തിരുവനന്തപുരം: കേരളത്തിലും കൊറോണ വൈറസ് വലിയ രീതിയിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ബാറുകൾ അടച്ചിടാൻ തീരുമാനം. ബിയർ പാർലറുകളും അടച്ചിടാനാണ് ഇന്ന് ചേർന്ന മന്ത്രിസഭ ഉന്നതതല യോഗത്തിന്റെ തീരുമാനം. അതേസമയം, ബിവറേജ് ഔട്ട്‌ലെറ്റുകൾ തുറന്ന് പ്രവർത്തിക്കും. എന്നാൽ കാസർഗോഡ് ജില്ലയിൽ ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിടും.

ബിവറേജസ്​ ഔട്ട്‌ലെറ്റുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. സംസ്ഥാനത്ത് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിടണമെന്ന ആവശ്യവുമായി നേരത്തെ തന്നെ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. കടുത്ത നിയന്ത്രണങ്ങൾക്കിടയിലും എക്സൈസ് കള്ള്ഷാപ്പ് ലേലം നടത്തിയതും വിവാദമായിരുന്നു.

Also Read: പത്തനംതിട്ടയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടുപേർ അമേരിക്കയിലേക്ക് കടന്നു

തിരുവനന്തപുരം ജില്ലയിൽ ഒരു ബിവറേജസ് ജീവനക്കാരി കൊറോണ വൈറസ് ബാധ നിരീക്ഷണത്തിലുണ്ട്. പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ കൊറോണ സംശയത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. ഇതും ഒരു തരത്തിൽ ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്.

അതേസമയം, കോവിഡ് ജാഗ്രതയ്ക്കിടയിലും ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിലെ നീണ്ട ക്യൂ ഒഴിയുന്നില്ല. വടകരയിലെ ബിവറേജ് കോർപ്പറേഷൻ ഷോപ്പുകൾക്ക് മുന്നിലാണ് ക്യൂ. പത്തിലധികം ആളുകൾ ഒത്തുകൂടുന്നതിനും പരസ്പരം ചേര്‍ന്ന് നിൽക്കുന്നതിനും വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് അതെല്ലാം ലംഘിച്ച് ആളുകൾ തിക്കിത്തിരക്കുന്നത്.

Also Read: കോവിഡ്-19: വൈറസ് വ്യാപനം തടയാൻ സംസ്ഥാനം പൂർണമായും അടച്ചിടണമെന്ന് ഐഎംഎ

നിർദേശങ്ങൾ ലoഘിച്ച് ഷോപ്പിന് മുന്നിൽ ക്യൂ നിന്നവരെ പൊലീസ് എത്തി ലാത്തി വീശി ഓടിച്ചു. കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ കോഴിക്കോട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെല്ലാം കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.