കൽപറ്റ: വയനാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച യുവാവ് കഞ്ചാവ് കേസ് പ്രതി. ഇയാളെ പൊലീസും ഡോക്‌ടർമാരും നിരന്തരം ചോദ്യം ചെയ്‌തിട്ടും ഒരക്ഷരം പോലും മിണ്ടുന്നില്ല. സമ്പർക്ക പട്ടിക തയ്യാറാക്കി കോവിഡ് ബാധിതനുമായി ഇടപഴകിയവരെ നിരീക്ഷണത്തിൽ കൊണ്ടുവരാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. എന്നാൽ, കോവിഡ് ബാധിതൻ സഹകരിക്കുന്നില്ല.

പിപിഇ കിറ്റുകൾ ധരിച്ച് പൂർണ സുരക്ഷാക്രമീകരണങ്ങളോടെ കോവിഡ് സെൽ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ യുവാവിനെ പലതവണ ചോദ്യം ചെയ്‌തു. എന്നാൽ, ചോദ്യങ്ങൾക്കൊന്നും ഇയാൾ മറുപടി നൽകുന്നില്ലെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. “സമ്പർക്ക പട്ടിക തയ്യാറാക്കാൻ യുവാവിനെ പലതവണ ചോദ്യം ചെയ്‌തു. ആശുപത്രിയിലാണ് രോഗബാധിതൻ ഇപ്പോഴുള്ളത്. പിപിഇ കിറ്റുകൾ ധരിച്ച് പൊലീസ് നേരത്തെ ചോദ്യം ചെയ്‌തതാണ്. പക്ഷേ, യാതൊരു അനുകൂല പ്രതികരണങ്ങളും ലഭിച്ചില്ല. ആശുപത്രിയിൽ ഡോക്‌ടർമാരും ഇയാളോട് കാര്യങ്ങൾ തിരക്കുന്നുണ്ട്. എന്നാൽ മറുപടികളൊന്നും ലഭിച്ചിട്ടില്ല. ആരെയൊക്കെ കണ്ടു, എവിടെയെല്ലാം പോയി എന്നു പലതവണ തിരക്കി. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ എക്‌സൈസ്സ് നേരത്തെ കേസെടുത്തിട്ടുണ്ടെന്നാണ് അറിഞ്ഞത്. ഒരുപക്ഷേ, കഞ്ചാവ് കേസുമായി ബന്ധമുള്ളതിനാൽ ആകണം ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തത്,” പൊലീസ് മേധാവി പറഞ്ഞു.

Read Also: കോവിഡ്: കോൺഗ്രസ് എംപിമാരും എംഎൽഎമാരും ക്വാറന്റെെനിൽ പോകണം

“ഏപ്രിൽ 28, മേയ് 2 ദിവസങ്ങളിൽ കോവിഡ് ബാധിതൻ മാനന്തവാടി പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ ലംഘനം, മൂന്ന് പേരുമായി ബൈക്കിൽ യാത്ര തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് ഇയാളുടെ വാഹനം പൊലീസ് പിടിച്ചെടുത്തിരുന്നു. വാഹനം തിരിച്ചു വാങ്ങാനാണ് ഏപ്രിൽ 28 നും മേയ് രണ്ടിനും ഇയാൾ പൊലീസ് സ്റ്റേഷനിലെത്തിയത്. യുവാവിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മാനന്തവാടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യൽ തുടരുകയാണ്. ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയാണ് കാര്യങ്ങൾ നീക്കുന്നത്,” ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ടാണ് യുവാവിന് കോവിഡ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. കോയമ്പേട് മാർക്കറ്റിൽ പോയി വന്ന ട്രക്ക് ഡ്രൈവറുടെ മകനുമായി ഇയാൾ സമ്പർക്കം പുലർത്തിയിട്ടുണ്ട്.

വയനാട് ജില്ലയിൽ അതീവ ജാഗ്രത

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ അതീവ ജാഗ്രത. ചെന്നെെയിലെ കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ടാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചത്. ഇന്നലെ വയനാട് ജില്ലയിൽ രണ്ട് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചെത്തി രോഗം സ്ഥീരികരിച്ച ട്രക്ക് ഡ്രൈവറുടെ കുടുംബത്തിലെ 26 കാരിക്കും അഞ്ചു വയസ്സുകാരിക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ആശുപത്രിയിൽ ചികില്‍സയിലാണ്. ഇതോടെ ഡ്രൈവറിൽ നിന്നും രോഗം ബാധിച്ചവരുടെ എണ്ണം പത്തായി.കോയമ്പേട് മാർക്കറ്റിൽ മാനേജർ ആയിരുന്ന ചീരാൽ സ്വദേശിയായ യുവാവിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Read Also: സംസ്ഥാനത്തെ എല്ലാ മദ്യവിൽപ്പന കേന്ദ്രങ്ങളും ഒന്നിച്ചു തുറക്കും: എക്‌സെെസ് മന്ത്രി

കോയമ്പേട് മാർക്കറ്റിലെ ട്രക്ക് ഡ്രൈവർക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ വയനാട് സ്വദേശിയാണ്. മാർക്കറ്റിൽ പോയിവന്ന ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വയനാട് ജില്ലയിൽ ജാഗ്രത വർധിപ്പിച്ചിരുന്നു. ട്രക്ക് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരേയും നിരീക്ഷണത്തിൽ കൊണ്ടുവന്നിരുന്നു. അതിനാൽ തന്നെ വലിയ തോതിൽ രോഗവ്യാപനം ഉണ്ടാകില്ലെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. നിലവിൽ കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ട പത്ത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.