രണ്ട് വെള്ളപ്പൊക്കവും നിപയും നല്കിയ തിരിച്ചടികളില്‍ നിന്നും കരകയറിവന്ന കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ കോവിഡ് 19 തളര്‍ത്തുന്നു. കൊറോണ വൈറസ് വ്യാപനം അവസാനിച്ചാലും മേഖല തിരിച്ചു കയറുന്നതിന് വീണ്ടും കാത്തിരിക്കേണ്ടി വരും. കാരണം, കൊറോണ ആഗോള സമ്പദ് വ്യവസ്ഥയെ തളര്‍ത്തുന്നതിനാല്‍ വളര്‍ച്ച തിരിച്ച് പിടിച്ചതിനുശേഷമേ ആളുകള്‍ യാത്ര ചെയ്യാന്‍ സാധ്യതയുള്ളൂ.
സംസ്ഥാനത്തിന്റെ ജിഡിപിയില്‍ നിര്‍ണായക സ്വാധീനമുള്ള മേഖലയാണ് ടൂറിസം. കേരളത്തിന്റെ ജിഡിപിയുടെ പത്ത് ശതമാനത്തോളവും തൊഴില്‍ മേഖലയില്‍ 25 ശതമാനത്തോളവും വിഹിതം ടൂറിസത്തിന്റേതാണ്. കൊറോണ ഭീതി മൂലം യാത്രക്കാര്‍ വരുന്നത് കുറയുന്നതിലൂടെ ഈ മേഖലയില്‍ ധാരാളം പേരുടെ തൊഴില്‍ നഷ്ടമാകാനുള്ള സാധ്യതകളുമുണ്ട്.
കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രണ്ട് മേഖലകള്‍ ടൂറിസവും ഏവിയേഷനുമാണെന്ന് കാസിനോ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്റെ സിഇഒയായ ജോസ് ഡൊമിനിക്ക് പറഞ്ഞു.
Read Also: ‘ഇതെല്ലാം നാട് കാണുന്നുണ്ട്, വളരെ ചീപ്പാകരുത്’, കോവിഡ്-19 ചര്‍ച്ചയില്‍ പ്രതിപക്ഷത്തോട് കെ.കെ.ശെെലജ
“രണ്ട് മേഖലകളുടേയും അടിസ്ഥാനം ജനങ്ങളുടെ യാത്രയാണ്. കൊറോണ പടരുന്നത് തടയാന്‍ എടുക്കുന്ന നടപടികളിലൊന്ന് ജനങ്ങളുടെ യാത്രയെ നിയന്ത്രിക്കുകയെന്നതാണ്. കൊറോണ ഉണ്ടാക്കുന്ന ഫലം എന്താകുമെന്ന് അറിയില്ല.”
ആദ്യം രോഗം പടര്‍ന്ന ചൈന, മലേഷ്യ, ജപ്പാന് തുടങ്ങിയ 12 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണമേര്‍പ്പെടുത്തി. പിന്നീട് ഇറ്റലിയടക്കമുള്ള രാജ്യങ്ങളേയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ കേരളത്തിലേക്ക് വിദേശ, ആഭ്യന്തര വിനോദയാത്രക്കാരുടെ എണ്ണത്തില്‍ വര്ദ്ധനവുണ്ടായിരുന്നുവെന്ന് ജോസ് ഡൊമിനിക്ക് പറഞ്ഞു. “ഫെബ്രുവരി വരെ ഈയൊഴുക്ക് ഉണ്ടായിരുന്നു. എന്നാല്‍ ചൈനയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത് മറ്റു രാജ്യങ്ങളിലേക്കും പടര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യയിലേക്കും ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞു,” അദ്ദേഹം പറയുന്നു.
ഇന്ത്യയിലാദ്യമായി സംസ്ഥാനത്തെ തൃശൂര്‍ ജില്ലയിലും പിന്നീട് പത്തനംതിട്ടയിലും കൊറോണ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ പൗരന്മാരെ ഇന്ത്യയിലേക്ക് വരുന്നതില്‍ നിന്നും വിലക്കുകയും ചെയ്തു. പിന്നാലെ മറ്റു സംസ്ഥാനങ്ങളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊറോണ ബാധ മൂന്ന് മാസത്തിനകം അവസാനിക്കുമെന്ന പ്രതീക്ഷ ജോസ് ഡൊമിനിക്ക്
പുലര്‍ത്തിയെങ്കിലും അതുണ്ടാക്കുന്ന അനന്തരഫലങ്ങള്‍ എന്താകുമെന്ന ആശങ്കയും അദ്ദേഹം പങ്കുവയ്ക്കുന്നു.
Read Also: കോവിഡ്-19: ശ്രദ്ധിക്കുക, മാസ്ക് ധരിക്കേണ്ടത് ആരൊക്കെ?
ഇപ്പോള്‍ മുന്‍ഗണന കൊടുക്കേണ്ടത് കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്കാണെന്ന് ജോസ് ഡൊമിനിക്ക് പറയുന്നു. “ടൂറിസ്റ്റുകള്‍ വരുന്നത് ജനത്തിന്റെ ആരോഗ്യത്തിന് ഭീഷണിയാകും. കേരളത്തില്‍ രോഗത്തിന്റെ തുടക്കത്തില്‍ തന്നെ രോഗികളേയും സമ്പര്‍ക്കത്തില്‍ പെട്ടവരെയും കണ്ടെത്താനും ഐസോലേറ്റ് ചെയ്യാനും ആരോഗ്യവകുപ്പിന് സാധിച്ചത് നല്ല കാര്യമായി,” അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനുശേഷം ബുക്കിങ്ങുകള്‍ റദ്ദാക്കുന്നതിനൊപ്പം പുതിയ ബുക്കിങ്ങുകള്‍ വരുന്നുമില്ലെന്ന് ഫോര്‍ട്ട് കൊച്ചിയിലെ ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിന്റെ ഉടമ എഡ്ഗര്‍ പിന്റോ പറഞ്ഞു. “മൂന്നാഴ്ച മുമ്പ് തൃശൂരിൽ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയതതിന് പിന്നാലെയാണ് ഈ പ്രവണത കണ്ട് തുടങ്ങിയത്. പ്രളയം വന്നപ്പോള്‍ പോലും ഉണ്ടാകാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടല്‍ നേരിടുന്നത്. ഹോട്ടല്‍ തുടങ്ങി 15 വര്‍ഷമായി. ഇതിനിടയില്‍ കണ്ട ഏറ്റവും മോശം കാലഘട്ടമാണിത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രളയത്തിനുശേഷം ടൂറിസം മേഖല തിരിച്ചുവന്നുവെന്ന വാര്‍ത്തകളെ അദ്ദേഹം തള്ളിക്കളയുന്നു. സ്വന്തം അനുഭവത്തില്‍ നിന്നുമാണ് ഇക്കാര്യം പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ടൂറിസ്റ്റ് തന്നെ ആലപ്പുഴയിലും മൂന്നാറിലും കൊച്ചിയിലും പോകാറുണ്ട്. ഇയാളെ മൂന്നായി കണക്ക് കൂട്ടുന്നുണ്ടാകാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
“കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളായി ടൂറിസം വ്യവസായത്തില്‍ തളര്‍ച്ചയാണ്. പണ്ട് ഓഗസ്ത് മുതല്‍ ടൂറിസ്റ്റുകള്‍ വന്ന് തുടങ്ങും. ഇപ്പോള്‍ വരുന്നത് ഡിസംബര്‍ അവസാനം മാത്രമാണ്. എല്ലായിടത്തും അവധിക്കാലമായതു കൊണ്ടാണത്. ഇപ്പോള്‍ ടൂറിസം സീസണിന്റെ ദൈര്‍ഘ്യം കുറയുകയും ആളുകളുടെ എണ്ണം കുറയുകയും ചെയ്യുന്നു,”എഡ്ഗര്‍ പിന്റോ പറയുന്നു.
“യുഡിഎഫ് സര്‍ക്കാര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയത് മൂലം ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങ് എല്ലാം നിന്നുപോയി. വീണ്ടും മദ്യം കൊണ്ടുവന്നെങ്കിലും കേരളമൊരു മദ്യനിരോധിത സംസ്ഥാനമെന്ന പ്രതിച്ഛായയാണ് പുറത്തുള്ളത്. അതിനുപിന്നാലെ വെള്ളപ്പൊക്കം വന്നു. ഇപ്പോള്‍ കൊറോണയും. ഇതെല്ലാം ടൂറിസം മേഖലയെ പൊതുവായി ബാധിച്ചിട്ടുണ്ട്,”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണ മൂലം ടൂറിസം മേഖലയില്‍ ഒരു തളര്‍ച്ച വരുമെന്നതില്‍ സംശയമില്ലെന്നും ബുക്കിങ്ങുകള്‍ റദ്ദായിത്തുടങ്ങിയെന്നും ഹോംസ്റ്റെഡ് എന്ന ഹോം സ്റ്റേ ഉടമയായ ദേവാനന്ദ് എസ് പി പറയുന്നു.
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ടൂറിസ്റ്റുകളുടെ വരവ് ധാരാളമുണ്ടായിരുന്നതായും വെള്ളപ്പൊക്കത്തിനുശേഷം ആദ്യമായിട്ടാണ് ഇത്തരമൊരു വരവ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യയില്‍ എത്തിക്കഴിഞ്ഞവരില് കുറച്ചു പേര് താമസിക്കുന്നുണ്ട്. കുറച്ചു പേര് അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് പോകുകയും ചെയ്തു. അവരൊക്കെ 28 ദിവസം മുമ്പ് കേരളത്തിലെത്തിയവരാണ്. പക്ഷേ, ഇനി വരാനിരിക്കുന്നവര്‍ റിസര്‍വേഷന്‍ റദ്ദാക്കി തുടങ്ങിയിട്ടുണ്ട്,” ദേവാനന്ദ് പറയുന്നു.
“റഷ്യയില്‍ നിന്ന് വരാനിരുന്നവര്‍ അത് റദ്ദാക്കിയെന്ന് ഇന്നലെ അറിയിച്ചിട്ടുണ്ട്. അടുത്ത മാസം തിരുവനന്തപുരം എഞ്ചിനീയര്‍ കോളെജിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിനായി രണ്ട് ദിവസത്തേക്ക് ഹോം സ്റ്റേ റിസര്‍വ് ചെയ്തിരുന്നു. അവരില്‍ ചിലര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വരേണ്ടവരായിരുന്നു. അതിനാല്‍, സംഗമം റദ്ദാക്കാന്‍ സാധ്യതയുണ്ടെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം മുഴുവന്‍ തുകയും തിരിച്ചു നല്‍കും.”
നമ്മുടെയൊന്നും നിയന്ത്രണത്തിലല്ലാത്ത ആഗോള പകര്‍ച്ച വ്യാധി കാരണം കൊണ്ട് റദ്ദാക്കേണ്ടി വന്നതിനാലാണ് തുക മുഴുവന്‍ തിരിച്ചു നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൊറോണ മൂലം യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കിയതിന് വിമാനക്കമ്പനികള്‍ വന്‍തുക പിഴയീടാക്കുന്ന വാര്‍ത്തകള്‍ വരുമ്പോഴാണ് കേരളത്തിലെ ഹോംസ്റ്റേകള്‍ ഉപഭോക്താവിന്റെ പണം മുഴുവന്‍ തിരിച്ച് നല്‍കുന്നത്.
ഹോം സ്റ്റേകള്‍ അടച്ചിടുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്ന് ഹോം സ്റ്റേ ഓണേഴ്സ് അസോസിയേഷന്റെ വൈസ് ചെയര്മാന് കൂടിയായ ദേവാനന്ദ് പറയുന്നു. അതേസമയം, ജീവനക്കാര്‍ക്ക് ഉപഭോക്താവുമായി അടുത്ത് ഇടപഴകേണ്ടി വരുന്ന മസാജ് പാര്‍ലറുകള്‍ അടച്ചിടാന്‍ ഉടമകള്‍ സ്വയം തീരുമാനം എടുത്തതായി അറിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇറ്റലി, കൊറിയ, വിയറ്റ്നാം സ്വദേശികളുടെ ബുക്കിങ് വരാറുണ്ട്. ചൈനാക്കാരും ഇറാന്‍കാരും വരുന്നത് കുറവാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആശങ്ക ഉണര്‍ത്തുന്നത് ഈ മൂന്ന് രാജ്യങ്ങളാണ്.
Read Also: കൊറോണക്കാലത്തെ ഇറ്റലി ജീവിതം
വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ വിശദവിവരങ്ങള്‍ സര്‍ക്കാരിനും നല്‍കണമെന്ന നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ഏത് രാജ്യക്കാര്‍, ഏത് സ്ഥലത്തുനിന്നാണ് കേരളത്തിലേക്ക് വരുന്നത് തുടങ്ങിയ വിവരങ്ങള്‍ യാത്രക്കാരില്‍ നിന്നും ശേഖരിക്കണം. വിദേശത്തുനിന്നും കേരളത്തിനു പുറത്തുനിന്നും വരുന്ന സന്ദര്‍ശകര്‍ കൊച്ചയിലെത്തിശേഷം ആലപ്പുഴയ്ക്കും മൂന്നാറിലേക്കും പോകുകയാണ് പതിവ്, ദേവാനന്ദ് പറയുന്നു.
ഈ വരവ് കുറയുന്നതോടെ മൂന്നാറിലേയും ആലപ്പുഴയിലേയും ടൂറിസം മേഖലയേയും ബാധിക്കും. ഒന്നോ രണ്ടോ ദിവസമാണ് സന്ദര്‍ശകര്‍ കൊച്ചിയില്‍ തങ്ങുക. അതേസമയം, പ്രായമേറിയ യാത്രക്കാര്‍ കൊച്ചിയില്‍ കൂടുതല്‍ ദിവസങ്ങള്‍ കൊച്ചിയില്‍ തങ്ങാറുണ്ട്. അവര്‍ ഒന്ന് രണ്ട് ആഴ്ച്ചകള്‍ ഹോം സ്റ്റേകളില്‍ തങ്ങാറുണ്ട്.
ഇപ്പോഴുണ്ടാകുന്ന തളര്‍ച്ച ഈ വര്‍ഷം അവസാനം ആരംഭിക്കുന്ന കൊച്ചി ബൈനാലെയോടെ മാറിത്തുടങ്ങുമെന്ന പ്രതീക്ഷയാണ് ദേവാനന്ദ് പങ്കുവയ്ക്കുന്നത്. “ബൈനാലെ മാസങ്ങള്‍ക്കുമുമ്പേ പ്രഖ്യാപിച്ചതാണ്. വിദേശത്തുനിന്നും ആര്‍ട്ടിസ്റ്റുകള്‍ എത്തും. കൂടെ സന്ദര്‍ശകരും.” ഇത് കൊച്ചിയിലെ ടൂറിസം മേഖലയെ സഹായിക്കുമെന്ന പ്രതീക്ഷയാണ് ദേവാനന്ദ് പുലര്‍ത്തുന്നത്.