തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, ആറ് പേർ. തൃശൂരിൽ നാല് പേർക്കും തിരുവനന്തപുരം കണ്ണൂർ ജില്ലകളിൽ മൂന്ന് പേർക്ക് വീതവും രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ രണ്ട് പേർക്ക് വീതവും എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കും ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വീണ്ടും കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. അതേസമയം ഇന്ന് ആർക്കും രോഗം ഭേദമായില്ലെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 21 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഏഴ് പേർക്കും രോഗം കണ്ടെത്തിയപ്പോൾ കണ്ണൂരിൽ ആരോഗ്യ പ്രവർത്തകയ്ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതുവരെ സംസ്ഥാനത്ത് 630 പേർക്കാണ് കോവിഡ്- 19 സ്ഥിരീകരിച്ചത്. ഇതിൽ 497 പേർക്ക് രോഗം ഭേദമായതോടെ നിലവിൽ ചികിത്സയിലുള്ളത് 130 പേരാണ്.

കേരളത്തിൽ നിലവിൽ 67789 പേരാണ് കോവിഡ്-19 നിരീക്ഷണത്തിലുള്ളത്. ഇതിൽ 67316 പേർ വീടുകളിലും 473 പേർ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 45905 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 44651ഉം രോഗബാധയില്ലായെന്ന് ഉറപ്പാക്കിിയതായും മുഖ്യമന്ത്രി അറിയിച്ചു. സെന്റിനൽ സർവേയിലൻസിന്രെ ഭാഗമായി മുൻഗണന വിഭാഗത്തിൽ നടത്തിയ 5154 സാമ്പിളുകളുടെ പരിശോധനയിൽ 5082ഉം നെഗറ്റീവാണ്.

ഹോട്ട്സ്‌പോട്ടുകളുടെ എണ്ണത്തിൽ വർധനവ്

സംസ്ഥാനത്ത് കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ഹോട്ട്സ്‌പോട്ടുകളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. ഇന്ന് കൊല്ലം ജില്ലയിൽ ഒന്നും പാലക്കാട് അഞ്ചും പുതിയ ഹോട്ട് സ്‌പോട്ടുകൾ പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 29 ആയി.

കേന്ദ്ര നിയന്ത്രണങ്ങൾ സംസ്ഥാനത്തിനും ബാധകം

ലോക്ക്ഡൗൺ മേയ് 21 വരെ നീട്ടിയ പശ്ചാത്തലത്തിൽ കേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ സംസ്ഥാനത്തിനും ബാധകമെന്ന് മുഖ്യമന്ത്രി. അതേസമയം ജില്ലയ്ക്കകത്ത് ജല ഗതാഗതം ഉൾപ്പടെ എല്ലാ ഗതാഗതങ്ങളും അനുവദിക്കും. എന്നാൽ 50 ശതമാനം യാത്രക്കാർ മാത്രമേ പാടുള്ളു.

