിൽ നിന്നുമുള്ളവരാണ് കൂടുതൽ. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരിൽ 680 പേർ ഇങ്ങോട്ടേയ്ക്ക് എത്തിയവരാണ്. ഇവരിൽ 343 വിദേശികളും 337 മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു.

ഇളവുകൾ രോഗം പകരാനുള്ള സാധ്യതയാകരുത്

രോഗികളുടെ എണ്ണം വലിയ രീതിയിൽ വർധിച്ച ദിവസമാണിന്ന്. ഈ ഘട്ടത്തിലാണ് ലോക്ക്ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളും റെസ്റ്ററന്റുകളും മാളുകളും തുറക്കുന്നതും. ഇത് വെല്ലുവിളിയും ഉത്തരവാദിത്വവും വലിയ രീതിയിൽ വർധിപ്പിക്കുന്നു. ചാർട്ട് ചെയ്ത രീതിയിൽ വിമാനം എത്തിയാൽ ഒരു ലക്ഷത്തലധികം ആളുകൾ നാട്ടിലെത്തും. പൊതുഗതാഗതം തുറക്കുന്നതോടെ ഇത് വീണ്ടും വർധിക്കും. അതുകൊണ്ട് തന്നെ ഇളവുകൾ രോഗം പകരാനുള്ള സാധ്യതയാകരുത്.

സമ്പർക്കത്തിലൂടെ രോഗം പടരുന്നവരുടെ എണ്ണവും വർധിക്കുന്നത് ആശങ്ക കൂട്ടുന്നു. രോഗബാധിതരുടെ എണ്ണം ഇനിയും വർധിക്കും. ആദ്യ ഘട്ടത്തിലുള്ള ജാഗ്രതയും കരുതലും കുറയുന്നുണ്ടോയെന്ന് പരിശോധിക്കണം. ആപത്തിന്റെ തോത് വർധിക്കുകയാണെന്നും തിരിച്ചറിയണം. ഗുരുതരമായ രോഗം ബാധിക്കുന്നവർക്ക് പ്രത്യേക പ്രൊട്ടോകോൾ തയ്യാറാക്കും. ഹോട്ട്സ്പോട്ടുകളിൽ നിന്ന് വരുന്നവരെ അതിവേഗം തന്നെ പരിശോധിക്കും. മറ്റ് ആരോഗ്യ നിർദേശങ്ങൾ കർശനമായി പാലിക്കണം.

ആരാധനാലയങ്ങൾ തുറക്കുമ്പോൾ

ജൂൺ എട്ട് മുതൽ ആരംഭിക്കുന്ന ലോക്ക്ഡൗൺ ഇളവുകളിൽ ആരാധനാലയങ്ങളും റെസ്റ്ററന്റുകളും മാളുകളും തുറക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണം. കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ പൊതുവായി സംസ്ഥാനത്ത് നടപ്പാക്കും. ആരാധനാലയങ്ങളുടെ പ്രവർത്തനം എങ്ങനെ വേണമെന്ന് മതനേതാക്കളുമായി ചർച്ച ചെയ്തിരുന്നു അതിന്റെ കൂടെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനങ്ങളിലെത്തുന്നത്.

 • 65 വയസിന് മുകളിലുള്ളവരും 10 വയസിന് താഴെയുള്ളവരും ഗർഭിണികൾ, മറ്റ് രോഗമുള്ള വ്യക്തികൾ എന്നിവർ വീട്ടിൽ തന്നെ തുടരണം.
 • പൊതുസ്ഥലങ്ങളിൽ ആറാടി അകലം ആരാധനാലയങ്ങൾക്കും ബാധകം
 • മാസ്ക് ഉപയോഗിക്കണം, സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം. സാധ്യമായ സ്ഥലങ്ങളിൽ ഹാൻഡ് സാനിറ്റൈസറും ലഭ്യമാക്കണം.
 • ആദ്യം വരുന്നവർ ആദ്യം എന്ന നിലയിൽ വേണം ആരാധനാലയങ്ങളിൽ എത്തുന്നവരുടെ എണ്ണം ക്രമീകരിക്കാൻ. കൂട്ടംചേരൽ അനുവദിക്കില്ല.
 • പൊതുവായ ടാങ്കുകളിലെ വെള്ളം വൃത്തിയാക്കാൻ ഉപയോഗിക്കരുത്.
 • ചുമയ്ക്കുമ്പോൾ തുവാല ഉപയോഗിക്കണം.
 • രോഗലക്ഷണമുള്ളവർ ആരാധനാലയങ്ങളിൽ പ്രവേശിക്കരുത്.
 • കോവിഡ്-19 ബോധവൽക്കരണ പോസ്റ്ററുകൾ പൊതുവായി പ്രദർശിപ്പിക്കണം.
 • ക്യൂ നിൽക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം.
 • ചെരുപ്പുകൾ അകത്ത് പ്രവേശിപ്പിക്കരുത്.
 • കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേകം പോയിന്റുണ്ടാകും.
 • ആരാധനാലയങ്ങളിൽ എത്തുന്നവരുടെ പേര് വിവരവും സൂക്ഷിക്കണം.
 • എസി ഒഴിവാക്കുന്നതാണ് ഉചിതം. ഉപയോഗിക്കുന്നെങ്കിൽ 24 മുതൽ 30 ഡിഗ്രി താപനില നിലനിർത്തണം.
 • വിഗ്രങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടരുത്.
 • ഭക്തിഗാനങ്ങളും കീർത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റെക്കോർഡ് ചെയ്ത് കേൾപ്പിക്കണം.
 • പായ, വിരിപ്പ് എന്നിവ പ്രാർഥനയ്ക്ക് എത്തുന്നവർ തന്നെ കൊണ്ടുവരണം.
 • അന്നദാനവും ചോറുണ്ണ് മുതലായ ചടങ്ങുകളും ഒഴിവാക്കണം.
 • മാമ്മോദിസ നടത്തുന്നെങ്കിൽ കരസ്പർശം ഒഴിവാക്കണം.
 • പ്രസാദവും തീർത്ഥവും ഒഴിവാക്കണം. ഖര ദ്രാവക വസ്തുക്കൾ വിതരണം ചെയ്യുന്നതും ഒഴിവാക്കണം.

മറ്റ് പൊതു മാർഗ നിർദേശങ്ങൾ

ഹോട്ടലുകളും റെസ്റ്ററന്റുകളും ഓഫീസുകൾ മാളുകൾ എന്നിവയ്ക്കെല്ലാം പ്രത്യേക മാർഗനിർദേശങ്ങൾ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. താമസിക്കാനുള്ള ഹോട്ടലുകളിൽ സാനിറ്റൈസറും താപനില പരിശോധന സംവിധാനങ്ങളും ഉണ്ടാകണം. മുഖാവരണം നിർബന്ധം. അകത്തേക്കും പുറത്തേക്കും പ്രത്യേകം പോയിന്റുകൾ വേണം. ലിഫ്റ്റിൽ കയറുന്നവരുടെ എണ്ണം പരിമിതപ്പെടുത്തണം. എസ്കെലേറ്ററുകളിൽ ഒന്നിടവിട്ട പടികളിൽ നിൽക്കണം. പെയ്മെന്റുകൾ ഓൺലൈൻ രീതിയിൽ വാങ്ങണം. ലഗ്ഗേജുകൾ അണുവിമുക്തമാക്കണം. എസി ഒഴിവാക്കുന്നതാണ് ഉചിതം. ഉപയോഗിക്കുന്നെങ്കിൽ 24 മുതൽ 30 ഡിഗ്രി താപനില നിലനിർത്തണം.

റെസ്റ്ററന്റുകൾ തുറന്ന് ഭക്ഷണം കഴിക്കാമെങ്കിലും ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കണം. മെനുകാർഡ് ഉപയോഗിച്ച ശേഷം നശിപ്പിക്കുന്ന തരത്തിൽ ഡിസ്പ്പോസിബൾ വ്സതുക്കൾ കൊണ്ട് നിർമിക്കണം. സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രം. മാളുകൾക്കുള്ളിലെ സിനിമ ഹാളുകളും കുട്ടികളുടെ പാർക്കും ഗെയിം ഗ്രേഡുകളും അടച്ചിടണം.

ഓഫീസുകളിൽ

സാധാരണ സന്ദർശകരെ അനുവദിക്കില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതിയോടെ വേണ്ട പരിശോധനകൾക്ക് ശേഷവും പാസ് അനുവദിക്കാവുന്നതാണ്. വാഹനത്തിന്റെ ഉൾഭാഗം അണുമുക്തമാക്കണം. പ്രായമായ ജീവനക്കാരും ഗർഭിണികളും മറ്റ് രോഗങ്ങളുള്ളവരും അധിക ജാഗ്രത പാലിക്കണം. കഴിയുന്നത്ര ഇവർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണം. പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ജോലികൾ ഒഴിവാക്കണം. യോഗങ്ങൾ വീഡിയോ കോൺഫറൻസ് വഴി. അകത്തേക്കും പുറത്തേക്കും പ്രത്യേകം പോയിന്റുകൾ വേണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook