തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന പ്രായമായ തടവുകാർക്ക് പരോൾ അനുവദിക്കാൻ ശുപാർശ. ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ശുപാർശ ജയിൽ വകുപ്പ് മുന്നോട്ട് വച്ചിരിക്കുന്നത്. 60ന് മുകളിൽ പ്രായമുള്ള പുരുഷന്മാർക്കും 50ന് മുകളിൽ പ്രായമായ സ്ത്രീകൾക്കും പരോൾ അനുവദിക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്.
ഇക്കാര്യം വ്യക്തമാക്കി ജയിൽ വകുപ്പ് ആഭ്യന്തര സെക്രട്ടറിക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പരോൾ അനുവദിച്ചാൽ കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിക്കില്ലെന്നും ശുപാർശയിൽ വ്യക്തമാക്കുന്നു. അപേക്ഷ അംഗീകരിച്ചാൽ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 108 തടവുകാർക്ക് 45 ദിവസത്തെ പരോൾ ലഭിക്കും.
Also Read: പരിപാടി കൊള്ളം; കേരള പൊലീസിന് കയ്യടിച്ച് രവി ശാസ്ത്രി
നേരത്തെ കോവിഡ്-19ന്റെ തന്നെ പശ്ചാത്തലത്തിൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ പ്രതികളായ സംസ്ഥാനത്തെ മുഴുവൻ വിചാരണ തടവുകാരെയും ജയിൽ മോചിതരാക്കാൻ ഹൈക്കോടതി ഫുൾ ബഞ്ച് ഉത്തരവിട്ടിരുന്നു. എപ്രിൽ 30 വരെയോ ലോക്ക്‌ഡൗണ്‍ അവസാനിക്കും വരെയോ താൽക്കാലിക ജാമ്യം അനുവദിച്ചാണ് ഇവരെ ജയിൽ മോചിതരാക്കിയത്.
Also Read: മത്സ്യപ്രേമികളുടെ ശ്രദ്ധയ്ക്ക്, ലോക്ക്ഡൗണില്‍ നിങ്ങള്‍ വാങ്ങിയ മത്സ്യം ഫ്രഷാണോ?
ഇതുവരെ 1400 ലധികം പേര്‍ക്കാണ് ഇത്തരത്തില്‍ പരോള്‍ നല്‍കിയിട്ടുള്ളത്. ഇതിനു പിന്നാലെയാണ് പ്രായം കൂടിയ തടവുകാരെ കൂടി ഇത്തരത്തില്‍ പരോള്‍ നല്‍കി വീടുകളിലേക്ക് അയയ്ക്കാനായി ശുപാര്‍ശ നല്‍കിയിരിക്കുന്നത്. പരോൾ ലഭിച്ചാലും കർശന വ്യവസ്ഥകളും നിർദേശങ്ങളും പാലിക്കേണ്ടതുണ്ട്.