തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലെന്ന് മുഖ്യമന്ത്രി. ഇന്ന് മാത്രം കേരളത്തിൽ 608 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവാണിത്. കഴിഞ്ഞ് നാല് ദിവസങ്ങളിലും 500ൽ താഴെ മാത്രമായിരുന്ന നിരക്ക് ഒറ്റദിവസംകൊണ്ടാണ് 600 കടന്നത്. തിരുവനന്തപുരം ജില്ലയിൽ മാത്രം ഇന്ന് 201 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Covid Numbers Kerala July 14

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 201
എറണാകുളം – 70
മലപ്പുറം – 58
കോഴിക്കോട്-58
കാസർഗോഡ് – 44
തൃശൂർ – 42
ആലപ്പുഴ – 34
പാലക്കാട് -26
കോട്ടയം – 25
കൊല്ലം – 23
വയനാട് – 12
കണ്ണൂർ – 12
പത്തനംതിട്ട – 3

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

ചികിത്സയിലായിരുന്ന 162 പേർ രോഗമുക്തിയും നേടി.

തിരുവനന്തപുരം – 15
കൊല്ലം – 2
ആലപ്പുഴ – 17
കോട്ടയം – 5
തൃശൂർ – 9
പാലക്കാട് – 49
മലപ്പുറം – 9
കോഴിക്കോട് – 21
കണ്ണൂർ – 49
കാസർഗോഡ് – 5

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 396 പേർക്ക്

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും സമ്പർക്കപട്ടികയിലുള്ളവരാണ്. 396 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 26 പേരുടെ ഉറവിടം അറിയാത്തത് ആശങ്ക വർധിപ്പിക്കുന്നതായും മുഖ്യമന്ത്രി. 130 പേർ വിദേശത്ത് നിന്ന് എത്തിയവരും 68 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിലെ (ഐടിബിപി) 2 പേർക്കും രണ്ട് സിഎസ്എഫുകാർക്കും ഒരു ബിഎസ്എഫുകാർക്കും എട്ട് ആരോഗ്യ പ്രവർത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

covid-19, കോവിഡ്-19, coronavirus, കൊറോണവൈറസ്, thiruvananthapuram, തിരുവനന്തപുരം, കോര്‍പറേഷന്‍, number of covid patients in thiruvananthapuram, തിരുവനന്തപുരത്തെ കോവിഡ് രോഗികളുടെ എണ്ണം, corporation, lockdown, ലോക്ക്ഡൗണ്‍, iemalayalam

Covid 19 Kerala Numbers: കേരളത്തിൽ സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു

രോഗനിയന്ത്രണം വർഷാവസാനത്തോടെ മാത്രം, സമൂഹവ്യാപനത്തിലേക്ക്: മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

കോവിഡ്-19 സമൂഹവ്യാപന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സംസ്ഥാനം സമൂഹവ്യാപനത്തിന്റെ വക്കിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. “കേരളത്തിൽ മൂന്നാംഘട്ട രോഗവ്യാപനമാണ് ഇപ്പോൾ നടക്കുന്നത്. വർഷാവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം സാധ്യമാകൂ. മാസങ്ങളായി അത്യധ്വാനം ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കൊപ്പം സഹകരിക്കണം. പലരും ഈ മഹാമാരിയെ ഗൗരവമായി കാണുന്നില്ല. പലയിടത്തും രോഗവ്യാപനം രൂക്ഷമാകാൻ കാരണം ആളുകളുടെ ജാഗ്രത കുറവാണ്” മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8930 പേർക്ക്

ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8930 ആയി. 4454 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.  1,80,594 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,376 പേർ ആശുപത്രികളിലാണ്. ഇന്ന് 720 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ന് പരിശോധനയ്ക്ക് അയച്ച 14227 എണ്ണം ഉൾപ്പടെ സംസ്ഥാനത്ത് 2,52,302 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 7345 ഫലം ഇനിയും വരേണ്ടതുണ്ട്. സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 79729 സാമ്പിളുകൾ പരിശോധിച്ചതിൽ 775,338ഉം രോഗബാധയില്ലെന്ന് ഉറപ്പായി. 227 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഐഎഎസ് ഉദ്യോഗസ്ഥർ ജില്ലകളിലെ പ്രവർത്തനങ്ങളുടെ സഹായത്തിന്

രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലകളിലെ പ്രവർത്തനങ്ങളെ സഹായിക്കാൻ 14 ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചതായും മുഖ്യമന്ത്രി. യുദ്ധകാല അടിസ്ഥാനത്തിൽ ഫസ്റ്റലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും റിവേഴ്സ് ക്വാറാന്റൈൻ സൗകര്യങ്ങളും ഒരുക്കുന്നതിന് ഈ ഓഫീസർമാർ സഹായം നൽകും.

തിരുവനന്തപുരത്ത് സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്

ഇന്ന് രോഗം സ്ഥിരീകരിച്ച 201 പേരിൽ 158 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് ആരോഗ്യ പ്രവർത്തകർക്കും രോഗംബാധിച്ചു. ഇക്കൂട്ടത്തിൽ 19 ഉറവിടം അറിയാത്ത കേസുകളും ഉൾപ്പെടുന്നു. ഈ സാഹചര്യത്തിൽ പല പ്രദേശങ്ങളിലും കർശന നിയന്ത്രണങ്ങൾ.

എറണാകുളത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റാപ്പിഡ് ആക്ഷൻ ഫോഴ്സ്

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രോഗം സ്ഥിരീകരിക്കുന്നവർക്ക് ചികിത്സ ഉറപ്പാക്കുന്നതിന് ജില്ലയിൽ 10000 കിടക്കകൾ ഉള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്‍റ് സെന്‍ററുകള്‍ (എഫ്എല്‍ടിസി) സജ്ജമാക്കും. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ശരാശരി 100 കിടക്കകൾ വീതമുള്ള കേന്ദ്രങ്ങളാണ് ഒരുക്കുക. കോവിഡ് ഇതര രോഗങ്ങൾക്ക് ചികിത്സ ഉറപ്പാക്കാൻ ടെലി മെഡിസിൻ സംവിധാനവും, സാമ്പിൾ ശേഖരണത്തിനത്തിനായി സ്വാബ് കളക്ഷൻ കേന്ദ്രവും അടിയന്തര ആവശ്യങ്ങൾക്കായി ഡബിൾ ചേംബർ വാഹനവും ക്രമീകരിക്കാൻ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകും. എഫ്. എൽ. ടി. സി കളിലെ സേവനത്തിനായി പ്രദേശ വാസികളായ രണ്ട് വോളന്റീയർമാരെ നിയോഗിക്കും. എറണാകുളത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ നിയമിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

ernakulam district hospital, ie malayalam

Covid 19 Numbers Kerala: എറണാകുളം ജനറൽ ആശുപത്രി

കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്കു ചികിത്സ ഉറപ്പാക്കാന്‍ എറണാകുളം ജില്ലയില്‍ 10,000 കിടക്കകളുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ (എഫ്എല്‍ടിസി) സജ്ജമാക്കും. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ശരാശരി 100 കിടക്കകള്‍ വീതമുള്ള കേന്ദ്രങ്ങളാണ് ഒരുക്കുക. എഫ്.എല്‍.ടി.സികളില്‍ സേവനത്തിന് പ്രദേശ വാസികളായ രണ്ട് വളണ്ടിയര്‍മാരെ നിയോഗിക്കും.

കോവിഡ് വ്യാപകമായ ചെല്ലാനം മേഖലയില്‍ രണ്ട് ദിവസത്തിനുള്ളില്‍ എഫ്.എല്‍.ടി.സി. സജ്ജമാക്കും. സെന്റ്. ആന്റണീസ് പള്ളിയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ 50 കിടക്കകളാണ് ഒരുക്കുക. 83 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ചെല്ലാനത്ത് ഇന്ന് 226 പേരുടെ സാമ്പിളുകള്‍ ശേഖരിക്കും. സമീപ പ്രദേശങ്ങളായ കണ്ണമാലി, കുമ്പളങ്ങി മേഖലകളില്‍നിന്ന് 101 സാമ്പിളുകള്‍ ശേഖരിക്കും.

