തിരുവനന്തപുരം: സംസ്ഥാനത്തും കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനം പൂർണമായും അടച്ചിടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. രോഗലക്ഷണമുള്ളവരിലും ആരോഗ്യ പ്രവർത്തകർക്കും പുറമെ എല്ലാ ആളുകളിലും വൈറസ് പരിശോധന നടത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഐഎംഎ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സമൂഹ വ്യാപനം മനസ്സിലാക്കുന്നതിനായി വ്യാപകമായി ടെസ്റ്റുകൾ നടത്തുകയും അതിന്റെ ഫലം അനുസരിച്ച് അതിശക്തമായ നടപടികൾ സർക്കാർ കൈകൊളളുകയും വേണം. സംസ്ഥാനത്തെ മൂന്നിലൊന്ന് ഡോക്ടർമാരെ രണ്ടാം നിരയായി മാറ്റിനിർത്തിക്കൊണ്ട് പകർച്ചവ്യാധി വ്യാപകമായി പകരുന്ന അവസ്ഥയെ നേരിടുവാൻ നിലവിൽ ഐഎംഎ സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ളവയോട് ഈക്കാര്യത്തിൽ അനുകൂലമായ തീരുമാനമെടുക്കുവാനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദേശം നൽകി.

സംസ്ഥാനം പൂർണമായും അടയ്ക്കുന്നതിന് മുന്നോടിയായി ആഹാരവും അവശ്യ സാധനങ്ങളും എത്തിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കണമെന്ന് ഐഎംഎ. ഇത്തരത്തിലുള്ള എല്ലാ മുൻകരുതലുകളും എടുത്ത് യുക്തമായ തീരുമാനം എടുക്കാൻ സർക്കാർ മുൻകൈയെടുക്കണം. സ്വകാര്യമേഖലയിലുള്ള ആശുപത്രികളിലെ കിടക്കകളും, തീയറ്റർ മുറികളും ഇതിനായി സജ്ജമാക്കുന്നതിന് വേണ്ടിയുള്ള നിർദ്ദേശവും സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും ഇതിനകം പൂർത്തീകരിച്ചിട്ടുണ്ടെന്നും ഐഎംഎ അറിയിച്ചു.

രാജ്യത്ത് കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ 75 ജില്ലകൾ സമ്പൂർണമായും അടച്ചിടാൻ കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. അതേസമയം കേരളത്തിലെ ഏഴ് ജില്ലകൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചുവെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഈ ജില്ലകളിൽ പുതിയതായി ഒരു നിയന്ത്രണവും ഏർപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടില്ല. എന്നാൽ നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.