തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കൂടി പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമാണിന്ന്. രണ്ട് പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 12 എണ്ണം.

കാസർഗോഡ് – 7, കോഴിക്കോട് – 5, പാലക്കാട് – 5, തൃശ്ശൂർ – 4, മലപ്പുറം – 4, കോട്ടയം – 2, കൊല്ലം – 1, പത്തനംതിട്ട – 1, വയനാട് – 1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ്-19 രോഗികളുള്ള മഹരാഷ്ട്രയിൽ നിന്നെത്തിയ 21 പേർക്കും തമിഴ്നാട് ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. 17 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. കോഴിക്കോട് രോഗം സ്ഥിരീകരിച്ച ഒരാൾ ആരോഗ്യ പ്രവർത്തകയാണ്.

ഇതോടെ സംസ്ഥാനത്ത് ആകോ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 732 ആയി. 216 പേരാണ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്നലെ മരിച്ച ഖദീജകുട്ടിയടക്കം വൈറസ് ബാധിതരായി മരണപ്പെട്ടവരുടെ എണ്ണം സംസ്ഥാനത്ത് നാലാണ്. അതേസമയം നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിലും കാര്യമായ വർധനവ് രേഖപ്പെടുത്തി. 84258 പേരാണ് കേരളത്തിലാകെ നിരീക്ഷണത്തിലുള്ളത്. ഇതിൽ 83649 പേർ വീടുകളിലോ ഇൻസ്റ്റിറ്റ്യൂഷൽ ക്വറന്റൈനിലോ ആണ്. 609 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 162 പേരെ പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് ഇതുവരെ 51310 സാമ്പിളുകൾ പരിശോധിച്ചതിൽ 49533 എണ്ണവും രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സെന്റിനൽ സർവെയ്ലൻസിന്റെ ഭാഗമായി മുൻഗണന വിഭാഗത്തിൽ നിന്നും ശേഖരിച്ച 7072 സാമ്പിളുകളിൽ 6630 ഉം നെഗറ്റീവാണ്.

ഏറ്റവും കൂടുതൽ രോഗികൾ കണ്ണൂരും മലപ്പുറത്തും

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾ കോവിഡ്-19 ബാധിതരായി ചികിത്സയിലുള്ളത് കണ്ണൂർ, മലപ്പുറം ജില്ലകളിലാണ്, 36 രോഗികൾ. പാലക്കാട് – 26, കാസർഗോഡ് – 21, കോഴിക്കോട് – 19, തൃശ്ശൂർ -16 എന്നിങ്ങനെയാണ് കൂടുതൽ രോഗികളുള്ള മറ്റ് ജില്ലകളിലെ കണക്ക്.

28 ഹോട്ട്സ്‌പോട്ടുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. ഇതുവരെ കര-വ്യോമ-കപ്പൽ മാർഗ്ഗം സംസ്ഥാനത്തേക്ക് എത്തിയവരുടെ എണ്ണം 91344 ആണ്. ഇതിൽ 2961 ഗർഭിണികളും 1618 വയോജനങ്ങളും 805 കുട്ടികളും ഉൾപ്പെടുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുമാത്രം 82299 പേർ എത്തിയപ്പോൾ 43 വിമാനങ്ങളിലായി 9367 പേരാണ് സംസ്ഥാനത്തേക്ക് എത്തിയത്.

നിസാഹായ അവസ്ഥ പ്രകടിപ്പിക്കാനും തയ്യാറല്ല

ഇന്ന് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവ് ഗൗരവമായ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി. കോവിഡ് പ്രതിരോധ സന്നാഹങ്ങൾ വർധിപ്പിക്കേണ്ടതുണ്ടെന്ന സന്ദേശവും. ഇനിയും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകും. എന്നാലും ഒരു കോരളീയന്റെ മുന്നിലും ഒരു വാതിലും കെട്ടിയടയ്ക്കില്ലെന്നും നിസാഹായ അവസ്ഥ പ്രകടിപ്പിക്കാനും തയ്യാറല്ല. എല്ലാവർക്കും കൃത്യമായ പരിശോധനയും ചികിത്സയും പരിചരണവും നൽകും.
കൂടുതൽ ആളുകളെ ആശുപത്രിയിൽ കിടത്തേണ്ട സാഹചര്യമുണ്ടാകും. ഇതിനെയെല്ലാം നേരിടാൻ വെന്റിലേറ്റർ അടക്കമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ്. പൊതുഗതാഗതം ഭാഗികമായി ആരംഭിച്ചതോടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. റിവേഴ്സ് ക്വറന്റൈൻ നിർദേശിക്കുന്നത് കുട്ടികൾക്കും പ്രായമായവർക്കും മറ്റ് രോഗങ്ങളുള്ളവർക്കും വൈറസ് ബാധയുണ്ടാകാതിരിക്കാനാണ്. അത് മനസിലാക്കി അവരെ സുരക്ഷിതമായി വീട്ടിലിരുത്തണം. ഇതൊന്നും നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കേണ്ടതല്ലെന്നും സ്വയം ചെയ്യേണ്ടതാണെന്നും മുഖ്യമന്ത്രി.

പരീക്ഷ നടത്തിപ്പ്

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മേയ് 26 മുതൽ 30 വരെയാണ് നടക്കുക. ഇതിനുള്ള മുന്നൊരുക്കങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. കർശനമായ നിയന്ത്രണങ്ങളിലാകും പരീക്ഷ. പരീക്ഷ കേന്ദ്രം മാറ്റേണ്ട വിദ്യാർഥികളുടെ ആവശ്യം, ചോദ്യപേപ്പർ സുരക്ഷ, വിദ്യാർഥികളുടെ യാത്ര സൗകര്യം എന്നിവയ്ക്കുള്ള നിർദേശം നൽകിയിട്ടുണ്ട്. കണ്ടെയ്മെന്റ് സോണുകളിലെ പരീക്ഷ നടത്തിപ്പ് സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാർഥികളുടെ വരവ് സംബന്ധിച്ച കാര്യങ്ങളിലും ധാരണയായി.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികൾക്ക് പ്രത്യേക സൗകര്യം. കണ്ടെയ്മെന്റ് സോണുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രത്യേക ഇരിപ്പിടം. ഹോം ക്വറന്റൈനിൽ കഴിയുന്ന ആളുകളുള്ള വീട്ടിൽ നിന്നുള്ള വിദ്യാർഥികൾക്കും പ്രത്യേക സൗകര്യം. എല്ലാ വിദ്യാർഥികൾക്കും തെർമ്മൽ സ്ക്രീനിങ് നടത്തും. വൈദ്യ പരിശോധന വേണ്ടവർക്ക് അതിനുള്ള സൗകര്യവും സ്കൂളുകളിലുണ്ടാകും.

അധ്യാപകർ ഗ്ലൗസ് ധരിക്കും. ഉത്തരക്കടലാസുകൾ ഏഴ് ദിവസം പരീക്ഷ കേന്ദ്രങ്ങളിൽ തന്നെ സൂക്ഷിക്കും. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തുന്ന വിദ്യാർഥികൾ കുളിച്ച് ദേഹം ശുദ്ധിയാക്കിയ ശേഷം മാത്രമേ വീട്ടുകാരുമായി ഇടപ്പെടാൻ പാടുള്ളു. പരീക്ഷ നടക്കുന്ന എല്ലാ സ്കൂളുകളും ഫയർ ഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്തമാക്കും. പരീക്ഷ നടക്കുന്ന എല്ലാ സ്കൂളുകളിലേക്കുമായി 5000 ഐആർ തെർമ്മോ മീറ്റർ വാങ്ങും. ആവശ്യമായ സാനിറ്റൈസർ, സോപ്പ് എന്നിവയും ലഭ്യമാക്കും. പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ പാലിക്കേണ്ട ആരോഗ്യ ചിട്ടകളടങ്ങിയ അറിയിപ്പും മാസ്ക്കും കുട്ടികൾക്ക് വീട്ടിലെത്തിക്കും.

എച്ച്എസ്എസ്, വിഎച്ച്എസ്എസ് സ്കൂളുകളിൽ എൻഎസ്എസ്(നാഷ്ണൽ സർവീസ് സ്കീം) വഴി വിതരണം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ഗതാഗത വകുപ്പ്, പൊലീസ്, ഫയർ ഫോഴ്സ് ഇവരുടെയെല്ലാം പിന്തുണ പരീക്ഷ നടത്തിപ്പിനുണ്ടാകും.

പരീക്ഷ കേന്ദ്ര മാറ്റത്തിനായി എസ്എസ്എൽസി 1866, എച്ച്എസ്ഇ 8835, വിഎച്ച്എസ്ഇ 219 വിഭാഗങ്ങളിലായി 11920 കുട്ടികൾ അപേക്ഷ സമർപ്പിച്ചു. മാറ്റം അനുവദിച്ചിട്ടുള്ള വിദ്യാർഥികൾക്കുള്ള ചോദ്യപേപ്പർ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ അതാത് വിദ്യാലയങ്ങളിൽ എത്തിക്കും.

ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലും ക്രമീകരണങ്ങൾ പൂർത്തിയായി. ഗൾഫിലെ സ്കൂളുകളിൽ പരീക്ഷ നടത്താൻ അനുമതി ലഭിച്ചു. മുഴുവൻ കുട്ടികൾക്കും പരീക്ഷ എഴുതാനും ഉപരിപഠനത്തിനുമുള്ള സൗകര്യമൊരുക്കും. ഏതെങ്കിലും വിദ്യാർഥികൾക്ക് ഇപ്പോൾ പ്രഖ്യാപിച്ച തിയതീകളിൽ പരീക്ഷ എഴുതാൻ സാധിക്കാതെ വന്നാൽ സേ (സേവ് എ ഇയർ) പരീക്ഷയ്ക്ക് അവസരമൊരുക്കും.

പരീക്ഷ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനും കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ പരിഹരിക്കുന്നതിനും പൊതു വിദ്യാഭ്യാസ ഡയറേക്ടറേറ്റിലും ഓരോ ജില്ലകളിലെയും വിദ്യഭ്യാസ ഉപജില്ലകളിലും നാളെ മുതൽ വാർ റൂമുകൾ പ്രവർത്തിക്കും.

ജൂൺ ഒന്നിന് തന്നെ കോളെജുകളും പ്രവർത്തിച്ച് തുടങ്ങും

ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്തെ കോളെജുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ജൂൺ ഒന്ന് മുതൽ കോളെജുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് നിർദേശം. റെഗുലർ ക്ലാസുകൾ ആരംഭിക്കുന്നത് വരെ ഓൺലൈൻ ക്ലാസുകൾ നടത്തണം. ഓൺലൈൻ ക്ലാസുകൾക്കുള്ള സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ക്ലാസുകൾ നടത്താൻ പ്രിൻസിപ്പൽമാരെ ചുമതലപ്പെടുത്തി. വിദ്യാർഥികൾ ക്ലാസുകളിൽ പങ്കാളികളാകുന്നുണ്ടെന്നും പ്രിൻസിപ്പൽമാർ ഉറപ്പ് വരുത്തണം.

സർവകലാശാല പരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സൗകര്യപ്രദമാകുന്ന രീതിയിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കുന്നതിന് ആവശ്യമായ നടപടികളുണ്ടാകണം. ഓൺലൈൻ ക്ലാസുകൾക്ക് വിക്ടേഴ്സ് ചാനൽ പോലെ ഡിടിഎച്ച് റേഡിയോ സാധ്യതകളും ഉപയോഗപ്പെടുത്തണം.

പൊലീസിന്റെ നടപടി ക്രമത്തിലും മാറ്റം

പൊലീസിന്റെ നടപടി ക്രമത്തിലും മാറ്റം വരുത്തിയിരുന്നു. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ രാപ്പകൽ ജോലിചെയ്യുന്ന പൊലീസുകരുടെ ആരോഗ്യം ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇതിന്റെ ഭാഗമായാണ് നടപടി ക്രമത്തിൽ വരുത്തിയ മാറ്റം. ഇതിന്റെ ഭാഗമായി ഭാരം കുറഞ്ഞതും പുതുമയർന്നതുമായ ഫെയ്സ് ഷീൾഡുകൾ എത്തിക്കും. നിലവിൽ 2000 ഷീൾഡുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. സാധാരണ മഴക്കോട്ട് പിപിഇ കോട്ടായി രൂപന്തരപ്പെടുത്തും. ഇവ കഴുകി ഉപയോഗിക്കാവുന്നതും എളുപ്പത്തിൽ ധരിക്കാവുന്നതുമാണ്. മഴയിൽ നിന്നും വൈറസിൽ നിന്നും ഒരേപോലെ സംരക്ഷണം ലഭിക്കുന്ന രീതിയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.