കേരളത്തിലെ ഏഴ് ജില്ലകൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചുവെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഈ ജില്ലകളിൽ പുതിയതായി ഒരു നിയന്ത്രണവും ഏർപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടില്ല. എന്നാൽ നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

രാജ്യത്ത് കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ 75 ജില്ലകൾ സമ്പൂർണമായും അടച്ചിടാൻ കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. കോവിഡുമായി ബന്ധപ്പെട്ട സ്ഥിരീകരിച്ച കേസുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്ത 75 ജില്ലകളിൽ അവശ്യ സേവനങ്ങൾ മാത്രം പ്രവർത്തിക്കാൻ അനുവദിക്കുന്നതിന് ഉചിതമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയത്.

75 ജില്ലകൾ അടച്ചിടാൻ നിർദേശം

കേന്ദ്രം അടച്ചിടാൻ നിർദേശിച്ച പട്ടികയിൽ കേരളത്തിൽ നിന്നുള്ള പത്ത് ജില്ലകളും ഉൾപ്പെട്ടിരുന്നു. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ എന്നീ ജില്ലകളാണിത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത്തരത്തിലൊരു നടപടിയിലേക്ക് സംസ്ഥാന സർക്കാർ കടക്കില്ലെന്നാണ് വിവരം.

എന്നാൽ കേരളത്തിലെ കോവിഡ് ബാധിത ജില്ലകളിൽ നിലവിൽ തന്നെ കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരാകട്ടെ ജനജീവിതം പൂര്‍ണ്ണമായും സ്തംഭിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന നിലപാടിലാണ്. സ്ഥിതി അതീവ ഗുരുതരമെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് പെരുമാറാൻ കഴിഞ്ഞ ദിവസം തന്നെ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നൽകിയിരുന്നു.

അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സംസ്ഥാനം സജ്ജം

ഏത് അടിയന്തര ഘട്ടത്തെയും നേരിടാൻ സജ്ജമാണെന്നാണ് ആരോഗ്യ മന്ത്രി അറിയിച്ചത്. ഭക്ഷ്യ വസ്തുക്കൾക്ക് ക്ഷാമമുണ്ടാകില്ല, വെള്ളവും വൈദ്യതിയും ആരോഗ്യ സേവനങ്ങളും അടക്കം ഒന്നിനും ജനം ബുദ്ധിമുട്ടില്ല .ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നാണ് ലോക് ഡൗൺ സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശത്തോട് ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ പ്രതികരണം.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 1897 ലെ പകര്‍ച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റായ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും 1897 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷന്‍ രണ്ടുപ്രകാരമുള്ള അധികാരങ്ങളും ഉത്തരവിലൂടെ നല്‍കിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രിയും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയും അറിയിച്ചു. വിലക്കയറ്റം തടയാനുള്ള നടപടികളും സ്വീകരിച്ചതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ വ്യക്തമാക്കി.

Also Read: ജനതാ കര്‍ഫ്യൂ കഴിഞ്ഞാലും ഇന്ന് വീട്ടിലിരിക്കുക: നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍

കേരളത്തിൽ ഇന്ന് മാത്രം 15 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 64 ആയി. കാസർഗോഡാണ് ഇന്നും ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, അഞ്ച്. കണ്ണൂർ ജില്ലയിൽ നാലു പേർക്കും, കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിൽ രണ്ട് പേർക്കു വീതവും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

പൊലീസ് നടപടികൾ കടുപ്പിക്കുന്നു

അതേസമയം കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായി പൊലീസ്. ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണങ്ങളില്‍ തുടരാന്‍ നിർദേശിക്കപ്പെട്ടവര്‍ സഹകരിക്കാതിരിക്കുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്താൽ അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്റെ നിർദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കേരള പൊലീസ് ആക്ടിന്റെയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും അടിസ്ഥാനത്തിലാകും നടപടി എടുക്കുകയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പുറപ്പെടുവിച്ച മാർഗനിര്‍ദേശത്തിൽ പറയുന്നു.

പൊതുഗതാഗതവും നിശ്ചലമാകും

പൊതുഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ രാജ്യം മുഴുവൻ നിശ്ചലമാകുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്. കൊച്ചി മെട്രോ അടക്കം രാജ്യത്തെ മുഴുവൻ മെട്രോ സർവീസുകളും മാർച്ച് 31 വരെ നിർത്തിവയ്ക്കാൻ തീരുമാനിച്ചു. ഇന്നു മുതൽ 31 വരെയാണ് മെട്രോ സേവനം നിലയ്ക്കുക. കോവിഡ് വ്യാപനം തടയുന്നതിനുവേണ്ടിയാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിന്റെ ഭാഗമായി രാജ്യത്തെ മെട്രോ സേവനം ഇന്നു നിർത്തിവച്ചിരുന്നു. ഇതിനുപിന്നാലെയാണ് മാർച്ച് 31 വരെ സേവനം നിർത്തിവയ്ക്കാനുളള തീരുമാനമെടുത്തത്.കെഎസ്ആർടിസിയും ദീർഘദൂര സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

പാസഞ്ചർ ട്രെയിനുകളടക്കം സർവീസ് നിർത്തുന്നു

രാജ്യത്ത് ട്രെയിൻ ഗതാഗതം പൂർണമായും നിലയ്ക്കും. ഈ മാസം 31 വരെ രാജ്യത്ത് പാസഞ്ചര്‍ ട്രെയിനുകളുൾപ്പടെ സര്‍വീസുകൾ നിര്‍ത്തിവയ്ക്കും. ട്രെയിന്‍ യാത്ര രോഗവ്യാപനത്തിന് കാരണമാവുന്ന സാഹചര്യത്തിലാണ് നടപടി.

ഇതിനോടകം മാർച്ച് 22 നാലിന് മുന്നേ യാത്ര പുറപ്പെട്ട ട്രെയിനുകൾ അവസാന സ്റ്റേഷൻ വരെ സർവീസ് നടത്തും. ട്രെയിനുകള്‍ റദ്ദാക്കുന്ന പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദാക്കുമ്പോള്‍ മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കും. ജൂൺ 20 വരെ ടിക്കറ്റുകൾ റദ്ദാക്കാൻ സമയം അനുവദിച്ചിട്ടുണ്ട്.

രണ്ട് ജില്ലകളിൽ നിരോധനാജ്ഞ

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിൽ 144 പ്രഖ്യാപിച്ചു. അഞ്ചുപേരി‍ല്‍ക്കൂടുതല്‍ ഒത്തുകൂടരുത്. ഉല്‍സവങ്ങള്‍ അടക്കം മതപരമായ ചടങ്ങുകള്‍ക്ക് പൂര്‍ണവിലക്ക് ഏർപ്പെടുത്തി. പലചരക്കുകടകളും മരുന്നുകടകളും രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെ തുറക്കും

Also Read:ഊർജ്ജം നഷ്ടപ്പെടാതെ നമുക്ക് ഒന്നിച്ച് തുടരാം; കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ അണിചേരുന്നവർക്ക് അഭിവാദ്യം അറിയിച്ച് മുഖ്യമന്ത്രി

കാസർഗോഡ് ജില്ലയിലെ 17 പോലീസ് സ്റ്റേഷന്‍ പരിധികളിലെയും എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും അവശ്യ സാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാര സ്ഥാനങ്ങളും ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു. പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും പെതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും എല്ലാത്തര ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും ക്ലബ്ബുകളും സിനിമാ തീയേറ്ററുകളും പാര്‍ക്കുകളും മറ്റ് വിനോദ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്.

സൂപ്പർ മാർക്കറ്റുകളിലും കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. ഒരേ സമയം അഞ്ച് പേരിലധികം സൂപ്പർ മാർക്കറ്റുകൾക്കുള്ളിൽ ഉണ്ടാകുവാൻ പാടില്ല. കടകളിലെ എസി പ്രവർത്തിപ്പിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.