തിരുവനന്തപുരം: പുതുതായി കോവിഡ്-19 രോഗബാധ കണ്ടെത്തിയതിനെത്തുടർന്ന് ഇടുക്കി, കോട്ടയം ജില്ലകൾ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റി. ഇടുക്കിയും കോട്ടയവും അടക്കം സംസ്ഥാനത്തെ പത്ത് ജില്ലകളാണ് ഓറഞ്ച് സോണിൽ. കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകൾ റെഡ് സോണിൽ തുടരും.

കോട്ടയം, ഇടുക്കി ജില്ലകളിൽ പുതിയ കേസുകൾ കണ്ടെത്തിയതോടെ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  റെഡ് സോണിൽ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ റംസാന്‍ വ്രതാരംഭം

അതേസമയം, ഓറഞ്ച് എ സോണിലെ ജില്ലകളിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഇളവുകൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.  ഇടുക്കിക്കും കോട്ടയത്തിനും പുറമെ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,  ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളാണ് ഓറഞ്ച് സോണിൽ. ഇതിൽ എറണാകുളം, കൊല്ലം, പത്തനംതിട്ട ജില്ലകളായിരുന്നു ഓറഞ്ച് എ സോണിൽ ഉൾപെടുത്തിയിരുന്നത്.

ഇരു ജില്ലകളിലെയും സാഹചര്യങ്ങൾ വ്യത്യസ്തം

Media Briefing

Posted by Pinarayi Vijayan on Thursday, 23 April 2020

പുതുതായി കോവിഡ് ബാധ കണ്ടെത്തിയെങ്കിലും കോട്ടയത്തെയും ഇടുക്കിയിലെയും സാഹചര്യങ്ങൾ വ്യത്യസ്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിൽ സംസ്ഥാന അതിർത്തിയുണ്ട്. അത് കടന്ന് നിരവധി പേർ വരുന്നുണ്ട്. അത് രോഗവ്യാപനം കൂടാൻ കാരണമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇടുക്കിയിൽ മാത്രമല്ല. സംസ്ഥാനത്ത് ഒട്ടാകെ അതിർത്തി മേഖലകളിൽ ഈ പ്രശ്നം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാന അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്തെ രോഗബാധ സംബന്ധിച്ച വിശദാംശങ്ങൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിയിച്ചു.

സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച പത്ത് കോവിഡ് കേസുകളിൽ നാലെണ്ണം ഇടുക്കി ജില്ലയിലാണ്. കോട്ടയം ജില്ലയിൽ രണ്ട് പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കിക്കും കോട്ടയത്തിനും പുറമെ കോഴിക്കോട് ജില്ലയിൽ രണ്ടുപേർക്കും  തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 447 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 129 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

ഹോട്ട് സ്പോട്ടുകളായ പഞ്ചായത്തുകൾ മുഴുവനായി അടച്ചിടും

ഓറഞ്ച് സോണിലുള്ള 10 ജില്ലകളിൽ ഹോട്ട് സ്പോട്ടുകളായ പഞ്ചായത്തുകൾ മുഴുവനായി അടച്ചിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുനിസിപ്പൽ പ്രദേശങ്ങളിൽ വാർഡുകളെയും കോർപറേഷനുകളിൽ ഡിവിഷനുകളെയും അടിസ്ഥാനമാക്കിയാവും ഹോട്ട് സ്പോട്ടുകൾ നിർണയിക്കുക. ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയ വാർഡുകളും ഡിവിഷനുകളും അടച്ചിടും. അടയ്ക്കേണ്ട വാർഡുകളും ഡിവിഷനുകളും അതത് ജില്ലാ ഭരണകൂടമാണ് കണ്ടെത്തേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓറഞ്ച് സോണിലെ ലോക്ക്ഡൗൺ ഇളവുകൾ

സംസ്ഥാന സർക്കാർ ഓറഞ്ച് എ സോൺ ജില്ലകളിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഭാഗിക ഇളവുകൾ വെള്ളിയാഴ്ച  പ്രാബല്യത്തിൽ വരികയാണ്. സാമൂഹിക അകല നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി മാത്രമാണ് ഇളവുകൾ അനുവദിക്കുക. രാഷ്ട്രീയ, സാമൂഹ്യ, കായിക, വിനോദ, സാംസ്കാരിക  പരിപാടികളും മത ചടങ്ങുകളും ജനങ്ങള്‍ ഒത്തുകൂടുന്ന മറ്റ് പരിപാടികളും ഒഴിവാക്കണം.

