തിരുവനന്തപുരം: കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ ഈ മാസം 27 മുതല്‍ (മറ്റന്നാൾ) വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്റെ ഇനത്തില്‍ 1069 കോടി രൂപയും, വെല്‍ഫയര്‍ ബോര്‍ഡ് വഴി 149 കോടി രൂപയുമാണ് വിതരണം ചെയ്യുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസമാകും.

സഹകരണ ബാങ്ക് മുഖേന പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് വീടുകളില്‍ പെന്‍ഷന്‍ എത്തിക്കാനും നടപടി സ്വീകരിച്ചതായി സർക്കാർ അറിയിച്ചു. ബാക്കിയുള്ള പെൻഷൻ തുക വിഷുവിന് മുമ്പ് വീട്ടിലെത്തിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. 45 ലക്ഷത്തോളം കുടുംബങ്ങൾക്കാണ് ഇതു ഉപകാരപ്പെടുക.

Read Also: മദ്യം ഓണ്‍ലൈനില്‍? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചൂടേറുന്നു

ആറ് മാസത്തെ ക്ഷേമ പെൻഷൻ വിഷുവിനു മുൻപ് വീടുകളിലെത്തിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ഇന്നലെ പറഞ്ഞിരുന്നു. ഏകദേശം 45 ലക്ഷത്തോളം കുടുംബങ്ങൾക്കും 55 ലക്ഷത്തോളും ആളുകൾക്കും ഇത് പ്രയോജനപ്പെടുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ക്ഷേമ പെൻഷനുകൾ ലഭിക്കുന്നത് വെെകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉറപ്പുനൽകിയിരുന്നു.

അതേസമയം, കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും നല്‍കിവരുന്ന 35 കിലോ അരി തുടരും. നീല, വെള്ള കാര്‍ഡുകളുള്ളവര്‍ക്ക് 15 കിലോ അരി വീതം നല്‍കും. സംസ്ഥാനത്ത് റേഷൻ കര്‍ഡുള്ള എല്ലാ കുടുംബങ്ങള്‍ക്കും അരി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ആശുപത്രിയിലോ, പ്രത്യേക കേന്ദ്രങ്ങളിലോ, വീട്ടിലോ ക്വാറന്റെെനിൽ കഴിയുന്നവരുടെ കുടുംബങ്ങള്‍ക്ക് 15 കിലോ അരിയും പലവ്യഞ്ജന കിറ്റും വീടുകളിലെത്തിക്കും. ഏറ്റവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കും കൂടി കിറ്റ് നല്‍കുന്ന കാര്യം പരിഗണനയിലാണ്. ഇതിന്റെ കണക്ക് ശേഖരിച്ച ശേഷം പ്രായോഗികമായ തീരുമാനമെടുക്കും.

Read Also: കാസർഗോഡിന് നിർണായകം; സാമൂഹ്യവ്യാപനമുണ്ടോയെന്ന് ഇന്നറിയാം

നിലവിൽ രണ്ട് സാധ്യതകളാണ് സർക്കാരിന് മുന്നിലുള്ളത്. മാവേലി സ്റ്റോറുകൾ/ സപ്ലൈകോ വഴിയോ വിതരണം ചെയ്യുക അല്ലെങ്കിൽ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി വാർഡ് അംഗങ്ങളിലൂടെ നേരിട്ട് വീടുകളിലെത്തിക്കുക. റേഷന്‍ കടകളിലൂടെ ലഭ്യമാക്കിയാല്‍ ജനങ്ങള്‍ കൂട്ടം കൂടാനുള്ള സാഹചര്യം കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ ബദല്‍ മാര്‍ഗം ആലോചിക്കുന്നത്‌.

സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും ആണ് റേഷന്‍ കടകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ 2 മണിവരെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.