കണ്ണൂർ: കോവിഡ്-19 ബാധിച്ച് കണ്ണൂരിൽ മരിച്ച എക്സൈസ് ജീവനക്കാരന്റെ സമ്പർക്കപ്പട്ടിക വിപുലമാണെന്ന് മന്ത്രി ഇ.പി.ജയരാജൻ. മരണകാരണത്തെക്കുറിച്ച് പ്രത്യേകം അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ ഇതുവരെ സമൂഹവ്യാപനം ഇല്ല. പക്ഷേ സ്ഥിതി അതീവ ഗുരുതരമാണ്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെയാണ് ഇരുപത്തിയെട്ടുകാരനായ എക്സൈസ് ഡ്രൈവർ കോവിഡ് ബാധിച്ച് മരിച്ചത്. ഇയാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്നു കണ്ടെത്താനായിട്ടില്ല. യുവാവിനെ പനിയും ശ്വാസതടസവും മൂലം  13നു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നില വഷളായതോടെ പരിയാരം മെഡിക്കൽ കോളേജിലേക്കു മാറ്റി. 16 നാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

കണ്ണൂരിൽ ഇന്നലെ നാല് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്തു നിന്ന് എത്തിയവരാണ് രോഗം സ്ഥിരീകരിച്ച നാലു പേരും. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 324 ആയി. ഇന്നലെ നാലു പേർ കൂടി രോഗമുക്തരായതോടെ ജില്ലയില്‍ കോവിഡ് ഭേദമായവരുടെ എണ്ണം 204 ആയി. നിലവില്‍ ജില്ലയില്‍ 14090 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 65 പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 91 പേരും തലശേരി ജനറല്‍ ആശുപത്രിയില്‍ 19 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 22 പേരും വീടുകളില്‍ 13893 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

Read Also: കോവിഡ്: രാജ്യത്ത് 24 മണിക്കൂറിൽ 13,586 പുതിയ കേസുകൾ, 336 മരണം

സമ്പര്‍ക്കം മൂലം കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ രോഗ വ്യാപനം തടയുന്നതിനായി കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഒരു ഭാഗം അടച്ചിട്ടിരിക്കുകയാണ്. കോര്‍പറേഷന്റെ 5, 11, 45, 46, 47, 48, 49, 50, 51, 52, 53 ഡിവിഷനുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളാണ് അടച്ചത്. കണ്ണൂര്‍ നഗരത്തില്‍ നിന്നും തലശേരി ഭാഗത്തേക്ക് താണ വരെയും തളിപ്പറമ്പ് ഭാഗത്തേക്ക് പള്ളിക്കുന്ന് വരെയും ചാലോട് ഭാഗത്തേക്ക് കുഴിക്കുന്ന് വരെയും ജില്ലാ ആശുപത്രി ഭാഗത്തേക്ക് പ്രഭാത് ജങ്ഷന്‍ വരെയും കക്കാട് ഭാഗത്തേക്ക് കോര്‍ജാന്‍ സ്‌കൂള്‍ വരെയും തായത്തെരു ഭാഗത്തേക്ക് റെയില്‍വേ അണ്ടര്‍ പാസ് വരെയുമുള്ള പ്രദേശങ്ങളും അടച്ചിടും.

ജില്ലയിൽ മെഡിക്കല്‍ ഷോപ്പ് ഒഴികെയുള്ള സ്ഥാപനങ്ങള്‍ തുറക്കുന്നതിന് വിലക്കുണ്ടാകും. കൊറോണ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചുമതലകളില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍, ഓഫീസുകള്‍ എന്നിവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിഎസ്‌സി പരീക്ഷ, ഇന്റര്‍വ്യൂ, എസ്എസ്എല്‍സി, പ്ലസ്ടു മൂല്യ നിര്‍ണയ ക്യാമ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുള്ള അധ്യാപകര്‍, ജീവനക്കാര്‍, യൂണിവേഴ്സിറ്റിയിലെ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുമായി ബന്ധപ്പെട്ട ജീവനക്കാര്‍, കൊറോണ കെയര്‍ സെന്ററിലേക്ക് ആവശ്യമായ ഭക്ഷണം വിതരണം ചെയ്യുന്നവര്‍ എന്നിവരെയും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദേശീയപാത വഴിയുള്ള ഗതാഗതത്തിനും തടസമുണ്ടാകില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.