തിരുവനന്തപുരം: കോവിഡ്-19 ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ ഒന്നിലെ ഫൂളാക്കലുകൾ ഒഴിവാക്കാനാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകളെ തെറ്റിധരിപ്പിക്കുന്ന സന്ദേശം എവിടെനിന്നുണ്ടായാലും അതിനെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

“ഏപ്രിൽ ഒന്ന് ആളുകൾ തമാശയ്ക്കു വേണ്ടി പരസ്പരം പറ്റിക്കലുകൾ നടത്തുന്ന ദിവസമാണ്. എന്നാൽ ഈ ഒരു പ്രത്യേക സാഹചര്യത്തിൽ അത്തരം തമാശകളിൽ നിന്ന് പൂർണമായും പിൻമാറണം. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന യാതൊരു സന്ദേശവും പ്രചരിപ്പിക്കാൻ പാടില്ല.” -മുഖ്യമന്ത്രി പറഞ്ഞു.

Also Read: കോവിഡ്-19: ആരോഗ്യപ്രവര്‍ത്തകരെ നിന്ദിക്കുന്നതിനെ ഗൗരവമായി കാണുമെന്നു മുഖ്യമന്ത്രി

കോവിഡിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ആളുകകളും വീടുകളിലാണ് കഴിയുന്നത്. വീടിനകത്ത് ആരോഗ്യകരമായ ബന്ധവും ജനാധിപത്യപരമായ അന്തരീക്ഷവും ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കണം. പല വീടുകളിലും സ്ത്രീകൾ മാത്രമാണ് ജോലി ചെയ്യുന്നത്. എന്നാൽ പുരുഷൻമാരും ജോലികളിൽ സഹായിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്യാസക്തിയുള്ളവർ കുറച്ച് ദിവസമായി മദ്യ ലഭ്യതയില്ലാതെ കഴിയുകയാണ്. ഇതുമായി അവർ പൊരുത്തപ്പെടാൻ തുടങ്ങിയിട്ടുണ്ടാവാം. ഈ സാഹചര്യത്തിൽ അടുത്തുള്ള വിമുക്തി കേന്ദ്രവുമായി ബന്ധപ്പെടാൻ ശ്രമിക്കാവുന്നതാണ്. അങ്ങനെ മദ്യാസക്തിയിൽ നിന്ന് രക്ഷ നേടാൽ ശ്രമിക്കുന്നത് നന്നാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: കോവിഡ്-19: സൗജന്യ റേഷൻ വിതരണം നാളെമുതൽ, നിർദേശങ്ങളുമായി സർക്കാർ

ലോക്ക്ഡൗണിന്റെ ഭാഗമായും ക്വാറന്റെെനിലും തുടർച്ചയായി വീട്ടിലിരിക്കുന്നത് പലർക്കും മാനസിക പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഓൺലെെൻ കൗൺസിലിങ് വ്യാപകമാക്കും. ജില്ലാതലത്തിൽ മനശാസ്ത്ര വിദഗ്ദർ അടങ്ങുന്ന ഹെല്പ് ഡെസ്ക് തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിദ്യാർഥികൾ വീട്ടിലിരിക്കുന്ന സമയം ഫലപ്രദമായി വിനിയോഗിക്കാൻ ശ്രദ്ധിക്കണം. അന്താരാഷ്ട്ര സർവകലാശാലകളുടെ അടക്കം കോഴ്സുകൾ ഓൺലെെനിൽ സൗജന്യമായി ലഭ്യമാണ്. അത്തരം കോഴ്സുകൾ ഉപകാരപ്പെടുത്താൻ വിദ്യാർഥികൾ തയ്യാറാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.