തിരുവനന്തപുരം: കോവിഡ്-19 രോഗവ്യാപനം ലോകത്താകെ രൂക്ഷമാവുന്ന സാഹചര്യത്തിൽ നാട്ടിൽ ജാഗ്രത ഇനിയും വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാർച്ച് 05 മുതൽ 24 വരെ വിദേശ രാജ്യങ്ങളിൽനിന്നോ മറ്റു സംസ്ഥാനങ്ങളിൽ നിന്നോ വന്നവരും അവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും 28 ദിവസത്തെ ഐസൊലേഷൻ നിർബന്ധമായും പൂർത്തിയാക്കണം. അത്തരക്കാർ ദിശ നമ്പറിലേക്ക് (1056) വിളിക്കുകയും എന്തൊക്കെ ചെയ്യണമെന്ന് മനസ്സിലാക്കുകയും വേണം. 60 വയസ്സിനു മുകളിലുള്ളവർ, കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവരുമായി അവർ ഇടപഴകാൻ പാടില്ലെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

സംസ്ഥാനത്തെ കോവിഡ് ആശുപത്രികളുടെ പട്ടിക പരസ്യപ്പെടുത്തും. ആശുപത്രികൾക്ക് പുറമെ ലോഡ്ജ്, ടൂറിസ്റ്റ് ഹോമുകൾ, ഹോസ്റ്റലുകൾ, ഗസ്റ്റ് ഹൗസുകൾ എന്നിവിടങ്ങളിൽ നിന്നായി ഒരു ലക്ഷത്തോളം ബാത്ത് അറ്റാച്ച്ഡ് മുറികൾ ലഭ്യമാക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ  ഉപയോഗിക്കാൻ വേണ്ടിയാണ് മുറികൾ കണ്ടെത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഹോട്ട് സ്പോട്ടുകളിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളും

രാജ്യത്തെ കോവിഡ് ഹോട്ട് സ്പോട്ടുകളിൽ സംസ്ഥാനത്തെ ഏഴ് ജില്ലകൾ ഉൾപ്പെടുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ,എറണാകുളം, തിരുവനന്തപുരം ജില്ലകളാണ് കോവിഡ് ഹോട്ട് സ്പോട്ടുകളിൽ ഉൾപ്പെടുന്നത്.

ലോക്ക്ഡൗൺ പിൻവലിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്കെത്തിക്കുന്നതിനുള്ള യാത്രാ സൗകര്യം നൽകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൗൺ അവസാനിക്കുന്നതോടെയുണ്ടാവാൻ സാധ്യതയുളള തിരക്ക് കുറക്കുന്നതിന് സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്രസർക്കാർ തേടുന്നുണ്ട്. ഇതിനായി കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരം വിദഗ്ദ സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Also Read: കോവിഡ്-19: പോത്തൻകോട് മരിച്ച ആളുമായി അടുത്തിടപഴകിയവരുടെ സാംപിളുകൾ പരിശോധനയ്‌ക്ക് അയച്ചു

കോവിഡ് ടെസ്റ്റിങ് കേന്ദ്രങ്ങൾക്ക് യഥാസമയം അനുമതി നൽകണമെന്നും റാപിഡ് ടെസ്റ്റാനാവശ്യമായ കിറ്റുകൾ എത്തിക്കുന്നതിന് സഹായം വേണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. റാപിഡ് ടെസ്റ്റാനാവശ്യമായ കിറ്റുകൾ ദിനം പ്രതി ഹോങ്കോങ്ങിൽ നിന്ന് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

കോവിഡിനൊപ്പം മറ്റു പകർച്ചവ്യാധികളെയും ശ്രദ്ധിക്കേണ്ടതുണ്ട്. സിക, മഞ്ഞപ്പനി തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാാധ്യത നിലനിഞക്കുന്നു. ഇവ തടയുന്നതിന് പരിസര ശുചിത്വം പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരെയും ഒറ്റപ്പെടുത്തരുത്

പോത്തൻകോട് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. അവിടെ ജനജീവിതം ആകെ സ്തംഭിപ്പിക്കുക എന്നതല്ല ഉദ്ദേശിക്കുന്നത്, എന്നാൽ കരുതലോടെ നീങ്ങേണ്ടതുണ്ട്.ഒരു കുടുംബങ്ങളെയും ഈ ഘട്ടത്തിൽ ഒറ്റപ്പെടുത്താൻ പറ്റില്ല. കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബത്താട് ചിലർ സ്വീകരിക്കുന്ന സമീപനത്തെക്കുറിച്ച് ചില പരാതികൾ ഉയർന്നിട്ടുണ്ട്. അത്തരത്തിലുള്ള ദുരനുഭവമുണ്ടാവാതിരിക്കാൻ സർക്കാർ സംവിധാനങ്ങളും സമൂഹവും ശ്രദ്ധിക്കേണ്ടതുണ്ട്.

അവിടെ ഉത്തരവാദപ്പെട്ട പൊതു പ്രവർത്തകരുൾപ്പെടെ മുൻകരുതലില്ലാതെ ആളുകളുമായി ഇടകലർന്ന് ഓടി നടക്കുന്നുവെന്ന് പരാതിയുണ്ട്. ആരും വെെറസ് ഭീഷണിക്ക് അതീതരല്ല. കൃത്യമായ നിയന്ത്രണങ്ങൾ സ്വീകരിക്കണം. അതോടൊപ്പം ശക്തമായ ബോധവൽക്കരണവും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.