കണ്ണൂർ: കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 81 കാരിയായ കോവിഡ്-19 ബാധിതയ്ക്ക് രോഗമുക്തി. കേരളത്തിൽ കോവിഡ് ഭേദമാവുന്ന പ്രായം കൂടിയ മൂന്നാമത്തെ രോഗിയാണ് കാസർഗോഡ് സ്വദേശിനിയായ 81 കാരി. നേരത്തെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച 93 വയസ്സും 88 വയസ്സും പ്രായമായ ദമ്പതികൾക്ക് കോവിഡ് ഭേദമായിരുന്നു.
മാർച്ച് 30നാണ് 81 വയസ്സുള്ള കോവിഡ് ബാധിതയെ കാഞ്ഞങ്ങാട് നിന്ന് കണ്ണൂർ മെഡിക്കൽ കോളേജിലെ പ്രത്യേക സജ്ജീകരണങ്ങളോട് കൂടിയ ഐസൊലേഷൻ ഐസിയുവിലേക്ക് മാറ്റിയത്. രോഗിയെ അഡ്മിറ്റ് ചെയ്യുമ്പോൾ വാർധക്യ സഹജമായ പ്രയാസങ്ങൾക്കു പുറമെ മൂത്രത്തിൽ പഴുപ്പ്, ശ്വാസതടസ്സം, അമിതവണ്ണം എന്നിങ്ങനെയുള്ള വിഷമതകളും കൂടി ഉണ്ടായിരുന്നതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അബോധാവസ്ഥയിലായിരുന്നു രോഗി.
Also Read: ലോക്ക്ഡൗൺ ഇളവ് ഇന്നുമുതൽ: തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും സേവനങ്ങളും ഏതെല്ലാം?
മൂന്നാഴ്ചയോളം നീണ്ട ചികിസ്തയ്ക്കുശേഷമാണ് ഇവരുടെ രോഗം ഭേദമാക്കാനായത്. തുടർച്ചയായ നെഗറ്റീവ് ഫലങ്ങൾക്കു ശേഷം ഏപ്രിൽ 16 ന് അയച്ച അവസാന പരിശോധനാ ഫലവും നെഗറ്റീവ് കണ്ടെത്തിയതോടെ ഇവരെ ഡിസ്ചാർജ് ചെയ്യാൻ തിരുമാനിക്കുകയായിരുന്നു.
ആശുപത്രി ജീവനക്കാർക്ക് നന്ദിപറഞ്ഞ് വയോധിക
രോഗം ഭേദമാവാൻ സഹായിച്ച ഡോക്ടർമാർ, നഴ്സുമാർ അടക്കമുള്ള എല്ലാ ആശുപത്രി ജീവനക്കാർക്കും നന്ദിയറിയിക്കുന്നതായി രോഗമുക്തി നേടിയ വയോധിക പ്രതികരിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എൻ.റോയ്, മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.സുദീപ്, കൊറോണ സെൽ നോഡൽ ഓഫീസറും കമ്മ്യൂണിറ്റി മെഡിസിൻ മേധാവിയും ആയ ഡോ.എ.കെ.ജയശ്രീ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ ബോർഡ് ആണ് ചികിത്സയ്ക്കു നേതൃത്വം നൽകിയത്.
ആഗോളതലത്തിൽ 80 വയസ്സിനുമേൽ പ്രായമുള്ള കോവിഡ് ബാധിതരിൽ 25 ശതമാനമാണ് മരണനിരക്ക് കണക്കാക്കുന്നത്. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിക്കുന്നതും പ്രായം കൂടിയവരെയാണ്. ഈ സാഹചര്യത്തിൽ പ്രായക്കൂടുതലുള്ള കോവിഡ് ബാധിതയുടെ രോഗമുക്തി കേരളത്തിലെ ആരോഗ്യമേഖലയുടെ രാജ്യാന്തര നിലവാരമാണ് കാണിക്കുന്നതെന്ന് കണ്ണൂർ മെഡിക്കൽ കോളേജ് അഭിപ്രായപ്പെട്ടു.
