കാസർഗോഡ്: കേരളത്തിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ്-19 ബാധിച്ച കാസർഗോഡ് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാന സർക്കാർ. ജില്ലയിലെ ചില സ്ഥലങ്ങളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി. തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് പോലുള്ള സ്ഥലങ്ങളിലാണ് ഇന്ന് മുതൽ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ജില്ലയിലെ ഹോട്സ്പോട്ടുകളായി കണ്ടെത്തിയ ഈ പ്രദേശങ്ങളിൽ ഭക്ഷണസാധനങ്ങൾ വീടുകളിലേക്കെത്തിക്കും. അഞ്ച് വീടുകൾ കേന്ദ്രീകരിച്ച് പൊലീസ് ബൈക്ക് പെട്രോളിംഗ് നടത്തും. ഈ പ്രദേശങ്ങളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കും. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ജില്ലയിലെ ക്ലസ്റ്റർ ലോക്കിങ്ങിന് പുറമെ ആണിത്.

സ്വന്തമായി ശുചിമുറിയില്ലാത്തവരെ വീടുകളിൽനിന്നും മാറ്റും. രോഗികളെയും 65 വയസ്സിന് മുകളിൽ പ്രായമുള്ളവരെയുമാണു മാറ്റുക.

Read More: ലോക്ക്ഡൗണ്‍: ജിയോ ഫൈബര്‍ കവറേജും ഡാറ്റയും വര്‍ദ്ധിപ്പിക്കുന്നു

ജില്ലയിലെഅഞ്ച് പഞ്ചായത്തുകളിലും രണ്ട് മുൻസിപ്പാലികളിലും ആരോഗ്യ വകുപ്പ് സമൂഹ സർവ്വേ നടത്താൻ ഒരുങ്ങുകയാണ്. ചെമ്മനാട്, മധൂർ, പള്ളിക്കര, ഉദുമ, മൊഗ്രാൽപുത്തൂർ എന്നീ പഞ്ചായത്തുകളും കാസർഗോഡ് കാഞ്ഞങ്ങാട് നഗരസഭയിലുമാണ് പരിശോധന നടത്തുക. ലോക്ക് ഡൗൺ ശക്തമാക്കിയതിനെ തുടർന്ന് ഇവിടെ ഉള്ള മറ്റു രോഗികൾക്ക് ചികിത്സ തേടാൻ കഴിഞ്ഞില്ലെന്ന പരാതിയെ തുടർന്നാണ് നടപടി.

സംസ്ഥാനത്ത് നിലവിൽ 238 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതിൽ 130 പേരും കാസർഗോഡ് ജില്ലയിൽ നിന്നുള്ളവരാണ്. ആശുപത്രികളിലടക്കം ജില്ലയിൽ 10721 പേരാണ് നിരീക്ഷണത്തിലുള്ളത്. 20 പേരാണ് ഇന്നലെ പുതുതായി ആശുപത്രിയിലെത്തിയത്. 2017 പേരുടെ സാംപിൾ അയച്ചതിൽ 1271 പേരുടെ ഫലം നെഗറ്റീവാണ്. 568 പേരുടെ പരിശോധന ഫലമാണ് ഇനി കിട്ടാനുള്ളത്.

കോവിഡിന്റെ രണ്ടാം വരവിലെ ആദ്യ രോഗി ഉൾപ്പെടെ 17 പേരാണ് ജില്ലയിൽ ഇന്നലെ ആശുപത്രി വിട്ടത്. കോവിഡ് ബാധിച്ച് കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സായിലുള്ള എട്ട് കാസർഗോഡ് സ്വദേശികൾക്കുമാണ് ഇന്നലെ രോ​ഗം ഭേദമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.