scorecardresearch
Latest News

കോവിഡ്: കോഴിക്കോട് കണ്ടയ്ന്‍മെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ചു; വയനാട് പത്തിടത്ത് നിരോധനാജ്ഞ

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് കലക്ടർ

കോവിഡ്: കോഴിക്കോട് കണ്ടയ്ന്‍മെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ചു; വയനാട് പത്തിടത്ത് നിരോധനാജ്ഞ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കണ്ടയ്ന്‍മെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ചതായി ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

നിരോധനാജ്ഞയുടെ ഭാഗമായി കണ്ടെയ്ൻമെന്റ് സോണുകളിൽ പൊതു,സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകള്‍ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. തൊഴില്‍, അവശ്യസേവനാവശ്യങ്ങള്‍ക്കു മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളതെന്നും കലക്ടർ ഫെയ്സ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

“കണ്ടയ്ന്‍മെന്റ് സോണുകളിലെ ആരാധനാലയങ്ങളില്‍ അനുഷ്ഠാനങ്ങളും ചടങ്ങുകളും നടത്താനേ പാടുള്ളൂ. ഇതില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനായി നിയോഗിക്കപ്പെട്ട സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ കണ്ടയ്ന്‍മെന്റ് സോണുകളില്‍ നിരീക്ഷണത്തിനുണ്ടാവും,” ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കോഴിക്കോട് ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. വെള്ളിയാഴ്ച മാത്രം 1560 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു.

അതേസമയം വയനാട് ജില്ലയിൽ 10 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

തിരുനെല്ലി, കണിയാമ്പറ്റ, നെന്മേനി, മേപ്പാടി, തരിയോട്‌, പൊഴുതന, വെങ്ങപ്പള്ളി, അമ്പലവയൽ ഗ്രാമ പഞ്ചായത്തുകളിലും, സുൽത്താൻ ബത്തേരി, കൽപറ്റ മുനിസിപ്പാലിറ്റികളിലുമാണ് സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. രണ്ട്‌ ദിവസത്തേക്കാണ് നിരോധനാജ്ഞ. വെള്ളിയാഴ്ച രണ്ടുമണി മുതൽ നിരോധനാജ്ഞ പ്രാബല്യത്തിൽ വന്നു.

രോഗവ്യാപനം വിശകലനം ചെയ്ത് ഓരോ ദിവസവും പ്രഖ്യാപിക്കുന്ന കണ്ടെയ്ൻമെന്റ് സോണുകളുടെ വിവരം കോവിഡ് ജാഗ്രത പോർട്ടലിൽ ലഭ്യമാണ്.നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Coronavirus covid19 kerala news wrap april 16