റോം: ഇറ്റലിയിലെ പാവിയ സർവകലാശാലയിൽ മലയാളികൾ ഉൾപ്പെടെയുള്ള 85 വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നു. സർവകലാശാലയിലെ ഒരു ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് നാട്ടിലേക്ക് വരാൻ വഴിയില്ലാതെ വിദ്യാർഥികൾ ഇറ്റലിയിൽ കുടുങ്ങിയത്. 15 പേർ നിരീക്ഷണത്തിലാണ്. ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച് 34 പേരാണ് മരിച്ചത് 1694 പേർ ചികിത്സയിലുണ്ട്.

അതേസമയം കൊറോണ വൈറസ് ബാധ പടരുന്ന ഇറാനിൽ കുടുങ്ങിയ കേരളത്തിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ സ്പോൺസർ ഭീഷണിപ്പെടുത്തുന്നതായി റിപ്പോർട്ട്. വെള്ളവും ഭക്ഷണവും നൽകില്ലെന്ന് പറഞ്ഞുവെന്നും വിസയുടെ ബാക്കി പണം നൽകാതെ നാട്ടിലേക്ക് വിടില്ലെന്ന് സ്പോൺസർ ഭീഷണിപ്പെടുത്തിയതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞുവെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Read More: കൊറോണ ഭീതി: കേരളത്തിൽനിന്നുള്ള മത്സ്യതൊഴിലാളികൾ ഇറാനിൽ കുടുങ്ങി

കേരളത്തിൽ നിന്നുള്ള 17 പേർ ഉൾപ്പെടെ 23 പേരാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. സംഘത്തിലെ മറ്റുള്ളവർ തമിഴ് നാട്ടിൽ നിന്നുള്ളവരാണ് എന്നാണ് വിവരം. തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ, വിഴിഞ്ഞം, മര്യനാട്, അഞ്ചുതെങ്ങ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇറാനിൽ കുടുങ്ങിയത്. ഇറാനിലെ അസൂരിലാണ് ഇവർ ഇപ്പോൾ ഉള്ളത്. മുറിയിൽനിന്നു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഇവർ. അസൂരിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്.

നോർക്ക വഴി ഇവർക്ക് സഹായം ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. മത്സ്യബന്ധനതൊഴിലാളികളെ നാട്ടിലെത്തിക്കാൻ അടിയന്തരമായി സർക്കാർ ഇടപെടുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. കൊറോണയെത്തുടർന്ന് ഇറാനിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. കേന്ദ്ര സഹമന്ത്രി വി.മുരളീധരനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

ലോകത്തിലുടനീളം 87,000 പേർക്ക് ഇതോടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ ഞായറാഴ്ച മാത്രം 11 പേർ കൊവിഡ് 19 ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 54 ആയി. ചെക്ക് റിപ്പബ്ലിക്കിലും, സ്കോട്ട്‍ലൻഡിലും, ഡോമിനിക്കൻ റിപ്പബ്ലിക്കിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയിൽ 21 പേർ രോഗം ബാധിച്ച് മരിച്ചു. ഇവിടെ 3730 പേരാണ് ചികിത്സയിലുള്ളത്. ചൈന, ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കർശനമായ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയരാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. അതീവ ഗൗരവത്തോടെയാണ് സ്ഥിതിഗതികൾ വീക്ഷിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയും വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.