തിരുവനന്തപുരം:കോവിഡ്-19 ഭീഷണിയുടെ സാഹചര്യത്തിൽ സംസ്ഥാനത്തുനിന്നുള്ള പ്രവാസികൾക്ക് ഡോക്ടർമാരുടെ സേവനം ഓൺലെെനിൽ ലഭ്യമാക്കുന്നതിനുള്ള സേവനം ആരംഭിച്ചു. ഡോക്ടർമാരുമായി വീഡിയോ, വോയ്സ് കോളിങ്ങ് വഴി സംസാരിക്കാൻ കഴിയുന്ന ഈ സേവനം നോർക്ക വെബ്സെെറ്റിലൂടെ ലഭ്യമാവും.

ഡോക്ടർമാരുമായി സംസാരിക്കാൻ

നോർക്ക വെബ്‌സൈറ്റിൽ (www.norkaroots.org) പ്രവേശിച്ചാൽ കോവിഡ് റെസ്പോൺസ് സെല്ലിന്റെ ലിങ്ക് വഴി ഓൺലെെൻ സേവനങ്ങൾ ലഭ്യമാക്കാം. തുടർന്നു ലഭിക്കുന്ന പേജിൽ നിന്ന് ‘ഡോക്ടർ ഓൺ ലൈൻ’, ‘ഹലോ ഡോക്ടർ ‘എന്നീ ഓപ്ഷനുകളിൽ ഏതെങ്കിലും തിരഞ്ഞെടുത്ത് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാം.

നോർക്ക റൂട്ട്സ് കോവിഡ് റെസ്പോൺസ് സെല്ലിന്റെ വെബ് പേജ്

ഇതിനൊപ്പം പ്രവാസികൾക്ക് നിലവിലുള്ള പ്രശ്‌നങ്ങളും സംശയങ്ങളും നോർക്ക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരവും ലഭ്യമാക്കും. ഇതിനായി ‘പങ്കു വയ്ക്കാം കോവിഡ് ആശങ്കകൾ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം.

Also Read: കേരളത്തിന് അല്ലുവിന്റെ സ്‌നേഹം; കോവിഡ് ദുരിതാശ്വാസത്തിനു 25 ലക്ഷം രൂപ നൽകി

ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓർത്തോ, ഇഎൻടി, ഒഫ്താൽമോളജി വിഭാഗം ഡോക്ടർമാരുടെ സേവനം നിലവിൽ ലഭ്യമാണ്. നോർക്കയുടെ വെബ്‌സൈറ്റിൽ ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ ലഭിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മുതൽ 6 വരെയാണ് ഡോക്ടർമാരുടെ സേവനം ലഭ്യമാവുക.

പ്രവാസി ഹെൽപ് ഡെസ്ക്

വിദേശ രാജ്യങ്ങളിലുള്ള മലയാളികൾക്ക് കോവിഡ് ആശങ്കകൾ പങ്ക് വെയ്ക്കുന്നതിനുള്ള ഹെൽപ് ഡെസ്ക് ആരംഭിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പ്രവാസികൾ കൂടുതലുള്ള രാജ്യങ്ങളിൽ വിവിധ സംഘടനകളുമായി സഹകരിച്ച് നോർക്ക അഞ്ച് ഹെൽപ് ഡെസ്കുകൾ ആരംഭിക്കാനാണ് ധാരണയിലെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രവാസികൾ അനുഭവിക്കുന്ന വിഷമതയാണ് ഇപ്പോഴുള്ള ഒരു പ്രധാന പ്രശ്നമെന്നും ഈ സാഹചര്യത്തിലാണ് ഹെൽപ് ഡെസ്ക് ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നു.

Posted by Pinarayi Vijayan on Wednesday, 8 April 2020

 

“നമ്മുടെ മുന്നിൽ ഇപ്പോഴുള്ള പ്രധാന പ്രശ്നം പ്രവാസി മലയാളികൾ അനുഭവിക്കുന്ന വിഷമതയാണ്. അമേരിക്കയിലും മറ്റും കോവിഡ് ബാധിച്ച് മലയാളികൾ മരണമടയുന്ന വാർത്ത തുടർച്ചയായി വരുന്നു. പല രാജ്യങ്ങളിൽ നിന്നും എന്ത് ചെയ്യണമെന്നറിയാതെ പ്രവാസി സഹോദരങ്ങൾ നാട്ടിലേക്ക് വിളിക്കുന്ന അവസ്ഥയുണ്ട്. ” – മുഖ്യമന്ത്രി പറഞ്ഞു. ഹെൽപ് ഡെസ്കുകൾക്ക് അതത് രാജ്യങ്ങളിലെ അംബാസിഡർമാരുടെ സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Also Read: കോവിഡ്: 40 കോടി ഇന്ത്യക്കാർ കടുത്ത ദാരിദ്ര്യത്തിലേക്കെന്ന് യുഎൻ ഏജൻസി

അതേസമയം, വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷനും ഇൻഷ്വറൻസ് പരിരക്ഷയും ഏർപ്പെടുത്തുന്നതിന് നോർക്ക നടപടി ആരംഭിച്ചു. രജിസ്ട്രേഷൻ സൗകര്യം നിലവിൽ വരുന്നതോടെ വിദ്യാർത്ഥികൾക്ക് ഐഡി കാർഡ് ലഭ്യമാക്കും. രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് വിമാനയാത്രാക്കൂലി ഉൾപ്പെടെയുള്ള ആനുകൂല്യം നൽകുമെന്നും നോർക്ക അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.