ന്യൂഡല്‍ഹി: കോവിഡ് രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ കടുത്ത നിയന്ത്രണ നടപടികൾ പ്രഖ്യാപിച്ചു. ദേശീയ തലസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണുണ്ടാവില്ലെന്ന് മുഖ്യമന്ത്രി കെജ്രിവാൾ പറഞ്ഞതിന് പിറകേയാണ് പ്രദേശത്ത് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ചില പ്രത്യേക മേഖലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. എല്ലാ സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, സാംസ്കാരിക പരിപാടികളും മതപരമായ ചടങ്ങുകളും അടക്കമുള്ള ഒത്തുചേരലുകൾ ഈ നിയന്ത്രണങ്ങളുടെ ഭാഗമായി നിരോധിച്ചിട്ടുണ്ട്.
റെസ്റ്റോറന്റുകൾ, ബാറുകൾ എന്നിവയിൽ 50 ശതമാനം മാത്രമാണ് പ്രവേശനം അനുവദിക്കുക. ഡൽഹി മെട്രോ, ഡിടിസി, ക്ലസ്റ്റർ ബസുകൾ 50 ശതമാനം യാത്രക്കാരുമായാണ് സർവീസ് നടത്തുക.
കോളേജുകളും കോച്ചിംഗ് സ്ഥാപനങ്ങളും ഇനിയൊരുത്തരവുണ്ടാവുന്നതുവരെ അടച്ചിടുമെന്നും ഡൽഹി സർക്കാർ വ്യക്തമാക്കി. ശവസംസ്കാര സമ്മേളനങ്ങളിൽ 20 ൽ കൂടുതൽ ആളുകളെ അനുവദിക്കില്ല, വിവാഹങ്ങളിൽ 50 പേരെ വരെ മാത്രമാണ് പ്രവേശിപ്പിക്കുക.
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് അവസാനിച്ച 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പ്രതിദിന കേസുകളുടെ എണ്ണം ലക്ഷത്തിനു മുകളില്‍ തുടരുന്നത്. ഇതുവരെ 1,32,05,926 പേര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗികളുടെ എണ്ണത്തിൽ തുടർച്ചയായ 31-ാം ദിവസവും സ്ഥിരമായ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ സജീവ കേസുകളുടെ എണ്ണം 10 ലക്ഷം കടന്നു. 10,46,631 ആണ് സജീവ കേസുകൾ. ഇത് മൊത്തം കാസലോഡിന്റെ 7.93 ശതമാനമാണ്. രോഗമുക്തി നിരക്ക് 90.80 ശതമാനമായി കുറഞ്ഞു. ആറര മാസത്തിനുശേഷമാണ് സജീവ കേസുകളുടെ എണ്ണം 10 ലക്ഷം കടക്കുന്നത്. ഫെബ്രുവരി 12 ന് 1,35,926 എന്ന ഏറ്റവും താഴ്ന്ന നിലയിലായിരുന്നു സജീവ കേസകളുടെ എണ്ണം. ഇത് രാജ്യത്തെ മൊത്തം കേസുകളുടെ 1.25 ശതമാനം മാത്രമായിരുന്നു.
ഇതുവരെ 1,19,90,859 പേരാണ് രോഗമുക്തരായത്. 1,68,436 ആണ് ആകെ മരണം. വ്യാഴാഴ്ച 794 പേരാണു മരിച്ചത്. ഒക്ടോബർ 18 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. മഹാരാഷ്ട്രയിലാണ് മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്-301 പേർ. അതിനടെ രാജ്യത്ത് ഇതുവരെ 9.80 കോടി ഡോസ് കോവിഡ് പ്രതിരോധ വാക്സിന് നല്‍കിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മഹാരാഷ്ട്ര ലോക്ക് ഡൗണിലേക്കോ?
പ്രതിദിന കേസുകളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് ഇന്നലെയും മുന്നില്‍. സംസ്ഥാനത്ത് ഇന്നലെ 59,000 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. മൊത്തം രോഗികളുടെ എണ്ണം 32,88,540 ആയി ഉയര്‍ന്നു. 301 മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്. മുംബൈ നഗരത്തില്‍ മാത്രം 9,200 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 35 പേര് മരിച്ചു. സജീവകേസുകളുടെ എണ്ണം 90,000 പിന്നിട്ടു. സമീപ നഗരമായ താനെയില്‍ 1,800 പേര്‍ക്കാണു പുതുതായി രോഗം ബാധിച്ചത്. താനെ ജില്ലയില്‍ മൊത്തം 6,176 പേരാണു പുതിയ രോഗികള്‍. 26 പേര് കൂടി മരിച്ചു.
