തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് മൂലം ഒരാൾ ഇന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 11 ആയി. ഗുരുതരമായ ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് മരണമടഞ്ഞ നാലാഞ്ചിറ സ്വദേശിയായ ഫാ. കെജി വര്‍ഗീസിന് (77) കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമായിട്ടില്ല.

മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗം കണ്ടെത്തിയത്, 15 പേര്‍ക്ക്.

മറ്റ് ജില്ലകളിലെ കണക്ക്

ആലപ്പുഴ – 10
കാസർഗോഡ് – 9
കൊല്ലം – 8
തിരുവനന്തപുരം – 7
കോട്ടയം – 6
തൃശൂര്‍ – 6
വയനാട് – 6
പാലക്കാട് – 5
കോഴിക്കോട് – 5
കണ്ണൂര്‍ – 5
എറണാകുളം – 3
പത്തനംതിട്ട – 1

ഇതില്‍ 46 പേര്‍ വിദേശത്ത് നിന്നും (കുവൈറ്റ്-21, യു.എ.ഇ.-16, സൗദി അറേബ്യ-6, മാലിദ്വീപ്-1, ഖത്തര്‍-1, ഒമാന്‍-1) 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-9, തമിഴ്‌നാട്-7, കര്‍ണാടക-5, ഡല്‍ഹി-3, ഗുജറാത്ത്-1, രാജസ്ഥാന്‍-1) നിന്നും വന്നതാണ്. 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വയനാട് ജില്ലയിലെ 6 പേര്‍ക്കും മലപ്പുറം ജില്ലയിലെ 4 പേര്‍ക്കും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വിതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.

Read More: കേരളത്തിന്റെ ആരോഗ്യനേട്ടം പങ്കുവയ്ക്കാന്‍ കെ കെ ശൈലജ; തത്സമയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കുചേരാം

 

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 19 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 7 പേരുടെ വീതവും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 774 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 627 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 25,832 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,06,218 പേരും റെയില്‍വേ വഴി 10,318 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,43,989 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,010 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,45,670 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1340 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 200 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2421 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 71,068 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 67,249 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 15,101 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 13,908 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് പുതുതായി ഒരു ഹോട്ട് സ്‌പോട്ടാണുള്ളത്. മലപ്പുറം ജില്ലയിലെ ആനക്കയമാണ് പുതിയ ഹോട്ട് സ്‌പോട്ട്. നിലവില്‍ 122 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കൊച്ചി കോര്‍പ്പറേഷനിലെ ഡിവിഷന്‍ 60 (തേവര) ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിരുന്നു. ഇവിടെ നിന്നും കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും സര്‍വൈലന്‍സ് ഓഫീസറുടെയും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അറുപതാം ഡിവിഷനെ കണ്ടെയ്ന്‍മെന്‍റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്.

ഇവിടെ ഫുള്‍ ലോക് ഡൗണ്‍ ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. അവശ്യ സേവനങ്ങളൊഴികെയുള്ളവ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കില്ല. വാഹനഗതാഗതവും വ്യക്തികളുടെ സഞ്ചാരവും ലോക് ഡൗണ്‍ മാര്‍ഗനിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ നിയന്ത്രിക്കുന്നതാണ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.