രണ്ട് ലക്ഷം ഡോസ് കോവിഡ് വാക്സിൻ നാളെ എത്തും

സംസ്ഥാനത്തേക്ക് 50 ലക്ഷം ഡോസ് കോവിഡ് വാക്സിൻ അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർദ്ധന് കത്തയച്ചിരുന്നു

covid news, കോവിഡ് വാര്‍ത്തകള്‍, covid news malayalam, covid vaccination, കോവിഡ വാക്സിന്‍, covid vaccine things to know, covid vaccination website, ie malayalam, ഐഇമലയാളം

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് രണ്ട് ലക്ഷം ഡോസ് കോവിഡ് വാക്സിനുകൾ ചൊവ്വാഴ്ച എത്തും. കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്ക് സംസ്ഥാനത്ത് രണ്ട് ലക്ഷം ഡോസ് വാക്സിൻ എത്തിക്കുമെന്ന് സർക്കാരിനെ അറിയിച്ചു.

സംസ്ഥാനത്തേക്ക് 50 ലക്ഷം ഡോസ് കോവിഡ് വാക്സിൻ അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർദ്ധന് കത്തയച്ചിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി കത്തയച്ചത്. ഇതിന് പിറകെയാണ് രണ്ട് ലക്ഷം ഡോസ് വാക്സിൻ അയക്കാമെന്ന് ഭാരത് ബയോടെക് അറിയിച്ചത്.

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിൽ മാത്രം ആയിരത്തിലധികം (1010) പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം (779), മലപ്പുറം (612), കണ്ണൂര്‍ (536), തിരുവനന്തപുരം (505) ജില്ലകളിൽ അഞ്ഞൂറിലധികമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ന് 12.53 ശതമാനമായി വർധിക്കുകയും ചെയ്തിരുന്നു.

കോവിഡ് രോഗബാധകളുടെ എണ്ണത്തിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമത്

ന്യൂഡല്‍ഹി: പുതിയ കോവിഡ് -19 രോഗബാധകളുടെ എണ്ണത്തിൽ ഇന്ത്യ ബ്രസീലിനെ മറികടന്നു. ഇതോടെ രോഗബാധ ഏറ്റവും രൂക്ഷമായ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. ലോകത്ത് പ്രതിദിനം സ്ഥിരീകരിക്കുന്ന കോവിഡ് രോഗബാധകളിൽ ആറിൽ ഒന്ന് വീതം ഇന്ത്യയിലാണ് സ്ഥിരീകരിക്കുന്നത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,68,912 പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ആകെ കേസുകളുടെ എണ്ണം 1,35,27,717 ആയി ഉയര്‍ന്നു. 12,01,009 സജീവ കേസുകളാണുള്ളത്. 1,21,56,529 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

904 കോവിഡ് മരണമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം മരണസംഖ്യ 1,70,179 ആയി ഉയര്‍ന്നു. ഇതുവരെ 10,45,28,565 പേര്‍ക്കാണു കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയത്. രാജ്യത്ത് കോവിഡ് സ്ഥിതി ദിനംപ്രതി വഷളാവുന്നത് ഓഹരി വിപണിയെയും ബാധിക്കുകയാണ്. സെന്‍സെക്‌സ് ഇന്ന് 900 പോയിന്റ് ഇടിഞ്ഞു.

ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ് കോവിഡ് രണ്ടാം തരംഗം കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ സ്ഥിതി രൂക്ഷമായ ജില്ലകളില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അയച്ച സംഘങ്ങള്‍ സന്ദര്‍ശം നടത്തിയിരുന്നു. സംസ്ഥാനങ്ങളിലെ ചില നിശ്ചിത പ്രശ്‌നങ്ങള്‍ സംഘങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്ന മഹാരാഷ്ട്രയിലെ മൂന്നു ജില്ലകളില്‍ ആശുപത്രികള്‍ നിറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യമാണ്. മറ്റു മൂന്നു ജില്ലകളില്‍ ഓക്‌സിജന്‍ വിതരണത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു. രണ്ട് ജില്ലകളില്‍ വെന്റിലേറ്ററുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു കണ്ടെത്തി.

Also Read: കേരളത്തില്‍ വാക്സിന്‍ ക്ഷാമം; കൂടുതല്‍ ഡോസ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചു

പഞ്ചാബിലെ രണ്ട് ജില്ലകളില്‍ സമര്‍പ്പിത കോവിഡ് ആശുപത്രികളില്ല. മൂന്ന് ജില്ലകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കുറവുണ്ട്. ഒരിടത്ത് ആര്‍ടിപിസിആര്‍ ടെസ്റ്റിങ് ലാബ് ഇല്ല. ഛത്തീസ്‌ഗഡില്‍ മൂന്ന് ജില്ലകളില്‍ ആര്‍ടിപിസിആര്‍ പരിശോധനയില്‍ കുറവുണ്ട്. നാല് ജില്ലകളില്‍ ആശുപത്രി കിടക്കകള്‍ നിറഞ്ഞുകൊണ്ടിരിക്കുകയാണ്. തലസ്ഥാനത്ത് ഓക്‌സിജന്‍ ലഭ്യത പരിമിതമാണ്.

കേന്ദ്രസംഘങ്ങള്‍ ഉന്നയിച്ച ആശങ്കകള്‍ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്‌ഗഡ് ആരോഗ്യ സെക്രട്ടറിമാര്‍ക്ക് പ്രത്യേകം കത്തെഴുതി. ആരോഗ്യ പ്രവര്‍ത്തകരെ കരാടിസ്ഥാനത്തില്‍ നിയമിക്കുക, ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നീ കാര്യങ്ങള്‍ അദ്ദേഹം കത്തില്‍ ഉന്നയിച്ചു.

രാജ്യത്തെ കോവിഡ് സ്ഥിതി വിലയിരുത്താന്‍ കഴിഞ്ഞയാഴച പ്രധാനമന്ത്രി നന്ദ്രേ മോദിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിമാരുടെ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാനങ്ങളിലേക്കു വിദഗ്ധ സംഘത്തെ അയച്ചത്.

ലോക്ക് ഡൗണ്‍: മഹാരാഷ്ട്രയില്‍ തീരുമാനം 14ന്

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ 14നു നടക്കുന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചു. മുതിര്‍ന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന കോവിഡ് ടാസ്‌ക് ഫോഴ്‌സുമായി താക്കറെ നടത്തിയ രണ്ട് മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

മഹാരാഷ്ട്രയില്‍ 63,294 പേര്‍ക്കാണു ഇന്നലെ രോഗം സ്ഥിരീകരിച്ചത്. വൈറസ് വ്യാപനം തുടങ്ങിയശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന സംഖ്യയാണിത്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 34,07,245 ആയി ഉയര്‍ന്നു. 27,82,161 പേര്‍ രോഗമുക്തരായി. ഇന്നലെ മാത്രം 349 മരണമാണ് സംസ്ഥാനത്തുണ്ടായത്. ആകെ മരണം 57,987 ആയി ഉയര്‍ന്നു. റെമെഡിസിവിറിന്റെ ലഭ്യതക്കുറവും സംബന്ധിച്ച പരാതി വ്യാപകമായ സാഹചര്യത്തില്‍ പൂനെ ജില്ലാ കലക്ടറേറ്റ് ആന്‍ഡ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) ഹെല്‍പ്പ് ലൈനുകളുള്ള റെമെഡിസിവിര്‍ കണ്‍ട്രോള്‍ റൂം’ സ്ഥാപിച്ചു.

രാജ്യതലസ്ഥാനത്ത് കൊറോണ വൈറസ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഇന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,774 പുതിയ കേസുകളും 48 മരണങ്ങളുമാണ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്. മൊത്തം കേസുകള്‍ 7,25,197 ആയി. നിരവധി ജീവനക്കാർക്കു കോവിഡ് -19 ബാധിച്ചതായി കരുതുന്നതിനാല്‍ സുപ്രീം കോടതി ജഡ്ജിമാര്‍ ഇന്ന് അവരുടെ വസതികളില്‍നിന്ന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി വൃത്തങ്ങള്‍ അറിയിച്ചു.