Also Read: ക്രെെസ്‌തവ ദേവാലയങ്ങളിൽ വിവാഹം നടത്താം; പരമാവധി 20 പേർ

ആരാധനാലയങ്ങള്‍ അടച്ചിടും. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ 20 ല്‍ അധികം ആളുകള്‍ ഉണ്ടാകാന്‍ പാടില്ല. ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചിടും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കാൻ അനുവാദമില്ലെന്നും ഓൺലൈൻ ക്ലാസ്സുകൾ തുടരാമെന്നും സർക്കാർ വ്യക്തമാക്കി.

 • സ്വകാര്യ വാഹനങ്ങള്‍ നിയന്ത്രിതമായി പുറത്തിറക്കാം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ സംഖ്യയില്‍ നമ്പര്‍ അവസാനിക്കുന്ന വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പൂജ്യം, ഇരട്ട സംഖ്യ എന്നിവയില്‍ നമ്പര്‍ അവസാനിക്കുന്ന സ്വകാര്യ വാഹനങ്ങളും പുറത്തിറക്കാം. എന്നാല്‍, സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഈ നിയന്ത്രണമില്ല. കാരണമില്ലാതെ ജില്ലാ അതിര്‍ത്തിക്ക് പുറത്തേക്ക് പോകാനാവില്ല.
 • നാലു ചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്കും ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ക്കും മാത്രമാണ് യാത്ര. യാത്രക്കാര്‍ മാസ്കുകള്‍ ധരിക്കണം.
 • പൊതുഗതാഗതം അനുവദിക്കില്ല.
 • ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ നല്‍കാം. ഓണ്‍ലൈന്‍ ഭക്ഷണവിതരണം രാത്രി എട്ടുമണി വരെ അനുവദിക്കും.
 • ആരോഗ്യമേഖലയിൽ മെഡിക്കല്‍ ലബോറട്ടറികള്‍, കളക്ഷന്‍ സെന്‍ററുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ആന്‍റ് മെഡിക്കല്‍ റിസര്‍ച്ച് ലാബുകള്‍, കോവിഡ് ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവക്ക് തുറന്ന് പ്രവര്‍ത്തിക്കാം.
 • വെറ്ററിനറി ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍, ക്ലിനിക്കുകള്‍, പതോളജി ലാബുകള്‍, മരുന്നുകളുടെയും വാക്സിനുകളുടെയും വിതരണം, വില്‍പന, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹോം കെയര്‍ പ്രൊവൈഡര്‍മാര്‍ അടക്കമുള്ള അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കും പ്രവര്‍ത്തിക്കാം.
 • മരുന്ന് ഉല്പാദനമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സര്‍വീസുകള്‍, ആരോഗ്യ രംഗത്തെ നിര്‍മ്മാണ പ്രവര്‍ത്തികള്‍, ആംബുലന്‍സ് നിര്‍മ്മാണ മേഖല ഉള്‍പ്പടെയുള്ളവയ്ക്കും പ്രവര്‍ത്തിക്കാം.
 • ആരോഗ്യ വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താം.
 • കാര്‍ഷിക മേഖലയിൽ കൃഷിക്കാര്‍ക്കും വിവിധ കൃഷിപ്പണികള്‍ ചെയ്യുന്നവര്‍ക്കും കാര്‍ഷിക വൃത്തിയിലേര്‍പ്പെടാം. കാര്‍ഷിക വിളകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഭരണ, മാര്‍ക്കറ്റിംഗ്, വില്‍പന ഏജന്‍സികള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.
 • കൃഷി വികസനവും കര്‍ഷകരുടെ ക്ഷേമവുമായി ബന്ധപ്പെട്ട്പ്രവര്‍ത്തിക്കുന്ന സഹകരണ സൊസൈറ്റികള്‍ക്കും പ്രവര്‍ത്തന അനുമതിയുണ്ടാകും.
 • കാര്‍ഷിക ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, സ്പെയര്‍ പാര്‍ട്സ് കടകള്‍, അറ്റകുറ്റപണികള്‍ നടത്തുന്ന കടകൾ എന്നിവ തുറക്കാം.
 • മത്സ്യ ബന്ധന മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്ക് പ്രവർത്തിക്കാം. ഹാച്ചറികള്‍, മത്സ്യ ഭക്ഷ്യ നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവക്കും പ്രവര്‍ത്തിക്കാം.
 • ചായ, കോഫി, ഏലയ്ക്ക, റബ്ബര്‍, തോട്ടങ്ങളില്‍ 50 ശതമാനം ജോലിക്കാര്‍ക്ക് ജോലികള്‍ ചെയ്യാം. ഇതിന്‍റ സംസ്കരണ യൂണിറ്റുകളിലും 50 ശതമാനം ജോലിക്കാര്‍ക്ക് പങ്കെടുക്കാം. മുള, തേങ്ങ, അടക്ക, കൊക്കോ, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവയുടെ വിപണനവും അനുബന്ധ പ്രവര്‍ത്തികളും നടത്താം.
 • പാല്‍ , പാല്‍ ഉല്പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍ നടത്താം. കോഴി വളര്‍ത്തല്‍ കേന്ദ്രം ഉള്‍പ്പടെയുള്ള മൃഗസംരക്ഷണ യൂണിറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം.

Also Read: കേരളത്തിൽ സമൂഹ വ്യാപനം തിരിച്ചറിയാൻ റാൻഡം പരിശോധന തുടങ്ങി

 • സാമ്പത്തിക മേഖലയിൽ എന്‍പിസിഐ, സിസിഐഎല്‍, പേയ്മെന്‍റ് സിസ്റ്റം ഓപറേറ്റേഴ്സ്, സര്‍ക്കാരിനു കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവക്കു പ്രവര്‍ത്തിക്കാം.
 • ബാങ്ക് ശാഖകള്‍, എടിഎം, ഐ.ടി.വെന്‍ഡര്‍മാര്‍, ബാങ്കിംഗ് കറസ്പോണ്ടന്‍സ്, എടിഎം ഓപറേഷന്‍, ക്യാഷ് മാനേജ്മെന്‍റ് ഏജന്‍സികള്‍ എന്നിവര്‍ക്കും പ്രവര്‍ത്തിക്കാം.
 • ചരക്കു ഗതാഗതം അനുവദിക്കും, കൊറിയര്‍ സര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാം. വര്‍ക്ക് ഷോപ്പുകള്‍, ഇലക്ട്രിക്കല്‍, ഇലക്ടോണിക് ഉപകരണങ്ങളുടെയും മഷിനറി കളുടെയും റിപ്പയറിംഗ് ഷോപ്പുകള്‍ക്കും പ്രവര്‍ത്തിക്കാം.
 • വ്യവസായ മേഖലയില്‍ സെസുകള്‍, വ്യവസായിക കേന്ദ്രങ്ങള്‍, ടൗണ്‍ഷിപ്പുകള്‍, കയറ്റുമതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ എന്നിവക്ക് നിയന്ത്രണ വിധേയമായി പ്രവര്‍ത്തിക്കാം. സാമൂഹ്യ അകലം ഉറപ്പു വരുത്തി തൊഴിലുടമ തൊഴിലാളികള്‍ക്ക് ഗതാഗത സംവിധാനം ഒരുക്കണം. ഐ ടി ഹാര്‍ഡ് വെയര്‍, റബ്ബര്‍, കശുവണ്ടി, ഖാദി, നോട്ട് ബുക്ക് നിര്‍മ്മാണം എന്നിവക്കു പ്രവര്‍ത്തിക്കാം.
 • നിര്‍മ്മാണമേഖലയിൽ റോഡ്, കനാല്‍ നിര്‍മ്മാണങ്ങള്‍, കെട്ടിട നിര്‍മ്മാണം, ജലസേചന പദ്ധതികള്‍, എന്നിവ അനുവദനീയമാണ്. തൊഴിലാളികള്‍ സാമൂഹിക അകലം പാലിക്കണം. പനിയോ, ചുമയോ മറ്റ് അസ്വസ്ഥതകള്‍ ഉള്ളവര്‍ ജോലി ചെയ്യാന്‍ പാടില്ല. ചുരുങ്ങിയ എണ്ണം തൊഴിലാളികളെ മാത്രമേ പങ്കെടുപ്പിക്കാവൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.