തിരുവനന്തപുരം: കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് കൊച്ചിയിൽ മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മൃതദേഹം ബന്ധുക്കളെ വീഡിയോ കോളിലൂടെ കാണിച്ചു. പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം സംസ്കരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം, നിലവിൽ ചികിത്സയിലുള്ള ചിലരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൊച്ചിയിലാണ് കേരളത്തിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. 69 വയസുളള എറണാകുളം ചുളളിക്കൽ സ്വദേശിയാണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം ഇന്നു രാവിലെ 8 മണിയോടെയാണ് മരിച്ചത്.

Also Read: മോഷണ സാധ്യത; ബിവറേജസ് ഔട്ട്‌ലറ്റുകൾക്ക് സുരക്ഷ വേണമെന്ന് എംഡി

ഇദ്ദേഹത്തെ രക്ഷപ്പെടുത്താൻ ആരോഗ്യ പ്രവർത്തകർ പരമാവധി ശ്രമിച്ചെന്നും എന്നാൽ സാധിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ഉയർന്ന രക്തസമ്മർദ്ദമടക്കം കോംപ്ലിക്കേഷനുകളുണ്ടാക്കി. വളരെ സൂക്ഷ്മമായി പ്രോട്ടോക്കോളുകളനുസരിച്ചാകും സംസ്കാരച്ചടങ്ങുകൾ നടത്തുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഈ മാസം 16 നാണ് ഇദ്ദേഹം ദുബായിൽനിന്നെത്തിയത്. ദുബായിൽനിന്ന് എത്തിയ ഇദ്ദേഹത്തെ ന്യൂമോണിയ ലക്ഷണങ്ങളുമായി മാർച്ച് 22 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ഹൃദ്വോഗത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം നേരത്തെ ബൈപാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നുവെന്ന് മെഡിക്കൽ ബോർഡിന്റെ പത്രക്കുറിപ്പിൽ പറയുന്നു.

Also Read: കേരളത്തിലെ ആദ്യ കോവിഡ് മരണം കൊച്ചിയിൽ

മരിച്ചയാളുടെ ഭാര്യയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. വിമാനത്താവളത്തിൽനിന്നും ഇവരെ കൊണ്ടുവന്ന ഓൺലൈൻ ടാക്സി ഡ്രൈവർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളും നിരീക്ഷണത്തിലാണ്. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിലെ 40 കുടുംബങ്ങളും നിരീക്ഷണത്തിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.