തൃശൂർ ജില്ലയിൽ 42 പേർക്ക് കൂടി കോവിഡ്; 9 പേർക്ക് രോഗമുക്തി

ജില്ലയിൽ ചൊവ്വാഴ്ച 42 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുളളതിൽ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് പോസിറ്റീവ് സ്ഥിരീകരണമാണിത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 673 ആയി. 9 പേർ രോഗമുക്തരായി. 32 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
കുന്നംകുളത്ത് നേരത്തെ രോഗം സ്ഥിരീകരിച്ച കുടുംബശ്രീ പ്രവർത്തകയുമായുളള സമ്പർക്കത്തിലൂടെ 19 പേർക്ക് രോഗം ബാധിച്ചു.

ജില്ലയിൽ നാളെ മുതൽ ആന്റിജൻ ടെസ്റ്റ് കോവിഡ് രോഗവ്യാപനത്തിന്റെ സ്ഥിതി അറിയുന്നതിന് ആന്റിജൻ പരിശോധന നാളെ മുതൽ ജില്ലയിലും നടപ്പിലാക്കും. കുന്നംകുളം, ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റികളിലാണ് ആന്റിജൻ ടെസ്റ്റുകൾ നടത്തുക. 1500 കിറ്റുകളാണ് ഇതിനുവേണ്ടി ജില്ലയ്ക്ക് ലഭിച്ചത്. നഗരസഭ ജീവനക്കാർ ഉൾപ്പെടെ നഗരസഭാ പ്രദേശത്ത് കോവിഡ് രോഗ സ്ഥിരീകരിച്ചതോടെ നഗരസഭ അടച്ചു. നഗരസഭ കൗൺസിൽ യോഗം നടന്നുകൊണ്ടിരിക്കെയാണ് പുതിയ കോവിഡ് സ്ഥിരീകരണ വിവരങ്ങൾ പുറത്തുവന്നത്.

പൊതുചടങ്ങുകളില്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തി

കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്ക കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ദുരന്തനിവാരണസമിതി യോഗം തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പ്രവണത ആളുകളില്‍ കണ്ടുവരുന്നുണ്ട്. ഇത് ഒരിക്കലും അനുവദിക്കാന്‍ കഴിയില്ല. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജാഗ്രതയോടെ മുന്നോട്ടു പോയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കലക്ടര്‍ പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 58 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 21 പേര്‍ക്ക് രോഗമുക്തി. ഇപ്പോള്‍ 209 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 48 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 83 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യില്‍ 69 പേരും 4 പേര്‍ കണ്ണൂരിലും 3 പേര്‍ മലപ്പുറത്തും ഒരാള്‍ തിരുവനന്തപുരത്തും ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്.

കാസർഗോഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്

ജില്ലയില്‍ ഇന്ന് 44 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 20 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 15 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഒരാളുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല.

വീടുകളില്‍ 5535 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 388 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6317 പേരാണ്. പുതിയതായി 551 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 313 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 753 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 559 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.

പാലക്കാട് ജില്ലയിൽ ഇന്ന് 26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.യുഎഇ യിൽ നിന്നുമെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. ഇന്ന് 49 പേർക്ക് രോഗമുക്തിയുള്ളതായി അധികൃതർ അറിയിച്ചു.

പാലക്കാട് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ആറടി ദൂരം ശാരീരിക അകലം നിര്‍ബന്ധം

ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും ആറടി ദൂരം ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണമെന്ന് സോഷ്യല്‍ ഡിസ്റ്റന്‍സ് മാനേജ്‌മെന്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കൂടിയായ അസി. കലക്ടര്‍ ഡി. ധര്‍മ്മല ശ്രീ അറിയിച്ചു. പുതിയ ഉത്തരവ് വരുന്നത് വരെ ഇത് ബാധകമായിരിക്കും. കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ശാരീരിക അകലം പാലിക്കുന്നത് സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

covid, quarantine, ie malayalam

Covid 19 Kerala Numbers: ക്വാറാന്റൈൻ സെന്ററുകൾ

വയനാട് ജില്ലയില്‍ പുതിയതായി 12 കോവിഡ് രോഗികള്‍

ജില്ലയില്‍ ചൊവ്വാഴ്ച്ച 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വയനാട്ടില്‍ ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചവുടെ എണ്ണം 197 ആയി ഉയര്‍ന്നു. ബാഗ്ലൂരില്‍ നിന്നെത്തിയ 8 പേരും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഹൈദരബാദില്‍ നിന്നുമുള്ള ദമ്പതികള്‍ക്കും കര്‍ണ്ണാടകയില്‍ നിന്നുളള ഒരാള്‍ക്കുമാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 97 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ 93 പേരും കോഴിക്കോട്, തിരുവനന്തപുരം,പാലക്കാട്, കണ്ണൂര്‍, എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികില്‍സയിലുളളത്. ജില്ലയില്‍ ഇതുവരെ 99 പേര്‍ രോഗമുക്തി നേടി.