വിമാനത്തിലോ ട്രെയിനിലോ സംസ്ഥാനത്തെത്തുന്നവര്‍ക്കു ഛത്തീസ്‌ഗഡ് സര്‍ക്കാര്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. യാത്രക്കാര്‍ക്ക്, 72 മണിക്കൂറിനുള്ളില്‍ ലഭിക്കുന്ന ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

അതിനിടെ, കോവിഡ് ബാധിച്ചതായി കേന്ദ്രമന്ത്രി സഞ്ജീവ് ബാല്യാന്‍ അറിയിച്ചു. പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചില ലക്ഷണങ്ങള്‍ കാണിച്ചശേഷം കോവിഡ് -19 സ്ഥിരീകരിച്ചതായും കുറച്ചുദിവസങ്ങളായി താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ വൈറസ് പരിശോധനയ്ക്കു വിധേയരാകാനും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10നു മുകളിൽ

സംസ്ഥാനത്ത് ഇന്നലെ 6986 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട്- 1271, എറണാകുളം- 842, മലപ്പുറം- 728, കോട്ടയം- 666, കണ്ണൂര്‍- 575, തിരുവനന്തപുരം- 525, തൃശൂര്‍- 423, ആലപ്പുഴ- 339, പാലക്കാട്- 325, കൊല്ലം- 304, ഇടുക്കി- 291, കാസര്‍ഗോഡ്- 251, പത്തനംതിട്ട- 246, വയനാട്- 200 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധിതരുടെ എണ്ണം. 10.75 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4783 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2358 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 11,17,700 പേര്‍ ഇതുവരെ രോഗമുക്തി നേടി.  44,389 പേരാണ് ഇനി ചികിത്സയിലുള്ളത്.

കോവിഡ് രോഗി മരിച്ചു; കുടുംബം ആശുപത്രി വാര്‍ഡ് തകര്‍ത്തു

ഗുജറാത്തില്‍ ചികിത്സയിലായിരുന്ന കോവിഡ് രോഗി മരിച്ചതിനെത്തുടര്‍ന്ന് പ്രകോപിതരായ കുടുംബാംഗങ്ങള്‍ ആശുപത്രിയിലെ ഐസിയു വാര്‍ഡ് തകര്‍ത്തു. അഹമ്മദാബാദിലെ സോളയിലെ സിവില്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച അര്‍ധരാത്രിക്കുശേഷമാണു സംഭവം.

നാലഞ്ച് പേരുള്ള സംഘമാണ് അക്രമം നടത്തിയത്. വാര്‍ഡിലെ ഇലക്ട്രിക്കല്‍ കേബിളുകള്‍ മുറിച്ച സംഘം കമ്പ്യൂട്ടര്‍ സംവിധാനവും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും നശിപ്പിച്ചശേഷം അവയ്ക്കു തീകൊളുത്താനും ശ്രമിച്ചു. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പരീക്ഷകള്‍ മാറ്റി വെക്കണമെന്ന് രാഹുല്‍ ഗാന്ധി

കോവിഡ് കേസുകള്‍ പ്രതിദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സിബിഎസ്ഇ പരീക്ഷകള്‍ മെയ് നാല് മുതല്‍ നടത്താനുള്ള തീരുമാനം പുനരാലോചിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ ഭാവി തലമുറയെ വെച്ച് സാഹസത്തിന് മുതിരെരുതെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വിദ്യാര്‍ഥികളുടെ അഭ്യര്‍ത്ഥനയെമാനിച്ച് പരീക്ഷ മാറ്റി വെക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid19 kerala news wrap april 12

Next Story
Kerala Lottery Akshaya AK-492 Result: അക്ഷയ AK-492 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com