  • അതാത് ജില്ലയ്ക്കുള്ളിലെ വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരത്തിന് പ്രശ്നമുണ്ടാകില്ല. അന്തർ ജില്ലാ യാത്രകൾക്ക് സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യാം. രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയാണ് യാത്ര അനുവദിച്ചിരിക്കുന്നത്. ഇതിന് പ്രത്യേക യാത്ര പാസും ആവശ്യമില്ല.
  • ലോക്ക്ഡൗൺ മൂലം ഒറ്റപ്പെട്ട് പോയ വിദ്യാർഥികളെയും തൊഴിലാളികൾക്കും വീടുകളിൽ പോകുന്നതിനും കൂട്ടികൊണ്ടു പോകുന്നതിനും അനുമതി നൽകും.
  • കാറുൾപ്പടെയുള്ള ടാക്സികളിൽ ഡ്രൈവർക്ക് പുറമെ രണ്ട് പേർക്കും കുടുംബമാണെങ്കിൽ മൂന്ന് പേർക്കും യാത്ര ചെയ്യാം. ഓട്ടോറിക്ഷകളിൽ ഡ്രൈവർക്ക് പുറമെ ഒരാളും കുടുംബമാണെങ്കിൽ മൂന്ന് പേർക്കും ബൈക്ക് യാത്രയ്ക്ക് കുടുംബാംഗമാണെങ്കിൽ പിൻസീറ്റ് യാത്രയും അനുവദിക്കും.
  • വാണിജ്യ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും തുറക്കുന്ന കാര്യത്തിൽ മാളുകളല്ലാത്ത ഷോപ്പിങ് കോംപ്ലക്സുകളിൽ ആകെയുള്ള കടകളുടെ അമ്പത് ശതമാനം തുറക്കാം. ഇത് കോംപ്ലക്സ് കൂട്ടായ്മയ്ക്ക് തന്നെ തീരുമാനിക്കാം.
  • എല്ലാ മേഖലകളിലും, 65 വയസ്സിനു മുകളിലുള്ള വ്യക്തികൾ, രോഗാവസ്ഥയുള്ളവർ, ഗർഭിണികൾ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർ വീട്ടിൽ തന്നെ തുടരണം. അവശ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആരോഗ്യ ആവശ്യങ്ങൾക്കല്ലാതെ ഇവര്‍ പുറത്തിറങ്ങാന്‍ പാടുള്ളതല്ല.
  • ബാർബർഷോപ്പുകളും ബ്യൂട്ടി പാർലറുകളും ഹെയർ കട്ടിങ്ങിനും ഹെയർ ഡ്രസിങ്ങിനും തുറക്കാം. എന്നാൽ എയർ കണ്ടീഷൻ സംവിധാനം പ്രവർത്തിപ്പിക്കാൻ പാടില്ല. അപ്പോയിന്റ്മെന്ര് എടുക്കാനുള്ള സാഹചര്യം ഒരുക്കണം. ഒരു സമയം 2 പേരിൽ കൂടുതൽ കാത്തിരിക്കാൻ പാടില്ല.
  • സംസ്ഥാനത്ത് മദ്യ വിതരണം ആരംഭിച്ച് കഴിഞ്ഞാൽ ക്ലബ്ബുകളിലും സാമൂഹിക അകലം പാലിച്ച് അംഗങ്ങൾക്ക് മദ്യവും ഭക്ഷണവും വിതരണം ചെയ്യാമെന്ന് മുഖ്യമന്ത്രി. എന്നാൽ മെമ്പർമാരല്ലാത്തവർക്ക് പ്രവേശനം അനുവദിക്കരുത്. കള്ള് ഷാപ്പുകളിൽ കള്ളും ആഹാരവും വിതരണം ചെയ്യാം.
  • ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സംസ്ഥാനത്തെ സർക്കാർ ഒഫീസുകൾക്ക് ശനിയാഴ്ചയും അവധി ദിവസമായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരീക്ഷ ഒരുക്കൾക്കായി പ്രവർത്തിക്കാം.
  • നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ 2005ലെ ദുരന്ത നിവാരണ നിയമത്തിന്റെ 51 മുതൽ 60 വരെയുള്ള ചട്ടങ്ങൾ പ്രകാരവും ഇന്ത്യൻ പീനൽ കോഡിന്റെ 188-ാം വകുപ്പ് പ്രകാരവും മറ്റ് ഉചിതമായ ചട്ടങ്ങൾ പ്രകാരവും നിയമ നടപടി.

കേരളത്തിലേക്ക് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിന് കൂടുതൽ ട്രെയിൻ സർവീസ് നടത്തും. ഡൽഹിയിൽ നിന്ന് മേയ് 20 ബുധനാഴ്ച കേരളത്തിലേക്ക് ട്രെയിൻ പുറപ്പെടു. ബിഹാർ, പഞ്ചാബ്. കർണാടക, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഒഡിഷ സംസ്ഥാനങ്ങളിൽ നിന്നും ട്രെയിനുകളുണ്ടാകും.