Also Read: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു
പ്രായാധിക്യമുള്ള രോഗികളുടെ പരിചരണത്തിൽ ഡോക്ടർമാരും നഴ്സിങ് ജീവനക്കാരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇവരുടെ ബന്ധുക്കളെയും കോവിഡ് ബാധയെത്തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട ബന്ധുക്കളുമായി വീഡിയോ കോൾ ചെയ്യാനുള്ള സൗകര്യവും ഇവർക്ക് നൽകിയിരുന്നുവെന്നും മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.
ഇറ്റലി സ്വദേശി റോബര്‍ട്ടോ ടൊണോസോ നാട്ടിലേക്ക് യാത്രതിരിച്ചു
അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സയ്ക്കൊടുവിൽ രോഗം ഭേദമായ ഇറ്റലി സ്വദേശി റോബര്‍ട്ടോ ടൊണോസോ നിരീക്ഷണ കാലാവധിക്കു ശേഷം നാട്ടിലേക്ക് യാത്രതിരിച്ചു. തിരുവനന്തപുരത്തു നിന്നും ബെംഗളൂരുവിലേക്കും അവിടെ നിന്നും ചൊവ്വാഴ്ച ഇറ്റലിയിലേക്കുമാണ് റോബര്‍ട്ടോ ടൊണോസോ പോവുകയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. റോബര്‍ട്ടോ ടൊണോസോയുമായി വീഡിയോ കോള്‍ വഴി സംസാരിച്ചതായും മന്ത്രി അറിയിച്ചു.
കോവിഡ് 19ല്‍ നിന്നും മുക്തിനേടിയ റോബര്‍ട്ടോ ടൊണോസോ നിരീക്ഷണ കാലാവധി കഴിഞ്ഞ ശേഷം ഇറ്റലിയിലേക്കു യാത്ര തിരിച്ചു….
Posted by K K Shailaja Teacher on Monday, 20 April 2020
മാര്‍ച്ച് 13നാണ് ടൊണോസോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കി. നിരീക്ഷണത്തിലായിരുന്ന സമയത്ത് ഇദ്ദേഹം നിരവധി സ്ഥലങ്ങളില്‍ യാത്രനടത്തിയതും എവിടെയൊക്കെ പോയി ആരോടെല്ലാം സമ്പര്‍ക്കം പുലര്‍ത്തി എന്ന് പറയാന്‍ അറിയാത്തതും ഭാഷയുമെല്ലാം സമ്പര്‍ക്ക ലിറ്റ് ഉണ്ടാക്കാന്‍ വലിയ ബുദ്ധുമുട്ടുണ്ടാക്കി. അവസാനം ഇറ്റാലിയന്‍ ഭാഷ അറിയുന്ന ആളിന്റെ സഹായത്തോടെയാണ് സമ്പര്‍ക്ക ലിസ്റ്റുണ്ടാക്കിയത്.
Also Read: കേന്ദ്രത്തിന് അതൃപ്തി; ലോക്ക്ഡൗണ്‍ ഇളവുകൾ വെട്ടിക്കുറച്ച് കേരളം
126 പേരുടെ നീണ്ട സമ്പര്‍ക്ക ലിസ്റ്റാണ് ഉണ്ടായിരുന്നത്. ഗുരുതരമായ മറ്റസുഖങ്ങളും ഉണ്ടായിരുന്ന റോബര്‍ട്ടോ ടൊണോസോയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് മികച്ച ചികിത്സയാണ് മെഡിക്കല്‍ കോളേജ് നല്‍കിയതെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി രോഗമുക്തി നേടിയതിനെ തുടര്‍ന്ന് മാര്‍ച്ച് 25ന് ഡിസ്ചാര്‍ജ് ചെയ്തു. രോഗം ഭേദമായെങ്കിലും നിരീക്ഷണം തുടരേണ്ടതുണ്ടായിരുന്നു. ഇദ്ദേഹത്തെ ഹോട്ടലില്‍ താമസിപ്പിച്ചാല്‍ വീണ്ടും പുറത്ത് പോകാന്‍ സാധ്യതയുള്ളതിനാല്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലാവധി കഴിഞ്ഞ ശേഷമാണ് ജനറല്‍ ആശുപത്രിയില്‍ നിന്നും യാത്രതിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.