തിരുവനന്തപുരം: കോവിഡ്-19 മനുഷ്യനിൽ നിന്ന് കുരങ്ങുകളിലേക്ക് വ്യാപിക്കുമെന്ന സംശയം ഉള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുരങ്ങുകളിലേക്കും വെെറസ് പടരാമെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി മുഖ്യമന്ത്രി ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിനാൽ, കുരങ്ങുകളുമായി ഇടപെടുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നവർ ശ്രദ്ധിക്കണം. രോഗലക്ഷണമില്ലെന്ന് അവർ ഉറപ്പുവരുത്തണം. ആവശ്യമായ എല്ലാ മുൻകരുതലും സ്വീകരിക്കണം. ഭക്ഷണം നൽകാൻ നിശ്ചിത ആളുകൾ മാത്രമേ പോകാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

കാടിനോട് അടുത്ത പ്രദേശങ്ങളില്‍ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത്തരം മേഖലകളില്‍ കുരങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണമുള്ളവർ ഡോക്‌ടറെ സമീപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വേനൽക്കാലമായതിനാൽ കാട്ടുതീ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം. വനംവകുപ്പ് ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: അതിഥി തൊഴിലാളികൾക്ക് സ്‌മൃതി ഭക്ഷണമെത്തിച്ചോ? പ്രതികരിച്ച് മുഖ്യമന്ത്രി

അതേസമയം, കേരളത്തിൽ ഇന്ന് ഒൻപത് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ചികിത്സയിലുള്ള 13 പേർക്ക് കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ ജില്ലയിൽ നാല് പേർക്ക് ഇന്നു കോവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മൂന്നുപേരുടെയും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ രണ്ടുപേരുടെയും കണ്ണൂര്‍ ജില്ലയില്‍ ഒരാളുടെയും ഫലം ഇന്ന് നെഗറ്റീവായി.

പത്തനംതിട്ട, കാസർഗോഡ്, തൃശൂർ ജില്ലകളിൽ ഓരോരുത്തർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ നാല് പേർ വിദേശത്തു നിന്ന് എത്തിയവരാണ്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ രണ്ട് പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 345 ആയി. 259 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

Read Also: ഈ ഐശ്വര്യയെ കണ്ടാൽ ആർക്കും കണ്ണെടുക്കാൻ തോന്നില്ല; വീഡിയോ

സംസ്ഥാനത്ത് 1,40,474 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,39,725 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 749 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. 169 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് പരിശോധനാകിറ്റുകള്‍ക്ക് ക്ഷാമമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നാളെ 20,000 കിറ്റ് ലഭിക്കുമെന്നും ഉറപ്പുനൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook