തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ അൺലോക്ക് രണ്ടാംഘട്ടം ഇന്ന് മുതൽ ആരംഭിക്കും. രാത്രി കർഫ്യൂവിന്റെ സമയം കുറയ്ക്കുന്നതടക്കമുള്ള മാറ്റങ്ങളാണ് കേന്ദ്രസർക്കാർ പ്രാബല്യത്തിൽ വരുത്തുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ അൺലോക്ക് രണ്ടിലേക്ക് പ്രവേശിക്കുമ്പോൾ തന്നെയാണ് സമ്പർക്ക വ്യാപനത്തിലൂടെ കോവിഡ് പകർന്നതായി കണ്ടെത്തിയതിനെത്തുടർന്ന് കൂടുതൽ പ്രദേശങ്ങൾ അടച്ചിടാനൊരുങ്ങുന്നത്.

കണ്ടെയ്‌ൻമെൻറ് സോണുകളിൽ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് രോഗം പടരാൻ സാധ്യതയുള്ള ബഫർസോണുകൾ വിജ്ഞാപനം ചെയ്ത് ജില്ലാഭരണകൂടത്തിന് നിയന്ത്രണം ഏർപ്പെടുത്താം. 65 വയസ്സിന് മുകളിലുള്ളവർ, പത്തുവയസ്സിന് താഴെയുള്ളവർ, ഗർഭിണികൾ, ഗുരുതരമായ രോഗമുള്ളവർ എന്നിവർ വീടുകളിൽത്തന്നെ കഴിയണം.

Read More: കോവിഡിൽ വിറങ്ങലിച്ച് ലോകം; രോഗവ്യാപനം അതിവേഗത്തിൽ

കണ്ടെയ്ൻമെന്റ് സോണുകളിൽ ജൂലൈ 31 വരെ കർശനമായ ലോക്ക്ഡൗൺ തുടരുമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ ഉത്തരവിൽ പറയുന്നു. ആരോഗ്യസംബന്ധമായ കാരണങ്ങൾക്കും അത്യാവശ്യസേവനങ്ങൾക്കും സാധങ്ങൾക്കും വേണ്ടിയല്ലാതെ കണ്ടെയ്ൻമെന്റ് സോണുകളിൽ യാത്ര അനുവദിക്കില്ല.

രണ്ടാം ഘട്ട അൺ ലോക്കിലെ സ്ഥിതിഗതികൾ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും. കേരളത്തിലേക്കുള്ള യാത്രക്ക് രജിസ്ട്രേഷൻ തുടരണമെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാട്. കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്ട്രേഷൻ വേണമെന്ന് കാണിച്ച് ഇന്ന് പുതിയ ഉത്തരവിറക്കും. അന്തർസംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്നാണ് കേന്ദ്രനിർദേശം.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പരിശീലനകേന്ദ്രങ്ങൾ ജൂലൈ 15 മുതൽ തുറക്കും. ഇതിനായി പ്രത്യേക നിർദേശങ്ങൾ വരും. സ്കൂൾ, കോളേജുകൾ, വിദ്യാഭ്യാസ-പരിശീലനകേന്ദ്രങ്ങൾ മറ്റുരാജ്യങ്ങളിൽ നിന്നുള്ള വിമാനയാത്ര, മെട്രോ റെയിൽ, സിനിമാതിയേറ്റർ, ജിം, നീന്തൽക്കുളങ്ങൾ, പാർക്ക്, ബാർ, ഓഡിറ്റോറിയം, മത, രാഷ്ട്രീയ, കലാ-കായിക വിനോദസമ്മേളനങ്ങൾ, വലിയ കൂട്ടംചേരലുകൾ ഇവയൊക്കെ അനുവദിക്കുന്നത് കേന്ദ്രതീരുമാനപ്രകാരം.

രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെ കർഫ്യൂ തുടരും. കർഫ്യൂ ഉറപ്പാക്കാൻ 144-ാം വകുപ്പ് പ്രഖ്യാപിക്കുന്നതടക്കം നിയമനടപടികൾ സ്വീകരിക്കാം. വ്യവസായശാലകളുടെ പ്രവർത്തനം, ചരക്കുനീക്കം, ഗതാഗതം എന്നിവ അനുവദിക്കും.

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെത്തുടർന്ന് എറണാകുളം മാർക്കറ്റ് അടച്ചിട്ടിരിക്കുകയാണ്. തിങ്കളാഴ്ച മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. എടപ്പാളിലെ ആശുപത്രി ജിവനക്കാർക്ക് കോവിഡ് വ്യാപിച്ചതിനെത്തുടർന്നായിരുന്നു അത്. ഞായറാഴ്ച എടപ്പാൾ മേഖലയിൽ കൂടുതൽ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിരുന്നു. പാലക്കാട്, മലപ്പുറം, കാെല്ലം, തൃശൂർ, കണ്ണൂർ, തിരുവനന്തപുരം എന്നീ ജില്ലകളിൽ അതീവ ജാഗ്രത തുടരുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.