കൊച്ചി: സൗദി അറേബ്യയിൽ നിന്നുമെത്തിയ പ്രവാസി യുവതിക്ക് കളമശേരി മെഡിക്കൽ കോളേജിൽ പ്രസവം. കൊല്ലം സ്വദേശിനി ഷാഹിനയാണ് സിസേറിയനിലൂടെ പെൺകുഞ്ഞിന് ജന്മം നൽകിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്നും പ്രവാസികളെ തിരിച്ചെത്തിക്കുന്ന ‘വന്ദേ ഭാരത്’ ദൗത്യമാണ് ഷാഹിനയെ ജന്മനാട്ടിലെത്തിച്ചത്.

കഴിഞ്ഞ ദിവസം നെടുമ്പാശേരിയിലെത്തിയ ദമാം- കൊച്ചി വിമാനത്തിലാണ് ഷാഹിന വന്നത്. പൂർണ ഗർഭിണിയായ ഷാഹിനയോടൊപ്പം അഞ്ചും രണ്ടും വയസുള്ള മക്കളുമുണ്ടായിരുന്നു. ഭർത്താവ് അഹമ്മദ് കബീർ സൗദി അറേബ്യയിൽ നിർമ്മാണമേഖലയിൽ ജോലി ചെയ്യുകയാണ്.

വിമാനത്താവളത്തിൽവച്ച് അസ്വസ്ഥത അനുഭവപ്പെട്ടതു മൂലം കളമശേരി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. വിമാനത്താവളത്തിൽ നിന്നും ആരോഗ്യ പ്രവർത്തകരാണ് ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചത്. അടിയന്തര അവസ്ഥയിൽ കളമശേരിയിലെ ഗൈനക്കോളജി മേധാവി ഡോ.രാധയുടെ നേതൃത്വത്തിൽ ഡോ.അഞ്ജു വിശ്വനാഥ്, ഡോ.അനിൽകുമാർ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്.

Read Also: സഹായിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത് ആമിർ ഖാനും കിരൺ റാവുവും

കുട്ടികൾക്കും അമ്മയ്ക്കും കോവിഡ് പരിശോധനയും നടത്തി. രണ്ടുപേർക്കും കോവിഡ് നെഗറ്റീവ് ആണ്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നടത്തുന്ന രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിലെത്തി പ്രസവിച്ച രണ്ടാമത്തെ യുവതിയാണ് ഷാഹിന. കഴിഞ്ഞ ദിവസം നേവി കപ്പലിൽ മാലിദ്വീപിൽ നിന്നുമെത്തിയ തിരുവല്ല സ്വദേശിനി ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. വിദേശത്തു നിന്നും കൊണ്ടുവരുന്നവരിൽ ഗർഭിണികൾക്ക് മുൻഗണന നൽകണമെന്ന് സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടിരുന്നു.

ഗർഭിണികൾക്ക് മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ

വിദേശത്തു നിന്നും എത്തുന്ന ഗർഭിണികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കളമശേരി മെഡിക്കൽ കോളേജിൽ ഇവർക്കായി കൂടുതൽ സൗകര്യം ഏർപ്പെടുത്തി. നാലുനിലകളിലായാണ് സമ്പർക്ക വിലക്കിൽ കഴിയേണ്ടി വരുന്ന ഗർഭിണികൾക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രസവ തീയതി അടുത്തവർക്കും മറ്റ് അസ്വസ്ഥതകൾ അനുഭവിക്കുന്ന ഗർഭിണികൾക്കും ആശുപത്രിയിൽ ചികിത്സ ഒരുക്കിയിട്ടുണ്ട്.

അടിയന്തര ചികിത്സ ആവശ്യമായി വരുന്നവർക്ക് പ്രത്യേക പരിഗണന നൽകി സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ തന്നെ കോവിഡ് പോസിറ്റീവ് ആയവർക്കും നെഗറ്റീവ് ആയവർക്കും പ്രത്യേക സജ്ജീകരണങ്ങളാണ്. ഇവർക്കായി പ്രത്യേക പ്രസവമുറികളും ഉണ്ട്. കോവിഡ് പോസിറ്റീവ് പ്രസവമുറികളും കോവിഡ് നെഗറ്റീവ് പ്രസവമുറികളും നിലവിലെ സാഹചര്യത്തിൽ തയാറാക്കിയതാണ്. പ്രസവശേഷമുള്ള ശുശ്രൂഷകൾക്കും പ്രത്യേക മുറികളാണുള്ളത്. നവജാത ശിശു പരിചരണത്തിലും ശ്രദ്ധ പുലർത്തുന്നു. കോവിഡ് പോസിറ്റീവ് ആയ ശിശുക്കളെയും നെഗറ്റീവ് ആയ ശിശുക്കളെയും പരിചരിക്കാൻ പ്രത്യേക എൻഐസിയുകളും സജ്ജമാക്കിയിട്ടുള്ളതായി ആർഎംഒ ഡോ.ഗണേഷ് മോഹൻ പറഞ്ഞു.

പ്രവാസികൾക്കായി വിമാന സർവീസ് ആരംഭിച്ചത് മുതൽ 343 ഗർഭിണികളാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. ഇന്ത്യൻ നേവിയുടെ ഓപ്പറേഷൻ സമുദ്ര സേതു ദൗത്യത്തിൽ ഐഎൻഎസ് ജലാശ്വ യുദ്ധക്കപ്പലിൽ 19 ഗർഭിണികളും നാട്ടിലെത്തി. ഇതിൽ രണ്ടു പേർക്ക് അടിയന്തരമായി സിസേറിയൻ നടത്തിയിരുന്നു.

Read Also: കോവിഡ്: കോൺഗ്രസ് എംപിമാരും എംഎൽഎമാരും ക്വാറന്റെെനിൽ പോകണം

മറ്റു ശാരീരിക ബുദ്ധിമുട്ടുകളില്ലാത്ത ഗർഭിണികളെ വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയാനാണ് ആരോഗ്യ വകുപ്പ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ പ്രസവ തീയതി അടുത്തവരും ഗർഭ സംബന്ധമായ പ്രയാസങ്ങൾ നേരിടുന്നവർക്കും ആശുപത്രിയുടെ സേവനം അത്യാവശ്യമാണ്. ഇക്കാരണത്താലാണ് കളമശേരി മെഡിക്കൽ കോളജിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പാടാക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.