കോഴിക്കോട്: കേരളത്തിന്റെ ആരോഗ്യ രംഗത്ത് ഏറ്റവും പിന്നാക്കം നില്ക്കുന്ന ജില്ലകളിലൊന്നാണു കാസര്‍ഗോഡ്. സമീപ ജില്ലകളെ അപേക്ഷിച്ച് എടുത്തു പറയാന്‍ വലിയ ആശുപത്രികളില്ല. ഇതു കാരണം ചികിത്സയ്ക്കു മംഗലാപുരത്തെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം. ഡോക്ടര്‍മാരുടെയും ആരോഗ്യ ജീവനക്കാരുടെയും ക്ഷാമമാണു കാസര്‍ഗോഡ് നേരിടുന്ന മറ്റൊരു വെല്ലുവിളി. എന്നിട്ടും ഈ ജില്ലയ്ക്കെങ്ങനെ കൊറോണ വൈറസിനെതിരായ പോരാട്ടത്തെ വിജയത്തിനടുത്ത് എത്തിക്കാനായി. ഈ നേട്ടത്തെ നമുക്ക് ഇച്ഛാശക്തിയെന്നു ഉറപ്പോടെ വിളിക്കാം.
പരിമിതമായ ചികിത്സാ സൗകര്യമുള്ള കാസര്‍ഗോഡ് ജില്ലയില്‍ രോഗമുക്തി നേടിയവര്‍ 66 ശതമാനത്തിലേറെയാണ്. ഒറ്റമരണം പോലും ഉണ്ടായിട്ടില്ല. ആഗോളതലത്തില്‍ നൂറില്‍ 25 പേരാണു രോഗമുക്തി നേടിയത്. അമേരിക്കയില്‍ 7.5 ശതമാനം. രാജ്യത്തെ നിരക്ക് 12 ശതമാനമാണ്. 62 ശതമാനമാണു സംസ്ഥാന ശരാശരി. ഇന്നലെ വരെ 168 പേര്‍ക്കാണു കാസര്‍ഗോഡ് രോഗം സ്ഥിരീകരിച്ചതെങ്കില്‍ 117 പേര്‍ക്കു രോഗം ഭേദമായി. 51 പേര് മാത്രമാണു ചികിത്സയിലുള്ളത്. ഒരാഴ്ചക്കുള്ളില്‍ ഇവരില്‍ ഭൂരിഭാഗത്തെയും ഡിസ്ചാര്‍ജ് ചെയ്യാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. രോഗബാധിതരുടെ എണ്ണം ഒരു ഘട്ടത്തില്‍ ഇരുന്നൂറോളം പോയേക്കാമെന്നായിരുന്നു അധികൃതരുടെ കണക്കൂകൂട്ടല്‍.
”കഴിയുന്നത്ര പോസിറ്റീവ് കേസുകള്‍ കണ്ടെത്തി ഐസൊലേറ്റ് ചെയ്താല്‍ വ്യാപനം കുറയ്ക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ ഒരു പരിധി വരെ കാസര്‍ഗോഡ് വിജയിച്ചു. രോഗം അധികം വന്നത് ചെറുപ്പക്കാരിലായതിനാല് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാതിരുന്നത് ഒരുപരിധി വരെ സഹായിച്ചു. പിന്നെ ബോധവല്‍ക്കരണം മൂലം ജനങ്ങള്‍ പുറത്തിറങ്ങാതിരുന്നതും സഹായിച്ചു. വടക്കന്‍ ജില്ല എന്ന നിലയ്ക്ക് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവുണ്ട്. ഈ പ്രശ്നം എല്ലാവരുടെയും സഹകരണത്തോടെ മറികടക്കാനായി,” ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
രോഗബാധിതരുടെ എണ്ണം വലിയതോതില്‍ കുറയുകയാണെങ്കിലും വിശ്രമിക്കാറായിട്ടില്ലെന്നാണു ഡി.എം.ഒയുടെ പക്ഷം.
”രണ്ടുമാസം കൂടി വിശ്രമിക്കാനാവുമെന്നു തോന്നുന്നില്ല. ഈ വെല്ലുവിളി നേരിടാന്‍ കഴിഞ്ഞത് കാസര്‍ഗോഡിന്റെ ആരോഗ്യ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതില്‍ ഗുണകരമാവും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് നല്ല നടപടികളാണുണ്ടാവുന്നത്. മെഡിക്കല്‍ കോളേജൊക്കെ അതിന്റെ തുടക്കമാവുമെന്ന് കരുതുന്നു,” അദ്ദേഹം പറഞ്ഞു.
സമൂഹവ്യാപനം: 100 പരിശോധനാ ഫലം നെഗറ്റീവ്
അതിനിടെ, ജില്ലയില്‍ സമൂഹവ്യാപന സാധ്യതയും വിരളമാണെന്നാണു സര്‍വേ, പരിശോധനാ ഫലങ്ങള്‍ നല്കുന്ന സൂചന. ഹോട്ട് സ്പോട്ട് പ്രദേശങ്ങളിലെ ആളുകളില്‍നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നൂറോളം എണ്ണത്തിന്റെ പരിശോധനാ ഫലം നെഗററ്റീവാണ്. സമൂഹവ്യാപന സാധ്യത അറിയാന്‍ കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിലെയും സമീപത്തെ ആറ് പഞ്ചായത്തുകളിലുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്ന സര്‍വേയുടെ ഭാഗമായാണു സാമ്പിള്‍ ശേഖരിക്കുന്നത്.
ഒരാഴ്ച നീളുന്ന സര്‍വേയുടെ ഭാഗമായി വലിയ ശതമാനം വീടുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞു. ഗള്‍ഫില്‍നിന്ന് വന്നവരോ അവരുടെ സമ്പര്‍ക്കത്തിലുള്ളവരോ അല്ലാത്ത രോഗലക്ഷണമുള്ളവരെ കണ്ടെത്തി സാമ്പികളുകള്‍ ശേഖരിക്കുകയാണു ലക്ഷ്യം. വൈറസ് ബാധിതമല്ലാത്ത മറ്റു പഞ്ചായത്തുകളില്‍നിന്നുള്ള ആരോഗ്യവിഭാഗം ജീവനക്കാരെ വിന്യസിച്ചാണു സര്‍വേ നടത്തുന്നത്. ചെറിയതോതില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നവരില്നിന്നുള്ള ഇരുന്നൂറിലേറെ സാമ്പിളാണ് ഇതുവരെ ശേഖരിച്ചത്. ജില്ലാ ആശുപത്രിയിലും പെരിയയില്‍ പുതുതായി ഒരുക്കിയ കേന്ദ്രത്തിലുമാണ് സാമ്പിള്‍ ശേഖരിക്കുന്നത്.
”നമ്മുടെ കണക്ക് പ്രകാരം ഇനി പരാമവധി അഞ്ചുദിവസത്തിനുള്ളില്‍ വിദേശത്തുവന്നവര്ക്കു രോഗം പ്രത്യക്ഷപ്പെടേണ്ടതാണ്. പിന്നെ വരാനുള്ള സാധ്യതയെന്നത് ആരെങ്കിലും പോസിറ്റീവായിരുന്നെങ്കില്‍ അവരില്‍നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം വരാനുള്ളതാണ്. ഇതു കണക്കിലെടുത്ത് അതീവ ജാഗ്രതാ വിഭാഗത്തിലുള്ള 1800 പേരുടെ കളുടെ ശ്രവം പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. അതിനാല്‍ സാഹചര്യം നിയന്ത്രണവിധേയമാണെന്നാണു കരുതുന്നത്. ഹോട്ട് സ്പോട്ടുകളില്‍ നടത്തിയ സര്‍വേയെത്തുടര്‍ന്ന് ശേഖരിച്ച സാമ്പിളുകളുകളില് ഒന്നും പോലും പോസിറ്റീവല്ലെന്നതും സമൂഹവ്യാപനം നടന്നിട്ടില്ലെന്നതിന്റെ ശുഭസൂചനയാണ്,”നാഷണല്‍ ഹെല്‍ത്ത് മിഷന് (എന്‍എച്ച്എം) ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന് സ്വാതി വാമന്‍ പറഞ്ഞു.
”ഒരു പക്ഷേ, കേരളത്തിലുള്ള വൈറസ് പെരുകുന്നതിലും രോഗം പടര്‍ത്തുന്നതിലും
വളരെ പരിമിതമായ ശേഷിയുള്ളതാവാം. നമ്മുടെ ജനിതക ഘടന, മറ്റു വൈറസുകളുമായുള്ള നമ്മുടെ പരിചയം എന്നിവയൊക്കെ വലിയ നേട്ടമാണ്. അതൊക്കെയാവാം പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞത്,” അദ്ദേഹം പറഞ്ഞു.
വ്യക്തമായ ആസൂത്രണം
വെന്റിലേറ്റര്‍ സൗകര്യമുള്ള ആശുപത്രികളും ആംബുലന്‍സുകളും കാസര്‍ഗോഡ് ജില്ലയില്‍ പരിമിതമാണ്. ഈ സൗകര്യങ്ങള്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഏര്‍പ്പെടുത്തിയത്. ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും ഓരോ വെന്റിലേറ്റര്‍ ഉണ്ടായിരുന്നു.പെട്ടെന്ന് രണ്ടെണ്ണം ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും കൂടുതലായി വച്ചു. സ്വകാര്യ ആശുപത്രികളില്‍ ആറെണ്ണവും വച്ചു. മെഡിക്കല്‍ കോളജില്‍ നേരത്തെ ഓര്‍ഡര്‍ ചെയ്ത വെന്റിലേറ്ററുകള്‍ ലോക്ക് ഡൗണ്‍ കാരണം എത്തിയിട്ടില്ല. ഇവിടെ വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സുകള്‍ സജ്ജമാക്കി. മൂന്ന് കോവിഡ് ആശുപത്രികളാണു ജില്ലയിലുള്ളത്. മെഡിക്കല്‍ കോളേജും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയും പൂര്‍ണമായി കോവിഡ് ആശുപത്രിയാണ്. കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രിയില്‍ മറ്റു രോഗങ്ങള്‍ക്കു കൂടി ചികിത്സ നല്‍കുന്നുണ്ട്.
പരിമിതി മനസിലാക്കി വ്യക്തമായ ആസൂത്രണത്തോടെ മുന്നോട്ടുപോകാന്‍ കഴിഞ്ഞുവെന്നതാണു കോവിഡ് ചികിത്സയിൽ കാസര്‍ഗോഡിന്റെ വിജയമെന്നു ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ ടിഎസ് മനോജ് പറഞ്ഞു.
”സംഭവിക്കാന്‍ സാധ്യതയുള്ള കുറേ കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടു. ഗള്‍ഫില്‍ രോഗം പ്രത്യക്ഷപ്പെട്ടാല്‍ ഇവിടെയും വരുമെന്ന കണക്കുകൂട്ടലില്‍ കുറേ കാര്യങ്ങള്‍ ചെയ്തത് ഗുണം ചെയ്തു. അതിനൊപ്പം പ്രതികൂല സാഹചര്യത്തെ നേരിടാന്‍ സന്ദര്‍ഭത്തിന് അനുസരിച്ച് ഉയര്‍ന്ന ഡോക്ടര്‍മാരും മറ്റു സ്റ്റാഫുകളുടെയും ആത്മവിശ്വാസം നിര്‍ണായകമായി. വുഹാനില്‍നിന്നു വന്ന ആദ്യ രോഗിയുടെ അസുഖം ഭേദമാക്കാന്‍ കഴിഞ്ഞത് ആത്മവിശ്വാസം നല്കി. ആദ്യ ഘട്ടത്തിലെ മറ്റു രണ്ടു രോഗികളെയും ചികിത്സിച്ചത് എല്ലാ സംവിധാനങ്ങളും കൂടുതല്‍ വൈദഗ്ധ്യമുള്ള പ്രൊഫസര്മാരുമുള്ള മെഡിക്കല്‍ കോളജുകളിലായിരുന്നുവെങ്കില് ഇവിടയത് ജില്ലാ ആശുപത്രിയിലായിരുന്നു,” അദ്ദേഹം പറഞ്ഞു.
സമ്പര്‍ക്കം വഴി രോഗം വന്നത് 65 പേര്‍ക്ക്
രണ്ടാം ഘട്ടത്തില്‍ ജില്ലയില്‍ പോസിറ്റീവ് കേസ് വന്നതോടെ സമ്പര്‍ക്ക പട്ടികയിലുള്ള 85 ശതമാനം ആളുകളെയും ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ഇതുകൊണ്ടാണ് ഇത്രയും പോസിറ്റീവ് കേസുകള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. സാധാരണഗതിയില്‍ രോഗലക്ഷണങ്ങളുള്ളവരെയാണു ടെസ്റ്റിന് വിധേയമാക്കാറുള്ളത്. എന്നാല്‍ കാസര്‍ഗോട്ട് പലരും രോഗലക്ഷണങ്ങളുള്ളവര്‍ ആയിരുന്നില്ല. സമ്പര്‍ക്കത്തില്‍നിന്നു മാത്രം 65 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. വ്യാപനം തടയുന്നതില്‍ ലോക്ക് ഡൗണിനു പിന്നാലെ ട്രിപ്പിള്‍ ലോക്ക് ഏര്‍പ്പെടുത്തിയതും സഹായകരമായി.
ഗള്‍ഫില്‍നിന്ന് ആളുകള്‍ തിരിച്ചുവരുന്ന സാഹചര്യമാണ് ഇനി ജില്ല നേരിടാനിരിക്കുന്ന വെല്ലുവിളി. ഇവരെ വിമാനത്താവളങ്ങള്‍ക്കടുത്ത് കൊറോണ കെയര്‍ സെന്റര്‍ ഒരുക്കി ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയാണ് വേണ്ടതെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ സ്ഥലപരിമിതി പ്രശ്നങ്ങളുള്ളതിനാല്‍ വിമാനത്താവളങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ലകള്‍ ഇത് സമ്മതിക്കാനിടയില്ല. അങ്ങനെ വന്നാല്‍ അതതു പഞ്ചായത്തുകളില്‍ ആളുകളെ ക്വാറന്റൈന് ചെയ്യാനുള്ള സംവിധാനം ജില്ലാ ഭരണകൂടം മുന്‍കൂട്ടി കണ്ടിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ ആളുകളെ നിരീക്ഷിക്കുന്നതും ഭക്ഷണം ലഭ്യമാക്കുന്നതും എളുപ്പമാകും.10 ശതമാനം ആളുകള്‍ ഗള്‍ഫില്‍നിന്നു തിരിച്ചുവരുമെന്നാണു ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും കണക്കുകൂട്ടുന്നത്.
ഗള്‍ഫില്‍നിന്ന് തിരിച്ചുവരുന്നവരെ ക്വാറന്റൈന് ചെയ്യുന്നതു സംബന്ധിച്ച് പദ്ധതികള്‍ ആവിഷ്കരിച്ചതായി ഡോ. രാമന് സ്വാതി വാമന്‍ പറഞ്ഞു.
”വിദേശത്തുനിന്ന് തിരിച്ചുവരുന്നവരെ അതതു വിമാനത്താവളങ്ങള്‍ക്കു സമീപത്തെ കൊറോണ കെയര്‍ സെന്ററില്‍ താമസിപ്പിക്കുക എന്നതിനാണു പ്രഥമ പരിഗണന. അതു നടപ്പായില്ലെങ്കില്‍ അവരെ വാഹനമയച്ച് കൂട്ടിക്കൊണ്ടുവന്ന് കാസര്‍ഗോട്ടെ മുഴുവന്‍ ലോഡ്ജുകളും ഏറ്റെടുത്ത് പൊലീസ് സഹായത്തോടെ പാര്പ്പികേണ്ടിവരും. ആവശ്യമെങ്കില്‍ 3000 പേരെ താമസിപ്പിക്കാനുള്ള സൗകര്യം നിലവില്‍ കണ്ടെത്തിയിട്ടുണ്ട്,”അദ്ദേഹം പറഞ്ഞു.
സഞ്ചാരപഥം സംബന്ധിച്ചൊരു വിവാദം
കാസര്‍ഗോട്ടെ കോവിഡ് ചിത്രത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമാണു ഏരിയാല്‍ സ്വദേശി അമീര്‍. രോഗിയാണെന്നു മറച്ചുവച്ച് അമീര്‍ ജില്ലയിലെ പലയിടങ്ങളിലും മംഗലാപുരത്തും സഞ്ചരിച്ചതായി ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ച അമീര്‍ തനിക്കെതിരെ കള്ളപ്രചാരണം നടന്നതായും തന്നില്‍നിന്ന് ആര്‍ക്കും രോഗം പടര്‍ന്നിട്ടില്ലെന്നും പറഞ്ഞു.
”എനിക്കു രോഗമുണ്ടായിരുന്നെന്ന് വിശ്വസിക്കുന്നില്ല. വീട്ടുകാരുമായി ഇടപഴകിയ താന്‍ ഒരു കല്യാണച്ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. രണ്ട് എംഎല്.എമാര്‍ക്കു ഹസ്തദാനം നല്കി. അവര്‍ക്കാര്‍ക്കും രോഗം വന്നിട്ടില്ല. താന്‍ കള്ളമൊന്നും പറഞ്ഞിട്ടില്ല. പോയ സ്ഥലങ്ങള്‍ കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ട്. മംഗലാപുരത്തോ ഫുട്ബോള്‍ മത്സരം കാണാനോ പോയിട്ടില്ല. തന്റെ പ്രദേശത്തിന്റെ ആറു കിലോ മീറ്റര്‍ അപ്പുറേത്തക്കു പോയിട്ടില്ല,” നാല്‍പ്പത്തിയേഴുകാരനായ അമീര്‍ പറഞ്ഞു.
മാര്‍ച്ച് 11നു കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് അമീര്‍ എത്തിയത്. 12നു കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ട്രെയിനില്‍ കാസര്‍ഗോഡേക്കു പോകുകയായിരുന്നുവെന്ന് അമീര്‍ പറഞ്ഞു.
”വീട്ടിലെത്തുമ്പോള്‍ പനിയും തൊണ്ടവേദനയുമുണ്ടായിരുന്നു. ഇതൊക്കെ വര്‍ഷത്തിലൊരിക്കല്‍ വരുന്നതുകൊണ്ട് കാര്യമാക്കിയില്ല. 14നു ജ്യേഷ്ഠന്റെ മകന്റെ കല്യാണത്തിലും പിന്നീട് തൊട്ടില് കെട്ടുന്ന മറ്റൊരു ചടങ്ങിലും അനിയന്റെ ഗൃഹപ്രവേശനത്തിലും പങ്കെടുത്തു. 17നു കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പോയി ടെസ്റ്റ് നടത്തിയതിനെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കാന്‍ പറഞ്ഞു. ഏതു പനിക്കും വിശ്രമം പറയാറുണ്ടല്ലോ. അല്ലാതെ ഐസൊലേഷനില്‍ കഴിയാന്‍ പറഞ്ഞിട്ടില്ല,” അമീര്‍ പറഞ്ഞു.
19നു രോഗം സ്ഥിരീകരിച്ചതോടെ താന്‍ സ്വന്തം കാറിലാണ് രാത്രി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റായതെന്ന് അമീര്‍ പറഞ്ഞു. ഇയാളുടെ സഞ്ചാരപഥം ജില്ലാ ഭരണകൂടം പുറത്തുവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് അമീര്‍ യാത്ര ചെയ്ത മുഴുവന്‍ സ്ഥലങ്ങളും വെളിപ്പെടുത്തുന്നില്ലെന്ന ആരോപണമുയര്‍ന്നത്.
”എനിക്കെതിരെ കള്ളപ്രചാരണം നടത്തിയവര്‍ തന്നെ അധോലോകക്കാരനും കള്ളക്കടത്തുകാരനുമാക്കി. ദുബായില്‍നിന്ന് തുണിയും സൗന്ദര്യവര്‍ധക വസ്തുക്കളും കൊണ്ടുവന്ന് മുംബൈയില്‍നിന്ന് വില്‍ക്കുന്നതാണ് എന്റെ ബിസിനസ്. ടിക്കറ്റ് നിരക്ക് കുറവായതിനാല്‍ മുംബൈയില്‍നിന്നാണു പോകാറുള്ളത്. മൂന്നു മാസം കൊണ്ട് 14 തവണ യാത്ര ചെയ്തിട്ടുണ്ട്,” അമീര്‍ പറഞ്ഞു.
