തിരുവനന്തപുരം: കൊറോണ വൈറസ് രോഗം ഭേദമായ വ്യക്തിയെ ഭാര്യ വീട്ടില്‍ കയറ്റിയില്ല. ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് രോഗം ഭേദപ്പെട്ട് മടങ്ങിയെത്തിയ ഗൃഹനാഥനെയാണ് ഭാര്യ വീട്ടില്‍നിന്നും ഇറക്കിവിട്ടത്. കോവിഡ് പടരുമെന്ന ഭയത്തെ തുടര്‍ന്നായിരുന്നു സംഭവം.

ഇതോടെ ജില്ലാ ഭരണകൂടം ഇയാള്‍ക്ക് അഭയം ഒരുക്കി നല്‍കി. മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അജ്ഞതയും തെറ്റിദ്ധാരണയും മൂലമാണ് ഇത്തരം അനുഭവം ഉണ്ടാകുന്നത്. ഇത്തരക്കാര്‍ക്ക് ബോധവത്കരണവും കൗണ്‍സലിംഗും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read More: കോവിഡ് -19: രോഗ കാലത്ത് ആരും വർഗീയ വിളവെടുപ്പ് നടത്തരുത്- മുഖ്യമന്ത്രി

അതേസമയം സംസ്ഥാനത്ത് ഇന്ന് പുതിയതായി 24 പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 12 എണ്ണം. എറണാകുളം ജില്ലയിൽ മൂന്ന് പേർക്കും തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ രണ്ട് പേർക്ക് വീതവും പാലക്കാട് ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 265 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 26 പേർക്ക് രോഗം ഭേദമാവുകയും രണ്ട് പേർ മരണപ്പെടുകയും ചെയ്തു. ആകെ 237 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി. നിലവിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 164130 പേരാണ്. ഇതിൽ 163508 പേർ വീടുകളിലും 622 ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 123 ആളുകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇന്ന് 7965 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചെന്നും ഇതിൽ 7256 സാമ്പിളുകളും നെഗറ്റീവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതുവരെ രോഗബാധയുണ്ടായ 192 പേർ വിദേശത്ത് നിന്നെത്തിയ മലയാളികളാണെന്ന് മുഖ്യമന്ത്രി. രോഗം സ്ഥിരീകരിച്ച ഏഴ് പേർ വിദേശികളാണെന്നും 67 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. രേഗം ഭേദമായ 26 പേരിൽ നാലു പേർ വിദേശികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.