തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തി. 82 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 53 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 19 പേരിലും അഞ്ച് ആരോഗ്യ പ്രവർത്തകരിലും കൊറോണവൈറസ് ബാധ കണ്ടെത്തി. അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നും ഇതിലൊരാൾക്ക് എങ്ങനെ രോഗംബാധിച്ചുവെന്ന് വ്യക്തമാകുന്നതെയുള്ളുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 14
മലപ്പുറം – 11
ഇടുക്കി – 9
കോട്ടയം – 8
ആലപ്പുഴ – 7
കോഴിക്കോട് – 7
പാലക്കാട് – 5
കൊല്ലം – 5
എറണാകുളം – 5
തൃശൂർ – 4
കാസർഗോഡ് – 3
കണ്ണൂർ – 2
പത്തനംതിട്ട – 2

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1494 ആയി. നിലവിൽ 632 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 1,60,304 പേരാണ് കോവിഡ് നിരീക്ഷണത്തിലുള്ളത്. 1,140 പേർ ആശുപത്രികളിലും 1,58,861 പേർ ഹോം, ഇൻസ്റ്റ്യൂറ്റ്യൂഷൻ ക്വാറന്റൈനിലുമാണ്‌. 73,712 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 69,606 എണ്ണവും രോഗബാധയില്ലെന്ന് ഉറപ്പാക്കി.

സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 16,711 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 15,264ഉം നെഗറ്റീവാണ്. ഇന്ന് മാത്രം 4004 സാമ്പിളുകൾ സംസ്ഥാനത്ത് പരിശോധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഹോട്ട്സ്‌പോട്ടുകളുടെ എണ്ണവും 128 ആയി വർധിച്ചു.

കേരളത്തിലേക്ക് എത്തിയത് 25,821 പ്രവാസികൾ

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവരെ കൊണ്ടുവരാന്‍ തെന്നയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദിവസേന നിരവധി ആളുകൾ കേരളത്തിലേക്ക് എത്തുന്നു. അവരെ സ്വീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നു. വിവിധയിടങ്ങളിൽ പരിശോധന, ക്വാറന്റൈന്‍, നിരീക്ഷണം, വൃദ്ധർക്കും രോഗികൾക്കും പ്രത്യേക ശ്രദ്ധ എന്നിവ നല്‍കുന്നു.

പുറത്ത് നിന്ന് ആളുകൾ കൂടുതൽ എത്തിയതോടെ രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി. അതേസമയം സമ്പർക്കത്തിലൂടെ രോഗം പടരുന്നതിന്റെ തോത് പിടിച്ച് നിർത്താൻ സാധിച്ചതായും മുഖ്യമന്ത്രി. മെയ് ഏഴ് മുതൽ വന്ദേ ഭാരത് പദ്ധതിയിലൂടെ 140 വിമാനങ്ങളിലായി 24,333 പേരും മൂന്ന് കപ്പലുകളിലായി 1,488 പേരും കേരളത്തിലെത്തി.

ഒരു വിമാനത്തോടും സംസ്ഥാനം ‘നോ’ പറഞ്ഞട്ടില്ല

വന്ദേ ഭാരതിന്റെ ഭാഗമായി വിമാനങ്ങൾ എത്തുന്നതിന് ഒരു നിബന്ധനയും സർക്കാർ മുന്നോട്ട് വച്ചട്ടില്ലെന്നും ഒരു വിമാനവും വേണ്ടെന്നും പറഞ്ഞട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര വിദേശ മന്ത്രാലയം ചോദിച്ച എല്ലാ വിമാനങ്ങൾക്കും അനുമതി നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂൺ മാസത്തിൽ ഒരു ദിവസം 12 വിമാനങ്ങൾ എത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു. അവയ്ക്ക്‌ കേരളം അനുമതി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നൂറിലധികം വിമാനങ്ങൾ ഈ മാസം എത്തും.

കേരളത്തെ സംബന്ധിച്ചടുത്ത് ഇനിയും കൂടുതൽ വിമാനങ്ങൾക്ക് അനുമതി നൽകാൻ ഒരുക്കമാണെന്നും അതിനുള്ള തയ്യാറെടുപ്പുകൾ കേരളം നടത്തും. പദ്ധതിയില്‍പ്പെടാത്ത 40 ചാർട്ടേഡ് വിമാനങ്ങൾക്കും കേന്ദ്ര ആവശ്യപ്രകാരം കേരളം അനുമതി നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകാനും സംസ്ഥാനം തയ്യാറാണ്.

പ്രവാസികളെ കൂടുതൽ കൊണ്ടുവരുന്നതിന് സ്വാകാര്യ വിമാനകമ്പനികൾക്കും ചാർട്ടേഡ് വിമാനങ്ങൾക്കും അനുമതി നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ വന്ദേഭാരത് ഭാരത് ടിക്കറ്റ് നിരക്ക് ഉൾപ്പടെയുള്ള നിബന്ധനകൾ പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓൺലൈൻ വിദ്യാഭ്യാസത്തിന് വലിയ സ്വീകാര്യത

കേരളത്തിൽ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി പ്ലസ് വൺ ഒഴിച്ചുള്ള ക്ലാസുകളിലായി 41 ലക്ഷം വിദ്യാർഥികളുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. ഓൺലൈൻ പഠനത്തിന് വലിയ സ്വീകര്യത ലഭിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യഭ്യാസ വകുപ്പ് ആദ്യമായി സംഘടിപ്പച്ച ഓൺലൈൻ ക്ലാസിൽ മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിക്കുക എന്ന വലിയ ദൗത്യമാണുണ്ടായിരുന്നത്.

2,61,784 കുട്ടികൾക്കാണ് ഓൺലൈൻ പഠനസൗകര്യമില്ലെന്ന് കണ്ടെത്തിയത്. ഇവർക്കും പഠനം സാധ്യമാക്കുമെന്ന ഉറപ്പ് സർക്കാരിനുണ്ട്. സ്മാർട്ഫോണും ടിവിയും ഇല്ലാത്ത കുട്ടികൾക്ക് അതും പരിഹരിക്കുന്നതിനുള്ള ശ്രമം നടക്കുന്നു. ഓൺലൈൻ സൗകര്യമൊരുക്കാൻ വിവിധ സംഘടനകളുടെയും വകുപ്പുകളുടെയും ശ്രമം തുടരുന്നുണ്ട്. വായനശാല, അയൽപ്പക്ക ക്ലാസുകൾ, ഊരുകേന്ദ്രങ്ങൾ, സാമൂഹിക ക്ലാസുകൾ എന്നിവ വഴി ക്ലാസുകൾ നടത്തും.

ഒരു മഹാമാരിയെ നേരിടുന്ന നാട് എപ്പോൾ പൂർവ്വസ്ഥിതിയിലാകുമെന്ന് പറയാൻ സാധിക്കില്ല. പഠനം ക്ലാസ് മുറിയിൽ തന്നെയാണ് നല്ലത്. അതിന് അവസരം വന്നാൽ അപ്പോൾ അതിനുള്ള നടപടികൾ സ്വീകരിക്കും. സ്കൂളുകൾ അടഞ്ഞ് കിടക്കുന്ന സാഹചര്യത്തിൽ വൈകാതെ പഠനത്തിലേക്ക് കൊണ്ടുവരിക എന്നതാണ് പ്രധാനം.

അധ്യാപകരെ അവഹേളിച്ചവർക്കെതിരെ കർശന നടപടി

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ വിക്ടേഴ്സ് ചാനൽ വഴി ഓൺലൈനായി ക്ലാസെടുത്ത അധ്യാപകരെ അധിക്ഷേപിച്ചവരെക്കുറിച്ച് വ്യക്തമായ വിവിരം പൊലീസിന് ലഭിച്ചെന്ന് മുഖ്യമന്ത്രി. ഇവർക്കെതിരെ കർശന നടപടി സ്വീകരക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്വറന്റീൻ ലംഘനം – 24 പേർക്കെതിരെ കേസ്

സംസ്ഥാനത്ത് ബ്രേക്ക് ദി ചെയ്ൻ ഉൾപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുമ്പോഴും മാസ്ക് ധരിക്കാത്തതിന് 2869 കേസുകൾ രജിസ്റ്റർ ചെയ്തു. ക്വറന്റീൻ ലംഘിച്ചതിന് 24 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.