തിരുവനന്തപുരം: കൊവിഡ്-19 ലോക്ക്ഡൗണിനെത്തുടർന്ന് സംസ്ഥാനത്ത് അകപ്പെട്ട ബ്രിട്ടിഷ് പൗരന്മാരെയും വഹിച്ചുള്ള ആദ്യ വിമാനം യാത്രയായി. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൾ വഴി 268 പേരെയാണ് ബ്രിട്ടനിലേക്ക് തിരിച്ചയച്ചത്. ബുധനാഴ്ച വൈകീട്ട് ഏഴരയോടെയാണ് ബ്രിട്ടീഷ് എയര്‍വേയ്സിന്‍റെ ചാര്‍ട്ടേര്‍ഡ് വിമാനം തിരുവനന്തപുരത്ത് നിന്ന് 110 യാത്രക്കാരുമായി പറന്നുയര്‍ന്നത്. പിന്നീട് കൊച്ചിയില്‍ ഇറങ്ങി 158 യാത്രക്കാരെയും കൂടി കയറ്റി വിമാനം ലണ്ടനിലേക്ക് യാത്രയായി.

Also Read: ചികിത്സയ്ക്കായി അന്തര്‍-സംസ്ഥാന യാത്രയ്ക്ക് കേന്ദ്രാനുമതി

ബ്രിട്ടന് പുറമെ ഓസ്ട്രിയ, കാനഡ, പോര്‍ചുഗല്‍, അയര്‍ലാന്‍റ്, ലിത്വാനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഏതാനും പേരും വിമാനത്തിലുള്ളതായി സംസ്ഥാന സർക്കാർ അറിയിച്ചു. കൊവിഡ് -19 പോസറ്റീവ് ഫലം ലഭിച്ചശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജിൽ ചികിത്സയിൽ പ്രവേശിച്ച് രോഗം ഭേദമായ ഏഴ് ബ്രിട്ടിഷ് പൗരന്മാരും സംഘത്തിലുണ്ട്. കേരളം സന്ദര്‍ശിക്കാനെത്തിയ 19 അംഗ സംഘത്തിലുള്ളവരായിരുന്നു ഇവര്‍.

ബംഗളുരുവിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷനിലെ ഉപ സ്ഥാനപതി ജെറമി പിലിമോര്‍ ബെഡ്ഫോര്‍ഡ് കൊച്ചി വിമാനത്താവളത്തിലെത്തി നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. യുകെ പൗരന്മാരെ സ്വദേശത്തേക്ക് തിരിച്ചയക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. കൊവിഡ് രോഗബാധിതരായ എല്ലാ വിദേശ പൗരന്മാരുടെയും ചികിത്സാ ചെലവുകള്‍ സംസ്ഥാന സർക്കാർ നേരിട്ടാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഇത് ന്യൂസ് റൂമിൽ പിറന്ന പാട്ട്; പ്രത്യാശയുടെ സംഗീതവുമായി ഗോപി സുന്ദറും സംഘവും

ലോക്ഡൗണ്‍ കാലത്ത് വിദേശ പൗരന്മാർക്ക് താമസവും ഭക്ഷണവും ടൂറിസം വകുപ്പാണ് ലഭ്യമാക്കിയതെന്ന് വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് പറഞ്ഞു. സംസ്ഥാനത്തെത്തുന്ന വിദേശ ടൂറിസ്റ്റുകളില്‍ 25 ശതമാനത്തോളം ബ്രിട്ടനില്‍ നിന്നാണെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാലകിരണ്‍ പറഞ്ഞു. കേരളത്തില്‍ കഴിഞ്ഞിരുന്ന വിദേശ ടൂറിസ്റ്റുകളുമായി മടങ്ങിയ മൂന്നാമത്തെ വിമാനമാണിത്. നേരത്തെ ജര്‍മ്മനിയില്‍ നിന്നുള്ള 232 പേരും ഫ്രാന്‍സില്‍ നിന്നുള്ള 112 പേരും എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ സ്വദേശത്തേക്ക് മടങ്ങിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.