തൃശൂർ: കോവിഡ് ബാധിച്ച് തൃശൂരിൽ മരിച്ച 73 കാരിയുടെ മൃതദേഹം ഇന്നു രാവിലെ സംസ്കരിച്ചു. കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിച്ചാണ് ഖബറടക്കം നടന്നത്. തൃശൂർ ചാവക്കാട് അഞ്ചങ്ങാടി സ്വദേശിനിയാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. മുംബൈയിൽ നിന്ന് തൃശൂരിലെത്തിയ എഴുപത്തിമൂന്നുകാരിയാണ് ഇന്നലെ രാത്രി മരിച്ചത്. മുംബൈയിൽനിന്ന് റോഡ് മാർഗമാണ് ഇവർ നാട്ടിലെത്തിയത്. മകളെ കാണുന്നതിനുവേണ്ടിയാണ് ഇവർ നേരത്തെ മുംബെെയിലേക്ക് പോയത്.
Read Also: Horoscope Today May 22, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
പാലക്കാട് വഴി പ്രത്യേക വാഹനത്തിൽ പെരിന്തൽമണ്ണ വരെ മൂന്ന് പേരോടൊപ്പം യാത്ര ചെയ്തുവന്ന ഇവർക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് മകൻ ആംബുലൻസുമായി ചെല്ലുകയും ഇവരെ മേയ് 20 ന് പുലർച്ചെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനു തീരുമാനിച്ചിരുന്നെങ്കിലും അതിനു മുൻപ് മരണം സംഭവിക്കുകയായിരുന്നു.
ഇവർക്ക് നേരത്തെ തന്നെ പ്രമേഹവും രക്താദിമർദവും ശ്വാസതടസവും ഉണ്ടായിരുന്നു. മരണപ്പെട്ട വ്യക്തിയുടെ സ്രവ സാംപിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കോവിഡ് ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ഇവരുടെ മകനും ആംബുലൻസ് ഡ്രെെവറും ഇപ്പോൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു