തിരുവനന്തപുരം: കോവിഡ്-19 ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം നാളെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റേഷൻ കടകളിലെ തിരക്കൊഴിവാക്കുന്നതിനായി പ്രത്യേക നിർദേശങ്ങൾ സർക്കാർ മുന്നോട്ട് വച്ചിട്ടുണ്ട്. കാർഡ് നമ്പറുകളനുസരിച്ച് വ്യത്യസ്ത ദിവസങ്ങളിലായി റേഷൻ വിതരണം ക്രമീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആദ്യ ദിനമായ നാളെ, 0, 1 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡുള്ളവർക്കാണ് ഭക്ഷ്യധാന്യം വിതരണം ചെയ്യുക. ഏപ്രിൽ രണ്ടിന് 2,3 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പറുള്ളവർക്കും മൂന്നിന് 4,5 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പറുള്ളവർക്കും ഭക്ഷ്യധാന്യം വിതരണം ചെയ്യും. ഏപ്രിൽ നാലിന് 6,7 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പറുള്ളവർക്കും അഞ്ചിന് 8,9 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പറുള്ളവർക്കുമാണ് സൗജന്യ റേഷൻ വിതരണം ചെയ്യുക.

Also Read: ‘വീട്ടിലിരിക്കൽ’ ഗാർഹിക അതിക്രമത്തിന് കാരണമാകരുത്: മുഖ്യമന്ത്രി

അഞ്ച് ദിവസത്തിനുള്ളിൽ റേഷൻ വിതരണം പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ദിവസങ്ങളിൽ റേഷൻ വാങ്ങാൻ കഴിയാത്തവർക്ക് പിന്നീട് അവസരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാവിലെ മുതൽ ഉച്ചവരെ അന്ത്യോദയ മുൻഗണനാ വിഭാഗങ്ങളിലുള്ള കാർഡുടമകൾക്കും ഉച്ചയ്ക്ക് ശേഷം മുൻഗണനേതര വിഭാഗത്തിൽപെടുന്ന കാർഡ് ഉടമകൾക്കുമാണ് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുക.  ഒരേസമയം ഒരു റേഷൻ കടയിൽ അഞ്ചു പേർ മാത്രമേ പാടുള്ളു. തിരക്കൊഴിവാക്കാൻ ടോക്കൺ അടക്കമുള്ള മാർഗങ്ങൾ പരിഗണിക്കും.

ശാരീരിക അവശതകളടക്കമുള്ള പ്രശ്നങ്ങൾ കാരണം റേഷൻ കടയിൽ പോകാൻ കഴിയാത്തവരെ സഹായിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെയും രജിസ്ട്രർ ചെയ്ത സന്നദ്ധ പ്രവർത്തകരുടെയും സേവനം ലഭ്യമാക്കും. ഇത്തരത്തിൽ സേവനം ലഭ്യമാക്കുമ്പോൾ അന്ത്യോദയ മുൻഗണനാ വിഭാഗങ്ങളിലുളളവർക്ക് പ്രഥമ പരിഗണന നൽകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read: വൈറസിനേക്കാൾ കൂടുതൽ പേരെ കൊല്ലുക പരിഭ്രാന്തി; കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി

ഒറ്റക്ക് കഴിയുന്ന മുതിർന്ന പൗരർ, അവശതയനുഭവിക്കുന്നവർ എന്നിവർക്കുള്ള ഭക്ഷ്യധാന്യങ്ങൾ വീട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണം.റേഷൻ കടകളിൽ തിരക്കൊഴിവാക്കുന്നതിനും മറ്റു പ്രശ്നങ്ങളൊഴിവാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വിലവർധന: വിജിലൻസിനുകൂടി ചുമതല നൽകും

ലോക്ക്ഡൗൺ കാലത്ത് അവശ്യ വസ്തുക്കളുടെ വില വർധിക്കുന്നത് പരിശോധിക്കാൻ വിജിലൻസിനുകൂടി ചുമതല നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് അവശ്യ സാധനങ്ങൾക്കുള്ള വില വർധിപ്പിക്കുന്നതിനെ സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിൽ പുരോഗതിയുണ്ട്. ട്രക്കുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ വടക്കൻ ജില്ലകളിലേക്കുള്ള ചരക്കുനീക്കത്തിന് ചിലർ മടിച്ചുനിൽക്കുന്നുണ്ട്. അവരെ ബോധവൽക്കരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് എഴ് പേർക്കാണ് കോവിഡ് സ്ഥീരികരിച്ചത്. തിരുവനന്തപുരത്തും കാസർകോട്ടും 2 പേർക്കും കൊല്ലം തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥീരികരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 215 ആയി ഉയർന്നു. പത്തനംതിട്ടയിലും കണ്ണൂരിലും രണ്ടുപേരുടെ വീതം പരിശോധനാ ഫലം നെഗറ്റീവ് ലഭിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.