ഒരു സംസ്ഥാനത്ത് നിന്നോ ഒരു സ്റ്റേഷനിൽ നിന്നോ 1200 യാത്രക്കാരാകുന്ന മുറയ്ക്കാണ് റെയിൽവേ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കുന്നത്. സംസ്ഥാനം നടപടികൾ സ്വീകരിച്ചതായും മുഖ്യമന്ത്രി.

ജൂൺ രണ്ട് വരെ കേരളത്തിലേക്ക് 38 വിമാനങ്ങൾ

സംസ്ഥാനത്തേക്ക് ഇതുവരെ വിമാനത്തിലും കപ്പലിലുമായി 5815 പ്രവാസികളെത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് മുതൽ ജൂൺ രണ്ട് വരെ കേരളത്തിലേക്ക് 38വിമാനങ്ങൾ എത്തുമെന്നും മുഖ്യമന്ത്രി. യുഎഇ – 8, ഒമാൻ – 6, സൗദി അറേബ്യ – 4, ഖത്തർ – 3 കുവൈത്ത് – 2 എന്നിങ്ങനെയാണ് കേരളത്തിലേക്ക് എത്തുന്ന വിമാനങ്ങളുടെ എണ്ണം. അമേരിക്ക, ബ്രിട്ടൺ, റഷ്യ മുതലായ രാജ്യങ്ങളിൽ നിന്നും വിമാനങ്ങൾ കേരളത്തിലേക്ക് എത്തും. ഇങ്ങനെ 6530 യാത്രക്കാർ കേരളത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഇ-ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഓഫീസില്‍ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് ഇ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി മോട്ടോര്‍ വാഹനവകുപ്പ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് രണ്ടുമാസമായി വാഹന പരിശോധനകള്‍, ലൈസന്‍സ് ടെസ്റ്റ് എന്നിവ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഓഫീസുകളുടെ പ്രവര്‍ത്തനം ക്രമേണ പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇ-ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതലാണ് ഇ-ടോക്കണ്‍ സംവിധാനം പ്രാബല്യത്തില്‍ വന്നത്.

നിലവില്‍ വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് പരിശോധന, രജിസ്‌ട്രേഷന്‍ പുതുക്കല്‍, ആള്‍ട്ടറേഷന്‍ എന്നിവ മാത്രമാണ് പുനരാരംഭിക്കുന്നത്. ഈ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ നിര്‍ബന്ധമായും മോട്ടോര്‍ വാഹന വകുപ്പിന്റെ www.mvd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ഇ-ടോക്കണ്‍ എടുക്കേണ്ടതാണ്. ടോക്കണില്‍ പേര്, മേല്‍വിലാസം, ആര്‍ ടി ഓഫീസില്‍ നിന്ന് ലഭിക്കേണ്ട ആവശ്യം, അപേക്ഷാ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം.

Read Also: ലോക്ക്ഡൗൺ നാലാം ഘട്ടം: സംസ്ഥാന ഇളവുകൾ എന്തൊക്കെയെന്ന് അറിയാം

ഇതോടെ ഓഫീസില്‍ വരുന്നതിനുള്ള തീയ്യതി, സമയം എന്നിവ രേഖപ്പെടുത്തിയ പാസ് ലഭിക്കും. അതേ സമയം ഫെബ്രുവരി ഒന്നിന് ശേഷം കാലവധി തീര്‍ന്ന ലൈസന്‍സ്, രജിസ്‌ട്രേഷന്‍, പെര്‍മിറ്റ് തുടങ്ങിയ രേഖകളുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്. ആളുകള്‍ ഓഫീസ് സന്ദര്‍ശനം കഴിവതും ഒഴിവാക്കണമെന്നും മോട്ടോര്‍വാഹന വകുപ്പിന്റെ സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.