മലപ്പുറം: അതിഥി തൊഴിലാളികൾക്കിടയിൽ വ്യാജ പ്രചരണം നടത്തിയ ഒരാൾ അറസ്റ്റിൽ. നിലമ്പൂരിൽ നിന്നും ഉത്തരേന്ത്യയിലേക്ക്‌ ട്രെയിൻ ഉണ്ടെന്നു അതിഥി തൊഴിലാളികൾക്കിടയിൽ വ്യാജ പ്രചരണം നടത്തിയ എടവണ്ണ യൂത്ത് കോൺഗ്രസ് സെക്രട്ടറി സാകിർ തുവ്വക്കാടാണ് അറസ്റ്റിലായത്.

അതിഥി തൊഴിലാളികള്‍ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തിയെന്ന തരത്തിൽ ഇയാൾ വ്യാജ പ്രചരണം നടത്തുകയായിരുന്നു. ഇയാൾക്കെതിരെ കേസെടുത്ത കാര്യവും അറസ്റ്റ് ചെയ്‌ത കാര്യവും മലപ്പുറം ജില്ലാ കലക്‌ടർ ജാഫർ മാലിക് ഐഎഎസാണ് ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

Read Also: കോവിഡിൽ പകച്ച് ലോകം; മരണസംഖ്യ 30,000 കടന്നു, ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 1024 ആയി

തിങ്കളാഴ്‌ച (മാർച്ച് 30) രാത്രി അതിഥിതൊഴിലാളികള്‍ക്ക് വീടുകളിലേക്ക് പോകാന്‍ ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്നായിരുന്നു പ്രചരണം. ഇത് വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും ജില്ലാ കലക്‌ടർ അറിയിച്ചു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കലക്‌ടർ വ്യക്തമാക്കി.

നേരത്തെ, കോട്ടയം പായിപ്പാട്ട് അതിഥി തൊഴിലാളികൾ നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചത് വലിയ വാർത്തയായിരുന്നു. ഇതിനു പിന്നിൽ ആസൂത്രിതമായ നീക്കം നടന്നതായാണ് സർക്കാർ വിലയിരുത്തൽ. ഇതിനെതിരെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും രംഗത്തെത്തിയിരുന്നു. അതിഥി തൊഴിലാളികളെ ആശങ്കപ്പെടുത്തി ചിലർ നേട്ടം കൊയ്യാൻ ശ്രമിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ചില്ലറ നേട്ടങ്ങൾക്കുവേണ്ടി നാടിനെ ആക്രമിക്കരുതെന്നും മുഖ്യമന്ത്രി പ്രസ്‌താവനയിൽ പറഞ്ഞിട്ടുണ്ട്.

Read Also: എക്കാലത്തെയും മികച്ച ഐപിഎൽ ടീമിന്റെ ‘തല’ ധോണി തന്നെ: വസീം ജാഫർ

അതേസമയം, ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളിലെ സൗകര്യങ്ങൾ വിലയിരുത്താൻ അടിയന്തര നടപടി സ്വീകരിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിർദേശം നൽകി. ജില്ലാ പൊലീസ് മേധാവിമാർക്കാണ് ഡിജിപി നിർദേശം നൽകിയിരിക്കുന്നത്. ഇതിനായി ജനമെെത്രി പൊലീസിന്റെ സേവനം വിനിയോഗിക്കാനും ഡിജിപി നിർദേശിച്ചു. എറണാകുളം ജില്ലയിലെ അതിഥി തൊഴിലാളികളുടെ പ്രശ്‌നം പരിഹാരിക്കാൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്.സുനിൽകുമാർ ആലുവ എസ്‌പി ഓഫീസിലെത്തി ചർച്ച നടത്തും. അതിഥി തൊഴിലാളികൾക്കായി ഹെൽപ് ലെെൻ നമ്പർ നൽകിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കാത്ത അവസ്ഥയുണ്ടോ, അല്ലെങ്കില്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളതായി സംശയിക്കുന്നുണ്ടോ, ഇത്തരം പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനായാണ് ഹെൽപ് ലെെൻ നമ്പർ. 0484 2421277, 0484 2422277 എന്നീ രണ്ടു നമ്പറുകളാണ് അതിഥി തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കായി ഹെല്‍പ് ലൈന്‍ നമ്പറായി പ്രവര്‍ത്തിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.