മഹാരാഷ്ട്രയിൽ കോവിഡ് കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് സംസ്ഥാനത്ത് കർശനമായ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സൂചന നൽകിയതായി ചില മന്ത്രിമാർ അറിയിച്ചിട്ടുണ്ട്.
വൈറസ് അതിവേഗത്തില്‍ വ്യാപിക്കുന്ന മഹാരാഷ്ട്രയില്‍ വാരാന്ത്യ ലോക്ക് ഡൗണിലേക്ക് കടന്നിരിക്കെ ലോക്ക് ഡൗണ്‍ നീട്ടുന്നതിന്റെ സാധ്യതയെക്കുറിച്ച് രണ്ടു മന്ത്രിമാര്‍ പ്രതികരിച്ചു. സംസ്ഥാനം ലോക്ക്ഡൗണിലേക്കു നീങ്ങുന്നതായി ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞപ്പോള്‍ അത്തരമൊരു നടപടിക്കുള്ള സമയം ഇതിനകം എത്തിയതായാണു ദുരിതാശ്വാസ-പുനരധിവാസ മന്ത്രി വിജയ് വാഡെറ്റിവാറുടെ പ്രതികരണം. സ്ഥിതി നിയന്ത്രണവിധേയമാക്കാനാവശ്യമായ നടപടികളെക്കുറിച്ച് സമവായം ഉണ്ടാക്കുന്നതിനായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും.
Also Read: പതിനെട്ട് കഴിഞ്ഞവര്‍ക്ക് വാക്സിന് നല്കാന് അനുവദിക്കണം; കേന്ദ്രത്തോട് കേരളം
നിരവധി സംസ്ഥാനങ്ങളിൽ ആശങ്ക
ഉത്തര്‍പ്രദേശില്‍ 9,695 പേര്‍ക്കും ഡല്‍ഹിയില്‍ 8,521 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നവംബര്‍ 11നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ വര്‍ഷം ആദ്യമായാണ് പ്രതിദിന സംഖ്യ എണ്ണായിരം കടക്കുന്നത്. ഇന്നലെ 39 പേര് കൂടി മരിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 11,196 ആയി.
കേരളത്തില്‍ ഇന്നലെ 5063 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട്-715, എറണാകുളം- 607, കണ്ണൂര്‍- 478, തിരുവനന്തപുരം- 422, കോട്ടയം- 417, തൃശൂര്‍- 414, മലപ്പുറം- 359, കൊല്ലം- 260, പത്തനംതിട്ട- 259, പാലക്കാട്- 252, കാസര്‍ഗോഡ്- 247, ഇടുക്കി- 246, ആലപ്പുഴ- 235, വയനാട്- 152 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധിതരുടെ എണ്ണം. 36,185 പേരാണ് ഇനി ചികിത്സയിലുള്ളത്. 11,12,758 പേര് ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4750 ആയി.
പഞ്ചാബില്‍ ഇന്നലെ 3,459 പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍ 56 പേര് മരിച്ചു. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസ് നിരക്കാണിത്. പ്രതിരോഗികള് മൂവായിരത്തിനു മുകളിലെത്തുന്നത ഇത് അഞ്ചാം തവണയാണ്. തെലങ്കാനയിൽ ഇന്നലെ 3,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 3.24 ലക്ഷമായി. മരണം 1,752 ആയി ഉയർന്നു.
ഛത്തീസ്ഗഡ്, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, തെലങ്കാന ,ബിഹാർ, മധ്യപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ സ്ഥിതിയും ദിനംപ്രതി മോശമായി വരികയാണ്. ആന്‍ഡമാനില്‍ 12 പേര്‍ക്കു പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടുത്തെ കോവിഡ് ബാധിതരുടെ മൊത്തം എണ്ണം 5,161 ആയി.
മണിപ്പൂരില്‍ അഞ്ചു മുതല്‍ എട്ടു വരെയുള്ള ക്ലാസുകള്‍ അടച്ചു
കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തില്‍ മണിപ്പൂരില്‍ അഞ്ചു മുതല്‍ എട്ടു വരെയുള്ള സ്കൂള്‍ ക്ലാസുകള്‍ അടയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഗോവയിൽ ഒൻപതു മുതൽ 11 വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ ഓൺലൈനായി നടത്താൻ ഹയർ സെക്കൻഡറി സ്കൂളുകൾക്കും ജൂനിയർ കോളജുകൾക്കും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾ പരീക്ഷകൾക്കു വീട്ടിലിരുന്ന് ഓൺലൈനായി ഹാജരായാൽ മതിയെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിരുന്നു.
കശ്മീരിലെയും കര്‍ണാടകയിലെ നഗരങ്ങളിൽ ഇന്നു മുതല്‍ രാത്രികാല കര്‍ഫ്യു
രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജമ്മു കശ്മീരിലെ എട്ട് ജില്ലകളിലെ നഗരപ്രദേശങ്ങളില്‍ ഇന്നു മുതല്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തി. ജമ്മു, ഉധംപുര്‍, കത്വ, ശ്രീനഗര്‍, ബാരാമുള്ള, ബുദ്ഗാമം, അനന്ത്നാഗ്, കുപ്വാര ജില്ലകളിലാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയത്.
കര്‍ണാടകയിലെ നഗരങ്ങളിലും ഇന്നു മുതല്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തി. ബെംഗളൂരു, മൈസൂര്‍, മംഗളുരു, കല്‍ബുര്‍ഗി, ബിദര്‍, തുംകൂര്‍, ഉടുപ്പി-മണിപ്പാല്‍ നഗരങ്ങളില്‍ 10 ദിവസത്തേക്കു രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരൊയാണു കര്ഫ്യുവെന്ന് മുഖ്യമന്ത്രിബി.എസ്.യെഡിയൂരപ്പ അറിയിച്ചു.
കൂടുതൽ വാക്സിൻ വേണമെന്ന് രാജസ്ഥാനും
വാക്സിന് ക്ഷാമം നേരിടുന്നതായും കൂടുതല്‍ ഡോസ് അനുവദിക്കണമെന്നും മഹാരാഷ്ട്രയ്ക്കു പുറമെ രാജസ്ഥാനും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജസ്ഥാനില്‍ രണ്ടു ദിവസത്തിനുള്ളില്‍ വാക്സിനുകള്‍ തീരുമെന്നു പറഞ്ഞ മുഖ്യമന്ത്രി അശോക് ഗെലോട്ട് 30 ലക്ഷം ഡോസ് കൂടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. ഏപ്രില്‍ ഏഴു വരെ 86,89,770 ഡോസ് സംസ്ഥാനത്ത് വിതരണം ചെയ്തതായും ഗെഹ്ലോട്ട് കത്തില്‍ ചൂണ്ടിക്കാട്ടി.
നേരത്തെ മഹാരാഷ്ട്ര ഇതേ ആവശ്യമുന്നയിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തേക്കു 17 ലക്ഷം ഡോസ് അയയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. വാക്സിന് ക്ഷാമം കാരണം സതാറ, പന്‍വേല്‍, സംഗ്ലി ജില്ലകളില്‍ കുത്തിവയ്പ് നിര്‍ത്തിവച്ചിരുന്നു. വാക്സിന് വിതരണത്തിന്റെ കാര്യത്തില്‍ തങ്ങളെ അവഗണിക്കുകയാണെന്നാണ് പ്രതിപക്ഷ സംസ്ഥാനങ്ങളുടെ ആരോപണം. ബിജെപി അധികാരത്തിലുള്ള ഉത്തര്‍പ്രദേശിനും മധ്യപ്രദേശിനും 40 ലക്ഷത്തിലധികവും ഗുജറാത്തിനു 30 ലക്ഷത്തിലധികവും ഹരിയാനയ്ക്ക് 24 ലക്ഷത്തിലധികം ഡോസാണു ലഭിക്കുന്നതെന്ന് മഹാരാഷ്ട്ര ചൂണ്ടിക്കാട്ടിയിരുന്നു.
മോഹന്‍ ഭാഗവതിനും ഡി രാജയ്ക്കും കോവിഡ്
അതിനിടെ, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനു കോവിഡ് സ്ഥിരീകരിച്ചു. എഴുപതുകാരനായ ഭാഗവതിനെ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. സിപിഐ ദേശീയ നേതാവ് ഡി രാജയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.