തിരുവനന്തപുരം: ലോക്ക് ഡൗണിനെത്തുടര്‍ന്ന് മദ്യലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ മദ്യാസക്തിയുള്ളവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ.

മദ്യാസക്തി മൂലമുണ്ടാകുന്ന ആല്‍ക്കഹോള്‍ വിത്ത്ഡ്രോവല്‍ സിന്‍ഡ്രോം നിസാരമായി കാണരുത്. ഇതുമൂലമുണ്ടാകുന്ന ശാരീരിക, മാനസിക പ്രശ്നങ്ങള്‍ കൃത്യമായി കണ്ടുപിടിച്ച് ചികിത്സിക്കണം. ഇല്ലെങ്കില്‍ ഗുരുതര പ്രശ്നങ്ങളിലോ ആത്മഹത്യയിലോ കൊണ്ടെത്തിക്കും. ഇതു മുന്നില്‍കണ്ട് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Also Read: സ്ഥിതി ഗൗരവതരം; കേരളത്തിൽ ഇന്ന് 39 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

എല്ലാ ദിവസവും മദ്യപിച്ച് കൊണ്ടിരുന്നവര്‍ ഏറെ ശ്രദ്ധിക്കണം. അസ്വസ്ഥത, ക്ഷോഭം, വിഭ്രാന്തി, വിശപ്പില്ലായ്മ, അമിതമായ വിയര്‍പ്പ്, മനംപിരട്ടല്‍, ഛര്‍ദി, ഉത്കണ്ഠ, സങ്കോചം, വിറയല്‍, ശക്തമായ തലവേദന, അപസ്മാരം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ ആള്‍ക്കഹോള്‍ വിത്ത്ഡ്രോവല്‍ സിന്‍ഡ്രോം ആകാന്‍ സാധ്യതയുണ്ട്.
ഈ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം. ആല്‍ക്കഹോള്‍ വിത്ത്ഡ്രോവല്‍ സിന്‍ഡ്രോം ചികിത്സകൊണ്ട് സുഖപ്പെടും. ചികിത്സിക്കാതിരുന്നാല്‍ ചിലപ്പോള്‍ ഡിലീരിയം ആകാന്‍ സാധ്യതയുണ്ട്.

കോവിഡ് 19 ഐസൊലേഷന്‍ ചികിത്സയ്ക്കു പ്രധാന ആശുപത്രികളെ തിരഞ്ഞെടുത്ത സാഹചര്യത്തില്‍ പ്രാഥമികാരോഗ്യ, കുടുംബാരോഗ്യ, സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ലഹരിമുക്ത ചികിത്സയ്ക്കു സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. മാനസികാരോഗ്യത്തിനായി കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആശ്വാസ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. മാനസികാരോഗ്യ പരിപാടി വഴി എല്ലാ കേന്ദ്രങ്ങളിലും മരുന്നുകളും എത്തിച്ചു.

Also Read: ഇടുക്കിയിലെ കോവിഡ് ബാധിതൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ചു; അമ്പരന്ന് മുഖ്യമന്ത്രി

എന്തെങ്കിലും ലക്ഷണങ്ങളുണ്ടെങ്കില്‍ ഈ കേന്ദ്രങ്ങളിലെത്തിയാല്‍ മതി. കൂടുതല്‍ ചികിത്സ ആവശ്യമാണെങ്കില്‍ താലൂക്ക്, ജനറല്‍, ജില്ലാതല ആശുപത്രിയിലേക്കു റഫര്‍ ചെയ്യും. എല്ലാ ജില്ലകളിലും ഇവരുടെ ചികിത്സയ്ക്കായി 20 കിടക്കകള്‍ തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരെ ഐസൊലേഷനില്‍ ചികിത്സിക്കും. പനിയോ ജലദോഷമോ തുടങ്ങിയ എന്തെങ്കിലും അസുഖം ഉണ്ടെങ്കില്‍ നിര്‍ബന്ധമായും അറിയിക്കണം.

സാനിറ്റൈസറില്‍ അടങ്ങിയിട്ടുള്ള ഐസോ പ്രൊപ്പൈല്‍ ആല്‍ക്കഹോള്‍ വിഷമാണ്. മദ്യത്തിനു പകരമായി ഇത് ഉപയോഗിച്ചാല്‍ മരണം വരെ സംഭവിക്കാം. അതിനാല്‍ ലഹരിക്കായി മറ്റേതെങ്കിലും രീതി തെരഞ്ഞെടുക്കരുത്. സഹായത്തിന് ആരോഗ്യ വകുപ്പിന്റെ ദിശ നമ്പറിലോ (1056, 0471 2552056) ജില്ലാ മാനസികാരോഗ്യ കേന്ദ്രം നോഡല്‍ ഓഫീസര്‍മാരുടെ നമ്പരുകളിലോ വിളിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.