മലപ്പുറം ജില്ലയിൽ 591 പേർ ചികിത്സയിൽ

ജില്ലയില്‍ 58 പേര്‍ക്ക് കൂടി ഇന്നലെ (ജൂലൈ 14) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 21 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

42,236 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 727 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 476 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഒരാളും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 48 പേരും മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 49 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 150 പേരുമാണ് കഴിയുന്നത്. 39,605 പേര്‍ വീടുകളിലും 1,904 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

എറണാകുളത്ത് ഡോക്ടർക്ക് കോവിഡ്

എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. സൈക്യാട്രി വിഭാഗത്തിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയായ ഡോക്ടർക്ക് അവിടെ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികിത്സയിലാണ് ഇദ്ദേഹം. നേരത്തെ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ രണ്ടുപേർക്കും രണ്ട് കൂട്ടിരിപ്പുകാർക്കും ഒരു സ്റ്റാഫ് നഴ്സിനും രോഗം സ്ഥിരീകരിച്ചിരുന്നു.

സമൂഹ വ്യാപന സാധ്യത കണ്ടെത്താൻ റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റ്

കാസർഗോഡ് ജില്ലയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിലും മറ്റ് മേഖലകളിലെ പച്ചക്കറി മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചും റാപ്പിഡ് ആന്റിജന്‍ പരിശോധന ആരംഭിച്ചു. ആദ്യ ദിവസങ്ങളില്‍ നടത്തിയ 163 പേരുടെ സ്രവപരിശോധനയില്‍ ആറ് കോവിഡ് പോസിറ്റീവ് രോഗികളെ കണ്ടെത്തി. രോഗികളുമായി നേരിട്ട് സമ്പര്‍ക്കം ഉള്ളവരും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുമാണ് റാപ്പിഡ് പരിശോധനയുടെ പരിഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്.

മൊബൈല്‍ ടീമുകളിലൂടെ ആഴ്ചയില്‍ ആയിരത്തോളം ശ്രവ പരിശോധന

കാസർഗോഡ് ജില്ലയില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വർധനവിനൊപ്പം സമ്പര്‍ക്ക കേസുകളും വര്‍ധിച്ചു വരുന്നതിനാല്‍ സമൂഹ വ്യാപനത്തിലേക്ക് നീങ്ങാതിരിക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതപ്പെടുത്തി. ഇതിന്റെ ഭാഗമായി റാപ്പിഡ് ആന്റിജന്‍ പരിശോധനയ്ക്ക് പുറമേ ജൂലൈ 15 മുതല്‍ ഓഗ് മെന്റല്‍ സര്‍വ്വലെന്‍സിന്റെ ഭാഗമായി ജില്ലയില്‍ രണ്ട് മൊബൈല്‍ ടീമുകളെ സജ്ജീകരിച്ച് ആഴ്ച തോറും 1000 ത്തിലധികം സ്രവ പരിശോധന നടത്താനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് അറിയിച്ചു. മൊബൈല്‍ ടീമുകള്‍ ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ സ്വീകരിച്ചുകൊണ്ടാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്.

ജാഗ്രത കൈവെടിയരുത്

ആളുകള്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടുന്നതും ശാരീരിക അകലം പാലിക്കാതിരിക്കുന്നതുമാണ് കാസർഗോഡ് ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക കേസുകളുടെ എണ്ണത്തില്‍ വലിയ വർധനവ് ഉണ്ടാക്കിയത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നും പച്ചക്കറികള്‍ എത്തിച്ചേരുന്ന പച്ചക്കറി, പഴം മാര്‍ക്കറ്റിലെ ജീവനക്കാര്‍ ഗ്ലൗസും മാസ്‌കും നിര്‍ബന്ധമായും ധരിക്കണം. ഇത് കടയിലെ ജീവനക്കാരും ഉടമകളും ശ്രദ്ധിക്കണം. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരുമായും കടയിലെ ജീവനക്കാര്‍ തമ്മിലും കൃത്യമായ ശാരീരിക അകലം പാലിക്കണം. സാധനങ്ങള്‍ കൊടുത്ത ശേഷം കൈ സോപ്പിട്ട് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യണം. അനാവശ്യയാത്രകള്‍ ഒഴിവാക്കണം. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണം. ഫോണ്‍ 0467 2209901, 04994 255001.

കോഴിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 53 പേർക്ക് കോവിഡ്

കോഴിക്കോട് ജില്ലയിലെ തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ 53 പേര്‍ക്ക് കോവിഡ്. ആന്റിജന്‍ പരിശോധനയിലാണ് രോഗബാധിതരെ കണ്ടെത്തിയത്. പഞ്ചായത്തിലെ 400 പേരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. തുടര്‍ന്നാണ് രോഗം സ്ഥിരീകരിച്ചത്. തൂണേരി പഞ്ചായത്ത് ഓഫീസ് അടയ്ക്കാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവിട്ടു. പഞ്ചായത്തില്‍ അണുനശീകരണം നടത്തും. രോഗം ബാധിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

ക്ലസ്റ്ററുകളുടെ എണ്ണം കൂടിയേക്കും; നാല് ജില്ലകളിൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കോവിഡ് വ്യാപനം അനുദിനം ആശങ്ക സൃഷ്ടിക്കുന്നു. ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ക്ലസ്റ്ററുകളുടെ എണ്ണം ഇനിയും കൂടിയേക്കാമെന്നും അതിനാൽ കനത്ത ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. വിവിധ ജില്ലകളിലായി രൂപപ്പെട്ട ക്ലസ്റ്ററുകള്‍ വിശകലനം ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കേരളത്തിൽ ഇതുവരെ 51 ക്ലസ്റ്ററുകളാണ് ഉള്ളത്. കൊല്ലത്ത് 11നും തിരുവനന്തപുരത്ത് ആറും പത്തനംതിട്ട, എറണാകുളം ആലപ്പുഴ ജില്ലകളില്‍ നാല് വീതവും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ തീരദേശമായ പൂന്തുറ, മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവ വലിയ ക്ലസ്റ്ററുകളാണ്. ഇത് കൂടുതൽ ആശങ്കയ്ക്ക് വഴിയൊരുക്കുന്നു. ഇതുവരെ 15 ക്ലസ്റ്ററുകള്‍ നിയന്ത്രണ വിധേയമായെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

ആലപ്പുഴ ഐടിബിപി ക്യാമ്പ്, കണ്ണൂര്‍ സിഐഎസ്എഫ്, ഡിഎസ്‌സി ക്യാമ്പുകള്‍, കടലോര മേഖലകള്‍, ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ തുടങ്ങിയ ഇടങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. സമ്പര്‍ക്കത്തിലൂടെ കോവിഡ് പടര്‍ന്ന് കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

Read More: പഴയ കാലത്തേക്ക് പെട്ടെന്നൊരു തിരിച്ചുപോക്കുണ്ടാകില്ല: ലോകാരോഗ്യസംഘടന

കാലു കൊണ്ട് തുറക്കാവുന്ന ടാപ്പും ചെമ്പ് പൂശിയ പിടികളുമായി കോവിഡ് അനന്തര ട്രെയിന്‍ കോച്ചുകള്‍

കോവിഡ് അനന്തര കാലത്തെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുകയാണ്. കൊറോണവൈറസ് വ്യാപനം ആരംഭിക്കുന്നതിനു മുമ്പുള്ള ലോകം പോലെയായിരിക്കില്ല ഇനി വരുന്ന കാലം. ഇന്ത്യന്‍ റെയില്‍വേയും പുതിയ കാലത്തിന് അനുസരിച്ച് മാറുന്നതിന് തുടക്കം കുറിച്ചു. ട്രെയിനുകളില്‍ വരുത്തിയ മാറ്റങ്ങളുടെ ദൃശ്യങ്ങള്‍ റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. കോവിഡ് അനന്തര കാലത്തെ കോച്ചുകളുടെ ചിത്രങ്ങളാണ് മന്ത്രി പങ്കുവച്ചത്. പുതിയ സാധാരണ നില ഇതാകുമെന്ന സൂചന അദ്ദേഹം നല്‍കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook