തിരുവനന്തപുരം: കോവിഡ് -19 ദുരിതാശ്വാസ നിധിയെക്കുറിച്ച് മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജി നടത്തിയ പ്രസ്താവന പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയെന്ന് മുഖ്യമന്ത്രി. ഒരു പൊതു പ്രവർത്തകനിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയുന്ന വാക്കുകൾ അല്ല അതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കോവിഡ് ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസഹായം സിപിഎം നേതാക്കൾ പ്രതികളായ കേസുകളിൽ വക്കീൽ ഫീസ് നൽകാൻ ഉപയോഗിക്കുന്നുവെന്നായിരുന്നു കെഎം ഷാജിയുടെ ആരോപണം.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജിയുടെ പ്രസ്താവന അമ്പരപ്പുളവാക്കി. ഒരു പൊതു പ്രവർത്തകനിൽ നിന്നും…

Posted by Pinarayi Vijayan on Wednesday, 15 April 2020

Also Read: കോവിഡ്-19: സ്പ്രിങ്ക്ളറുമായി ബന്ധപ്പെട്ട് ഒരു ഒളിച്ചുകളിയുമില്ല, വിവാദം അനാവശ്യം- മുഖ്യമന്ത്രി

ഷാജിയുടെ പ്രസ്താവന അമ്പരപ്പുളവാക്കിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. “ഒരു പൊതു പ്രവർത്തകനിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയുന്ന വാക്കുകൾ അല്ല അത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് ശുദ്ധ നുണ പറഞ്ഞു പാവങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഷാജി ശ്രമിച്ചത്. ചില വികൃത മനസ്സുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ടാകും, അതാണ് പൊതു സമൂഹം എന്ന് കാണരുത്, അതാണ് നാടെന്ന് തെറ്റിദ്ധരിക്കരുത്. നാടാകെ ഈ പ്രതിരോധത്തിൽ ഒന്നിച്ചു നിൽക്കുകയാണ്. ഒരു സംശയവും ആ കാര്യത്തിൽ വേണ്ട, ” മുഖ്യമന്ത്രി പറഞ്ഞു. നമുക്ക് ഒന്നിച്ചു തന്നെ നേരിടാനും അതിജീവിക്കാനും കഴിയും. ഷാജിയുടെ വാക്കുകളോട് അദ്ദേഹത്തിന്റെ പാർട്ടി നേതൃത്വം പ്രതികരിക്കും എന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്ര സമ്മേളനം എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അടിയന്തിരമായും മഹല്ലു കമ്മിറ്റികൾ…

Posted by KM Shaji on Monday, 13 April 2020

ചൊവ്വാഴ്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ഷാജി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ച് ആരോപണമുന്നയിച്ചത്. അടിയന്തിരമായി മഹല്ലു കമ്മിറ്റികൾ ചേർന്ന് ഈ വർഷത്തെ സക്കാത്ത്‌ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക്‌ നൽകാൻ നിർദ്ദേശം നൽകേണ്ടതാണെന്നും അടുത്ത്‌ തന്നെ ഷുക്കൂർ കേസിൽ വിധി വരാൻ ഇടയുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Also Read: സ്‌പ്രി‌ങ്ക്‌ളർ: 87 ലക്ഷം റേഷൻ കാർഡ് ഉടമകളുടെ വിവരങ്ങൾ ചോർത്തി: ചെന്നിത്തല

”സിബിഐക്കു കേസ്‌ വിട്ടുകൊടുക്കാതെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കിൽ നല്ല ഫീസ്‌ കൊടുത്ത്‌ വക്കീലിനെ വെക്കനുള്ളതാണെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. നേരത്തെ നിങ്ങൾ പ്രളയ കാലത്ത്‌ മുഖ്യമന്ത്രിക്ക്‌ കൊടുത്ത ഫണ്ടുണ്ടായത്‌ കൊണ്ട്‌ ഷുക്കൂർ , കൃപേശ്‌ , ശരത്ത്‌ ലാൽ, ഷുഹൈബ്‌ കേസിൽ നമ്മുടെ സഖാക്കൾക്കു വേണ്ടി മുന്തിയ വക്കീലമ്മാരെ വല്യ ഫീസ്‌ കൊടുത്ത്‌ വെക്കാൻ നമുക്കു പറ്റി,” എന്നും ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിക്കുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.