രോഗം മാറി ഏപ്രില്‍ 12നു ഡിസ്ചാര്‍ജായി 14 ദിവസം ക്വാറന്റൈനില്‍ വീട്ടില്‍ കഴിയുകയാണ് അമീറിപ്പോള്. മികച്ച ചികിത്സയും പരിചരണവുമാണ് ആശുപത്രില്‍ ലഭിച്ചതെന്ന് അമീര്‍ പറഞ്ഞു.
Also Read: ‘ഇത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്;’ കോവിഡ് ചികിത്സയിലെ പരിയാരം മോഡല്‍
അതേസമയം, അമീറിന്റെ പരിശോധനാ ഫലം പോസിറ്റീവായിരുന്നുവെന്നും ഇതു താന്‍ നേരിട്ടു കണ്ടതാണെന്നും ഡോ. രാമന് സ്വാതി വാമന്‍ പറഞ്ഞു. ”തുടര്‍ച്ചയായ രണ്ടു പരിശോധനാ ഫലം നെഗറ്റീവായതോടെയാണ് അമീറിനെ വീട്ടു ക്വാറന്റൈനില്‍ വിട്ടത്. ഓരോ ആളുടെയയും പ്രതിരോധശേഷി ഉള്‍പ്പെടെയുള്ള ഒരുപാട് ഘടകങ്ങള്‍ ആശ്രയിച്ചായിരിക്കും രോഗം മറ്റുള്ളവരിലേക്കു പടരുക. ഒരുമിച്ച് കിടന്നുറങ്ങിയ ഒരുപാട് പേര്‍ക്ക് രോഗം പടരാതിരുന്ന കേസുകളുമുണ്ട്,” ഡോ. രാമന് പറഞ്ഞു.
ഹൈ റിസ്ക് പ്രദേശമായതിനാല്‍ ഇപ്പോള്‍ മൂന്നു പരിശോധന നടത്തുന്നുണ്ട്. നിലവില്‍ 48 മണിക്കൂറിനിടെയുള്ള രണ്ടു പരിശോധനാ ഫലം നെഗറ്റീവായാലും ഒരു തവണ കൂടി ശ്രവം ശേഖരിച്ച് പരിശോധിക്കും. ഈ ഫലം കൂടി നെഗറ്റീവായാലാണു മിക്കവരെയും വീട്ടില്വിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമീറുമായി സമ്പര്‍ക്കമുള്ളവരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്നതിനെ
രണ്ടു രീതിയില്‍ എടുക്കാമെന്ന് ഡോ.ടി.എസ്. മനോജ് പറഞ്ഞു.
”ഗള്‍ഫില്‍നിന്ന് വന്ന് 24 ദിവസം കഴിഞ്ഞ് പോസിറ്റീവായ ഒരു കേസുണ്ട്. 21 ദിവസം കഴിഞ്ഞ് പോസിറ്റീവായവരും ഉണ്ട്. ചിലര്‍ക്ക് ശരീരത്തില്‍ വൈറസ് ഉണ്ടെങ്കിലും മറ്റുള്ളവര്‍ക്ക് പകര്‍ത്താനാവശ്യമായ അത്രയും ലോഡ് ഉണ്ടാവണമെന്നില്ല. ഒരു പക്ഷേ അമീറിന്റെ കേസില്‍ രോഗത്തിന്റെ അവസാനഘട്ടത്തിലാവും വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സമയത്ത് പകരാനുള്ള സാധ്യത കുറവാണ്. അതേസമയം രോഗം ആദ്യ സ്ഥിരീകരിച്ച മുഹമ്മദ് ഫറാസില്നിന്ന് 20 പേര്‍ക്കാണു രോഗം പടര്‍ന്നത്. വുഹാനില്‍നിന്നുള്ള ആദ്യ കേസില്‍ കൂടെ യാത്ര ചെയ്തയാള്‍ക്കോ കൂട്ടുകാര്‍ക്കോ രോഗം വന്നിട്ടുമില്ല,” ഡോ.മനോജ് പറഞ്ഞു.